Friday, 26 October 2012

ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല

Posted on: Sunday, 14 October 2012


ചുറുചുറുക്കും പ്രസരിപ്പും ഓർമ്മിപ്പിക്കുന്നൊരു പേരായിരുന്നു ദേവി അജിത്തിന്റേത്. പ്രിയപ്പെട്ട ചാനൽ പരിപാടികളുടെ അതിലും പ്രിയപ്പെട്ട അവതാരകയായിരുന്നു ഒരിക്കൽ അവർ. കഴിഞ്ഞ ഏഴുവർഷമായി നീണ്ട മൗനത്തിലായിരുന്നു ദേവി അജിത്ത്. ചാനൽ പരിസരങ്ങളിലും കാമറയ്ക്ക് മുന്നിലൊന്നും ആ മുഖം കണ്ടതേയില്ല. പതിവുപോലെ ഒട്ടും പ്രതീക്ഷിക്കാത്തൊരു നേരത്ത് അവർ നമ്മുടെ തൊട്ടടുത്തെത്തി. `ട്രിവാൻഡ്രം ലോഡ്ജ്' എന്ന സിനിമയിൽ സെറീന എന്ന ശക്തമായ കഥാപാത്രമായി.

'’എന്നെ ദ്രോഹിച്ചവരോട് എനിക്ക് പരാതിയില്ല. പക്ഷേ സങ്കടമുണ്ട്. മ​റ്റുള്ളവരെ ദ്രോഹിക്കുമ്പോൾ പ്രത്യേകസുഖം ലഭിക്കുന്ന ചെറിയ ഒരു വിഭാഗം ആളുകളാണ് എന്നെ മോശമായി ചിത്രീകരിച്ചത്. ഞാൻ ഒളിച്ചോടിയതല്ല. ചെയ്യാത്ത തെ​റ്റിനും മൂർച്ചയുള്ള ശരങ്ങൾ ഏ​റ്റുവാങ്ങിയ എനിക്ക് ഈശ്വരൻ നല്ല ജീവിതം തന്നു. ഞാനത് ആസ്വദിക്കുകയാണ്.’’ഏഴുവർഷത്തിനുശേഷം ആദ്യമായി ഒരു മാധ്യമത്തിനു മുന്നിൽ ദേവി അജിത്ത് മനസ് തുറക്കുകയായിരുന്നു. ദേവി തന്റെ വിശേഷങ്ങൾ `കേരളകൗമുദി ആഴ്ചപ്പതിപ്പു' മായി പങ്കുവയ്ക്കുന്നു.

ആർമിയിൽ കേണലായ അശോക്‌ വാസുദേവന്റെ ഭാര്യയാണ് ദേവി ഇപ്പോൾ. ചെന്നൈ എസ്.ആർ.എം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി നന്ദനയുടെയും പത്താംക്ളാസുകാരി ദിവജയുടെയും സ്‌നേഹിനിധിയായ അമ്മ. ചെന്നൈ നഗരത്തിൽനിന്ന് 25 കിലോമീ​റ്റർ അകലെ ആവടിയിൽ ല പാഷൻ എന്ന ബൂട്ടിക് ഉടമ.
പതിനെട്ടാം വയസിൽ വിവാഹം.

24 വയസിൽ വിധവ. 'ദ കാർ' എന്ന സിനിമയുടെ നിർമ്മാതാവ് അജിത്തിന് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെടുമ്പോൾ വലിയ ബാധ്യതകളായിരുന്നു ഭാര്യ ദേവിഅജിത്തിനു മുന്നിൽ. ആദ്യമായി നിർമ്മിച്ച സിനിമ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത് കാണാൻ ഈശ്വരൻ അജിത്തിനെ അനുവദിച്ചില്ല. ഒരു ദിവസം രാവിലെ ദേവിയും നന്ദനയും തനിച്ചായി. അജിത്തിന്റെ മരണശേഷം ദേവി ആങ്കറിംഗിലേക്ക് വന്നു. 'പാട്ടുപ്പെട്ടി' മുതൽ 'കോമഡിഷോ' വരെ പതിനഞ്ചിലധികം പ്രോഗ്രാമുകളുടെ അവതാരകയായി. സീരിയലിലും സിനിമയിലും അഭിനയിച്ചു.

