Monday, 29 October 2012


റഷ്യന്‍ പെണ്‍കുട്ടികള്‍ എവിടെപ്പോയ് മറയുന്നു?
എ.എം. ഷിനാസ്‌
05 Dec 2010
ഇവളുടെ പേര് അലിയോന. വയസ്സ് 19. മുന്‍ സോവിയറ്റ് പ്രവിശ്യയായ മള്‍ഡോവയുടെ ദക്ഷിണ ഭാഗത്തുള്ള ഒരു കൊച്ചു പട്ടണത്തില്‍ ജനിച്ചു വളര്‍ന്നവള്‍. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ അവളുടെ കാമുകന്‍, തന്റെ വിവാഹബാഹ്യബന്ധം അവസാനിപ്പിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴി ക്രൂരമായിരുന്നു. അയാള്‍ അലിയോനയെ ചെറിയൊരു ജോലി വാങ്ങിച്ചുതരാമെന്ന് പറഞ്ഞ് റുമാനിയയിലേക്ക് കൊണ്ടുപോയി. ആയിരം ഡോളറിന് പെണ്‍വാണിഭമാഫിയയ്ക്ക് വിറ്റു. പിന്നീട് പതിനെട്ടുമാസം പലരാജ്യങ്ങളില്‍ പല കൈകളിലൂടെ മാറിമറിഞ്ഞ്, അല്‍ബേനിയയിലെയും കൊസോവയിലെയും ഫ്രാന്‍സിലെയും ജര്‍മനിയിലെയും വെടിപ്പില്ലാത്ത ഫ്ലറ്റുകളില്‍ നൂറുകണക്കിനാളുകളുടെ കാമദാഹത്തിനിരയായി, ഒടുവില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ഒ.എം ന്റെ ( IOM- International Organization for Migration) സഹായത്തോടെ അവള്‍ മാതൃരാജ്യത്ത് തിരിച്ചെത്തി. ഇതിനിടയ്ക്ക് അലിയോനയെ നിരവധി തവണ, ചന്തയില്‍ കാലിയെ വില്‍ക്കുന്ന ലാഘവത്തോടെ വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നു. അല്‍ബേനിയയില്‍ മാത്രം നാല് തവണ അവള്‍ വില്‍ക്കപ്പെട്ടു. ഗര്‍ഭിണിയായ നിലയില്‍ അല്‍ബേനിയയുടെ തലസ്ഥാനമായ തിരാനയിലെ ഒരു ജയിലില്‍ വെച്ചാണ് ഐ.ഒ.എം. അലിയോനയുടെ ദുരന്തകഥയറിഞ്ഞ് സഹായത്തിനെത്തിയത്. (The Economist, Aug 19,2003)

ഇത് അലിയോന എന്ന മള്‍ഡോവിയന്‍ പെണ്‍കുട്ടിയുടെ ഒറ്റപ്പെട്ട കഥയല്ല. സോവിയറ്റ്‌യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ സാമൂഹികസാമ്പത്തിക അരാജകത്വം ആയിരക്കണക്കിന് അലിയോനമാരെയാണ് ലൈംഗിക അടിമക്കച്ചവടക്കാരുടെ (Sex Slave Traders) വലകളിലെത്തിച്ചത്.

1990-1995 കാലഘട്ടത്തില്‍ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലെ ഒരു ലക്ഷത്തി എണ്‍പതിനായിരം പെണ്‍കുട്ടികളാണ് (മിക്കവരും പതിനഞ്ചിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ളവര്‍) ഓരോ വര്‍ഷവും പടിഞ്ഞാറന്‍ യൂറോപ്പിലെ കാമത്തെരുവുകളില്‍ വിറ്റഴിക്കപ്പെട്ടത്. 2000-2003 കാലയളവിലാകട്ടെ, 'അലിയോന'മാരുടെ എണ്ണം പ്രതിവര്‍ഷം രണ്ടുലക്ഷത്തി ഇരുപതിനായിരമായി ഉയര്‍ന്നു. ഭീതിദമായ മാനങ്ങളുള്ള ഈ ലൈംഗിക അടിമവാണിഭത്തെ ഇല്ലായ്മ ചെയ്യാന്‍, വൈകിയാണെങ്കിലും യൂറോപ്പിലെ പ്രമുഖ രാഷ്ട്രങ്ങള്‍ കര്‍ക്കശ നടപടികള്‍ എടുത്തുതുടങ്ങിയിരിക്കുന്നു.

