Thursday, 11 October 2012

സി.പി.എം സംസ്ഥാന നേതാവിനെതിരെ ലൈംഗികാപവാദം


തിരുവനന്തപുരം: സംസ്ഥാന നേതാക്കളായിരുന്ന പി.ശശിക്കും ഗോപി കോട്ടമുറിക്കലിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സമാനമായി സി.പി.എമ്മിന്റെ നിലവിലെ ഒരു സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെയും ലൈംഗികാരോപണം ഉയർന്നു. ഒരു പ്രാദേശിക നേതാവിന്റെ ഭാര്യയും മറ്റൊരു സ്ത്രീയുമാണ് പരാതിക്കാരി. പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പരാതി കൈമാറിയിട്ടുണ്ട്.

ഔദ്യോഗികപക്ഷത്തെ പ്രമുഖനാണ് ആരോപണവിധേയനായ നേതാവ്. ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതിപ്പെട്ട രണ്ടു സ്ത്രീകളുടേയും ആരോപണം. നേതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് രേഖാമൂലം പാർട്ടി സെക്രട്ടറിക്ക് പരാതി സമർപ്പിച്ചത്. പരാതിക്കാര്യം പാർട്ടി അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനുമെതിരെ ഇത്തരം ആരോപണം ഉയർന്നത് പാർട്ടിയിൽ വൻ കോളിളക്കമുണ്ടാക്കിയിരുന്നു. ഇരുവരും സംസ്ഥാന കമ്മിറ്റിയംഗങ്ങളുമായിരുന്നു. ഒളികാമറയിലൂടെ ഗോപികോട്ടമുറിക്കലിനെ കുടുക്കുകയായിരുന്നു. തുടർന്ന് ഇരുവരേയും പാർട്ടി പുറത്താക്കി. പി.ശശിക്കെതിരെ ആരോപണം ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വം ആദ്യം നടപടിയെടുത്തിരുന്നില്ല. അങ്ങനെയൊരു പരാതി ഉണ്ടായിരുന്നുവെന്ന് സമ്മതിക്കാൻപോലും നേതൃത്വം തയ്യാറായിരുന്നില്ല. തുടർന്ന് കേന്ദ്രനേതൃത്വത്തിന്റെ കർശന ഇടപെടലിനെ തുടർന്നാണ് നടപടിയുണ്ടായത്. വി.എസ് പക്ഷവും ഇരുവർക്കുമെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ഈ ആരോപണങ്ങൾ ഓർമ്മയിൽ നിന്ന് മായുംമുന്പാണ് വീണ്ടുമൊരു സംസ്ഥാന നേതാവിനെതിരെ ലൈഗികാപവാദം ഉണ്ടായിരിക്കുന്നത്. തലസ്ഥാനജില്ലയ്ക്കടുത്തുള്ള ഒരു ജില്ലയിലെ നേതാവാണ് ഇദ്ദേഹം. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എന്നതിന് പുറമേ മറ്റെരു സുപ്രധാന ചുമതല കൂടി അദ്ദേഹം വഹിക്കുന്നുണ്ട്. ആ മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകളാണ് പരാതി നൽകിയിരിക്കുന്നത്. 

No comments:

Post a Comment