വിവാദങ്ങളിലേക്ക് ദേവി അജിത്ത് എന്ന പേര് പലതവണ വലിച്ചിഴയപ്പെട്ടിരുന്നു. രാത്രിയിൽ തിരുവനന്തപുരം നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടിയിലായി എന്നായിരുന്നു എപ്പോഴും കേൾക്കുന്ന വാർത്ത. നിരപരാധിത്വം തെളിയിക്കാൻ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയാൽ പറയാത്ത കാര്യങ്ങളാവും വരിക. ക്രൂശിക്കപ്പെട്ട ജീവിതത്തിൽനിന്ന് സാന്ത്വനം ആഗ്രഹിച്ച് സഹോദരന്റെ അരികിലേക്ക് ദേവിക്ക് പോകേണ്ടി വന്നു. അവിടെനിന്നായിരുന്നു അശോക്‌ വാസുദേവൻ എന്ന തണൽ ജീവിതത്തിലെത്തിയത്. പിന്നെ ഭാര്യയുടെയും അമ്മയുടെയും ബിസിനസുകാരിയുടെയും തിരക്കിലേക്ക്. നഷ്ടപ്പെട്ടതൊക്കെ പൊരുതി തന്നെ ദേവി തിരികെ പിടിച്ചു.

`ട്രിവാൻഡ്രം ലോഡ്ജ് ' കണ്ട പ്രേക്ഷകരുടെ മനസിൽ സെറീനയുണ്ട്. സിനിമയിൽനിന്ന് ആരൊക്കെ വിളിച്ചു?

ആരും വിളിച്ചില്ല. എന്റെ മൊബൈൽനമ്പർ ട്രിവാൻഡ്രം ലോഡ്ജിന്റെ ക്രുവിനു മാത്രമേ അറിയൂ. സെറീന നന്നായി എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. അതിനു അനൂപിനോടും വി.കെ.പിയോടും നന്ദിയുണ്ട്. ആദ്യംമൂന്നു സീനിൽ മാത്രമാണ് സെമീനയെ നിശ്ചയിച്ചത്. കഥാപാത്രത്തിന് കുറച്ചുകൂടി പ്രാധാന്യം നൽകിയപ്പോൾ അഞ്ചു സീനായി. ഞാൻ തന്നെയാണ് ഡബ് ചെയ്തത്. ഇംഗ്‌ളീഷ് ഉച്ചാരണം നന്നാക്കാൻ സാധിച്ചു. പ്രേക്ഷകർ എന്റെ ശബ്ദം തിരിച്ചറിഞ്ഞു. സിനിമ കണ്ട് ഇഷ്ടപ്പെട്ട് അച്ഛൻ വിളിച്ചു. എന്നോടൊപ്പം സിനിമ കാണാൻ അമ്മ ചെന്നൈയിലേക്ക് വന്നെങ്കിലും ഈ ആഴ്ചയെ `ട്രിവാൻഡ്രം ലോഡ്ജ്' ഇവിടെ എത്തുകയുള്ളൂ. സിനിമ കാണാൻ അശോക് ത്രില്ലിലാണ്. "മ​റ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ടെന്നും ഇഷ്ടമുള്ള ജോലികൾ ചെയ്യാനുമാണ് "അശോക് പറയുന്നത്. സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.

വീണ്ടും സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചോ?

ആങ്കറിംഗ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും സിനിമയിലേക്കാണ് വന്നത്. അഞ്ചാറുമാസംമുൻപ് ഫ്‌ളൈ​റ്റിൽവച്ച് അനൂപിനെ കണ്ടു. സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ഞാൻ പറഞ്ഞു. ദേവിക്ക് അനുയോജ്യമായ വേഷം വന്നാൽ വിളിക്കാമെന്നായിരുന്നു അനൂപിന്റെ മറുപടി. സെറീനയാവാൻ വിളിക്കുമ്പോൾ എനിക്ക് മ​റ്റൊന്നും ആലോചിക്കാനില്ലായിരുന്നു. അനൂപിനെയും വി.കെ.പിയെയും നന്നായി അറിയാം. ദേവിച്ചേച്ചി എന്നു വിളിച്ച് ഭാവന ഓടിവന്നു. `ഇവർ' എന്ന സിനിമയിൽ അഭിനയിച്ചശേഷം ഭാവനയെ കാണുന്നത് ഇപ്പോഴാണ്. അഞ്ചു ദിവസത്തെ ഷൂട്ടിംഗ്. വളരെ നല്ല അന്തരീക്ഷം. സ്‌നേഹത്തോടും ബഹുമാനത്തോടും എല്ലാവരും പെരുമാറി. അഭിനയിച്ചരംഗം മോണി​റ്ററിൽ കാണാം. മുമ്പ് അങ്ങനെയില്ലായിരുന്നു. പുതിയ തലമുറയിലെ താരങ്ങളെയും സംവിധായകരെയും എനിക്ക് പരിചയമില്ല. എന്നാൽ സിനിമയിൽനിന്ന് മാറിനിന്നപ്പോഴും ഇവിടെ ഉണ്ടാവുന്ന മാ​റ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഏഴുവർഷത്തിനുശേഷം കാണുമ്പോഴും രൂപത്തിൽ വലിയ മാ​റ്റമില്ല?

