Wednesday, 31 October 2012

ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ്‌



 
ഒരിടത്തൊരിടത്ത് എന്ന ഈ പംക്തിയില്‍ എനിക്ക് ശരാശരി മുപ്പതിനായിരത്തോളം വായനക്കാര്‍ ഉണ്ടെന്നത് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒരു കാര്യം ആണ്. ചിലപ്പോള്‍ അത് ഒരു ലക്ഷം വരെ പോകുമെന്നും പറഞ്ഞല്ലോ. ഓണ്‍ലൈന്‍ എഴുത്തിന്റെ ഒരു ഗുണം എത്ര വായനക്കാര്‍ ഉണ്ടെന്നു മാത്രമല്ല അവര്‍ ഏതുരാജ്യത്തുനിന്നാണ്, എത്ര സമയം ലേഖനം വായിക്കാന്‍ ചിലവഴിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും നമുക്ക് ഉടന്‍ ഉടന്‍ അറിയാന്‍ കഴിയും. വായനക്കാര്‍ക്ക് ഉടന്‍ പ്രതികരിക്കാന്‍ പറ്റും എന്നതും എത്രപേരുടെ പ്രതികരണവും പ്രസിദ്ധീകരിക്കാം എന്നതും എല്ലാം ഓണ്‍ലൈനിന്റെ സൗകര്യങ്ങള്‍ ആണ്.

പക്ഷെ ഓണ്‍ലൈന്‍ എഴുത്തിനും പരിമിതികള്‍ ഉണ്ട്. വായനക്കാരില്‍, പ്രത്യേകിച്ചും കേരളത്തില്‍ ജീവിക്കുന്നവരില്‍, ഒരു വലിയ വിഭാഗം, എന്റെ അമ്മയുള്‍പ്പെടെ, ഓണ്‍ലൈന്‍ വായനക്കു പുറത്താണ്. പുതിയ എഴുത്തുകാരെ കുലുക്കി ചാടിക്കുകയോ ഉന്തിമരം കേറ്റുകയോ ചെയ്യുന്ന നിരൂപകരും വിമര്‍ശനക്കാരും ഒന്നും ഓണ്‍ലൈന്‍ വായനക്കാരല്ല. അപ്പോള്‍ ചായക്കട ശങ്കരപ്പിള്ളയുടെ പേരിലുള്ള ഒരു അവാര്‍ഡ് എങ്കിലും നമുക്ക് കിട്ടണമെങ്കില്‍ അടിച്ചുവരുന്ന പത്രത്തിലോ മാസികയിലോ കയറിപ്പറ്റിയാലേ പറ്റൂ.

ഇങ്ങനെയൊരു ദുരുദ്ദേശത്തിന്റെ പേരിലാണ് ഞാന്‍ കഴിഞ്ഞമാസം മുതല്‍ കലാകൗമുദിയില്‍ എഴുതാന്‍ തുടങ്ങിയത്. സംഗതി ഓണ്‍ലൈനിലും പ്രിന്റിലും ലഭ്യമായതിനാല്‍ എന്റെ അമ്മയ്ക്കും ആഗോളവായനക്കാര്‍ക്കും ഒരുപോലെ ലഭ്യവും ആണ്. അടുത്തവര്‍ഷത്തെ അവാര്‍ഡ് ലിസ്റ്റില്‍ എത്തുമോ എന്നുനോക്കാം.

എന്റെ ലേഖനത്തിന്റെ വിഷയങ്ങള്‍ എന്തുതന്നെ ആകാമെങ്കിലും സ്ഥിരമായി എന്റെ പംക്തികള്‍ വായിക്കുന്നവര്‍ ശ്രദ്ധിക്കാനിടയുള്ള ഒരു കാര്യം ഉണ്ട്. ചില വിഷയങ്ങള്‍ ഇടക്കാവര്‍ത്തിക്കും. മൂന്നുമാസത്തിലൊരിക്കല്‍ ഒരു കുടുംബകാര്യം, ഇടക്കിടക്ക് പൊങ്ങച്ചം, ആറുമാസത്തിലൊരിക്കലെങ്കിലും അല്പം ദൈവദോഷം എന്നിങ്ങനെ. അതുപോലെ അല്പം അശ്ലീലവും ടോയ്‌ലറ്റ് കാര്യങ്ങളും ഒക്കെ പുട്ടിന് പീരപോലെ ഇടയ്ക്കും. ഇത്തവണ ഒരു ടോയ്‌ലറ്റ് കഥയുടെ ഊഴമാണ്.

