Monday, 22 October 2012

പാനി ഡാ... പാടുന്ന ഗാന്ധി



പാനി ഡാ... എന്ന ഗാനത്തിലൂടെ അമിതാഭ് ബച്ചനുള്‍പ്പെടെയുള്ളവരുടെ പ്രിയപ്പെട്ടവളായി ജോണിറ്റ. ടൊറൊന്റോയില്‍ ജീവിക്കുമ്പോഴും ഇന്ത്യന്‍ സംഗീതലോകത്തെ മനസ്സിലേറ്റി അവര്‍.



പാടുന്ന ഗാന്ധിയാണ് ജോണിറ്റ. യൂ ട്യൂബില്‍ കയറി JONITAGANDHI-PANI DA RANG എന്ന് ടൈപ്പ് ചെയ്താല്‍ മൈക്രോഫോണിനു മുന്നില്‍ പ്രസന്നമായൊരു മുഖം തെളിയും. പിന്നെ പഞ്ചാബിയും ഹിന്ദിയും കലര്‍ന്ന പാനി ഡാ... എന്ന ഗാനം ഉയരുകയായി. ഈ ഗാനമാണ് അമിതാഭ്ബച്ചനെ, ജോണിറ്റയുടെ ആരാധകനാക്കിയത്. ബിഗ്ബി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: 'എത്ര ഗംഭീരമായ ആലാപനം, എത്ര മനോജ്ഞമായ ശബ്ദം!'.

ബച്ചനു പിന്നാലെ നൂറുകണക്കിനു പ്രശസ്തര്‍ അഭിനന്ദനങ്ങളുമായി പ്രവഹിച്ചു. എല്ലാവര്‍ക്കും ഒരേ സ്വരം. 'ഇനിയുള്ള കാലം ഈ പെണ്‍കുട്ടിയുടേതാണ്'.

വിക്കിഡോണര്‍ എന്ന സിനിമയില്‍ ആയുഷ്മാന്‍ ജറാന പാടിയ പ്രണയഗാനത്തിന്റെ അക്കോസ്റ്റിക് കവര്‍ മാത്രമാണ് ജോണിറ്റയുടേത്. ജോണിറ്റയുടെ ആലാപനം ഒറിജിനലിനേയും അതിശയിച്ചു. ''ജലത്തിന്റെ നിറം കാണുമ്പോള്‍, എന്റെ കണ്ണുകളും സജലമാവുന്നു. എന്റെ പ്രിയപ്പെട്ടവള്‍ ഇനിയും വന്നിട്ടില്ല''-ജോണിറ്റ ഈ പ്രണയഗാനം ആലപിക്കുമ്പോള്‍ പ്രണയത്തിന്റെ ഗന്ധകജ്വാലകള്‍ അനുവാചകരുടെ മനസിലും ഉയരുകയായി.

ഗാന്ധി ജോണിറ്റയുടെ കുടുംബ പേരാണ്. മറ്റൊരു ഗാന്ധിയുമായും അതിനു ബന്ധമൊന്നുമില്ല. ഡല്‍ഹിക്കാരിയായ ജോണിറ്റ കൈക്കുഞ്ഞായിരിക്കുമ്പോള്‍ ഒമ്പതുമാസം മാത്രമാണ് ഇന്ത്യയില്‍ കഴിഞ്ഞത്. എന്‍ജിനിയറായ പിതാവ് ദീപക് ഗാന്ധിയും അമ്മ സ്‌നേഹ ഗാന്ധിയും കാനഡയിലേക്ക് മകളുമായി പുറപ്പെട്ടു. പിന്നീട് ടൊറാന്റോയായി ജോണിറ്റയുടെ ദേശം. ടൊറാന്റേയില്‍ ജീവിക്കുമ്പോഴും ഈ പെണ്‍കുട്ടിയുടെ ലോകം, ഇന്ത്യന്‍ സംഗീതമായിരുന്നു. ലതാ മങ്കേഷ്‌കറും ആശയും അനശ്വരമാക്കിയ ഗാനങ്ങള്‍ കാനഡയിലെ വേദികളില്‍ ഗൃഹാതുരത്വത്തോടെ ആലപിച്ചുകൊണ്ട് ജോണിറ്റ വ്യത്യസ്തയായി.



എം.എസ്. അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പാടുന്നതിനുവേണ്ടിയാണ് ജോണിറ്റ തൃശ്ശൂരിലെത്തിയത്. ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധായകനായ സണ്ണി വിശ്വനാഥ് ജോണിറ്റയെക്കൊണ്ട് മൂന്നു ഗാനങ്ങള്‍ പാടിച്ചു. അതിലൊന്ന് 'ദില്‍കേ...' എന്നു തുടങ്ങുന്ന ഹിന്ദി ഗാനമാണ്.

