Monday, 15 October 2012

പോപ്പുലര്‍ ഫ്രണ്ട്‌: 'പരാമര്‍ശം തെറ്റിദ്ധാരണാജനകം'

കോഴിക്കോട്‌: ഇന്നലത്തെ മംഗളം ദിനപത്രത്തില്‍ 'പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നു' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു പോപ്പുലര്‍ ഫ്രണ്ട്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി. അബ്‌ദുള്‍ ഹമീദ്‌.

രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ രൂപംകൊണ്ട ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്‌കറെ തോയിബ എന്നീ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ടെന്നും പാകിസ്‌താന്റെ മുഖംമൂടി സംഘടനയാണിതെന്നും തെളിവുകള്‍ ലഭിച്ചതായാണു വാര്‍ത്ത.

ഉന്നയിക്കപ്പെട്ട ആരോപണത്തിന്‌ ഉപോദ്‌ബലകമായി ഏതെങ്കിലുമൊരു തെളിവു ഹാജരാക്കാന്‍ ഒരു രഹസ്യാന്വേഷണ ഏജന്‍സിക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. 2004 മുതല്‍ നടത്തിവരുന്ന ഫ്രീഡം പരേഡില്‍ വളണ്ടിയര്‍മാരുടെ യൂണിഫോം പാക്‌ സൈനിക യൂണിഫോമിനു സമാനമാണെന്ന ആരോപണവും യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ്‌. ഇന്ത്യയിലെ പല സുരക്ഷാവിഭാഗങ്ങളും സ്വീകരിച്ചതാണ്‌ ആ യൂണിഫോം. അസം കലാപത്തേത്തുടര്‍ന്ന്‌ അന്യസംസ്‌ഥാന തൊഴിലാളികള്‍ക്കെതിരേ വ്യാജ എസ്‌.എം.എസ്‌. പ്രചരിപ്പിച്ചതിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടാണെന്ന ആരോപണവും അടിസ്‌ഥാനരഹിതമാണ്‌. വ്യാജ എസ്‌.എം.എസ്‌. പ്രചാരണത്തിന്റെ പേരില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടവരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു പ്രവര്‍ത്തകന്‍ പോലുമില്ല. ഇതിന്റെ പശ്‌ചാത്തലത്തില്‍ നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയിലും സംഘടനയുടെ വെബ്‌സൈറ്റ്‌ ഇല്ല. മറിച്ച്‌ തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള ഒട്ടേറെ സൈറ്റുകള്‍ ഉണ്ടുതാനും. സിമിബന്ധവും കൊലപാതകക്കണക്കുകളും വസ്‌തുതകളുമായി പൊരുത്തപ്പെടാത്ത ഭാവനാവിലാസങ്ങളാണ്‌. കൊലപാതകത്തിന്റെ കണക്ക്‌ നിയമസഭയില്‍ ഒമ്പതും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഇരുപത്തേഴും പത്രവാര്‍ത്തയില്‍ പത്തും ആകുന്നതിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുന്നത്‌ ഇതെല്ലാം വസ്‌തുതാവിരുദ്ധമാണെന്നുതന്നെയാണ്‌. 1993 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സംഘടന 2001 ല്‍ നിരോധിക്കപ്പെട്ട സിമിയുടെ പുനരവതാരമാണെന്നു പറയുന്നതും യുക്‌തിശൂന്യമാണ്‌.

കശ്‌്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റില്‍ പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ടെന്നു തെളിഞ്ഞിരുന്നു എന്ന പരാമര്‍ശവും വസ്‌തുതാവിരുദ്ധമാണ്‌. രാജ്യദ്രോഹം, തീവ്രവാദം, ദേശസുരക്ഷ തുടങ്ങിയ അതിഗുരുതരമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിസ്‌ഥാനത്തു നിര്‍ത്തുന്നവര്‍ അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ക്കപ്പുറം ഒരു തെളിവും ചൂണ്ടിക്കാട്ടിയിട്ടില്ല. ഊഹാപോഹങ്ങളും നുണപ്രചാരണങ്ങളും മാത്രമാണ്‌ ഇക്കാര്യത്തില്‍ ഇപ്പോഴും തുടരുന്നത്‌.

വര്‍ഗീയ മുന്‍വിധിയോടെയും പക്ഷപാതപരമായും രഹസ്യാന്വേഷണ ഏജന്‍സികളിലെ ചില തല്‍പരകേന്ദ്രങ്ങള്‍ നടത്തുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണു പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന കുപ്രചാരണങ്ങള്‍. മുസ്ലിം ശാക്‌തീകരണവും പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരായ നുണപ്രചാരണങ്ങള്‍ പുതുതല്ല. ദേശീയതലത്തില്‍ വ്യാപിക്കുകയും വളരുകയും ജനസമ്മതി നേടുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സംഘടനയ്‌ക്കെതിരേ ഇന്റലിജന്‍സ്‌ ഏജന്‍സികളിലെ വര്‍ഗീയ പക്ഷപാതം പുലര്‍ത്തുന്ന ഒരു വിഭാഗം കാലങ്ങളായി തുടരുന്നതാണിത്‌. ഇവരുടെ ഗൂഢശ്രമങ്ങളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിക്കൊണ്ടിരിക്കുന്ന 'എന്തുകൊണ്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌' എന്ന കാമ്പയിന്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്‌.

കാമ്പയിന്‍ വിജയകരമായി മുന്നേറുന്ന പശ്‌ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഉയരുന്ന ദുഷ്‌പ്രചാരണങ്ങളുടെ പുതിയ എപ്പിസോഡ്‌ മാത്രമാണ്‌ ഇപ്പോഴത്തെ നിരോധനവാര്‍ത്ത.

No comments:

Post a Comment