Saturday, 20 October 2012

എന്തിനിങ്ങനെ കൊല്ലാതെ കൊല്ലുന്നു? ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി സൂര്യനെല്ലി പെൺകുട്ടി 
 
Posted on: Saturday, 20 October 2012 


കോട്ടയം: 'പല ജന്മങ്ങളിലായി അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചുകഴിഞ്ഞു. ഇങ്ങനെ ഒരു സങ്കടം ഇനി ആർക്കും ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. എന്തിന് വീണ്ടും ഇങ്ങനെ കൊല്ലാതെ കൊല്ലുന്നു....' സൂര്യനെല്ലി പെൺകുട്ടിയുടെതാണ് സമൂഹ മന:സാക്ഷിയോടുള്ള ഈ ചോദ്യം.
'പണാപഹരണ കേസിൽ എനിക്കു മാത്രമാണ് സസ്പെൻഷൻ. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ കഴിയാത്ത ചങ്ങനാശേരി സെയിൽസ്ടാക്സ് ഓഫിസിലെ മൂന്ന് ഉന്നതോദ്യോഗസ്ഥരെ സ്ഥലംമാറ്റിയെങ്കിലും അവരെല്ലാം കോട്ടയത്തു തിരിച്ചെത്തി. എട്ടു മാസം കഴിഞ്ഞിട്ടും ഞാൻ മാത്രം പുറത്ത്. ആറുമാസമായപ്പോൾ തിരുവനന്തപുരത്തെ ഓഫീസിൽ അപേക്ഷ കൊടുത്തതാണ്. ഒരു മറുപടിയും കിട്ടിയില്ല. അപ്പച്ചൻ ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്.

അമ്മച്ചിയും രോഗിയാണ്. മറുനാട്ടിൽ നഴ്സായ സഹോദരിക്ക് ഇതുവരെ കല്യാണമായിട്ടില്ല. സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന ഞങ്ങളെ സഹായിക്കാൻ ആരുമില്ല. ജോലി പോയതോടെ സാമ്പത്തികമായും തകർന്നു. ഒരു വാടകവീട്ടിൽ ആരുമറിയാതെ പേടിച്ചു കഴിയുകയാണ്. നീതി തേടി ഞങ്ങൾ എവിടെ പോകും?
ഏഴു വർഷം ദേവികുളത്തും രണ്ടര വർഷം ചങ്ങനാശേരിയിലും ജോലിചെയ്തു. ബാങ്കിലും ട്രഷറിയിലും കാശ് അടയ്ക്കാൻ പോകുമായിരുന്ന എന്നെ മന:പൂർവം ചിലർ കുടുക്കിയതാണ്. 2,26,000 രൂപ അടച്ചാൽ പ്രശ്നം തീരുമെന്നു പറഞ്ഞുപറ്റിച്ചു. പൊലിസിൽ പിടിപ്പിക്കുമെന്നായിരുന്നു ഭീഷണി. പൊലീസുകാരെ എനിക്കു പണ്ടേ പേടിയാണ്. വീട്ടിൽ പോലും ആലോചിക്കാതെ മാലയും വളയും കമ്മലുമൊകെ വിറ്റാണ് പകുതി കാശ് ആദ്യം കൊടുത്തത്. വീണ്ടും ഭീഷണിപ്പെടുത്തിയപ്പോൾ ചേച്ചിയെ ഫോണിൽ വിളിച്ചു കരഞ്ഞു. വീട്ടുകാർ അറിഞ്ഞത് അങ്ങനെയാണ്.
സൂര്യനെല്ലി കേസ് കഴിഞ്ഞപ്പോൾ എന്നോട് സഹതാപം തോന്നി ജർമൻ മലയാളി അസോസിയേഷൻ ഒരു ലക്ഷം രൂപ തന്നിരുന്നു. ബാങ്കിലിട്ടിരുന്ന ആ പണം കൂടി എടുത്ത് പണാപഹരണ കേസിൽനിന്ന് രക്ഷപെടാൻ അടച്ചു. എന്നിട്ടും ഒരു വർഷം കഴിഞ്ഞപ്പോൾ എന്തിന് എനിക്കെതിരെ മാത്രം കേസെടുത്തു?
ഒരു ദിവസം ഓഫീസിൽ പോകാൻ രാവിലെ ബസ് സ്റ്റോപ്പിൽ നിന്ന എന്നെ പൊലിസ് റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച ജയിലിൽ കിടന്നു. ജാമ്യത്തിൽ ഇറങ്ങുംമുമ്പേ സസ്പെൻഡ് ചെയ്തു. എന്ന് പിൻവലിക്കുമെന്ന് അറിയില്ല.
ആറുമാസത്തിൽ കൂടുതൽ സസ്പെൻഷൻ തുടരില്ലെന്നാണ് നിയമമെന്നു പറയുന്നു. എന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് നിയമം മാറി നിൽക്കുന്നത്?
സൂര്യനെല്ലിക്കേസ് വിചാരണ സുപ്രീംകോടതിയിൽ ഉടൻ വരുമെന്നു കേൾക്കുന്നു. അതുവരെ സസ്പെൻഷൻ നീളുമോ?

തെറ്റു ചെയ്തിട്ടില്ല എന്ന വിശ്വാസമുണ്ടെങ്കിലും ഞങ്ങൾ സമൂഹത്തിനു മുന്നിൽ തലകുനിച്ചു നിൽക്കുകയാണ്. ഇതിനു തക്ക എന്തു കുറ്റം ഞങ്ങൾ ചെയ്തു?'
കണ്ണീരൊഴുക്കി സൂര്യനെല്ലി പെൺകുട്ടിയും കുടുംബവും ഉന്നയിക്കുന്ന ചോദ്യങ്ങളുടെ പട്ടിക നീളുന്നു. കേരളത്തിന്റെ മന:സാക്ഷി ഇനി വേണം ഒരു ഉത്തരം നൽകാൻ.

No comments:

Post a Comment