1997 ല്‍ സിംഗപ്പൂരിലെ ഇലക്ഷന്‍ സമയത്ത് അവിടുത്തെ പ്രധാനമന്ത്രിയുടെ പ്രകടനപത്രികയില്‍ അതിശയകരമായ ഒരു ഐറ്റം ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ സിംഗപ്പൂരില്‍ എവിടെയും വൃത്തിയുള്ള പൊതു കക്കൂസുകള്‍ ഉണ്ടാക്കും എന്നതായിരുന്നു അത്. പില്‍ക്കാലത്ത് കണ്ടിടത്തോളം ആ വാഗ്ദാനം നിറവേറ്റപ്പെട്ടു എന്നും മനസ്സിലായി.

നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രകടനപത്രികയില്‍ ഇത്ര നിസ്സാരമായ ഐറ്റംസ് ഉണ്ടാകാറില്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ എയര്‍ പോര്‍ട്ടോ, ടെക്‌നോസിറ്റിയോ, സ്വന്തം വിമാനക്കമ്പനിയോ എന്നിങ്ങനെ ഘനഗംഭീരമായ വാഗ്ദാനങ്ങള്‍ അല്ലാതെ ചുമ്മാ നിസ്സാരമായ 'കക്കൂസ്' ഉണ്ടാക്കിത്തരാം തുടങ്ങിയ കാര്യങ്ങള്‍ നമ്മള്‍ പറയാറില്ല, പ്രതീക്ഷിക്കാറുമില്ല.

ഇതിന്റെ പരിണിതഫലവും നമ്മള്‍ തന്നെയാണ് അനുഭവിക്കുന്നത്. കേരളത്തില്‍ തെക്കുനിന്നും വടക്കോട്ട് കെ.എസ്.ആര്‍.ടി.സി. യിലോ പ്രൈവറ്റ് ബസ്സിലോ ദൂരയാത്ര ചെയ്യുന്നത് നമ്മുടെ മൂത്രസഞ്ചിയെ സംബന്ധിച്ചിടത്തോളം ഭയം ജനിപ്പിക്കുന്ന ഒന്നാണ്. ടോയ്‌ലറ്റുകളുടെ എണ്ണം തീരെ കുറവ്. ഉള്ളതിനു തന്നെ വൃത്തി എന്നത് തീരെ ഇല്ല. റെഫ്യൂജി കാമ്പുകളില്‍ ഉള്‍പ്പെടെ റെഡ്‌ക്രോസ് നിര്‍ദ്ദേശിച്ചിട്ടുള്ള അത്രയും പോലും പൊതു ടോയ്‌ലറ്റുകള്‍ നമ്മുടെ ബസ് സ്റ്റാന്‍ഡുകളില്‍ ലഭ്യമല്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ എണ്ണം ടോയ്‌ലറ്റ് വേണമെന്ന ആഗോളമായി അംഗീകരിക്കപ്പെട്ട നിബന്ധന ഒരു സ്ഥലത്തും പ്രായോഗികമാക്കപ്പെട്ടിട്ടില്ല. ചുരുക്കത്തില്‍ ടോയ്‌ലറ്റുകളെപ്പറ്റിയുള്ള പേടിയാണ് ദൂരയാത്രക്ക് ബസ്സുപയോഗിക്കുന്നതില്‍ നിന്നും ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെയും കുടുംബങ്ങളെയും പിന്‍തിരിപ്പിക്കുന്നത്.

കോതമംഗലത്തെ ബസ് സ്റ്റാന്റിലെ പൊതു കക്കൂസിനെപ്പറ്റി എന്‍ജിനീയറിംഗ് കോളേജിലെ ഞങ്ങളുടെ പ്രൊഫസര്‍ ആയിരുന്ന ഏലിയാസ് വര്‍ഗീസ് സാര്‍ ഒരു കാര്യം പറയുമായിരുന്നു.

