നായ്ക്കളിലെ ഡിസ്റ്റംബര്‍ രോഗം
Posted on: 29 Sep 2012
ഡോ. ടി.പി. സേതുമാധവന്‍
നായ്ക്കളിലെ ഡിസ്റ്റംബര്‍ രോഗത്തെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നു?
ഗ്രേസി ജോര്‍ജ്, കോട്ടയം
പാരാമിസ്‌കോ(paramyxo) ഇനത്തില്‍പ്പെട്ട വൈറസ്സുകളുണ്ടാക്കുന്ന രോഗമാണിത്. ക്ഷീണം, ഭക്ഷണത്തിന് രുചിക്കുറവ്, പനി (2-3 ദിവസം മാത്രം), ശ്വാസതടസ്സം, മൂക്കൊലിപ്പ്, കണ്ണുനീരൊലിപ്പ് എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് പഴുപ്പോടുകൂടി വയറിനടിവശത്ത് കുരുക്കള്‍ കണ്ടുതുടങ്ങും. ഇവ പിന്നീട് പൊട്ടിപ്പോകാറുണ്ട്. ചെങ്കണ്ണ്, വയറിളക്കം, ശരീരം ക്ഷയിക്കല്‍ എന്നിവയും കണ്ടുവരാറുണ്ട്.
ശരീര പേശികളുടെ വിറയല്‍, പിന്‍കാലുകളുടെ തളര്‍ച്ച, താടിയെല്ലിന്റെ അനിയന്ത്രിത ചലനങ്ങള്‍, വെപ്രാളം, വായില്‍ നിന്നും ഉമിനീര്‍ ഒഴുകല്‍, നാക്ക് പുറത്തേക്ക് തള്ളല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് കാണിച്ചാണ് നായ്ക്കള്‍ ചത്തുപോകാറ് പതിവ്. വളര്‍ത്തുനായ്ക്കളെ മൂന്നാമത്തെ മാസത്തില്‍ ഡിസ്റ്റംബര്‍ രോഗത്തിനെതിരായി കുത്തിവെപ്പിക്കാം. ഒരു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസും വര്‍ഷം തോറും തുടര്‍ കുത്തിവെപ്പും നല്‍കേണ്ടതാണ്.
നായ്ക്കളില്‍ രോമം കൊഴിയാന്‍ കാരണമെന്ത് ?
അഞ്ജുനായര്‍, മട്ടാഞ്ചേരി
സാധാരണയായി നായ്ക്കളില്‍ ആണ്ടില്‍ ഒന്നുരണ്ടുതവണ രോമം കൊഴിയാറുണ്ട്. ഇതുമൂലം പുതിയ രോമം വളരുന്നു. ഇത് രോഗമായി തെറ്റിദ്ധരിക്കുന്നവരുണ്ട്. നായ്ക്കളുടെ ശരീരം ഇടയ്ക്കിടെ ബ്രഷ് ചെയ്യുന്നതും ഡോഗ് ഷാമ്പൂ, സോപ്പ്, 1/1000 പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനി എന്നിവ ഉപയോഗിച്ച് കുളിപ്പിക്കുന്നതും ദുര്‍ഗന്ധം അകറ്റാനും രോമത്തിന് തിളക്കമേകാനും സഹായിക്കും. കൂടും പരിസരവും ദിവസേന അണുനാശിനി തളിച്ച് വൃത്തിയാക്കേണ്ടതാണ്.നായ്ക്കളുടെ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ നിന്നും അനിയന്ത്രിതമായി രോമം കൊഴിയുന്നതും ചൊറിയുന്നതും പുഴുക്കടി, ചെള്ള്, പേന്‍ എന്നിവ വഴിയാകാന്‍ സാധ്യതയുണ്ട്.ഡോഗ് സോപ്പുകള്‍, ഷാമ്പു എന്നിവ ഇവ നിയന്ത്രിക്കാന്‍ സഹായിക്കും. പുഴുക്കടി നിയന്ത്രിക്കാന്‍ ആന്റി ഫംഗല്‍ ഓയിന്റ്‌മെന്റുകള്‍ ഉപയോഗിക്കാം.
No comments:
Post a Comment