Tuesday, 2 October 2012


പെട്രോള്‍ പമ്പുകളില്‍ റെയ്ഡ്; ക്രമക്കേട് കണ്ടെത്തി

Published on  02 Oct 2012
തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗവും ലീഗല്‍ മെട്രോളജി വകുപ്പും പെട്രോളിയം കമ്പനി പ്രതിനിധികളും ചേര്‍ന്ന് കഴിഞ്ഞദിവസം പെട്രോള്‍- ഡീസല്‍ പമ്പുകളില്‍ പരിശോധന നടത്തി. പല പമ്പുകളിലും അപാകങ്ങളും ക്രമക്കേടുകളും കണ്ടെത്തി.

ഏതാനും പമ്പുകളില്‍ അഞ്ചുലിറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ 25 മില്ലി എന്ന അനുവദനീയ പരിധിക്കപ്പുറം ഇന്ധനത്തില്‍ കുറവ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ഒരു പമ്പില്‍ ഇതുവഴി കഴിഞ്ഞ 10 മാസം കൊണ്ട് 21 ലക്ഷം രൂപ വിലമതിക്കുന്ന ഇന്ധന തിരിമറി നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പെട്രോള്‍/ ഡീസല്‍ എന്നിവയുടെ ഗുണമേന്‍മയും അളവും പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടായിരുന്നില്ല.

കണ്ണൂരിലെ ചില പമ്പുകളില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചകണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ജനറേറ്റര്‍ ബോര്‍ഡ് റൂമില്‍ കന്നാസില്‍ ഡീസല്‍ നിറച്ച് സുക്ഷിച്ചിരുന്നതും പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങള്‍ ഇല്ലാതിരുന്നതും കണ്ടെത്തിയിട്ടുണ്ട്. പലയിടങ്ങളിലും ടയറില്‍ കാറ്റുനിറയ്ക്കുന്നതിനുള്ള സംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇത്തരം അപാകങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി എസ്.റഫീക്ക് അറിയിച്ചു.

No comments:

Post a Comment