Wednesday, 31 October 2012


മൂത്രം മുട്ടിയാല്‍ സായിപ്പും കടിക്കും

ഐതിഹ്യമാലയിലെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണെങ്കിലും വായിച്ച കാലത്ത് എന്നെ ഏറ്റവും സംഭ്രമിപ്പിച്ചത് സൂര്യകാലടിയുടെ കഥയാണ്. സൂര്യകാലടി നമ്പൂതിരി പിറക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തിന്റെ അച്ഛനെ യക്ഷി കൊന്നുതിന്നിരുന്നു. അമ്മയില്‍നിന്നും ആ കഥ ചെറുപ്പത്തിലേ അറിഞ്ഞ അദ്ദേഹത്തിന് പിന്നെ ജീവിതത്തില്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഏതു വിധേനയും അച്ഛനെ വഞ്ചിച്ച് കൊലപ്പെടുത്തി ഭക്ഷിച്ച ആ യക്ഷിയെ ശരിപ്പെടുത്തുക. ഉറുമ്പിനെ പിടിച്ചു ഹോമിക്കുന്നത് പോലുള്ള നമ്പൂതിരിമാര്‍ക്ക് പറഞ്ഞിട്ടില്ലാത്ത പല ആഭിചാരങ്ങളും ചെയ്ത് അവസാനം ആ യക്ഷിയേയും അവളുടെ കാമുകനായ യക്ഷനേയും ബന്ധിക്കുന്ന സൂര്യകാലടിയുടെ കഥ ഏറെ പേടിപ്പെടുത്തുന്നതായിരുന്നു. ബന്ധനസ്ഥരായ അവര്‍ സൂര്യ കാലടി മൂത്രം മുട്ടി മരിക്കുമെന്ന് ശപിച്ചത്രേ, എന്നിട്ട് പോലും പക തീരാതെ അദ്ദേഹം അവരെ വിട്ടു കളഞ്ഞില്ല.

സൂര്യകാലടിയുടെ കഥ അവസാനിക്കുന്നത് ആലുവക്കടുത്തുള്ള തിരുവാലൂര്‍ ക്ഷേത്രത്തില്‍ ആണ്. യക്ഷിയുടേയും യക്ഷന്റേയും ശാപത്തില്‍ നിന്നും മോക്ഷം തേടി ശിവദര്‍ശനത്തിനു വന്ന സൂര്യകാലടി നമ്പൂതിരി അതിനു സാധിക്കാതെ കുളിപ്പുരക്കകത്ത് മൂത്രം മുട്ടി മരിച്ചു എന്നാണ് ഐതീഹ്യം. മരണഭയത്താലും മൂത്രശങ്കയാലും ബുദ്ധിമുട്ടിയ അദ്ദേഹത്തിന്റെ കരച്ചില്‍ കേട്ട് തദ്ദേശവാസികള്‍ ഓടിക്കൂടിയെന്നും സംഭ്രമം സഹിക്കവയ്യാതെ അദ്ദേഹം കുളിപ്പുരയുടെ കഴുക്കോലില്‍ വരെ ചാടിക്കടിച്ചുവെന്നും ആ പാടുകള്‍ അവിടെ ഇപ്പോഴും ഉണ്ടെന്നും കൊട്ടാരത്തില്‍ ശങ്കുണ്ണി രേഖപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് തിരുവാലൂരിലേത്. ആലങ്ങാടും പറവൂരും കൊച്ചി രാജാവില്‍നിന്നും കിട്ടിയതിനുശേഷം തിരുവിതാംകൂര്‍ രാജാവ് നേരിട്ട് പണിയിച്ചതാണ് ഈ ക്ഷേത്രമെന്നും അതുകൊണ്ടാണ് അത് ഇത്ര വലുതും മനോഹരം എന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ടെങ്കിലും സൂര്യകാലടി ചാടിക്കടിച്ച പാടുകള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല. കാലപ്പഴക്കം കൊണ്ടു കഴുക്കോല്‍ മാറ്റിയതാകാം. മൂത്രം മുട്ടിയാല്‍ ഒരാള്‍ കെട്ടിടത്തിന്റെ കഴുക്കോലില്‍ ചാടിക്കടിക്കുമോ എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാകാന്‍ വഴിയുണ്ട്. എനിക്കും ഉണ്ടായിരുന്നു. പിന്നെ കൊട്ടാരത്തില്‍ ശങ്കുണ്ണി അല്ലെ, ഐതിഹ്യം അല്ലേ അല്പം പെരുപ്പിക്കാമല്ലോ എന്ന് കരുതി. പക്ഷെ എനിക്കാ സംശയം ഇപ്പോള്‍ ഇല്ല. കാരണം ഞാന്‍ ആ പരാക്രമം നേരിട്ടു കണ്ടിട്ടുണ്ട്. ആ കഥയാണ് ഈ ആഴ്ചയില്‍.

