കാണേണ്ട ഒന്‍പത് സ്ഥലങ്ങള്‍ -ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍
Posted on: 28 Oct 2012
-സ്വന്തം ലേഖകന്‍

യാത്ര ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എത്ര ഇഷ്ടമുണ്ടെങ്കിലും പോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍ക്ക് പരിമിതിയുണ്ട്. ആ പരിമിതിയെ ഡിജിറ്റല്‍ലോകത്ത് മറികടക്കാന്‍ സഹായിക്കുന്ന സര്‍വീസാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ (Google Street View).
ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായുള്ള ഈ വന്‍പദ്ധതിക്കായി ഗൂഗിളിന്റെ വാഹനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 2007 ല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആരംഭിച്ച ശേഷം ഗൂഗിളിന്റെ വാഹനങ്ങള്‍ ഇതിനകം 80 ലക്ഷം കിലോമീറ്റര്‍ താണ്ടിയെന്നാണ് കണക്ക്.
റോഡുകളിലൂടെ മാത്രമല്ല, ആമസോണ്‍ നദിയിലൂടെയും, കടലിനടിയിലൂടെയും, ധ്രുവപ്രദേശത്ത ദുര്‍ഘടമായ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെയുമൊക്കെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിനായുള്ള സഞ്ചാരം തുടരുകയാണ്. കാറിലൂടെയും ബോട്ടിലൂടെയും റെയില്‍മാര്‍ഗവും മറ്റ് പല രീതികളിലും, ഭൂമുഖത്തിന്റെ ഒരോ ഇഞ്ചും ഡിജിറ്റല്‍ ഭൂപടത്തിലേക്ക് സന്നിവേശിപ്പിക്കാനായി.
അതിന്റെ ഫലം ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സില്‍ നമുക്ക് കാണാം. 360 ഡിഗ്രിയില്‍ ചുറ്റിനും മുകളിലും കാണാവുന്ന ഉന്നത റിസല്യൂഷനുള്ള ത്രിമാന ദൃശ്യമായാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രത്യക്ഷപ്പെടുക. പട്ടണത്തിലെ റോഡുകളിലൂടെയും ആമസോണ്‍ നദിയിലൂടെയും ലോകമഹാത്ഭുതങ്ങളുടെ പരിസരത്തുകൂടിയുമൊക്കെ സഞ്ചരിക്കാം, ചുറ്റിനും നോക്കിക്കാണാം.
ഇന്ററാക്ടീവ് മീഡിയയുടെ സാധ്യതകള്‍ എത്രയെന്ന് വ്യക്തമാക്കിത്തരുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഒന്‍പത് പ്രദേശങ്ങളെ പരിചയപ്പെടാം ഇവിടെ -

1. റിയോ നെഗ്രോ, ആമസോണ്‍ നദി - ബ്രസീല്‍
2011 ആഗസ്ത് മുതല്‍ ഗൂഗിളിന്റെ ബ്രസീലിലെയും അമേരിക്കയിലെയും സ്ട്രീറ്റ് വ്യൂ ടീമുകള്‍ റിയോ നെഗ്രോ റിസര്‍വിന്റെയും ആമസോണ്‍ നദിയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വരികയാണ്. ബോട്ടില്‍ നദിയിലൂടെ സഞ്ചിരിക്കുമ്പോഴത്തെ കാഴ്ചകളും, കരയിലൂടെ സഞ്ചരിക്കുമ്പോഴത്തെകാടിന്റെ ദൃശ്യങ്ങളും ലഭ്യമാണ്.

2. ഹിരോണ്‍ ദ്വീപ്, ഗ്രേറ്റ് ബാരിയര്‍ റീഫ്, ഓസ്‌ട്രേലിയ
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ ഭാഗമായി കടലിന്നടിയിലെ ദൃശ്യങ്ങളും ലഭ്യമാക്കാന്‍ പോകുന്ന വിവരം ഗൂഗിള്‍ പ്രഖ്യാപിച്ചത് 2012 ഫിബ്രവരി 23 നാണ്. 'സീവ്യൂ' (Seaview) എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതിയുടെ ഒരു പ്രധാന ആകര്‍ഷണം ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ 360 ഡിഗ്രി ദൃശ്യങ്ങളായിരിക്കും. 2013 ഫിബ്രവരിയോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുള്ളത്.

