
അരമതിലിനോളം ഉയരത്തിലുള്ള ഇരുമ്പ് ഗെയിറ്റും കടന്ന് മുന്നോട്ട് ചെന്ന് ഈ കൂട്ടിലേക്ക് കയറിയാല്‍ സോള്‍ഡ് എന്നെഴുതി വെച്ചിരിക്കുന്ന ഹാര്‍ലി ബൈക്കുകള്‍. പശ്ചാതലത്തില്‍ പാശ്ചാത്യ സംഗീതം. മറ്റേതൊരു ബൈക്ക് ഷോറൂമുകളുമായി താരതമ്യം ചെയ്യുമ്പോഴും വളരെ വ്യത്യസ്തമാണ് അമേരിക്കന്‍ ആഢംബര ബൈക്ക് ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണിന്റെ കേരളത്തിലെ ആദ്യ ഷോറൂം. ഔഡിയുടെ ഡീലര്‍ഷിപ്പുള്ള കെ.പി കാര്‍സിന്റെ നേൃത്വത്തില്‍ കൊച്ചിയില്‍ തുടങ്ങിയ ഈ ഷോറൂമിലേക്ക് കയറിയത് കേരളത്തില്‍ ഹാര്‍ലിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതലയുള്ള കെ.പി കാര്‍സിന്റെ ഡയറക്ടര്‍ മിതേഷ് പട്ടേലിനെ കാണാനാണ്.
കണ്ടുമുട്ടിയത് മലയാള സിനിമയില്‍ ഒരുയുവതാരത്തെ. ഹാര്‍ലി ഡേവിഡ്‌സണ്‍ കൊച്ചിയിലെത്തിയ ഹരത്തിലാണ് അദ്ദേഹം. എതെങ്കിലും ഒരു മോഡല്‍ സ്വന്തമാക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ തീരുമാനം ആവാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനായില്ലെന്ന് പറഞ്ഞ് ചിരിച്ചു. എന്തായാലും ഷോറൂം ഗംഭീരമായിട്ടുണ്ടെന്നതില്‍ അദ്ദേഹത്തിനും തര്‍ക്കമില്ല.
ആവശ്യത്തിലധികം സ്ഥലം നല്‍കി ഒരുക്കിയിരിക്കുന്ന ഷോറൂമിന്റെ അകത്തളത്തില്‍ തലങ്ങും വിലങ്ങുമായി നിര്‍ത്തിയിരിക്കുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍. സ്‌പോര്‍ട്‌സ്റ്റര്‍, ഡൈന, സോഫ്റ്റ് ടെയില്‍, വി റോഡ്, ടൂറിങ്, സി.വി.ഒ മോഡലുകള്‍ എതൊക്കെയാണെന്ന് അറിയാനായി ചുറ്റും കണ്ണോടിച്ചു. മിക്ക ബൈക്കുകളും എത്തും മുമ്പേ വിറ്റഴിഞ്ഞിരിക്കുന്നു. 5,65,000 രൂപ മുതല്‍ 35 ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകള്‍ ഈ ഷോറൂമിലുണ്ട്.
മിതേഷ് അല്‍പ്പം തിരക്കിലാണെന്ന് പറഞ്ഞ് വരവേറ്റത് അദ്ദേഹത്തിന്റെ ഭാര്യ പലക്ക്. മലയാളത്തോടുള്ള ഇഷ്ടം ഭാഷ പഠിക്കുന്നതില്‍ വരെ എത്തി നില്‍കുന്നെങ്കിലും അല്‍പ്പം ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ചിരിച്ചു. പിന്നെ ഹാര്‍ലി ഡേവിഡ്‌സണെ കുറിച്ചായി. ഹാര്‍ലി ഡേവിഡ്‌സണ്‍ എന്ന ബൈക്കിന്റെ ബ്രാന്‍ഡ് മൂല്യം തന്നെ ഒരു ഹാര്‍ലി ഫാന്‍ ആക്കിയ കഥയാണ് പല്ലക്കിന് പറയാനുള്ളത്. ബൈക്കുകളെ മാത്രമല്ല ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയെ പരിചയപ്പെടുത്തുന്ന ബൈക്കിങ്-ട്രാവല്‍ അപ്പാരലുകളുടെയെല്ലാം വിലയും ഗുണനിലവാരവുമൊക്കെ പല്ലക്ക് പറഞ്ഞു തന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ പല്ലക്കാണ് ഹാര്‍ലിയുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ മിതേഷിന് പിന്തുണ നല്‍കുന്നത്. ഷോറൂമിന്റെ ഒരോ മുക്കും മൂലയും വരെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ സെറ്റു ചെയ്തതിന് പിന്നിലും പല്ലക്കിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളാണെന്ന് മിതേഷ് പറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ മുഴുവന്‍ സമയവും ഷോറൂം കാര്യങ്ങള്‍ നോക്കി ഇവര്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്നു.

