Tuesday, 30 October 2012


ഈയിടെ ഒരു ബീഡി പറഞ്ഞത്‌
കല്പ്പറ്റ നാരായണന്‍
13 Mar 2011


പൊലീസ് വരുന്നുണ്ടോ എന്ന് കൂടെക്കൂടെ നോക്കി ബീഡി എന്നോടു പറഞ്ഞു: എനിക്കു വയ്യ ഇങ്ങനെ മാനം കെട്ടു ജീവിക്കാന്‍ . നിങ്ങള്‍ക്കറിയുമോ. ധീരതയുടെ ഒരു മുദ്രയായിരുന്നു ഞാന്‍. എന്നെ ആഞ്ഞുവലിച്ച് ആണ്‍കുട്ടികള്‍ യുവാക്കളായി. എം.ടിയുടെ കഥയില്‍ ബീഡിപ്പുകയൂതി 'അവന്‍ ' 'അയാളാ'യി. എന്നെ കട്ടു വലിച്ച് വികൃതിപ്പെണ്‍കുട്ടികള്‍ പുലരും വരെ മുലകളുയര്‍ത്തി ചുമച്ചു. സ്വാതന്ത്ര്യസമരത്തിലും കയ്യൂരിലും വയലാറിലും നക്‌സലൈറ്റ് കലാപത്തിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇടവഴികളും കാട്ടിടകളും പുല്‍മൈതാനങ്ങളും മരത്തണലുകളും എനിക്ക് ഹൃദിസ്ഥം. ചുമരെഴുതാനും മുദ്രാവാക്യങ്ങളെഴുതാനും പാട്ടെഴുതാനും ഞാന്‍ കൂടി. ചരിത്രത്തിന് ഞാന്‍ കൂട്ടുനിന്നു.

നിങ്ങളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തില്‍, സമത്വത്തില്‍, കലാസൃഷ്ടികളില്‍ എന്റെ തീയുണ്ട്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചതു ഞാനാണ്. സ്വാതന്ത്ര്യസമരത്തില്‍ ഞാന്‍ നിരങ്ങാത്ത ഊടുവഴികളില്ല. ഒരു തീപ്പെട്ടിക്കൊള്ളി പതിനാറായി കീറിയ മഹാ കലാകാരന്മാരെക്കുറിച്ച് ബഷീര്‍ എഴുതിയിട്ടുണ്ട്. കൂസലില്ലാതെ ജീവിച്ചവരുടെയൊക്കെ കൈകളില്‍ മിക്കവാറും ഞാനുണ്ടായിരുന്നു. സമരങ്ങളില്‍ അവരുടെ ഒരായുധം, ഒരുപക്ഷേ നഷ്ടപ്പെടുവാന്‍ അവരേറ്റവും പേടിച്ച ആയുധം, മടിക്കുത്തിലെ ഞാനായിരുന്നു. എരിയും തോറും തീരുന്ന ഞാന്‍ കരുതിജീവിക്കാത്തവരുടെ പ്രതിരൂപം കൂടിയായിരുന്നു. രാത്രിയുടെ നിസ്സീമ വിസ്തൃതിയില്‍ ഞാന്‍ വളരെ ദൂരം പ്രസരിച്ചു. ഏകാന്തങ്ങളായ പ്രകാശസ്തംഭങ്ങള്‍ ! ഞങ്ങള്‍ ഇറങ്ങി നടന്ന നക്ഷത്രങ്ങള്‍ .

ബീഡികള്‍ കൊണ്ട് ഒരുക്കിയ ചിതയില്‍ ശ്വാസകോശം കത്തിക്കൊണ്ടിരിക്കുന്ന ഒരു പരസ്യം ഈയിടെ ഞാന്‍ കണ്ടു. അതു കണ്ടപ്പോള്‍ എനിക്കെന്തോ സന്തോഷമാണു തോന്നിയത്. എരിഞ്ഞു തീരുന്നവരുടെ പട്ടടയായിരുന്നു ഞാന്‍. മരണത്തിലുമെത്താവുന്ന ആഹാരം രുചിയോടെ കഴിക്കുന്നവരില്‍, ആദരണീയമായതെന്തോ, അസാദ്ധ്യമായതെന്തോ, ഉള്ളതായിത്തോന്നുന്നു.