3. കേപ് യോര്‍ക് മുനമ്പ്, ഓസ്‌ട്രേലിയ
ഭൂമുഖത്തെ തന്നെ ഏറ്റവും വിദൂരമായ പ്രദേശങ്ങളിലൊന്നാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡിലുള്ള കേപ് യോര്‍ക് പെനിന്‍സുല. മാത്രമല്ല, ബാഹ്യഇടപെടലുകളില്ലാതെ നിലനില്‍ക്കുന്ന ഒരു വന്യമേഖല കൂടിയാണത്.

4. ഇവാമി വെള്ളിഖനി, ജപ്പാന്‍
ലോകപൈതൃകകേന്ദ്രമായി 2007 ല്‍ യുനെസ്‌കോ പ്രഖ്യാപിച്ച സ്ഥലമാണ് ജപ്പാനില്‍ ഷിമേന്‍ പ്രിഫെക്ചറിലുള്ള ഇവാമി വെള്ളിഖനി. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ വെള്ളിഖനികളുടെ ചരിത്രം സൂക്ഷിക്കുന്ന ഒന്നാണ് ഈ ഖനി. മാത്രമല്ല, സാമ്പത്തികനില ശക്തിപ്പെടുത്തുക വിഴി ജപ്പാന്റെ ചരിത്രത്തിലും ഇത് സ്ഥാനംനേടി.

5. സ്‌കോട്ട്‌സ് ഹട്ട്, അന്റാര്‍ട്ടിക്ക
മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്ക എങ്ങനെയുണ്ടെന്നറിയാന്‍ പറ്റിയ മാര്‍ഗമാണ് സ്ട്രീറ്റ് വ്യൂവില്‍ അവിടം കാണുക എന്നത്. അന്റാര്‍ട്ടിക്കയില്‍ റോസ് ദ്വീപിലെ കേപ് ഇവാന്‍സിലാണ് സ്‌കോട്ട്‌സ് ഹട്ട്.

6. സ്‌റ്റോണ്‍ഹെന്‍ജ്, ബ്രിട്ടന്‍
ഇംഗ്ലണ്ടില്‍ വില്‍റ്റ്‌ഷൈറിലുള്ള സ്‌റ്റോണ്‍ഹെന്‍ജ് എന്ന ചരിത്രസ്മാരകം, ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമാണ്. അത് കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ പര്യവേക്ഷണം നടത്താനുള്ള അവസരമാണ് സ്ട്രീറ്റ് വ്യൂ ഒരുക്കിയിട്ടുള്ളത്.

7. കിന്‍ഡെര്‍ഡിജ്ക്-എല്‍ഷൗട്ട്, നെതര്‍ലന്‍ഡ്‌സ്
യുനെസ്‌കോയുടെ മറ്റൊരു ലോകപൈതൃകകേന്ദ്രമാണ് ഈ വിന്‍ഡ്മില്ലുകള്‍. ജലസേചനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യകുലം നടത്തിയ വലിയ ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ വിന്‍ഡ്മില്ലുകള്‍. മധ്യകാലഘട്ടത്തിലാണ് ഇവ ആദ്യം നിര്‍മിക്കാന്‍ ആരംഭിച്ചത്. ഇപ്പോഴും അവ പലയിടത്തും ഭംഗിയായി പ്രവര്‍ത്തിക്കുന്നു.

8. സ്വിസ്സ് ആല്‍പ്‌സ്, സ്വിറ്റ്‌സ്വര്‍ലന്‍ഡ്
റേഷ്യാന്‍ റെയില്‍വെയില്‍ ഒരു തീവണ്ടിക്ക് മുന്നില്‍ ക്യാമറ ഘടിപ്പിച്ചാണ് സ്വീസ്സ് ആല്‍പ്‌സിന്റെ ദൃശ്യങ്ങള്‍ ഗൂഗിള്‍ പകര്‍ത്തിയത്.

9. ടെന്‍റിയൂജി, ജപ്പാന്‍
ജപ്പാനില്‍ ക്യോട്ടോയിലെ അഞ്ച് പ്രമുഖ സെന്‍ ബുദ്ധക്ഷേത്രങ്ങളില്‍ ഒന്നാണ് യുക്യോ വാര്‍ഡിലെ ടെന്‍റിയൂജി. 1339 ല്‍ ഷോഗണ്‍ അഷികാഗ തകയൂജി സ്ഥാപിച്ച ഈ ക്ഷേത്രവും സ്ട്രീറ്റ് വ്യൂവില്‍ അടുത്തു കാണാം.
No comments:
Post a Comment