'മക്കളെ, വിവാഹജീവിതം എന്നത് കോതമംഗലം സ്റ്റാന്റിലെ കക്കൂസ് പോലെയാണ്. പുറത്തുനില്‍ക്കുന്നവന് മൂത്രം മുട്ടിയിട്ട് (അല്ലെങ്കില്‍ അതിനപ്പുറം മുട്ടിയിട്ട് ) എങ്ങനെയെങ്കിലും അകത്തുകയറാനുള്ള തിരക്ക്. അകത്തിരിക്കുന്നവനാകട്ടെ അവിടുത്തെ വൃത്തികേടും ദുര്‍ഗ്ഗന്ധവും കാരണം എങ്ങനെയെങ്കിലും പുറത്തിറങ്ങാനുള്ള തിരക്ക്'.

സാറൊരു പതിവുതമാശ പറഞ്ഞതാണെന്നാണ് അന്ന് കരുതിയത്.

കേരളത്തിലെ നഗരങ്ങളിലും ബസ് സ്റ്റാന്റിലും പോയിട്ട് നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയില്‍ നിന്നും മനസ്സിലായി. ശൂന്യാകാശത്തേയ്ക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും വേണ്ടിവന്നാല്‍ ചന്ദ്രനിലേക്ക് യാത്രക്കാരെ എത്തിക്കാനും ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളും ഒക്കെ ഉണ്ടാക്കാനും കഴിവുള്ള, ഒരു ആഗോളശക്തിയുടെ ഉള്ളിലെ ഗ്രാമത്തിലും നഗരത്തിലും ആണ് ഈ സ്‌കൂളുകള്‍ എന്ന് നാം ഓര്‍ക്കണം. കക്കൂസ് നിര്‍മ്മാണത്തിന്റെ ഏത് സാങ്കേതിക വിദ്യയ്ക്കാണ് നമുക്ക് വിദേശസഹായം വേണ്ടത് സര്‍?

കക്കൂസിലെ സാങ്കേതികവിദ്യകളും മാറുകയാണ്. വെള്ളം ഫ്്‌ളഷ് ചെയ്യുന്ന വാട്ടര്‍ ക്ലോസറ്റ് എന്ന സംവിധാനം വാസ്തവത്തില്‍ അത്ര പഴയതല്ല. ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യമാണെങ്കിലും ഫ്ലഷ് ചെയ്യാനുള്ള വെള്ളം എത്തിക്കുന്നവര്‍ക്കും ഫ്ലഷ് ചെയ്തു കഴിഞ്ഞുള്ള വെള്ളം ശുചിയാക്കുന്നവര്‍ക്കും (ചുരുക്കിപ്പറഞ്ഞാല്‍ എന്നെപ്പോലുള്ള വേസ്റ്റ് എന്‍ജിനീയേഴ്‌സിന്) ഇത്രയും പാരയായ വേറൊരു പ്രസ്ഥാനമില്ല. വികസിത രാജ്യങ്ങളില്‍ എല്ലാം കുടിവെള്ളം തന്നെയാണ് കക്കൂസില്‍ ഫ്ലഷ് ചെയ്യാനും ഉപയോഗിക്കുന്നത് (ഇതേ വെള്ളം തന്നെ ആണ് പലയിടത്തും കുപ്പികളില്‍ ആക്കി മിനെരല്‍ വാട്ടര്‍ ആയി വില്കുന്നതും). ഒരു ദിവസം ഒരു ശരാശരി മനുഷ്യന് മൂന്നുലിറ്റര്‍ വരെ വെള്ളം കുടിക്കാനും പാചകത്തിനുള്‍പ്പെടെ ഏഴുലിറ്റര്‍ വെള്ളം മതിയാകുമ്പോള്‍ അതിലും പല മടങ്ങാണ് നമ്മള്‍ കക്കൂസില്‍ ഒഴിച്ചുകളയുന്നത്. കടലില്‍ നിന്നും ഉപ്പുവെള്ളമെടുത്ത് വലിയ ചിലവുചെയ്ത് ശുദ്ധജലമാക്കുന്ന ഗള്‍ഫ് നാടുകളില്‍ വരെ ഇതാണ് സ്ഥിതി. എന്നാല്‍ കുടിക്കാന്‍ പോലും ശുദ്ധമായ ഈ വെള്ളം ക്ലോസറ്റിന്റെ മറ്റേ അറ്റത്ത് എത്തുന്നതോടെ മലിനജലമായി. ഒരു പ്രാവശ്യം ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ശരാശരി അഞ്ഞുറു മില്ലിലിറ്റര്‍ മൂത്രമോ നാനൂറ്റമ്പത് ഗ്രാം അപ്പിയോ (അല്ലെങ്കില്‍ രണ്ടും കൂടിയോ) ഉള്ളത് അതിന്റെ പത്തിരട്ടിയില്‍ കൂടുതല്‍ (ശരാശരി പതിമൂന്ന് ലിറ്റര്‍) വെള്ളമൊഴിച്ചാണ് ക്ലോസറ്റിന് പുറത്താക്കുന്നത്. (ഈ സാറിനിതൊക്കെ എങ്ങനെ കൃത്യമായി അറിയാം എന്നല്ലേ ? സ്ഥലത്ത് പാല്‍ സൊസൈറ്റി തുടങ്ങുന്ന ആള്‍ ഒരു പശുവിന് ശരാശരി എത്ര പാല്‍ ഉണ്ടെന്ന് അറിഞ്ഞിരിക്കേണ്ട പോലെ സ്ഥലത്തെ കക്കൂസ് മാലിന്യം മാനേജ് ചെയ്യേണ്ട എന്‍ജിനീയര്‍ക്ക് ഈ അറിവുകള്‍ കൂടിയോ പറ്റൂ. എല്ലാവര്‍ക്കും റോക്കറ്റ് വിടുകയോ സോഫ്റ്റ്‌വെയര്‍ എഴുതുകയോ ചെയ്യുന്ന എന്‍ജിനീയര്‍ ആകാന്‍ പറ്റില്ലല്ലോ)