1996-ല്‍ ആണ് കഥ നടക്കുന്നത്. അന്ന് ഞാന്‍ ബ്രൂണൈയില്‍ ജോലി ചെയ്യുകയാണ്. എണ്ണ നിക്ഷേപത്താല്‍ സമ്പന്നമായ നാടാണല്ലോ ബ്രൂണൈ. അതുകൊണ്ടുതന്നെ അവിടുത്തെ വനപ്രദേശങ്ങള്‍ ഒന്നും വെട്ടി നശിപ്പിച്ചിട്ടില്ല. ട്രോപ്പിക്കല്‍ പ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളെപ്പറ്റി പഠിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ബ്രൂണൈ. അതുകൂടാതെ ഒരു ദ്വീപിന്റെ ഭാഗമായതുകൊണ്ട് ഇവിടെ മാത്രമുള്ള പല ജീവജാലങ്ങളും ആവാസ വ്യവസ്ഥയും ഉണ്ട്. ആനയോ കടുവയോ പോലെയുള്ള ഹിംസ്ര ജന്തുക്കള്‍ ഇല്ലാത്തതിനാലും കാട്ടുകൊള്ളക്കാരുടെ ശല്യം ഇല്ലാത്തതിനാലും പേടിക്കാതെ ഗവേഷണം ചെയ്യാം. ഇതുകൊണ്ടൊക്കെ, ലോകപ്രശസ്തരായ പല ഗവേഷകരും അവിടെ വന്നു താമസിച്ച് ഗവേഷണം ചെയ്യാറുണ്ട്. അവര്‍ക്കുവേണ്ടി തെമ്പുറോംഗ് എന്ന സ്ഥലത്ത് ഒരു ഫീല്‍ഡ് റിസര്‍ച്ച് സ്‌റ്റേഷനും ഉണ്ട്. അവധിക്കും ബോറടിക്കുമ്പോഴും ഞാന്‍ സ്ഥിരം തെമ്പുറോങ്ങില്‍ പോകും. ശാസ്ത്രത്തിനുവേണ്ടി ഊണും ഉറക്കവും കുടുംബവുമൊക്കെ ഉപേക്ഷിച്ചു കാടുകേറിയിരിക്കുന്ന ഇവരോടുകൂടെയുള്ള സഹവാസം ഏറെ വിജ്ഞാനപ്രദവും വിനോദമുള്ളതും ആണ്.

