Wednesday, 10 October 2012

മീര വീണ്ടും ഉഴപ്പു തുടങ്ങി?
Text Size:   
'അച്‌ഛനുറങ്ങാത്ത വീടി'ന്റെ രണ്ടാം ഭാഗം, അജ്‌ഞാതവാസത്തിനു ശേഷമുള്ള 'മീരാ ജാസ്‌മിന്റെ രണ്ടാമൂഴം' തുടങ്ങി 'ലിസമ്മയുടെ വീട്‌' എന്ന ചിത്രത്തിന്‌ വിശേഷണങ്ങള്‍ പലതായിരുന്നു. പ്രാഥമിക ഘട്ട ആലോചനയും പൂജയും മുതല്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആദ്യം കുറേക്കാലം ദ്രുതഗതിയില്‍ പുരോഗമിക്കുകയും ചെയ്‌തു. എന്നാലിപ്പോള്‍ 'ലിസമ്മയുടെ വീട്‌' എന്ന ചിത്രത്തെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. ഒപ്പം മീരാ ജാസ്‌മിനെക്കുറിച്ചും കേള്‍ക്കാനില്ല. മീര ഷൂട്ടിംഗുമായി സഹകരിക്കാത്തതു കാരണം ചിത്രത്തിന്റെ ജോലികള്‍ ഇഴയുന്നു എന്നാണ്‌ പാപ്പരാസി റിപ്പോര്‍ട്ടുകള്‍.

ഏറെ നാളത്തേക്ക്‌ മാധ്യമങ്ങളില്‍ ഈ സിനിമയുടെ ഷൂട്ടിംഗ്‌ റിപ്പോര്‍ട്ടുകളും മീരയുടെ പുതിയ വിശേഷങ്ങളും ഇന്റര്‍വ്യൂകളും ഒക്കെ വന്നു കൊണ്ടിരുന്നു. പഴയ കാലത്തേക്കാള്‍ താന്‍ കുറേക്കൂടി പക്വതയാര്‍ജ്‌ജിച്ചു എന്നൊക്കെ മീര ഈ അഭിമുഖങ്ങളില്‍ വച്ചു കാച്ചുകയും ചെയ്‌തു. എന്നാലിപ്പോള്‍ നടി അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ മാത്രം മുന്‍തൂക്കം നല്‍കി സിനിമ ഉഴപ്പുകയാണത്രേ.

'ലിസമ്മയുടെ വീടി'ന്റെ കുറച്ചു ഭാഗം കൂടിയേ ചിത്രീകരിക്കാനുള്ളൂവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാനുമാവില്ല. ചിത്രത്തിന്റെ ഡബ്ബിംഗ്‌ നടക്കാന്‍ പോകുന്നതേയുള്ളൂ എന്നാണ്‌ കേള്‍ക്കുന്നത്‌. പക്ഷേ മീരയുടെ നിസ്സഹകരണം എല്ലാം തകര്‍ത്തു കളഞ്ഞു. സിനിമ തീയേറ്ററിലെത്തിക്കാനുള്ള അവസാന ജോലികള്‍ പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ മീര തന്റെ പഴയ തനിസ്വഭാവം വീണ്ടും കാട്ടിത്തുടങ്ങിയിരിക്കുന്നത്‌ അണിയറക്കാര്‍ക്ക്‌ വലിയ തലവേദന ആയിരിക്കുകയാണത്രേ. ഓണത്തിന്‌ ഈ ചിത്രം തീയേറ്ററിലെത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ മീരയുടെ അലംഭാവം കൊണ്ടുമാത്രമാണ്‌ അത്‌ നടക്കാതെ പോയതെന്നാണ്‌ അണിയറ വൃത്താന്തം. ഇനി ഈ ക്രിസ്‌തുമസിനെങ്കിലും റിലീസിംഗ്‌ നടക്കുമോ എന്നും അണിയറക്കാര്‍ പരസ്‌പരം ചോദിക്കയാണത്രേ.

കേരളരാഷ്‌ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ഈ ചിത്രത്തിന്റെ പ്രമേയത്തിന്‌ ഏറെ സാദൃശ്യമുണ്ടെന്ന്‌ കേള്‍ക്കുന്നു. മീര ജാസ്‌മിന്‍ ലിസമ്മയാകുന്ന ഈ ചിത്രത്തില്‍ രാഹുല്‍ മാധവാണ്‌ നായകന്‍. സലിംകുമാര്‍, ജഗദീഷ്‌, ബൈജു, വി.കെ. ശ്രീരാമന്‍, സംഗീത മോഹന്‍ തുടങ്ങിയവരും പ്രധാന അഭിനേതാക്കളാകുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്‌ പി.റ്റി. സലിം ആണ്‌. സംവിധായകനായ ബാബു ജനാര്‍ദ്ദനന്‍ തന്നെയാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും. 

No comments:

Post a Comment