ടൊറാന്റോയിലെ പ്രസിദ്ധമായ റിച്ചാര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് സയന്‍സിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഡിഗ്രിയെടുത്തിട്ടും ജോണിറ്റയ്ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ-പാടണം; ജീവിതാവസാനം വരെ പാടണം. ടൊറാന്റോയില്‍ എന്‍ജിനിയറായ ദീപക് ഗാന്ധിയുടെയും സ്‌നേഹ ഗാന്ധിയുടെയും മകള്‍, നാലാം വയസ്സില്‍ തന്നെ പാടാന്‍ തുടങ്ങി. എല്ലാം ലതാജിയുടെയും ആശാജിയുടെയും പാട്ടുകള്‍. കൊച്ചു ജോണിറ്റ ടൊറാന്റോയിലെ വേദികളുടെ കൗതുകമായിരുന്നു അന്നൊക്കെ. പാട്ടിനോടുള്ള കമ്പം പിന്നീട് ആരാധനയായും പഠനമായും മാറി. ഇന്നും പാട്ടല്ലാതെ മറ്റൊന്നും ജോണിറ്റയ്ക്ക് ചിന്തിക്കാനാവുന്നില്ല. ''ആരാവും എന്നു നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ പറയും ജീവിതം മുഴുവന്‍ പാടണം''-ജോണിറ്റ പറഞ്ഞു.

ഹിന്ദുസ്ഥാനിയോടൊപ്പം വെസ്റ്റേണ്‍ ക്ലാസിക്കലും പഠിച്ച ജോണിറ്റ ആംവോളെറ്റില്‍, വെസ്റ്റേണ്‍ ആലപിച്ച് കാനഡയില്‍ തന്നെ ഒന്നാമതായി. ടൊറാന്റോയില്‍ ഏഷ്യന്‍ ഐസലായും ജോണിറ്റ സമ്മാനിതയായി. സുരേഷ് വാസ്‌ക്കറും സോണു നിഗവും നടത്തിയ ഐ ആം നെക്സ്റ്റ് സൂപ്പര്‍ സ്റ്റാര്‍ എന്ന മത്സരത്തിലും ജോണിറ്റ ഒന്നാമതെത്തി. കാനഡയില്‍ മൈക്കേല്‍ ജാക്‌സന്റെ ഓര്‍മ്മ പുതുക്കുന്ന മത്സരത്തിലും ജോണിറ്റയായിരുന്നു ഏറ്റവും മികച്ച പാട്ടുകാരി.

സോണുനിഗം കാനഡയിലും യു.എസ്സിലും പര്യടനം നടത്തിയപ്പോള്‍ ഒപ്പം പാടിയത് ജോണിറ്റയായിരുന്നു. നല്ല ആഴവും വികാരവും മാധുര്യവുമുള്ള ജോണിറ്റയുടെ ആലാപനം ആയിരങ്ങളുടെ കയ്യടി വാങ്ങി. മദന്‍മോഹന്‍, ലതാ മങ്കേഷ്‌കര്‍ക്കുവേണ്ടി കമ്പോസ് ചെയ്ത ഗാനങ്ങളോട് ജോണിറ്റയ്ക്ക് വല്ലാത്ത അഭിനിവേശമാണ്. യൂ ട്യൂബില്‍ അവര്‍ പാടിയ 'ലഗ്ജാ ഗലെ...' എന്ന മദന്‍മോഹന്‍ ഗാനവും കേള്‍ക്കാം.

ജോണിറ്റയെ കാനഡയിലെത്തിയ കൈലാസ്‌ഖേര്‍ നേരിട്ടു ചെന്നാണ് അഭിനന്ദിച്ചത്. കൊലവെറിയുടെ സ്വന്തം പാഠഭേദവും ജോണിറ്റയുടേതായുണ്ട്. പക്ഷെ പാനി ഡാ വേറിട്ടുതന്നെ നില്‍ക്കുന്നു. ശ്രേയ ഗോഷാല്‍ ഈ പാട്ട് കേട്ട് ജോണിറ്റയെ ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു.

പാനി ഡായുടെ സംഗീതം 'അറേഞ്ച്' ചെയ്തതും ഒരു ഗാന്ധിയാണ്-ആകാശ്ഗാന്ധി. ആകാശിന് ജോണിറ്റയുമായി ബന്ധമൊന്നുമില്ല. എന്നാല്‍ പലരും ധരിച്ചത് ആകാശ് ജോണിറ്റയുടെ സഹോദരനെന്നാണ്. കഭിഷാംധലെ, ടസ്‌കോ ജൊപെ തുടങ്ങിയ ആലാപനങ്ങളും യൂ ട്യൂബിലുണ്ട്. മുംബൈയിലേക്ക് ജോണിറ്റ ചേക്കേറുമ്പോള്‍ ഒരുകാര്യം ഉറപ്പ്. അവര്‍ സംഗീതലോകം പിടിച്ചടക്കും.

No comments:

Post a Comment