തെമ്പുറോംഗിലെ മഴക്കാടുകളുടെ മുകളില്‍ ഉണ്ടാക്കിയിരിക്കുന്ന തൂക്കുപാലത്തില്‍വച്ചാണ് ഞാന്‍ ഫ്രഞ്ചുകാരനായ ലൂയിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് ഏതാണ്ട് 60 വയസ്സിനു മുകളില്‍ പ്രായം വരും. മഴക്കാടുകളിലെ അത്തിമരവും കടന്നലും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് അദ്ദേഹത്തിന്റെ ഗവേഷണം. മഴക്കാടുകളില്‍ എല്ലാക്കാലത്തും പഴമുണ്ടാകുന്നത് അത്തി മരത്തില്‍ മാത്രമാണ്. അത് കൊണ്ട് പഴങ്ങള്‍ ഭക്ഷണമായ തന്നെ കുരങ്ങന്മാര്‍ ഉള്‍പെടെയുള്ള പല ജന്തുക്കളുടെയും നിലനില്പിന് അത്തിമരം ഉണ്ടായാലേ പറ്റൂ. ഈ അത്തിമരം ആകട്ടെ പൂത്തു കഴിഞ്ഞാല്‍ ഒരു പ്രത്യേകതരം കടന്നല്‍ വന്നാല്‍ മാത്രമേ പരാഗണം നടക്കുകയുള്ളു. ഓരോ ജാതി അത്തിമരത്തിനും ഓരോ തരം കടന്നല്‍ ആണ്. അപ്പോള്‍ കാട്ടില്‍ എവിടെയെങ്കിലും ഒരു ജാതി അത്തി മരം പൂത്താല്‍ അതിന്റെ പരാഗണത്തിന്റെ ഉത്തരവാദി ആയ കടന്നല്‍ എവിടെ നിന്നെങ്കിലും വന്നെത്തിയലെ പണി നടക്കൂ. വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ഒരു മരവും നോക്കി കടന്നലിന് 365 ദിവസവും അവിടെ ഇരിക്കാന്‍ പറ്റില്ല. അപ്പോള്‍ അത്തി മരം പൂക്കുന്നത് കടന്നല്‍ എങ്ങനെ എങ്കിലും അറിഞ്ഞാലേ പരാഗണം നടക്കൂ, കായ ഉണ്ടാകൂ. കുരങ്ങച്ചനും മറ്റു ജന്തുക്കള്‍ക്കും ജീവിച്ചു പോവാന്‍ പറ്റൂ. അത്തി മരവും കടന്നലും തമ്മില്‍ മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ലാത്തപ്പോള്‍ വാര്‍ത്താവിനിമയം എങ്ങനെ നടക്കുന്നു എന്നത് ജൈവ ലോകത്തെ ഒരു അത്ഭുതം ആണ്. ജൈവലോകത്തെ 800 ലക്ഷം വര്‍ഷത്തോളം പഴക്കമുള്ള ഒരു പാരസ്പര്യത്തിന്റെ കഥയാണ് ഇത്. അത് മനസ്സിലാക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ആളാണ് ലൂയി.

രാത്രി ബെലാലോംഗ് എന്ന സ്ഥലത്തെ ഫീല്‍ഡ് ഹോസ്റ്റലിലാണ് താമസം. പകലെല്ലാം ഗവേഷണവും. ഈ ഗവേഷകര്‍ അല്ലാതെ അവിടെ ആരും ഇല്ല. ജനവാസം ഉള്ള സ്ഥലത്തേക്ക് കിലോമീറ്ററുകളോളം നദിയില്‍കൂടി വരണം.

ലൂയിക്ക്, സാധാരണ പ്രായമാകുന്ന പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമായ പ്രൊസ്‌ടേറ്റ് എന്‍ലാര്‍ജ്‌മെന്റ് ഉണ്ടായിരുന്നു. മരുന്നെല്ലാം കഴിച്ച് ഒരുവിധം നിയന്ത്രിച്ചാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഒരു ദിവസം പക്ഷെ വൈകുന്നേരം അദ്ദേഹത്തിന് മൂത്രതടസ്സം നേരിട്ടു. മരുന്നുകൊണ്ട് രക്ഷയില്ല. ഇനി ഒരു ആശുപത്രിയില്‍ പോകണം.

ബെലാലോംഗില്‍ ആശുപത്രയില്ല. ഏറ്റവും അടുത്ത െ്രെപമറി ഹെല്‍ത്ത് സെന്റര്‍ ബന്‍ഗാരില്‍ ആണ്. ഞങ്ങള്‍ സമയം കളയാതെ കാറ്റടിച്ചു വീര്‍പിക്കുന്ന ഒരു വഞ്ചിയില്‍ (inflatable raft) അങ്ങോട്ട് വെച്ചു പിടിച്ചു. അരുവി ചെറുതാണ്, അധികം ആഴവും ഇല്ല. എല്ലായിടത്തും വെള്ളം ആവശ്യത്തിന് ഇല്ല. അപ്പോള്‍ ചില സ്ഥലത്ത് വള്ളം നമ്മള്‍ എടുത്തു നടക്കണം. രണ്ടു മണിക്കൂര്‍ കൊണ്ട് അവിടെയെത്തുമ്പോള്‍ അദ്ദേഹം അല്പം പരവശനായി കഴിഞ്ഞിരുന്നു.