ഹാര്‍ലി കേവലം ഒരു ബൈക്ക് ബ്രാന്‍ഡ് മാത്രമല്ലെന്ന് പലക്ക്. ഇവിടെ ബൈക്ക് വാങ്ങാന്‍ വേണ്ടി മാത്രമല്ല ആളുകള്‍ വരുന്നത്. വളരെ വ്യത്യസ്ഥവും നൂതനവുമായ ജാക്കറ്റുകള്‍ ബെല്‍റ്റുകള്‍ ഹെല്‍മെറ്റുകള്‍ ഗ്ലൗസുകള്‍ എന്നു വേണ്ട ട്രാവല്‍ ബാഗുകള്‍ വാങ്ങാന്‍ വരെ ആവശ്യക്കാരെത്തുന്നു. എല്ലാം ഹാര്‍ലി ബ്രാന്‍ഡ് തന്നെയാണ്. 6000 രൂപ മുതല്‍ 20,000 രൂപ വരെ വില വരുന്ന ജാക്കറ്റുകളും 5000 രൂപ മുതല്‍ 25,000 രൂപ വരെ വിലയുള്ള ഹെല്‍മെറ്റുകളും ഈ ഷോറൂമില്‍ ലഭിക്കും. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ വാങ്ങാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തവരും ഹാര്‍ലി ബ്രാന്‍ഡ് ഉടമകളവാന്‍ ഇത്തരം ബാഗുകളും മറ്റും വാങ്ങും. ഇറ്റ്‌സ് ആള്‍ എബൗട്ട് ഹാവിങ് എ പ്രിമിയം ബ്രാന്‍ഡ് എന്ന് പല്ലക്ക് ഇതിനെ വിശദീകരിക്കുന്നു. അമേരിക്കന്‍ സിപ്പോ ലൈറ്ററുകള്‍ക്ക് ഇങ്ങ് ഇന്ത്യയില്‍ ഇന്നുള്ള പ്രചാരം കണക്കിലെടുക്കുമ്പോള്‍ വലിയ വിലയാണെങ്കിലും ഹാര്‍ലി വിപണി പിടിക്കുന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ഉറപ്പിക്കാം. അല്ലെങ്കില്‍ 1800ലധികം രൂപ നല്‍കി ഒരു സിഗരറ്റ് ലൈറ്റര്‍ വാങ്ങാന്‍ ആരെങ്കിലും താത്പര്യപ്പെടുമെന്ന് കരുതുന്നുണ്ടോ?
25 വയസ്സു മുതല്‍ 50 വയസ്സുവരെയുള്ളവരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞപ്പോള്‍ അത്ഭുതം തോന്നിയെങ്കിലും അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്ന് പല്ലക്ക്് പറയുന്നു. പ്രീമിയം ബൈക്കര്‍മാര്‍ യുവാക്കള്‍ തന്നെയായിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഹാര്‍ലി നല്‍കുന്നത് സ്പീഡ് റൈഡിനോടൊപ്പം കംഫര്‍ട്ട് റൈഡ് സൗകര്യം കൂടിയാണെന്നതിനാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷിതമായ ബൈക്കാണ് ഹാര്‍ലി. വില അല്‍പ്പം കൂടുതലാണെന്ന് മാത്രം.
