
ചില്ല് പ്രതലത്തിലൂടെയാണ് അമ്പിളിയുടെ ഭാവന വളരുന്നത്. ഉള്ളിലുടലെടുത്ത ഭാവനയെ ഒഴിവുവേളയില്‍ തേച്ചുമിനുക്കിയപ്പോള്‍ ഇന്ന് വരുമാനമാര്‍ഗവും പ്രൊഫഷനുമായി.
വിഖ്യാത രചനകളുടെ പുനരാവിഷ്‌കാരത്തിന് പുറമെ പ്രതീകാത്മക രചനകളും ചില്ലില്‍ വരച്ചുചേര്‍ക്കുന്നുണ്ട്. പക്ഷിയും പെണ്‍കുട്ടിയും, ഗിത്താര്‍ ഏന്തിയ സംഗീതജ്ഞന്‍, മയില്‍പീലിക്ക് മുകളിലെ സ്ത്രീ, പ്രണയം, രാധാമാധവം, യേശുക്രിസ്തു, ഉയിര്‍ത്തെഴുന്നേല്പ്, അമ്മയുംകുഞ്ഞും, കഥകളി തുടങ്ങി ചില്ലില്‍ സന്നിവേശിപ്പിച്ച ചിത്രങ്ങള്‍ ഏറെയുണ്ട്. വര്‍ണങ്ങളുടെ സവിശേഷമായ സന്നിവേശം കൊണ്ടും രചനാ ശൈലിയിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധ നേടിയ ഇത്തരം ചിത്രങ്ങള്‍ക്കു പുറമെ അറബിക് കാലിഗ്രാഫിയും ഗ്ലാസ് പ്രതലത്തില്‍ പുനഃസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ചുമര്‍ചിത്രകലയുടെ ചുവടുപിടിച്ചാണ് അമ്പിളിയുടെ ഗ്ലാസ് പ്രതലത്തിലെ ചിത്രരചന. സമകാലിക വിഷയങ്ങളെ നിറക്കൂട്ടില്‍ സമന്വയിപ്പിച്ചുകൊണ്ട് ചിത്രകലയില്‍ അധികമാരും കൈവെക്കാത്ത ഈ മേഖലയില്‍ കാമ്പുള്ള ചിത്രങ്ങളുമായി വിസ്മയം തീര്‍ക്കുകയാണ് അമ്പിളി. കോഴിക്കോട് ഒടുമ്പ്രക്കടവ് പേള്‍പാര്‍ക്കില്‍ താമസിക്കുന്ന അമ്പിളി 11 വര്‍ഷമായി ഗ്ലാസ് പെയിന്റിങ് ചെയ്യുന്നു. വിവാഹത്തിനുമുമ്പ് ദുബായിയില്‍ ജോലിചെയ്യുന്ന അവസരത്തില്‍ ഒഴിവുവേളകളിലാണ് ഗ്ലാസ് പെയിന്റിങ് പഠിച്ചത്. കാന്‍വാസില്‍ തീര്‍ക്കുന്ന എല്ലാ അത്ഭുതങ്ങളും ഭംഗി ഒട്ടും ചോരാതെ ഗ്ലാസിലും സൃഷ്ടിക്കാമെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. നിറങ്ങളുടെ തിരഞ്ഞെടുക്കല്‍, ഫ്രെയിമിന്റെ സുരക്ഷിതത്വം, സാമ്പത്തികച്ചെലവ് എന്നിങ്ങനെ തടസ്സങ്ങള്‍ കുറച്ചുണ്ടെങ്കിലും അതൊന്നും വകവെക്കാതെ ക്ഷമയോടും ഏകാഗ്രതയോടും കൂടെ വരച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഇതിനോടകം ബാംഗ്ലൂരിലടക്കം നാല് പ്രദര്‍ശനം നടത്തിക്കഴിഞ്ഞു.
ഏറ്റവും പുതിയ ഗ്ലാസ്‌പെയിന്റിങ്ങുകളുമായി ഒക്ടോബര്‍ 21 ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനൊരുങ്ങുകയാണ് അമ്പിളി. വിവിധ ഇനം ഗ്ലാസുകളാണ് അമ്പിളി ചിത്രരചനയ്ക്കായി ഉപയോഗിക്കുന്നത്. സാധാരണ ഗ്ലാസ് പെയിന്റിങ്ങുകള്‍ക്ക് പുറമെ 3-ഡി ഇഫക്ട് കിട്ടുന്ന ചിത്രങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.
ചിത്രരചനയ്ക്ക് പുറമെ സംഗീതവും നൃത്തവുമുണ്ട് അമ്പിളിക്ക്. ഇന്റീരിയര്‍ ഡിസൈനിങ്ങും ചെയ്യുന്നു. വീടിനോട് ചേര്‍ന്ന സ്റ്റുഡിയോയിലിരുന്നാണ് പെയിന്റിങ്ങ്. വിവിധ നിറങ്ങളിലുള്ള ഗ്ലാസുകള്‍ ഒട്ടിച്ചുചേര്‍ത്തും മനോഹരസൃഷ്ടികള്‍ ഒരുക്കുന്നു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി പെയിന്റിങ്ങുകളുടെ ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് അമ്പിളി പറയുന്നു. ഓര്‍ഡറിനനുസരിച്ച് ഗ്ലാസ് പെയിന്റിങ്ങുകള്‍ ചെയ്തുകൊടുക്കുന്നുമുണ്ട്. കേരള മോട്ടോര്‍വെഹിക്കിള്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ സാജുവാണ് ഭര്‍ത്താവ്.
No comments:
Post a Comment