ബന്‍ഗാരിലെ പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ രാത്രി പക്ഷെ ഡോക്ടര്‍മാര്‍ ഇല്ല. ആകെയുള്ളത് നേഴ്‌സുമാരും നേഴ്‌സിംഗ് അസിസ്റ്റന്റുമാരും ആണ്. രാത്രി ഏഴുമണി കഴിഞ്ഞിരുന്നതിനാല്‍ പ്രധാന നേഴ്‌സ് അവിടെ ഇല്ല. പിന്നെയുള്ളത് രണ്ട് ചെറിയ പെണ്‍കുട്ടികളായ നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ ആണ്. അവര്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് തീരെ അറിയില്ല.

ഭാഷ അറിയില്ലാത്ത ഒരാളോട് എനിക്ക് മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറഞ്ഞ് മനസ്സിലാക്കുക എളുപ്പമല്ല. ചെറുവിരല്‍ പൊക്കിക്കാണിക്കുന്ന നമ്മുടെ സിഗ്‌നല്‍ ഒരു യൂണിവേഴ്‌സല്‍ സൈന്‍ ഒന്നും അല്ല. അപ്പോള്‍ ഇതത്ര എളുപ്പമല്ല എന്നു സാരം.

രോഗം കൊണ്ടും യാത്രകൊണ്ടും ക്ഷീണിച്ച ലൂയിയേയും കൊണ്ട് ഞങ്ങള്‍ അവിടെയെത്തി. പഠിച്ച പണിയെല്ലാം ഞങ്ങള്‍ നോക്കിയിട്ടും പ്രശ്‌നം മനസ്സിലാക്കാന്‍ അവര്‍ക്ക് പറ്റിയില്ല. പിന്നെ അവസാനത്തിന്റെ തൊട്ടടുത്ത കയ്യായി ഞങ്ങള്‍ ഒരു പേപ്പര്‍ എടുത്ത് പ്രശ്‌നം ഒരു ചിത്രമായി വരച്ചു.

അടിസ്ഥാനപരമായി പ്രൊസ്‌റ്റേറ്റ് ഗ്ലാന്റിന്റെ വികാസം ഒരു പ്ലംബിംഗ് പ്രശ്‌നമാണ്. മൂത്രം വരുന്ന വഴിയെ ഈ ഗ്ലാന്റ് ഞെരുക്കുന്നു. അതുകൊണ്ട് രോഗിക്ക് മൂത്രം മുട്ടുന്നു. ഒരു ചെറിയ പ്ലാസ്റ്റിക് ട്യൂബ് മൂത്രനാളിയിലൂടെ കടത്തി പ്രൊസ്‌റ്റേറ്റ് ഗ്ലാന്റിനപ്പുറം മൂത്രസഞ്ചിയില്‍ എത്തിച്ചാല്‍ പ്രശ്‌നം തീര്‍ന്നു (തല്കാലം). കത്തിറ്റര്‍ ട്യൂബ് എന്നാണ് ഇതിന്റെ മെഡിക്കല്‍ നാമം. ഇതാണ് അത്യാവശ്യമായി ചെയ്യേണ്ടത്. ഇതിന്റെ ഡയഗ്രമാണ് ഞങ്ങള്‍ വരച്ചു കൊടുത്തത്.

ഈ പടം കണ്ടതും ബതാംഗ് ബതാംഗ് എന്നു പറഞ്ഞ് അവര്‍ അകത്തേക്ക് പോയി. പിന്നെ എത്ര വിളിച്ചിട്ടും പുറത്തേക്കു വന്നില്ല. (യാഥാസ്ഥിതികമായ പല സമൂഹങ്ങളിലും പൂരുഷന്മാര്‍ക്ക് കത്തിറ്റര്‍ ഇടുന്ന പ്രവൃത്തി ചെയ്യാന്‍ സ്ത്രീകള്‍ ആയ നേഴ്‌സുമാര്‍ക്ക് മടിയാണ്. ഒമാനില്‍ നേഴ്‌സുമാരെ റിക്രൂട്ട് ചെയ്തിരുന്ന എന്റെ സുഹൃത്തായ ഡോക്ടറോട് ഒമാനിലെ നേഴ്‌സുമാരായ പെണ്‍കുട്ടികള്‍ വെച്ച ആദ്യത്തെ കണ്ടീഷന്‍ ഈ കത്തിറ്റര്‍ പണി ചെയ്യില്ല എന്നതായിരുന്നു).

ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അടുത്ത ആശ്രയം തലസ്ഥാനമായ ബന്ദറിലെ ആശുപത്രിയാണ്. അതാകട്ടെ കുലാ ബെലാലോംഗില്‍ നിന്നും ഒരു മണിക്കൂറില്‍ കൂടുതല്‍ ബ്രൂണൈ ഉള്‍ക്കടലിലൂടെ ബോട്ടില്‍ പോകണം. രാത്രി ആയാല്‍ സ്ഥിരം ബോട്ടുകള്‍ ഇല്ല. ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ വച്ച 'പറക്കുന്ന ശവപ്പെട്ടികള്‍' (ഫ്ലൈയിംഗ് കൊഫിന്‍സ്) എന്നു പേരുള്ള നാടന്‍ വള്ളത്തില്‍ പോകണം. ഉള്‍കടലായതിനാല്‍ നല്ല ഓളവും ഉണ്ട്. അതിന്റെ മുകളിലൂടെ തെന്നിത്തെറിച്ചാണ് യാത്ര.

മണിക്കൂറുകളായി മൂത്രം മുട്ടിയിരിക്കുന്ന സായിപ്പിന് ഓളപ്പരപ്പുകളുടെ മീതെ തെന്നിത്തെറിച്ചുള്ള ബോട്ട് യാത്ര എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാം. യാത്ര പകുതിയായതോടെ അദ്ദേഹം പരിസരം മറന്ന് അലറിക്കരയാന്‍ തുടങ്ങി. ആരെങ്കിലും ഒന്ന് അടങ്ങിയിരിക്കാന്‍ പറഞ്ഞാല്‍ അശ്ലീല വര്‍ഷവും. അടുത്ത് ചെന്നാല്‍ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് പേടിയായി. സായിപ്പിന്റെ പരാക്രമം കണ്ട ഞാന്‍ സൂര്യ കാലടിയെ ഓര്‍ത്തു. കൊട്ടാരത്തില്‍ ശങ്കുണ്ണിയെ സംശയിച്ചതിനു മാപ്പ്.

ബോട്ട് ബന്ദറിലെ ജട്ടിയില്‍ അടുത്തപ്പോഴേക്കും സായിപ്പിന്റെ നിലവിളി ഏറെ ഉച്ചത്തിലായി. എന്തോ പ്രസവ കേസ് എന്നോര്‍ത്ത് ആള് കൂടി. കരയുന്നത് ഒരു സായിപ്പാണെന്ന് കണ്ടു അവര്‍ ആശ്ചര്യപ്പെട്ടു. അവരെ ഞങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി. അവിടെനിന്നും ആശുപത്രിവരെയുള്ള ദൂരം പോയാല്‍ സായിപ്പു ചത്തുപോയേക്കാം എന്നുവരെ ഞങ്ങള്‍ക്കു തോന്നി.

'ഇവിടെ അടുത്ത് ഒരു ചൈനീസ് ഡോക്ടര്‍ െ്രെപവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ട്, അയാളുടെ അടുത്ത് എത്തിക്കുന്നതാണ് ഏറ്റവും എളുപ്പം' ഒരാള്‍ പറഞ്ഞു.
അങ്ങനെ അയാളുടെ കാറില്‍ ഞങ്ങളും സായിപ്പും ചൈനക്കാരന്റെ ക്ലിനിക്കിലേക്ക് പാഞ്ഞു.