തടിക്കച്ചവടത്തിലുടെ വ്യവസായ മേഖലയിലെത്തിയതാണ് മിതേഷ് പിന്നീട് പ്രവര്‍ത്തന രംഗം വൈവിധ്യവത്ക്കരിച്ചുള്ള മുന്നേറ്റം. ഒരിക്കല്‍ ഭാര്യയോടൊത്ത് അമേരിക്ക സന്ദര്‍ശിച്ച അവസരത്തിലാണ് ഹാര്‍ലി ബൈക്കുകളോട് ആകൃഷ്ടനായത്. ഒരു വിശേഷ ദിനത്തില്‍ ഹാര്‍ലി ഉടമകളുടെ ക്ലബായ ഹോഗ് ക്ലബ് നടത്തിയ ഹാര്‍ലി ഡേവിഡസ്ണ്‍ റാലിയാണ് മിതേഷിന്റെ മനംകവര്‍ന്നത്. പിന്നീട് ഹാര്‍ലിയുടെ ഡീലര്‍ഷിപ്പ് ഇദ്ദേഹത്തിന് ലഭിച്ചതുവരെ എത്തി ഹാര്‍ലി ബ്രാന്‍ഡിനോട് അന്നു തോന്നിയ കമ്പം. ഷോറൂം ആരംഭിച്ചപ്പോള്‍ ഡിസൈന്‍ ആകര്‍ഷകമാക്കുന്നതിലാണ് ഏറെ ശ്രദ്ധ നല്‍കിയതെന്ന് മിതേഷ് പറയുന്നു. ഡെല്‍ഹിയില്‍ നിന്ന് ഷോറൂം ഡീസൈനിങ്ങില്‍ സ്‌പെഷ്യല്‍ ട്രെയിനിങ് ലഭിച്ച രോമേഷ് സാപ്രയാണ് കൊച്ചിയിലെ ഷോറൂം ഡിസൈന്‍ ചെയ്തത്.
ഷോറൂമിന്റെ മുകള്‍ത്തട്ടില്‍ അപ്പാരലുകളുടെ ഒരു നീണ്ട നിരതന്നെയാണ് ഉപോഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതില്‍ ഏറ്റവും ആകര്‍ഷിച്ചത് ജാക്കറ്റുകളാണെന്ന് തന്നെ പറയാം. ജാക്കറ്റിനുള്ളില്‍ മറ്റൊരു ഇന്നര്‍ വെയര്‍ കാണിച്ച് അതിന്റെ സവിശേഷത പലക്ക് വിശദീകരിച്ചു. പ്രത്യേക ക്രിസ്റ്റലുകള്‍ അടങ്ങിയതാണ് ഈ ജാക്കറ്റ്. ഇത് വെള്ളത്തില്‍ ഒന്നു മുക്കിയാല്‍ ഈ ക്രിസ്റ്റലുകള്‍ ഈര്‍പ്പം വലിച്ചെടുക്കും. പിന്നിട് ഇതണിഞ്ഞ് ജാക്കറ്റുമിട്ട് എത്ര ചൂടിലും ബൈക്ക് യാത്ര ചെയ്യാം. ചൂടറിയില്ല. പിന്നെ ഏറെയാകര്‍ഷിച്ചത് 10,000 രൂപയ്ക്ക് മുകളില്‍ വരുന്ന ട്രാവല്‍ ബാഗാണ്. ഇതില്‍ ഹെല്‍മെറ്റ് വെയ്ക്കാനും പ്രത്യേക അറയുണ്ട്.
ഇന്ത്യയിലെ മറ്റു ഹാര്‍ലി ഷോറൂമുകളില്‍ നിന്ന് വിഭിന്നമായി സെയില്‍സ്, സര്‍വീസ്, സ്‌പെയേഴ്‌സ് എന്നിവ മുന്നും ഒരു കുടക്കീഴില്‍ കൊണ്ടു വന്നതാണ് കൊച്ചിയിലെ ഷോറൂമിന്റെ പ്രത്യേകത. ഷോറൂമിന്റെ പിന്‍വശത്താണ് സര്‍വീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. അവിടെ ഉപഭോക്താവിന് കൈമാറാന്‍ തയ്യാറായി നൈറ്റ് റോഡ് സ്‌പെഷ്യലിന്റെ അവസാന മിനുക്ക് പണികള്‍ നടക്കുകയാണ്. ഷോറൂമിന്റെ ഔദ്യോഗിക ഉത്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ഷോറൂം തുറന്നതോടെ തന്നെ 22 ബുക്കിങ് ലഭിച്ചു കഴിഞ്ഞു.