ഞാനൊരു ദുശ്ശീലമാണ്. എങ്കിലും സര്‍വ്വം നശിച്ച ഒരു മനുഷ്യനെ സമാശ്വസിപ്പിക്കാന്‍ ദുശ്ശീലം പോലെ ഒരു മിത്രമില്ല. നരകത്തിലല്ലാതെ സ്വര്‍ഗ്ഗത്തിലെന്തിനാണു മിത്രം? ആകെത്തകര്‍ന്നവന്റെ ഇത്തിരി വെളിച്ചമായി എന്നെപ്പോലെ നിന്നവരാരുമില്ല. ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്, തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിയായ കുറ്റവാളിക്ക്, എന്തു ചെയ്താലും സമയം പോവാത്ത നിര്‍ഭാഗ്യവാന് ഞാന്‍ തുണ നിന്നിട്ടുണ്ട്. അഴകിനും അഴുക്കിനും പ്രതാപത്തിനും നിസ്സാരതയ്ക്കും ഞാന്‍ കൂട്ടിരുന്നിട്ടുണ്ട്. മനുഷ്യര്‍ക്കിടയില്‍ പരിചയമില്ലായ്മയുടെ മരവിപ്പകറ്റാന്‍ എന്നോളം കത്തിയതാര്? തീ ചോദിച്ചുകൊണ്ട് എത്ര സൗഹൃദങ്ങള്‍ ഞാന്‍ കാരണം തുടങ്ങി.
എനിക്കറിയാം ഞാന്‍ നന്നല്ല, ദീര്‍ഘായുസ്സിന്, പൂര്‍ണ്ണാരോഗ്യത്തിന്, കുടുംബഭദ്രതയ്ക്ക്, ഭാവിക്ക്, ഞാന്‍ നന്നല്ല. സ്വന്തം ചിതയ്ക്കു തീകൊളുത്തിയ ഒരാളാണ് കത്തുന്ന ബീഡി വായിലുള്ള ഒരാള്‍. ''ചിതയ്ക്ക് തീ പിടിച്ചുതുടങ്ങി'' എന്ന അടിക്കുറിപ്പോടെ ബീഡിവലിക്കുന്ന ഒരാളുടെ ഫോട്ടോ നമ്മുടെ ആരോഗ്യവകുപ്പിന് ഒരുശിരന്‍ പരസ്യമാവും, ഇല്ലേ? സി.പി.യുടെ കാലത്തെ കമ്മ്യൂണിസ്റ്റുകാരും സ്വന്തം ചിതയ്ക്ക്, മാത്രമല്ല ചിലപ്പോള്‍ സ്വന്തം കുടുംബത്തിന്റെ ചിതയ്ക്ക്, ചിലപ്പോള്‍ പരിചിതഗൃഹങ്ങളുടെ ചിതയ്ക്ക് തീകൊളുത്തിയ ഒരാളായിരുന്നു. സ്വന്തം കുടുംബത്തെ മറന്ന ഗാന്ധിജിക്കെന്തു മഹത്വം എന്നല്ലേ 'പുതിയ' സുരക്ഷിതത്വ ബോധം ചോദിക്കുന്നത്?
ഇത് സുരക്ഷിതത്വത്തിന്റെയും പഥ്യാഹാരത്തിന്റെയും കാലം. ജാതിയും മതവും മതംമാറ്റങ്ങളും ദൈവങ്ങളും ജ്യോതിഷവും യോഗാസെന്റ്റുകളും വ്യായാമമുറകളും സജീവമായ കാലം. 'സുരക്ഷിതത്വം ഉറപ്പു തരുന്നു' എന്നതല്ലാത്ത ഒരു വാഗ്ദാനവും വിലപ്പോവാത്ത കാലം.

ബീഡിക്കമ്പനി കുടകള്‍ നിര്‍മ്മിക്കുന്ന കാലം.

No comments:

Post a Comment