റഷ്യന്‍ ഫെഡറേഷന്‍, ബെലാറസ്, മള്‍ഡോവ, ജോര്‍ജിയ, ഉക്രെയ്ന്‍, ആര്‍മേനിയ, ഉസ്‌ബെക്കിസ്താന്‍, ലാത്‌വിയ, ഈസ്റ്റോണിയ തുടങ്ങിയ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ നിന്നും റുമാനിയ, അല്‍ബേനിയ, ഹംഗറി, ബള്‍ഗേറിയ, പോളണ്ട് തുടങ്ങിയ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്നുമാണ് പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലൈംഗിക അടിമകളായി (Sex Slaves)വിറ്റഴിക്കപ്പെടുന്നത്.കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തിരോധാനം വരെ പുരുഷനോടൊപ്പം സമൂഹത്തിന്റെ നാനാതുറകളില്‍ നെഞ്ചുവിരിച്ച് നിറഞ്ഞു നിന്നിരുന്ന, ലോകത്തിന്റെ മറ്റേതു ഭാഗത്തുള്ള സ്ത്രീകളെക്കാളും സമത്വബോധവും ആത്മാഭിമാനവും ഉണ്ടായിരുന്ന മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥ ഹൃദയഭേദകമാണെന്നാണ് യൂറോപ്പില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ തരക്കേടില്ലാത്ത ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് 'റിക്രൂട്ടിംഗ് ഏജന്‍സികള്‍' പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നു. ഇക്കാലത്ത് റഷ്യക്കാര്‍ക്ക് പ്രതിമാസം 250-300 ഡോളര്‍ ലഭിക്കുന്ന ജോലി, അതെവിടെക്കിട്ടിയാലും, സ്വര്‍ഗ്ഗം ലഭിച്ചതിന് തുല്യമാണ്. പടിഞ്ഞാറന്‍ യൂറോപ്പില്‍ എവിടെയെങ്കിലും സ്ഥിരതാമസം തരപ്പെട്ടാല്‍ ശരാശരി റഷ്യക്കാര്‍ മതിമറക്കും! ഭീകരമായ തൊഴിലില്ലായ്മയും പട്ടിണിയും സംഹാരതാണ്ഡവം നടത്തുന്ന മുന്‍ സോവിയറ്റ് പ്രവിശ്യകളിലെ പെണ്‍കുട്ടികള്‍ സ്വാഭാവികമായും ഇത്തരം പരസ്യക്കെണികളില്‍ വീണുപോകുന്നു.

റഷ്യന്‍ മാഫിയയും അല്‍ബേനിയന്‍ മാഫിയയുമാണ് ഇത്തരം റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്നത്. ഇവരുടെ കീഴില്‍ നൂറുക്കണക്കിന് റിക്രൂട്ടര്‍മാര്‍ (ബഹുഭൂരിപക്ഷവും മധ്യവയസ്‌കകളായ സ്ത്രീകള്‍) പ്രവര്‍ത്തിക്കുന്നു. ഈ സ്ത്രീ റിക്രൂട്ടര്‍മാരാണ് കാണാന്‍ ചന്തവും ആകാരവടിവുമുള്ള പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. താഴെ തട്ടിലുള്ള ഇത്തരം റിക്രൂട്ടര്‍മാര്‍ക്ക് ഒരു പെണ്‍കുട്ടിക്ക് 500 ഡോളര്‍ വെച്ച് പ്രതിഫലമായി ലഭിക്കും. ഇങ്ങനെ പെണ്‍കുട്ടികളെ വിലയ്ക്കുവാങ്ങിയ ശേഷം ഫ്രാന്‍സിലേക്കും ലണ്ടനിലേക്കും ജര്‍മ്മനിയിലേക്കും മറ്റും അനധികൃതമായി കടത്തുകയാണ് പതിവ്. ലണ്ടനിലെ ചുവന്നതെരുവുകളില്‍ റഷ്യന്‍ പെണ്‍കുട്ടികള്‍ക്ക് 10,000-15,000 ഡോളര്‍വരെ 'വില' കിട്ടും. കിഴക്കന്‍ യൂറോപ്പിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകിച്ചു കഴിയുന്ന കാണാന്‍ ചേലുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, പടിഞ്ഞാറന്‍ യൂറോപ്പിലെ പെണ്‍വാണിഭസംഘങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന മാഫിയക്കൂട്ടങ്ങളും നിരവധിയാണ.് വേറെ ചിലര്‍ മോഡലിംഗ്, ട്രാവല്‍ ഏജന്‍സി എന്നൊക്കെ തെറ്റിദ്ധരിപ്പിച്ച് കള്ളസ്ഥാപനങ്ങള്‍ തുടങ്ങി പെണ്‍കുട്ടികളെ കുടുക്കുന്നു.

പ്രധാനമായും രണ്ട് യാത്രാമാര്‍ഗ്ഗങ്ങളാണ് പെണ്‍കുട്ടികളെ കടത്താന്‍ മാഫിയ ഉപയോഗിക്കുന്നത്.