വാസ്തവത്തില്‍ ഈ അപ്പിയൊന്നും വെള്ളമൊഴിച്ച് ഹോമിയോ മരുന്നുപോലെ പത്തിരട്ടിയക്കേണ്ട ഒരു കാര്യവും ഇല്ല. അപ്പിയെ സ്മൂത്ത് ആയിട്ട് കക്കൂസിന് പുറത്തെത്തിക്കാനും അവിടെ നിന്നും മലിനജല ശുദ്ധീകരണ കേന്ദ്രത്തില്‍ എത്തിക്കാനുമായുള്ള എളുപ്പവഴി ആയിട്ടാണ് സായിപ്പന്മാര്‍ ഈ വാട്ടര്‍ കാരിയേജ് സിസ്റ്റം കണ്ടുപിടിച്ചത്. പക്ഷെ സായിപ്പന്മാരുടെ രാജ്യത്ത് അങ്ങനെ ശുദ്ധീകരണകേന്ദ്രത്തില്‍ എത്തുന്ന മലിനജലം ശുദ്ധീകരിക്കപ്പെടുമ്പോള്‍ നമ്മുടെ കാര്യത്തില്‍ കക്കൂസില്‍ നിന്നും പുറത്തുവരുന്ന മലിനജലത്തിന്റെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും എടുക്കുന്നില്ല. 'ഔട്ട് ഓഫ് സൈറ്റ് ഈസ് ഔട്ട് ഓഫ് മൈന്‍ഡ്' എന്ന പ്രയോഗം പോലെ അപ്പിവെള്ളം മുഴുവന്‍ റെയില്‍വേ ട്രാക്കിലോ നമ്മുടെ സെപ്റ്റിക് ടാങ്കിലോ പുഴയിലോ തടാകത്തിലോ കടലിലോ ഒക്കെയെത്തി നമ്മളെയും അയല്‍ക്കാരെയും നാറ്റിക്കുന്നു, രോഗം പരത്തുന്നു . കേരളത്തിലെ വീടിലെ കിണറുകള്‍ ഉള്‍പടെ ഉള്ള ജലസ്രോതസ്സുകളില്‍ തൊണ്ണൂറു ശതമാനത്തിലും അപ്പിവെള്ളം കൊണ്ട് മലീമസമാക്കപ്പെട്ടതിന്റെ ഫലമായ കോളിഫോം ബാക്ടീരിയ ഉള്ളതായി വായിച്ചത് എന്നെ അതിശയപ്പെടുത്തി. (ഈ മലീമസമാകാത്ത പത്തുശതമാനം എവിടെ എന്നതാണ് എന്നെ അതിശയിപ്പിച്ചത്).