കൊച്ചിയില്‍ ഹാര്‍ലി ഉടമകള്‍ക്കായി വരാനിരിക്കുന്ന ഹോഗ് ക്ലബുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഫേസ്ബുക്കിനുമൊക്കെ എത്രയോ മുമ്പ് ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത് 110 വര്‍ഷം പിന്നിട്ട ഹാര്‍ലി ഡേവിഡ്‌സണാണെന്ന് മിതേഷ് പറയുന്നു. ആഗോള തലത്തില്‍ ഒരോ മേഖലയ്ക്കും പ്രത്യേകമായി ഹാര്‍ലി ഉടമകള്‍ക്കുള്ള കൂട്ടായ്മയാണ് ഹോഗ് ക്ലബുകള്‍. കൊച്ചിയില്‍ വരുന്ന സ്‌പൈസ് കോസ്റ്റ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഹോഗ് ക്ലബ് കൊച്ചിയിലെ കായലോരങ്ങളിലൂടെയും മുന്നാര്‍ അടക്കമുള്ള ഹില്‍ സ്‌റ്റേഷനുകളിലൂടെയുമെല്ലാം ഉല്ലാസ യാത്രകളും മറ്റും സംഘടിപ്പിക്കും.
സ്‌പോര്‍ട്‌സ്റ്റര്‍ ഫാമിലിയില്‍ സുപ്പര്‍ ലോ, അയേണ്‍ 883, 883, റോഡ്‌സ്റ്റര്‍, ഫോര്‍ട്ട്‌വി-എയ്റ്റ് എന്നീ മോഡലുകളാണുള്ളത്. ഡയിന ഫാമിലിയില്‍ സ്ട്രീറ്റ് ബോബ്, സുപ്പര്‍ ഗ്ലൈഡ് കസ്റ്റം എന്നിവയും. സോഫ്റ്റ് ടെയില്‍ വിഭാഗത്തില്‍ ഫാറ്റ് ബോയ്, ഫാറ്റ് ബോയ് സ്‌പെഷ്യല്‍, ഹെറിറ്റേജ് സോഫ്റ്റ് ടെയില്‍ ക്ലാസിക്ക് എന്നിവയുണ്ട്. വിറോഡ് ഫാമിലിയില്‍ നൈറ്റ് റോഡ് സ്‌പെഷ്യലാണ് ഏക മോഡല്‍. ടൂറിങ്് വിഭാഗത്തില്‍ റോഡ് കിങ്ങും സ്ട്രീറ്റ് ഗ്ലൈഡും സി.വി.ഒ വിഭാഗത്തില്‍ അള്‍ട്രാ ക്ലാസിക്ക് ഇലക്ട്രാ ഗ്ലൈഡും അണിനിരക്കുന്നു.
ഇതില്‍ സ്‌പോര്‍ട്‌സ്റ്റര്‍ വിഭാഗത്തിലെ ബൈക്കുകള്‍ക്ക് 5.64 ലക്ഷം രൂപ മുതല്‍ 8.72 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില. ഡൈന വിഭാഗത്തിലെ വില നിലവാരം 10.18 ലക്ഷം മുതല്‍ 11.75 ലക്ഷം വരെയും. സോഫ്റ്റ് ടെയില്‍ ബൈക്കുകള്‍ക്ക് 19.62 ലക്ഷം രൂപ മുതല്‍ 20.68ലക്ഷം രൂപവരെയും വില വരും. നൈറ്റ് റോഡ് സ്‌പെഷ്യലിന് 19.97 ലക്ഷം രൂപയാണ് വില. ടൂറിങ് വിഭാഗത്തിലെ ബൈക്കുകള്‍ക്ക് വില 23 ലക്ഷം മുതല്‍ 24 ലക്ഷം രൂപവരെയാണ് വില. സി.വി.ഒ വിഭാഗത്തിലെ അള്‍ട്രാ ക്ലാസിക്ക് ഇലക്ട്രാ ഗ്ലൈഡിന് വില 35.79 ലക്ഷം രൂപയും.
No comments:
Post a Comment