ഒന്ന് ഇറ്റലിയിലേക്കും ഗ്രീസിലേക്കും എത്താവുന്ന ബാല്‍ക്കന്‍ പാതയാണ്. രണ്ടാമത്തേത് ബാള്‍ട്ടിക് പാതയാണ്. ജര്‍മ്മനിയിലേക്കും ഫിന്‍ലാന്‍ഡിലേക്കും പെണ്‍കുട്ടികളെ എത്തിക്കുന്നത് ഈ വഴിയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തികളിലെ പരിശോധനകള്‍ മാഫിയ എളുപ്പം മറികടക്കുന്നു. ഉദാഹരണത്തിന്, ഹംഗറി-ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിരം യൂറോ കൊടുത്താല്‍ അഞ്ച് പെണ്‍കുട്ടികളെ വ്യാജപാസ്‌പോര്‍ട്ടില്‍ കടത്താനുള്ള സമ്മതം ലഭിക്കുമത്രേ! റഷ്യയില്‍ നിന്നു പുറത്തേക്കുകടത്തുന്ന പെണ്‍കുട്ടികളെ ആദ്യം ബുഡാപെസ്റ്റിലേയും ബുക്കാറസ്റ്റിലേയും ബെല്‍ഗ്രേഡിലേയും സോഫിയയിലേയും മറ്റും വൃത്തിഹീനമായ മൂന്നാംകിട ഫ്ലറ്റുകളിലാണ് പാര്‍പ്പിക്കുക. 

ചതി മനസ്സിലാക്കി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികളെ ഇവിടങ്ങളില്‍ വെച്ച് നിരന്തരമായി കൂട്ടബലാത്സംഗം ചെയ്ത്, മെരുക്കിയെടുക്കാറുണ്ടെന്നാണ് ബ്രിട്ടന്റെ നാഷണല്‍ ഇന്റിലിജന്‍സ് സര്‍വ്വീസ് വെളിപ്പെടുത്തുന്നത്. പടിഞ്ഞാറന്‍ യൂറോപ്പിലെ 'ലൈംഗികവ്യാപാരികള്‍' ഫ്ലറ്റുകളില്‍ 'കാഴ്ചയ്ക്ക് വെച്ചിരിക്കുന്ന' പെണ്‍കുട്ടികളെ ആപാദചൂഡം വിലയിരുത്തി തിരഞ്ഞെടുക്കാനെത്തുന്ന ഘട്ടമെത്തുന്നതോടെ പെണ്‍കടത്ത് മാഫിയയുടെ പണിതീരുന്നു. ഓരോ പെണ്‍കുട്ടിക്കും വിലപേശി അവസാനം ഇടപാട് ഉറപ്പിക്കുന്നു. 10,000 ഡോളറാണ് ഏറ്റവും കുറഞ്ഞ വില.

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ നിന്ന് ജോലിക്കെന്നുപറഞ്ഞ് പടിഞ്ഞാറന്‍ യൂറോപ്പിലെത്തിയ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ വര്‍ഷമേറെ കഴിഞ്ഞിട്ടും ഇന്നേവരെ ഉറ്റവരെ ഫോണില്‍പോലും ബന്ധപ്പെട്ടിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥ. അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയെ ആര്‍മേനിയയില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ടിരുന്നു. 

മകളെപറ്റി മൂന്നാല് വര്‍ഷമായി ഒരു വിവരവുമില്ലാത്ത ആ അമ്മയുടെ ദു:ഖസാന്ദ്രമായ മുഖം ഇപ്പോഴും നീറുന്ന ഒരോര്‍മ്മയായി അവശേഷിക്കുന്നു. കിഴക്കന്‍ യൂറോപ്യന്‍ സുന്ദരികളുടെ ശരീരവടിവുകളും മറ്റു 'ഗുണഗണങ്ങളും' വിവരിച്ചുകൊണ്ട് അനേകം വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റില്‍ സ്ഥലം പിടിച്ചിട്ടുണ്ട്.

ബ്രിട്ടനിലെ വേശ്യാലയ സങ്കേതങ്ങളില്‍ കഴിഞ്ഞ ഒരു വ്യാഴവട്ടമായി എത്തിക്കപ്പെടുന്ന എണ്‍പതുശതമാനം പെണ്‍കുട്ടികളും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ കൊല്ലം ലണ്ടനിലെ നാഷണല്‍ ക്രൈം സ്‌ക്വാഡ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരു ബള്‍ഗേറിയന്‍ മാഫിയത്തലവനെ അറസ്റ്റ് ചെയ്തു. 

വ്യാജ ഇറ്റാലിയന്‍ പാസ്‌പോര്‍ട്ടുകളില്‍ നൂറുകണക്കിന് റഷ്യന്‍ പെണ്‍കുട്ടികളെ ബള്‍ഗേറിയയില്‍ നിന്ന് ജര്‍മനിയിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കടത്തി, വെയില്‍സിലെ മസാജ് പാര്‍ലറുകളില്‍ വിറ്റു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്.