വീടിനോടനുബന്ധിച്ച് തന്നെയാണ് ഈ ചൈന ക്ലിനിക്. പുറത്ത് കുറച്ച് ചൈനീസ് വംശജര്‍ കണ്‍സള്‍ട്ടേഷന് കാത്തുനില്‍ക്കുന്നുണ്ട്. അലറിക്കരയുന്ന ഒരു സായിപ്പിനേയും താങ്ങി ഞങ്ങള്‍ നേരെ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ എത്തി. സായിപ്പ് കരയുന്നത് സാധാരണ കണ്ടിട്ടില്ലാത്ത കക്ഷികള്‍ എല്ലാം പുറകേയും. റൂമില്‍ സ്ഥലം കിട്ടാത്തവര്‍ ജനാല വഴി എത്തി നോക്കി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു. ഒറ്റ നോട്ടത്തില്‍ ഡോക്ടര്‍ക്ക് കാര്യം മനസ്സിലായി. പക്ഷെ ഫുള്‍ കത്തിറ്റര്‍ സംവിധാനം ഒന്നും ക്ലിനിക്കില്‍ ഇല്ല. പക്ഷെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കണ്ടു, ആശുപത്രിയിലേക്ക് വിട്ടാല്‍ തട്ടിപ്പോയേക്കാം എന്നദ്ദേഹത്തിനു തോന്നിക്കണം. രോഗിയുടെ ജീവന്‍ നില നിര്‍ത്തുന്നതാണ് ആദ്യത്തെ ചികിത്സ എന്ന് വയസ്‌കര മൂസ്സ് പറഞ്ഞതായും ഐതിഹ്യ മാലയില്‍ ഉണ്ട്. 'മരിച്ചവര്‍ക്ക് ചികിത്സ ഇല്ലല്ലോ' എന്നാണത്രേ അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞു പഠിപ്പിച്ചത്. ഇതേ സ്‌കൂളില്‍ ആയിരിക്കണം നമ്മുടെ ഡോക്ടറും പഠിച്ചത്. അതുകൊണ്ട് ഒഴിവു കഴിവ് പറയാതെ 'ഇപ്പൊ ശരിയക്കിത്തരാം' എന്ന മട്ടില്‍ അദ്ദേഹം ലൂയിയെ കണ്‍സള്‍ട്ടിംഗ് ബെഡില്‍ കിടത്തി വിവസ്ത്രനാക്കി. നിമിഷത്തിനകം എന്തോ ഒരു നേരിയ ട്യൂബ് മൂത്രനാളം വഴി കയറ്റി. സാധാരണ ഗതിയില്‍ ട്യൂബ് ഒരു ബാഗിനകത്തക്കാന്‍ കണക്ട് ചെയ്യേണ്ടത്, അതിനു വാല്‍വ് ഒക്കെ ഉണ്ട്. പക്ഷെ അതൊന്നും തല്‍കാലം ഇല്ല. സൂത്രം കൊണ്ട് ഓട്ട തുറന്നെ മതിയാവൂ.

ട്യൂബ് അകത്തേക്ക് ചെന്നതും അണക്കെട്ട് തുറന്നപോലെ മൂത്രം ടുബിലേക്ക് പ്രവഹിച്ചു. ഗാര്‍ഡന്‍ ഹോസിലേക്ക് വെള്ളം കണക്ട് ചെയ്യുമ്പോള്‍ എന്തുണ്ടാവുമെന്നു കണ്ടിട്ടുള്ളവര്‍ക്ക് സംഗതി വിഭാവനം ചെയ്യാനാകും. എല്ലാ നിയന്ത്രനങ്ങളുടെയും അഭാവത്തില്‍ സായിപ്പിന്റെ മൂത്രശങ്ക ഒരു സുവര്‍ണ മഴയായി ഡോക്ടറുടെയും കാഴ്ചക്കാരുടെയും മുകളില്‍ പെയ്തിറങ്ങി.

അതൊന്നും ആരും ശ്രദ്ധിച്ചില്ല. വാല്‍വ് തുറന്നു പ്രശ്‌നം സോള്‍വ് ആയതോടെ സായിപ്പ് കരച്ചില്‍ നിറുത്തി. ചുറ്റും ജനലിനപ്പുറവും കൂടി നിന്ന ജനം കയ്യടിച്ചു.
അപ്പോഴാണ് ജനമധ്യത്തില്‍ പൂര്‍ണ്ണ നഗ്‌നനായാണ് താന്‍ കിടക്കുന്നതെന്ന് ലൂയിക്ക് മനസ്സിലായത്.

ലൂയി പിന്നെ ഗവേഷണം ബോര്‍ണിയോവില്‍ തുടര്‍ന്നില്ല.

അത്തിമരവും കടന്നാലും തമ്മിലുള്ള ഈ അതിശയമായ പാരസ്പര്യത്തെ അറിയാന്‍ താല്പര്യമുള്ളവര്‍ഇവിടെനോക്കൂ. 

No comments:

Post a Comment