Wednesday, 31 October 2012


യുഗപിറവി' നവംബര്‍ ഒന്നിന്‌
31 Oct 2012

ഡോ. കെ.കെ.എന്‍. കുറുപ്പിന്റെ ചരിത്രപാഠത്തെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'യുഗപിറവി' നവംബര്‍ ഒന്നിന് ജനങ്ങള്‍ക്ക് മുന്നിലെത്തും. 

കേരളത്തിലെ സാമൂഹിക നവോത്ഥാനത്തെയും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെയും ഹൃദ്യമായി ഓര്‍മപ്പെടുത്തുംവിധം ചരിത്രവും കഥയും ഇഴചേര്‍ത്ത ശൈലിയിലാണ് യുഗപിറവിയുടെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത്. 
കേരളീയന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി, അംശി നാരായണപ്പിള്ള, കണിയാപുരം രാമചന്ദ്രന്‍, മുല്ലനേഴി തുടങ്ങിയവരുടെ ഗാനങ്ങള്‍ സവിശേഷമായരീതിയില്‍ ഈ ഡോക്യുഫിക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യകേരളപിറവി മുതല്‍ അതത് കാലത്തെ ഓര്‍മപ്പെടുത്തുന്ന ചരിത്രസംഭവങ്ങളിലൂടെയാണ് യുഗപിറവിയുടെ ഇതിവൃത്തം മുന്നോട്ട് നീങ്ങുന്നത്. 

ഡല്‍ഹി ജെ.എന്‍.യു. സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളായ വര്‍ഷയും ആദിത്യും കേരളത്തിലെ വിപ്ലവമുന്നേറ്റങ്ങളുടെ ചിരസ്മരണകളിലൂടെ നടത്തുന്ന ദൃശ്യസഞ്ചാരമാണ് ഈ ഡോക്യുഫിക്ഷന്‍. 

മലബാറിലെ നൂറോളം നാടക കലാകാരന്മാര്‍ക്കൊപ്പം അഭിനേതാക്കളായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കണ്ണൂര്‍ ശ്രീലത, ജിജോയ്, മയൂഖ, ഇബ്രാഹിം വെങ്ങര, കുക്കു, ഒ.കെ. കുറ്റിക്കോല്‍ എന്നിവര്‍ യുഗപിറവിയിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക രംഗത്തും ശ്രദ്ധേയമായ സാന്നിധ്യം 'യുഗപിറവിക്ക്' പിന്നിലുണ്ട്. 

സംഗീതം: വി.ടി. മുരളി, ഛായാഗ്രഹണം: ലാല്‍ കണ്ണന്‍, സ്റ്റഡിക്യാം: മിങ്കിള്‍ മോഹന്‍, ദൃശ്യസംയോജനം: എന്‍.എക്‌സ്.പി, കലാസംവിധാനം: ഉണ്ണി കാനായി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് കെ. നായര്‍, ഇല്ലസ്‌ട്രേഷന്‍: ബിനോയ്, ശ്രീരാജ്, പി.ആര്‍.ഒ: അജയന്‍ അമ്പലപ്പാട്. നവംബര്‍ ഒന്നിന് കൈരളി ടി.വി.യില്‍ വൈകിട്ട് 6.30നും കൈരളി പീപ്പിള്‍ ടി.വി.യില്‍ രാത്രി 11നും 55 മിനിറ്റ് ദൈര്‍ഘ്യമുള്ള 'യുഗപിറവി' സംപ്രേഷണം ചെയ്യും. സി.പി.എം. സംസ്ഥാന കമ്മിറ്റി നിര്‍മിച്ച യുഗപിറവി കേരളത്തിലെ എല്ലാ ബ്രാഞ്ചുതലങ്ങളിലും നവംബര്‍ ഒന്നിന് പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

No comments:

Post a Comment