ബ്രൗസിങും വീഡിയോചാറ്റിങും തുറുപ്പുശീട്ടാക്കി വിന്‍ഡോസ് ഫോണ്‍ 8
Posted on: 30 Oct 2012
-സ്വന്തം ലേഖകന്‍

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 ന്റെ മൊബൈല്‍ പതിപ്പ് നല്‍കുന്ന ബ്രൗസിങ് കരുത്ത്; അനായാസം വീഡിയോചാറ്റിങ് നടത്താന്‍ സ്‌കൈപ്പിന്റെ സൗകര്യം. മൈക്രോസോഫ്റ്റിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 8 ന്റെ തുറുപ്പുശീട്ടുകള്‍ ഇവയാണ്.
പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒഎസ് ആയ വിന്‍ഡോസ് 8 കഴിഞ്ഞയാഴ്ചയാണ് മൈക്രോസോഫ്റ്റ് വിപണിയിലെത്തിച്ചത്. വിന്‍ഡോസ് 8 മായി ചേര്‍ന്നുപോകുന്ന മൊബൈല്‍ ഒഎസ് ആണ് വിന്‍ഡോസ് ഫോണ്‍ 8.
വിന്‍ഡോസ് ഫോണ്‍ 7.5 എന്ന മുന്‍ വേര്‍ഷന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ച മൊബൈല്‍ ഒഎസ്. മൊബൈല്‍ പ്ലാറ്റ്‌ഫോമിനും വിന്‍ഡോസ് 8 നും കൂടുതല്‍ സഹകരിക്കാന്‍ വഴിയൊരുക്കുകയാണ് മൈക്രോസോഫ്റ്റ്.
വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം രംഗത്തെത്തിക്കുകയും, അത് നിരൂപകരുടെ പ്രശംസ നേടുകയും ചെയ്‌തെങ്കിലും, ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും അടക്കിവാഴുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ ഇതുവരെ മൈക്രോസോഫ്റ്റിന് കഴിഞ്ഞിട്ടില്ല. ഐ.ഡി.സി.പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വെറും 3.1 ശതമാനം മാത്രമാണ് വിന്‍ഡോസ് ഫോണിന്റെ സാന്നിധ്യം.
എച്ച്.ടി.സി., നോക്കിയ, സാംസങ് അങ്ങനെ ഒട്ടേറെ കമ്പനികള്‍ മാസങ്ങള്‍ക്കു മുമ്പേ വിന്‍ഡോസ് ഫോണ്‍ 8 ഫോണുകള്‍ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റ് ഇതുവരെ സോഫ്ട്‌വേര്‍ പുറത്തിറക്കാത്തതിനാല്‍, ആ ഫോണുകള്‍ ഇതുവരെ രംഗത്തെത്തിയില്ല. ഇപ്പോള്‍ തടസ്സം മാറി. വരുംദിവസങ്ങളില്‍ ഒട്ടേറെ വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തും.

വിന്‍ഡോസ് 8 പിസി ഒഎസിനെ അനുസ്മരിപ്പിക്കുന്ന സോഫ്ട്‌വേറാണ് വിന്‍ഡോസ് ഫോണ്‍ 8. ടൈലുകളായാണ് ഇതിന്റെ ഇന്റര്‍ഫേസിലും ആപ്ലിക്കേഷനുകള്‍ ഡിസ്‌പ്ലേ ചെയ്തിട്ടുള്ളത്. വിന്‍ഡോസ് 8 ഒഎസിന്റെ കെര്‍ണല്‍ തന്നെയാണ് വിന്‍ഡോസ് ഫോണ്‍ 8 നും അടിസ്ഥാനം. അതിനാല്‍, മൊബൈലിനും പിസിക്കും ആവശ്യമായ പ്രോഗ്രാമുകള്‍ പരസ്പരം കൈമാറ്റം ചെയ്യല്‍ എളുപ്പമാകും.
'കിഡ്‌സ് കോര്‍ണര്‍' (Kid's Corner) ആണ് വിന്‍ഡോസ് ഫോണ്‍ 8 ലെ ഒരു പ്രധാന ഫീച്ചര്‍. രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ കുട്ടികളുടെ കൈയിലെത്തുമ്പോള്‍, ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാണ് കിഡ്‌സ് കോര്‍ണര്‍ ഉപയോഗിക്കുന്നത്.
വിന്‍ഡോസ് പോണ്‍ 7.5 ലുണ്ടായിരുന്ന ബ്രൗസറിനെ അപേക്ഷിച്ച് ഏഴുമടങ്ങ് വേഗമേറിയ ബ്രൗസറാണ് വിന്‍ഡോസ് ഫോണ്‍ 8 ലുള്ള ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10.
മറ്റൊരു പുതിയ ഫീച്ചര്‍ വിന്‍ഡോസ് ഫോണ്‍ 8 ലുള്ളത് 'റൂംസ്' (Rooms) ആണ്. ക്ഷണിക്കപ്പെട്ട അംഗങ്ങളെ ഉള്‍പ്പെടുത്തി, അവര്‍ക്ക് പരസ്പരം കലണ്ടറും, നോട്ടുകളും, ഫോട്ടോകളും മറ്റും പങ്കുവെയ്ക്കാന്‍ സാഹായിക്കുന്ന ഫീച്ചറാണിത്. കുടുംബാംഗങ്ങള്‍ക്കും സ്‌പോര്‍ട്‌സ് ടീമുകള്‍ക്കും മറ്റ് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കുമൊക്കെ ഉപയോഗപ്രദമാകുന്ന ഫീച്ചറാണിത്.
മുമ്പത്തെ വിന്‍ഡോസ് ഫോണ്‍ ഒഎസുകളിലെ ഒരു പ്രധാന ന്യൂനത പുതിയ ഒഎസില്‍ മൈക്രോസോഫ്റ്റ് തിരുത്തിയിട്ടുണ്ട്. വീഡിയോ ചാറ്റിങിനുള്ള സ്‌കൈപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണത്.
ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലുമൊക്കെ മറ്റ് ആപ്‌സ് ഉപയോഗിക്കുമ്പോള്‍ തന്നെ വീഡിയോ കോളുകള്‍ സ്വീകരിക്കാന്‍ പറ്റും. എന്നാല്‍, വിന്‍ഡോസ് ഫോണ്‍ 7.5 ല്‍ അത് സാധിക്കില്ലായിരുന്നു.
2011 ല്‍ സ്‌കൈപ്പിനെ സ്വന്തമാക്കിയിട്ടും, മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ആ സര്‍വീസിന്റെ ശരിക്കുള്ള പ്രയോജനം ലഭ്യമാക്കാന്‍ മൈക്രസോഫ്റ്റിന് കഴിഞ്ഞിരുന്നില്ലെന്ന് സാരം. എന്നാല്‍, വിന്‍ഡോസ് ഫോണ്‍ 8 ല്‍ സ്‌കൈപ്പിന്റെ സാധ്യത ശരിക്കും ഉപയോഗിച്ചിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: engadget)
No comments:
Post a Comment