പറഞ്ഞുവന്നത് അപ്പിയെ ഔട്ട് ഓഫ് സൈറ്റ് ആക്കാന്‍ കുടിവെള്ളം ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. വിമാനത്തിലെപ്പോലെ കംപ്രസ്ഡ് എയര്‍ വെച്ചു വേണമെങ്കില്‍ കാര്യം നടത്താം. വീടുകളുടെ തൊട്ടടുത്ത് സെപ്റ്റിക് ടാങ്കിലേക്കാണ് സംഗതി (ശരത്തിന്റെ സംഗതി അല്ല) പോകുന്നതെങ്കില്‍ ക്ലോസറ്റിന്റെ ഡിസൈന്‍ മാറ്റി വെള്ളത്തിന്റെ അളവ് കുറക്കാം. കാര്യം കഴിഞ്ഞാല്‍ ശരീരം വൃത്തിയാക്കാന്‍ ശുദ്ധജലവും ടോയ്‌ലറ്റ് ബൗള്‍ വൃത്തിയാക്കാന്‍ അത്ര ശുദ്ധമല്ലാത്ത ജലവും ഒക്കെ ഉപയോഗിക്കാം എന്നിങ്ങനെ ചന്ദ്രനില്‍ ആളെ വിടാന്‍ മാത്രം ത്രാണിയുള്ള എന്‍ജിനീയര്‍ സഹോദരന്മാര്‍ വിചാരിച്ചാല്‍ കക്കൂസ് കാര്യത്തിലും നമുക്ക് വിപ്ലവങ്ങള്‍ നടത്താന്‍ പറ്റും.

പക്ഷെ എന്‍ജിനീയര്‍ സഹോദരന്മാരുടെ ഒരു പ്രത്യേകത അവര്‍ സാധാരണ മനുഷ്യര്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെപ്പറ്റി നേരിട്ട് അധികം വിചാരിക്കാറില്ല. അല്പം ഗ്ലാമറസ് ആയിട്ടുള്ള കാര്യങ്ങള്‍ വിചാരിക്കാനാണ് ഞങ്ങള്‍ക്കും ഇഷ്ടം. ശബരിമലയിലേക്ക് ഒരു തൂക്കുപാലമോ ലക്ഷദ്വീപിലേക്ക് ഒരു തുരങ്കമോ ഒക്കെ വേണമെങ്കില്‍ എത്ര ഡിസൈനും തരാന്‍ കോട്ടിട്ട എന്‍ജിനീയര്‍മാര്‍ റെഡി. കാലിന് സ്വാധീനമില്ലാത്ത ഒരാള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കേറാന്‍ സൗകര്യമുണ്ടാക്കുന്ന എന്തെങ്കിലും എന്‍ജിനീയറിംഗിനാണെങ്കില്‍ അത് വോള്‍വോയില്‍ നിന്നും വരണം.

പക്ഷെ ഇതിന് എന്‍ജിനീയര്‍ സാറന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നല്ല ആജ്ഞാശക്തിയുള്ള ഭരണാധികാരികള്‍ ഉത്തരവിട്ടാല്‍ എന്‍ജിനീയര്‍മാര്‍ ഇതും ഇതിലപ്പുറവും ഡിസൈന്‍ ചെയ്യും. വാസ്തവത്തില്‍ അതാണ് ഇന്നത്തെ യഥാര്‍ത്ഥ കഥ.

ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ രാജ്യങ്ങളുടെ കൊട്ടാരം (പാലസ് ഓഫ് നേഷന്‍സ്) യൂറോപ്പിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ്. ജനീവ തടാകത്തിനരികെ അര കിലോമീറ്ററിലധികം നീളത്തിലുള്ള ഈ കെട്ടിടം ഐക്യരാഷ്ട്രസഭയുടെ മുന്‍ഗാമിയായിരുന്ന ലീഗ് ഓഫ് നേഷന്‍സിനു വേണ്ടി ഉണ്ടാക്കിയതാണ് ്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്‍പതിലാണ് ഇതിന്റെ പണി ആരംഭിച്ചത്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് രാജ്യങ്ങളുടെ കൊട്ടാരമാണ്. അതുകൊണ്ടുണ്ട്തന്നെ ഇതിന്റെ നിര്‍മ്മാണം സ്വിറ്റ്‌സര്‍ലാന്റ്, ഹംഗറി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ആര്‍ക്കിടെക്റ്റുകള്‍ കൂടിയാണ് നിര്‍വ്വഹിച്ചത്. ലീഗ് ഓഫ് നേഷന്‍സില്‍ അംഗങ്ങള്‍ ആയിരുന്ന അംഗരാജ്യങ്ങള്‍ ഓരോന്നും നിര്‍മ്മാണത്തിനുള്ള വസ്തുക്കളും തൊളിലാളികളെയും സംഭാവന ചെയ്യുകയും ചെയ്തു.

