Monday, 15 October 2012


കുന്നിന്‍മുകളിലെ ആട്ടിന്‍കൂട്ടം
Posted on: 14 Oct 2012
എം.പി. അയ്യപ്പദാസ്‌



അധ്യാപികയായ ക്രിസ്റ്റീനയ്ക്ക് ആടുവളര്‍ത്താന്‍ ആഗ്രഹം തോന്നിയത് യാദൃച്ഛികമായിട്ടല്ല. പാരമ്പര്യമായിത്തന്നെ നാലും അഞ്ചും ആടുകളെ വീട്ടില്‍ വളര്‍ത്തി ആദായം നേടിയിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ മലമുകള്‍ എന്ന സ്ഥലത്ത് കുന്നിന്‍ പ്രദേശത്ത് രണ്ടര ഏക്കറിലാണ് ക്രിസ്റ്റീനയുടെ ആട് ഫാം.

ഒട്ടേറേ ഔഷധഗുണമുള്ള ആട്ടിന്‍പാല്‍ ചെറിയ കുട്ടികള്‍ക്കുപോലും എളുപ്പം ദഹിക്കും. സര്‍വോപരി ആട്ടിറച്ചിക്കുള്ള പ്രിയം, പെട്ടെന്നുള്ള പെറ്റുപെരുകല്‍, താരതമ്യേന രോഗങ്ങള്‍ ഇല്ലാത്തഅവസ്ഥ, കുട്ടികള്‍ക്കുപോലും കൈതീറ്റ നല്കി വളര്‍ത്താമെന്നുള്ള മേന്മ എന്നിവ ആട് വളര്‍ത്തലിന്റെ അനുകൂല ഘടകങ്ങളാണ്.

നല്ലയിനം ആടുകളെ വാങ്ങി അവയ്ക്ക് പ്രകൃതിദത്തമായ നാടന്‍ തീറ്റകള്‍ മാത്രം നല്കി വളര്‍ത്തി സംശുദ്ധമായ ആട്ടിറച്ചി ആവശ്യക്കാര്‍ക്ക് നല്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റീന ആട് ഫാമില്‍ ചുവടുവെച്ചത്. അധ്യാപകനായ ഭര്‍ത്താവ് സിജു കെ. ഭാനു ഈ പദ്ധതിക്കുവേണ്ട പ്രോത്സാഹനം നല്കി. തിരുവനന്തപുരം സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കിനെ സമീപിച്ച് അമ്പതുലക്ഷം രൂപ 14 ശതമാനം പലിശനിരക്കില്‍ വായ്പ വാങ്ങി.

മലബാറി ഇനങ്ങളെയാണ് തിരഞ്ഞെടുത്തത്. വെള്ള, വെള്ളയും കറുപ്പും തവിട്ട്, കറുപ്പും വെളുപ്പും കലര്‍ന്ന പല നിറങ്ങളിലുള്ള നൂറില്പരം ആടുകളെയാണ് ആരംഭഘട്ടത്തിലുണ്ടായിരുന്നത്. മൂന്നുമാസം മുമ്പ് വട്ടിയൂര്‍ക്കാവ് എം.എല്‍.എ. കെ. മുരളീധരനാണ് ഫാം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ നൂറ്റിമുപ്പതോളം ആടുകളുണ്ട്.

ആയിരം ആടുകളെ വളര്‍ത്താനുള്ള സൗകര്യമുള്ളതാണ് കൂട്. കുന്നിന്‍മുകള്‍ വെട്ടിനിരപ്പാക്കാതെ സ്ഥലപ്രകൃതിക്കനുസരണമായിട്ടാണ് കൂട് നിര്‍മിച്ചത്. തറനിരപ്പില്‍നിന്നും പത്തടി ഉയരത്തില്‍ നൂറ്റിഅമ്പതടി നീളത്തിലും 25 അടി വീതിയിലും ഇരുമ്പുതൂണുകള്‍ ഘടിപ്പിച്ച് മേല്‍ക്കൂര അലൂമിനിയം ഷീറ്റുകള്‍ കൊണ്ടാണ് മേഞ്ഞിരിക്കുന്നത്. ആടുകള്‍ക്ക് നില്‍ക്കാനും കിടക്കാനും പാകത്തില്‍ തെങ്ങിന്‍തടിയില്‍ തീര്‍ത്ത പട്ടികകള്‍ കൊടുത്ത് ഇടയകലം ക്രമീകരിച്ച് തട്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ വിടവില്‍ക്കൂടി ആട്ടിന്‍ കാഷ്ഠവും മൂത്രവും താഴെ വീഴും. അതിനാല്‍ എപ്പോഴും നനവില്ലാതെയും മാലിന്യമില്ലാതെയും ശുചിയായിരിക്കും. താഴെ പതിക്കുന്ന മാലിന്യങ്ങള്‍ സിമന്റിട്ട ചരിഞ്ഞ തറയില്‍ വീണ് കൂടിന്റെ അടിയില്‍ പ്രത്യേകസ്ഥലത്ത് എളുപ്പത്തില്‍ ശേഖരിക്കാനും കഴിയും.