തൊണ്ണൂറുകളുടെ മധ്യത്തിലും അന്ത്യപാദത്തിലും ദുബായ് കേന്ദ്രീകരിച്ചുമുണ്ടായിരുന്നു റഷ്യന്‍ പെണ്‍കുട്ടികളുടെ വില്‍പ്പന. ദുബായില്‍ പക്ഷേ, യൂറോപ്പിലെപ്പോലെ കാമകേന്ദ്രങ്ങളില്‍ അവര്‍ ബന്ധനസ്ഥരാക്കപ്പെട്ടിരുന്നില്ല. ഇടനിലക്കാര്‍ മുഖേനയാണ് ദുബായിലെത്തിയിരുന്നതെങ്കിലും ഒന്നോ രണ്ടോ മാസം കൊണ്ട് വേണ്ടത്ര കാശുണ്ടാക്കി (ലൈംഗികത്തൊഴില്‍ എന്ന് പുതിയ ഭാഷ) അവര്‍ റഷ്യയിലേക്ക് തന്നെ തിരിച്ചുപോയിരുന്നു. പിന്നീട് കൂട്ടുകാരികളെ പ്രലോഭിപ്പിച്ച് കൂട്ടത്തോടെ വീണ്ടും വരും. ഇങ്ങനെ ദുബായില്‍ ഒരു കാലത്ത് റഷ്യന്‍ പെണ്‍കുട്ടികളെ തട്ടാതെയും മുട്ടാതെയും വഴി നടക്കാന്‍ പറ്റാത്ത ഒരവസ്ഥയുണ്ടായിരുന്നു. 1996-ല്‍ ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ഈ ദുരവസ്ഥ നേരില്‍ കാണുകയുണ്ടായി. ദുബായിലെ സുഹൃത്തുക്കള്‍ ഇപ്പോള്‍ പറയുന്നത്, ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ കാരണം ഈ റഷ്യന്‍സുന്ദരിപ്രവാഹത്തിന് മാന്ദ്യമുണ്ടാ യിട്ടുണ്ടെന്നാണ്.

ലോകത്തിലേറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സംഘടിതകുറ്റകൃത്യമായി മാറിയിരിക്കുന്നു ലൈംഗിക അടിമവാണിഭം. 700 കോടി ഡോളറിന്റെ 'കച്ചവട'മാണ് പ്രതിവര്‍ഷം നടക്കുന്നതെന്ന് ഐക്യരാഷ്ട്രസംഘടന സാക്ഷ്യപ്പെടുത്തുന്നു. യൂറോപ്പിലാകമാനം ഇത്തരം വന്‍കിട പെണ്‍വാണിഭ മാഫിയകളെ അടിച്ചമര്‍ത്താനുള്ള ചടുലനീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. യൂറോപോള്‍ ഈവര്‍ഷം രണ്ട് പ്രധാന ഓപ്പറേഷനുകള്‍ നടത്തി. അതിലൊന്നിന്റെ പേര് 'ഓപ്പറേഷന്‍ സണ്‍ഫ്ലവര്‍' എന്നായിരുന്നു. യൂറോപ്പിലെ എട്ടുരാജ്യങ്ങളിലായി അഞ്ച് മാസത്തോളം നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ പെണ്‍വാണിഭത്തിന്റെ സൂത്രധാരന്‍മാരായ 80 പേരെ യൂറോപോള്‍ അറസ്റ്റ് ചെയ്തു. റഷ്യയിലേയും ഉക്രെയ്‌നിലേയും 'ട്രാവല്‍ ഏജന്‍സി' ഉടമകളും ബള്‍ഗേറിയയിലെ ഹോട്ടല്‍ മാനേജര്‍മാരും മോസ്‌കോയില്‍ മോഡലിംഗ് രംഗത്തുള്ള ചിലരുമൊക്കെ അക്കൂട്ടത്തില്‍ പെട്ടിരുന്നു. 

ജര്‍മനിയിലെ ഫെഡറല്‍ പോലീസും ഇത്തരം സംഘങ്ങള്‍ക്ക് പിന്നാ ലെയാണിപ്പോള്‍. 'ഓപ്പറേഷന്‍ സണ്‍ഫ്ലവര്‍' മഞ്ഞുകട്ടയുടെ അഗ്രം മാത്രമേ വെളിച്ചത്തുകൊണ്ടുവന്നുള്ളു എങ്കിലും ജീവിക്കാന്‍ വകയില്ലാത്ത ഒരു ജനതയെ വിറ്റു കാശാക്കുന്ന ഈ മഹാപാതകത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഗൗരവത്തോടെ രംഗത്തുവന്നുകഴിഞ്ഞു.

No comments:

Post a Comment