ഈ കെട്ടിടത്തിന്റെ പണി നടക്കുന്ന കാലത്ത് ഓരോ രാജ്യങ്ങളും അവരുടെ കഴിവും പ്രാധാന്യവും അനുസരിച്ച് പലതും സംഭാവന ചെയ്‌തെന്ന് പറഞ്ഞല്ലോ. അക്കൂട്ടത്തില്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ തോറ്റ ജര്‍മ്മനിയും ഉണ്ടായിരുന്നു. രാജ്യങ്ങളുടെ കൊട്ടാരത്തിന് ജര്‍മ്മനി എന്തു സഹായമാണ് ചെയ്യേണ്ടത് എന്നു ചോദിച്ച ജര്‍മ്മനിയോട് 'ഇവിടുത്തെ കക്കൂസ് എല്ലാം നിര്‍മ്മിച്ചുകൊള്ളാന്‍' വിജയികളായ രാജ്യങ്ങള്‍ പറഞ്ഞുവത്രെ. അപ്പോഴേക്കും ജര്‍മ്മനിയുടെ സാമ്പത്തികനില പുരോഗമിക്കുകയും ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ രാജ്യത്തലവന്‍ ആവുകയും ചെയ്തു.

'ഈ കൊട്ടാരം നിലനില്ക്കുന്നതിലും കൂടുതല്‍ നാള്‍ നിലനില്ക്കുന്ന ടോയ്‌ലറ്റുകള്‍ ഉണ്ടാകിക്കൊടുക്കണം ' എന്ന് ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ എന്‍ജിനീയര്‍മാരോട് പറഞ്ഞു എന്നാണ് കഥ.

ജനീവയില്‍ എത്തുന്ന സഞ്ചാരികള്‍ നിര്‍ബ്ബന്ധമായും എത്തേണ്ട സ്ഥലമാണ് പാലസ് ഓഫ് നേഷന്‍സ്. ഓരോ മണിക്കൂറിലും അവിടെ ഒരു ഗൈഡഡ് ടൂര്‍ ഉണ്ട്. കെട്ടിടത്തിന്റെയും ലീഗ് ഓഫ് നേഷന്‍സിന്റെയും ഐക്യരാഷ്ട്രസഭയുടെയും ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം ഗൈഡ് നമുക്ക് പറഞ്ഞുതരും. ചരിത്ര പ്രശസ്തമായ സംഭവങ്ങള്‍ നടന്നതും ഇപ്പോഴും നടക്കുന്നതുമായ കോണ്‍ഫറന്‍സ് മുറികള്‍, രാജ്യങ്ങള്‍ സംഭാവന ചെയ്ത അപൂര്‍വമായ പുരാവസ്തുക്കളും കലാവസ്തുക്കളും തുടങ്ങി കെട്ടിടത്തിന്റെ ചുറ്റുമുള്ള വിശാലമായ പ്രദേശത്ത് വിഹരിക്കുന്ന മയിലുകളെയും ഒക്കെ നമുക്കവിടെ കാണാം.(ഈ കെട്ടിടം ഇരിക്കുന്ന നൂറു കണക്കിന് ഏക്കര്‍ സ്ഥലം ലോക സംഘടനക്കു സൗജന്യമായി നല്‍കിയ ഗുസ്താവ് രേവിലിയോ മുന്നോട്ടു വച്ച ഒരു ആവശ്യം ആയിരുന്നു ഈ മയിലുകളെ കുടിയൊഴിക്കരുത് എന്നത്. )

ഈ ടൂറിന്റെ ഇടയ്ക്കു ഗൈഡിന്റെ കണ്ണുവെട്ടിച്ച് അവിടുത്തെ ടോയ്‌ലറ്റില്‍ ഒന്നു കയറിനോക്കണം. വര്‍ഷം എണ്‍പതായിട്ടും ഒരു റിപ്പയര്‍ പോലും ചെയ്യേണ്ടാത്ത ഹിറ്റ്‌ലറുടെ ടോയ്‌ലറ്റുകള്‍ അവിടെ ഇപ്പോഴും ഉണ്ട്.

No comments:

Post a Comment