ഓരോ തരത്തിലും പെട്ട ആണാട്, കുട്ടികള്‍, പെണ്ണാട്, ഗര്‍ഭിണിയാടുകള്‍ എന്നിവയ്ക്ക് സൗകര്യമായി നില്‍ക്കാന്‍ പാകത്തില്‍ തരംതിരിച്ച ഉള്‍കൂടുകളുണ്ട്. കൂടിനുചുറ്റും എപ്പോഴും ശുദ്ധജലം കിട്ടാന്‍ പാത്തികളും ഒരുക്കിയിട്ടുണ്ട്. പത്തടി ഉയരമുള്ള കൂട്ടില്‍ ആടുകള്‍ക്ക് അനായാസം കയറാന്‍വേണ്ടി സിമന്റ് പടികളും ഒരുക്കിയിട്ടുണ്ട്.

ഫാമിനോടുചേര്‍ന്നുള്ള വീട്ടില്‍ താമസിക്കുന്ന ഈ അധ്യാപകദമ്പതിമാര്‍ ഒരു സഹായിയുമായി രാവിലെ അഞ്ചുമണിക്ക് ഉണര്‍ന്ന് ഫാമിലെ പണികള്‍ തുടങ്ങുന്നു. ഭര്‍ത്താവ് സിജുവാണ് ആടുകളെ കറക്കുന്നത്. വീട്ടാവശ്യത്തിനും ചില്ലറ വില്പനയ്ക്കും എടുത്തശേഷം കുട്ടികള്‍ക്ക് നല്കും. ആറുമണിയോടെ കൂട്ടില്‍നിന്ന് ആടുകളെ ഇറക്കി മേയാന്‍ വിടും. വളപ്പില്‍ത്തന്നെ വളരുന്ന തൊട്ടാവാടി, പ്യൂറേറിയ, കറുകപ്പുല്ല്, മറ്റു ഔഷധച്ചെടികള്‍ എന്നിവ ഭക്ഷിച്ചശേഷം പത്തുമണിയോടെ പരിസരത്ത് തീര്‍ത്ത താത്കാലിക ഷെഡ്ഡില്‍ കയറ്റി ചന്തയില്‍നിന്നും കൊണ്ടുവരുന്ന ഉപയോഗശൂന്യമായ പച്ചക്കറികള്‍, കുലത്തണ്ട്, ചിപ്‌സിന് ഉപയോഗിച്ചശേഷം നേന്ത്രക്കായയുടെ തൊലി എന്നിവ അരിഞ്ഞുകൊടുക്കും. ഒരുമണിയോടെ പുളിങ്കുരു പുഴുങ്ങിയതിനോടൊപ്പം എള്ളുപിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക് ഇവ ചേര്‍ത്ത് പ്രായവ്യത്യാസ ക്രമത്തില്‍ 300 മുതല്‍ 600 ഗ്രാം വീതവും നല്കും. വീണ്ടും ആറുമണിവരെ സ്വതന്ത്രമായി മേയാന്‍ വിടും. സ്‌കൂള്‍ വിട്ടുവന്നശേഷം വളര്‍ത്തുപുല്ല്, പ്ലാവില, മാഞ്ചിയം എന്നിവ കൊടുത്തശേഷം കൂടുകളില്‍ കയറ്റും.

മലബാറി ആടുകള്‍ ആറുമാസം കഴിയുമ്പോള്‍ പ്രായപൂര്‍ത്തിയാകുമെങ്കിലും എട്ടുമാസം കഴിഞ്ഞാലെ ഇണചേര്‍ക്കൂ. ഫാമില്‍തന്നെയുള്ള ലക്ഷണമൊത്ത മുട്ടനാടുകളെക്കൊണ്ടാണ് ഇത് നിര്‍വഹിക്കുന്നത്. ഒരു പ്രസവത്തില്‍ രണ്ടുമുതല്‍ നാലുവരെ കുട്ടികള്‍ ഉണ്ടാവും. ഇറച്ചിക്കായുള്ള ആടുകളെ പ്രത്യേകം തരംതിരിച്ച് വില്‍ക്കും. ജീവനോടെയുള്ള ഒരാടിന് കിലോയ്ക്ക് 250 രൂപ പ്രകാരമാണ് വില്‍ക്കുന്നത്.

No comments:

Post a Comment