ശരീരം നന്നായി ശ്രദ്ധിക്കും.ഡയ​റ്റ് കൺട്രോൾ ചെയ്യാറുണ്ട്. എന്നാൽ കുറച്ചു വണ്ണം വച്ചിട്ടുണ്ട്. രണ്ടു മക്കൾക്കുംഎന്നോട് അസൂയയാണ് (ചിരി)രണ്ടുപേരുടെയും ഡ്രസുകൾ ഞാൻ ഇടാറുണ്ട്. അമ്മയ്ക്ക് വണ്ണം വയ്ക്കരുതോയെന്നാണ് അവരുടെ ചോദ്യം. എന്നെ കാണുമ്പോൾ സിസ്​റ്ററാണോയെന്ന് അവരോടും പലരും ചോദിക്കാറുണ്ട്. അപ്പോൾ അവരുടെ ദേഷ്യം കാണുമ്പോൾ എനിക്ക് ചിരി വരും. ഞങ്ങൾ നല്ല ഫ്രണ്ട്‌സാണ്. രാവിലെ 7.15ന് രണ്ടുപേർക്ക് പോവണം. വൈകിട്ട് അവർ വരുമ്പോൾ ഞാൻ കടയിലാണ്. ഞായറാഴ്ച ദിവസം ഞങ്ങൾ എല്ലാവരും ചു​റ്റികറങ്ങും. കട തുടങ്ങിയിട്ട് ഒൻപതുമാസമായി. രാവിലെ 9.30 മുതൽ രാത്രി 8വരെ കടയിലാണ്. ഇത്തരം കട ഇവിടെയില്ലാത്തതിനാൽ ക്ളിക്കായി. ക്വാർട്ടേഴ്‌സിന്റെ അടുത്താണ് കട. ജീവിതം സുന്ദരമായി പോകുന്നു.

കേണൽ അശോക്‌ വാസുദേവൻ എങ്ങനെ ജീവിതത്തിലേക്ക് വന്നു?

പത്രത്തിൽ മാട്രിമോണിയിൽ പരസ്യം കണ്ടാണ് അച്ഛൻ വിളിക്കുന്നത്. അശോകിന്റെ പ്രൊപ്പസൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. വിവാഹശേഷം ഞങ്ങൾ സെക്കന്ദരബാദിലായിരുന്നു. അശോക് തുറന്ന ചിന്താഗതിക്കാരാണ്. മാവേലിക്കരയിലെ ചെന്നിത്തലയാണ് അശോകിന്റെ വീട്. പഠിച്ചതുംവളർന്നതും ഉത്തരേന്ത്യയിൽ. അശോകിന് മലയാളം എഴുതാൻ അറിയില്ല. അശോകിന്റെ ഭാര്യ മരിച്ചുപോയി. ദിവജയ്ക്ക് ഒരു അമ്മയുടെ സ്‌നേഹവാത്‌സല്യം ഞാൻ നൽകുന്നു. അശോകിന് ചെന്നൈയിലേക്ക് സ്ഥലമാ​റ്റം ലഭിച്ചപ്പോൾ ഇവിടേക്ക് വന്നു. ചെന്നൈയിൽ എത്തിയിട്ട് ഒരു വർഷമായി.അടുത്ത വർഷം ഒന്നുകിൽ ബാംഗ്ളൂർ, അല്ലെങ്കിൽ ഡൽഹി, മുംബയ്. അശോകിന്റെ ഉദ്യോഗാർത്ഥം ഞങ്ങൾ പറക്കുന്നു. കുറെ യാത്ര ചെയ്തു.(ചിരി)

മുമ്പ് ഒരുപാട് ആരോപണങ്ങൾ ദേവിഅജിത്തിനെ ചു​റ്റിപ്പ​റ്റികേട്ടു?

