ഒരു ഗ്രഹത്തിന് നാല് സൂര്യന്‍മാര്‍ !

ആകാശത്ത് നാലു സൂര്യന്‍മാര്‍ തെളിഞ്ഞു നിന്നാല്‍ എങ്ങനെയിരിക്കും! അതെ, നാലു 'സൂര്യന്‍'മാരുള്ള ഒരു ഗ്രഹം കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ ആറുമടങ്ങ് വലിപ്പമുള്ള ആ ഗ്രഹത്തെ കണ്ടെത്തിയത് വോളണ്ടിയര്‍മാരാണ് എന്നതാണ് ഏറെ കൗതുകകരം.
വിദൂരഗ്രഹം ഒരു ഇരട്ടനക്ഷത്ര സംവിധാനത്തെയാണ് പരിക്രമണം ചെയ്യുന്നത്. ആ ഇരട്ടനക്ഷത്ര സംവിധാനത്തെ മറ്റൊരു ഇരട്ടനക്ഷത്ര സംവിധാനം ചുറ്റുന്നു. ഫലത്തില്‍ ആ ഗ്രഹം നാല് നക്ഷത്രങ്ങളുടെ വെളിച്ചമേറ്റാണ് കഴിയുന്നത്. ആദ്യമായാണ് ഇത്തരമൊരു ഗ്രഹത്തെ തിരിച്ചറിയുന്നത്.
'പ്ലാനറ്റ് ഹണ്ടേഴ്‌സ്' (Planethunters.org) എന്ന വെബ്‌സൈറ്റ് ഉപയോഗിച്ചാണ് സന്നദ്ധപ്രവര്‍ത്തകര്‍ പുതിയ ഗ്രഹം കണ്ടെത്തിയത്. ബ്രിട്ടനിലെയും അമേരിക്കയിലെയും ചില ഗവേഷണസ്ഥാപനങ്ങളുടെ പിന്തുണ അവര്‍ക്കുണ്ടായിരുന്നു.
ഹാവായിലെ മൗന കിയ അഗ്നിപര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന കെക്ക് ടെലസ്‌കോപ്പുകള്‍ നടത്തിയ തുടര്‍നിരീക്ഷണം ആ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. അതു സംബന്ധിച്ച് അസ്‌ട്രോഫിസിക്കല്‍ ജേര്‍ണിലിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് 'ആര്‍ക്‌സൈവി'ല്‍ ലഭ്യമാണ്.
'പ്ലാനറ്റ് ഹണ്ടേഴ്‌സ്' എന്ന പേരിന്റെ ചുവടുപിടിച്ച് PH1 എന്നാണ് പുതിയ ഗ്രഹത്തിന് പേരിട്ടിട്ടുള്ളത്. ഭൂമിയില്‍നിന്ന് അയ്യായിരം പ്രകാശവര്‍ഷമകലെയാണ് അതിന്റെ സ്ഥാനം. നെപ്ട്യൂണിനെ അപേക്ഷിച്ച് അല്‍പ്പംകൂടി വലിപ്പമുള്ളതാണ് ആ ഗ്രഹം.
നാലു നക്ഷത്രങ്ങളുടെയും ഗുരുത്വാകര്‍ഷണമേറ്റാണ് ആ ഗ്രഹം കഴിയുന്നത്. അതിനാല്‍, വളരെ സങ്കീര്‍ണമായ ഒരു അന്തരീക്ഷത്തിലാണ് പുതിയ ഗ്രഹത്തിന്റെ നിലയെന്ന്, ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ.ക്രിസ് ലിന്‍ടോറ്റ് ബി.ബി.സി.യോട് പറഞ്ഞു. 'എങ്കിലും അതിന്റെ ഭ്രമണപഥം ഏറെക്കുറെ സുസ്ഥിരമാണ്'-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
![]() |
മൗന കിയ അഗ്നിപര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന കെക്ക് ടെലസ്‌കോപ്പുകള്‍ |
ഇരട്ടനക്ഷത്ര സംവിധാനങ്ങള്‍ വിരളമല്ല. അത്തരം ഒട്ടേറെ നക്ഷത്രസംവിധാനങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇരട്ട നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങള്‍ കുറവാണ്. അങ്ങനെയൊരു നക്ഷത്രസംവിധാനത്തെ മറ്റൊരു ഇരട്ട നക്ഷത്രസംവിധാനം ചുറ്റുന്നു എന്ന് ആദ്യമായാണ് കാണുന്നത്.
അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ സ്വദേശി കിയാന്‍ ജെക്, അരിസോണയില്‍ കോട്ടണ്‍വുഡ് സ്വദേശി റോബര്‍ട്ട് ഗാഗ്ലിയാനോ എന്നീ വോളണ്ടിയര്‍മാരാണ് പ്ലാനറ്റ് ഹണ്ടേഴ്‌സ് സൈറ്റ് ഉപയോഗിച്ച് പുതിയ ഗ്രഹത്തെ കണ്ടുപിടിച്ചത്.
മാതൃനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോഴുണ്ടാകുന്ന ചെറിയ പ്രകാശവ്യതിയാനമാണ് ഇരുവരും നിരീക്ഷിച്ചത്. കെക്ക് ടെലസ്‌കോപ്പുകളുടെ സഹായത്തോടെ പ്രൊഫഷണല്‍ ജ്യോതിശാസ്ത്രജ്ഞര്‍ അത് ഗ്രഹമാണെന്നും, നാല് സൂര്യന്‍മാരുണ്ട് അതിനെന്നും സ്ഥിരീകരിക്കുകയായിരുന്നു.
നാസയുടെ കെപ്ലാര്‍ സ്‌പേസ് ടെലസ്‌കോപ്പ് പകര്‍ത്തിയ വാനദൃശ്യങ്ങളുടെ ഡേറ്റ ഉപയോഗിച്ച്, മാതൃനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നു പോകുമ്പോഴുണ്ടാകുന്ന പ്രകാശവ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടുന്ന സൈറ്റാണ് പ്ലാനറ്റ് ഹണ്ടേഴ്‌സ്.
സൗരയൂഥത്തിന് വെളിയിലുള്ള അന്യഗ്രഹങ്ങളെ തേടാനും, അവയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടോ എന്ന് തിരിച്ചറിയാനുമായി 2009 മാര്‍ച്ചിലാണ് കെപ്ലാര്‍ സ്‌പേസ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്.
കെപ്ലാര്‍ ശേഖരിക്കുന്ന വ്യത്യസ്ത താരമേഖലകളുടെ ഡേറ്റ പ്ലാനറ്റ് ഹണ്ടേഴ്‌സ് സൈറ്റില്‍ ലഭ്യമാണ്. ലോകത്തെവിടെയുമുള്ളവര്‍ക്ക് പുതിയ ഗ്രഹങ്ങളെ കണ്ടെത്താനുള്ള അസുലഭ അവസരമാണ് പ്ലാനറ്റ് ഹണ്ടേഴ്‌സ് സൈറ്റ് ഒരുക്കുന്നത്.
2010 ലാണ് സൈറ്റ് ആരംഭിച്ചത്. 170,000 അംഗങ്ങള്‍ സൈറ്റിലെ ഗ്രഹവേട്ടയില്‍ ഇതിനകം പങ്കുചേര്‍ന്നിട്ടുണ്ട്.
No comments:
Post a Comment