ഞാൻ എന്താണെന്ന് എനിക്കും വീട്ടുകാർക്കും അറിയാം. പിന്നെ ഞാൻ ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്? മ​റ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നമ്മളെ മനസിലാക്കുന്ന കുടുംബത്തെ ലഭിച്ചത് ഭാഗ്യമാണ്. ചെയ്യാത്ത കു​റ്റങ്ങൾ എന്റെമേൽ അടിച്ചേൽപ്പിച്ചു. ദേവി അജിത്ത് മദ്യപിച്ച് വാഹനം ഓടിച്ചത് ' യുട്യൂബിൽ ആളുകൾ കണ്ടിട്ടുണ്ടാവും. പക്ഷേ ഒരാൾപോലും ഈ നിമിഷം വരെ എന്നോട് അതേക്കുറിച്ച് ചോദിച്ചില്ല. അവർക്ക് എന്നെ അറിയാം. എന്നിട്ടും ഏഴുവർഷം മാറിനിന്നു. ആങ്കറിംഗിലേക്ക് വരുന്നില്ലേയെന്ന് ആ സമയത്ത് ചോദിച്ചവരുണ്ട്. എന്നെ സ്‌നേഹിക്കുന്നവരുണ്ട്. എല്ലാവരും കുഴപ്പക്കാരല്ല. ചെറിയ ഒരു വിഭാഗം ആളുകൾ മ​റ്റുള്ളവരെ ദ്രോഹിച്ച് സന്തോഷം കണ്ടെത്തുന്നു.

ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് എന്താണ്?

ഭർത്താവ് മരിച്ചിട്ടും ഞാൻ ജീൻസും ടോപ്പും ധരിച്ചത് തിരുവനന്തപുരത്തുകാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോഴത്തെ തലമുറ തീർച്ചയായും ഉൾക്കൊള്ളും. കാലം മാറി. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ വെള്ളസാരി ധരിച്ച് വീട്ടിൽകഴിയണമെന്ന് പറയുന്നവർ അവരുടെ മകൾക്കോ സഹോദരിക്കോ ഈ അവസ്ഥ ഉണ്ടായാൽ അങ്ങനെ ചെയ്യണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ല. ഞാൻ വേറൊരു പെണ്ണ്.എ നിക്കുനേരെ എന്തുവേണമെങ്കിലുമാവാം. അജിയുടെ മരണം എല്ലാ അർത്ഥത്തിലും വലിയ നഷ്ടം വരുത്തി. 24 വയസിൽ വിധവയാവേണ്ടിവന്ന പെണ്ണിനെക്കുറിച്ച് ആരും ഓർത്തില്ല. 'ദ കാറി'ന്റെ നിർമ്മാണത്തിനായി 21 ലക്ഷംരൂപയുടെ നഷ്ടം എനിക്കുണ്ടായി. എന്റെ സ്വർണാഭരണങ്ങൾ വി​റ്റു. മകൾക്കായി കരുതിവച്ച ആഭരണങ്ങൾ. ഒന്നരവർഷം ഏഷ്യാനെ​റ്റിൽജോലി ചെയ്തു. നഷ്ടപ്പെട്ടതിലും അധികം സ്വർണാഭരണം വാങ്ങി. ആരേയും ആശ്രയിക്കാതെയാണ് എല്ലാം ചെയ്തത്. സ്വന്തമായി സമ്പാദിച്ച് വാങ്ങുമ്പോൾ അതിന്റെ സുഖം വേറെ. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾക്ക് ഒ​റ്റയ്ക്കാണെന്ന ബോധവും കരുതലും ഉണ്ടാവണം. എല്ലാ കണ്ണുകളും നമുക്ക് നേരെയാണെന്ന് തിരിച്ചറിയണം. കരുതലോടെ നിന്നാൽ ആരും ശല്യം ചെയ്യില്ല.

ആരേയും ആശ്രയിക്കാതെ ജീവിക്കുന്ന സ്വഭാവം?

മുമ്പും അങ്ങനെയാണ്. എന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് ആരംഭിച്ചതാണ് സ്‌കാർലെ​റ്റ്. ചുരിദാർ മെ​റ്റിരിയൽസ് വിൽക്കുകയും തുന്നുകയും ചെയ്യുന്ന സ്ഥാപനമായ സ്‌കാർലെ​റ്റ് പതിനെട്ടുവർഷമായി തിരുവനന്തപുരത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്നു. പോക്ക​റ്റ്മണി വേണമെന്ന ആഗ്രഹത്തിലാണ് ആങ്കറിംഗിൽ എത്തുന്നത്. അജിയെ വിവാഹം കഴിച്ച് പി​റ്റേവർഷം മുതൽ ആങ്കറിംഗ് ചെയ്തു. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ സീരിയലിനോട് താത്പര്യമില്ലായിരുന്നു. ശ്യാമപ്രസാദ് സാറിന്റെ സീരിയലായതിനാലാണ് 'മണൽനഗര'ത്തിൽ അഭിനയിച്ചത്. അതാണ് ആദ്യ സീരിയൽ. ടി.കെ.രാജീവ്കുമാറിന്റെ 'സീതാകല്യാണ'ത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 'ഇവർ' ആണ് ബ്രേക്കായത്. 'ഉത്തര' എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അച്ഛൻ വട്ടിയൂർക്കാവ് രാമചന്ദ്രൻനായർ അൻപതുവർഷമായി സ്​റ്റാച്യുവിൽ മാസ്‌​റ്റേഴ്‌സ് കോളേജ് നടത്തുന്നു. അച്ഛന് സ്വന്തമായി സ്‌കൂളുകളുണ്ട്. അമ്മ ലളിതാംബിക കരമന എൻ.എസ്.എസ് കോളേജിൽ പ്രൊഫസറായിരുന്നു. എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. സ്വന്തം വരുമാനത്തിൽ കാർ, ഫ്‌ളാ​റ്റ് അങ്ങനെ,അങ്ങനെ.

ഇപ്പോഴും ദേവി അജിത്തായി അറിയപ്പെടുന്നു?

ഒഫിഷ്യൽരേഖയിൽ ദേവി അശോകാണ്. ദേവി അജിത്തായാണ് ഞാൻ വരുന്നത്. ആ പേര് മാ​റ്റണമെന്ന് അശോക് പറഞ്ഞിട്ടില്ല. സിനിമയിൽ ദേവി അജിത്തായി അറിയപ്പെടാനാണ് ആഗ്രഹം.

ദേവി അജിത്ത് ഒരു സാധാരണ പെണ്ണല്ലേ?

വളരെ സെന്റിമെന്റലും പെട്ടെന്ന് ഇമോഷണലാവുകയും ചെയ്യുന്ന പെണ്ണ്. സങ്കടം വന്നാൽ പെട്ടെന്ന് കരയും. വളരെ അടുപ്പമുള്ളവർക്ക് മാത്രമേ എന്റെ മനസും സ്വഭാവവും അറിയൂ. അല്ലാത്ത ആളുകൾ അഹങ്കാരിയായി വിശേഷിപ്പിക്കും.

നന്ദനെയെ അഭിനയരംഗത്തേക്ക് പ്രതീക്ഷിക്കാമോ?

മോൾക്ക് താത്പര്യമില്ല. അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ ചെയ്യാൻ അശോകും ഞാനും പറയാറുണ്ട്. പ്രമുഖ പരസ്യച്ചിത്രത്തിലേക്ക് ഓഫർ വന്നിരുന്നു. പഠനത്തിന്റെ തിരക്കിലാണ് മോൾ. കംപ്യുട്ടർ സയൻസ് ഒരുപാട് പഠിക്കാനുണ്ട്. രണ്ടു പേരും നന്നായി പഠിക്കുന്നു. എന്നെപോലെ നന്ദനയും ഭരതനാട്യം ചെയ്യാറുണ്ട്. ദിവജ കഥക് പഠിച്ചിട്ടുണ്ട്. അവർക്ക് താത്പര്യമുള്ള പ്രൊഫഷനിലേക്ക് വരട്ടെ.

No comments:

Post a Comment