മണ്ടന്‍ ടാക്‌സ്
മുരളി തുമ്മാരുകുടി
Posted on: 14 Oct 2012
എഫ്.എ.സി.റ്റി.യിലെ കാന്റീന്‍ ജീവനക്കാരനായിരുന്ന എന്റെ അച്ഛന് കാശുണ്ടാക്കണമെന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. അതിനുള്ള അവസരവും ഇല്ലായിരുന്നു. സ്വന്തം മക്കളോടൊപ്പം പരമാവധി സമയം ചിലവാക്കുക, അവരോട് കഥ പറയുക, അവര്‍ക്ക് പനി വന്നാല്‍ തുളസിയിലയും കുരുമുളകും ഇട്ട് വെള്ളം തിളപ്പിച്ച് കൊടുക്കുക. അവരെ കെട്ടിപ്പിടിച്ച് കിടക്കുക ഇതൊക്കെയായിരുന്നു അച്ഛന്റെ ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങള്‍. എട്ടു മക്കളുള്ള ഒരച്ഛന്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പനി വന്നാല്‍ ജോലിക്കു പോകാതിരിക്കും എന്നു പറയുമ്പോള്‍ വര്‍ഷത്തില്‍ അധികദിവസമൊന്നും ജോലിക്കു പോവാന്‍ വഴിയില്ല എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. മുന്‍കൂട്ടി പറയാതെയും പരിധിയില്‍ കവിഞ്ഞും ജോലിക്കു ചെല്ലാത്തതിന് അച്ഛനെ കമ്പനി സസ്‌പെന്‍ഡ് ചെയ്യുന്നത് സ്ഥിരസംഭവം ആയിരുന്നു. ഉര്‍വശീ ശാപം ഉപകാരം എന്ന പോലെ അച്ഛന്‍ സസ്‌പെന്‍ഷന്‍ കാലം സന്തോഷമായി മക്കളുടെ ഒപ്പം ചിലവഴിക്കുമായിരുന്നു.
ജീവിതത്തില്‍ പ്രൊഫഷന്‍ , കരിയര്‍ , സമ്പത്ത് ഇതെല്ലാം ഏറ്റവും പ്രധാനമായിക്കാണുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള എന്റെ തലമുറക്ക് ഇതൊരു അതിശയമായിതോന്നാം. ബാങ്ക് ഡിപ്പോസിറ്റും ഷെയറും സ്വര്‍ണ്ണവും സ്ഥലവും ഫ്ലാറ്റും ഒക്കെ ഉണ്ടാക്കാന്‍ വേണ്ടി കുടുംബങ്ങളില്‍ നിന്നകന്ന് ജോലിചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും അച്ഛന്റെ പോലത്തെ ഒരു മനസ്സ് എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഞാന്‍ കരുതാറുണ്ട്. ഈ ഓട്ടം എല്ലാം കഴിഞ്ഞ് വഴിയില്‍ കുഴഞ്ഞു വീഴാതെ ഞാന്‍ തിരിച്ചെത്തിയാല്‍ എന്റെ കുടുംബത്തിന് എന്നോട് അച്ഛനോടുണ്ടായിരുന്ന പോലുള്ള സ്‌നേഹമുണ്ടാകുമോ? മക്കള്‍ക്ക് വേണ്ടി ഫ്ലാറ്റ് മേടിക്കുന്ന അച്ഛനേക്കാള്‍ പനി വരുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന്‍മാരെയല്ലേ കുട്ടികള്‍ ആഗ്രഹിക്കുന്നത്.?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും മാസത്തിലൊരിക്കല്‍ അച്ഛന്‍ ഒരു ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. ലോട്ടറിയുടെ ഫലം വരുന്ന അന്ന് അച്ഛന്‍ കാര്യമായി പത്രത്തില്‍ നോക്കും. ഒന്നാം സമ്മാനത്തിന്റെ നമ്പര്‍ മാത്രമേ നോക്കൂ. കിട്ടുന്നെങ്കില്‍ കാര്യമായിട്ടു കിട്ടണം. എന്നതായിരുന്നു അച്ഛന്റെ പോളിസി. കിട്ടിയിരുന്നെങ്കില്‍ അച്ഛന്‍ എന്തു ചെയ്യുമായിരുന്നെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. ചോദിച്ചിട്ടും ഇല്ല. ലോട്ടറിയുടെ ഒന്നാം സമ്മാനം വെങ്ങോലയില്‍ എത്തിയും ഇല്ല എന്നുപറയേണ്ടല്ലോ.
ശരിയും തെറ്റിനേയും പറ്റിയുള്ള നമ്മുടെ ധാര്‍മ്മികമായ അതിര്‍ത്തികള്‍ തീരുമാനിക്കുന്നത് പലപ്പോഴും മതമോ നിയമങ്ങളോ അല്ല മറിച്ച് നമ്മുടെ ചുറ്റുമുള്ള ആളുകളുടെ പെരുമാറ്റമാണ്. അതുകൊണ്ടുതന്നെ ലോട്ടറിയെപ്പറ്റി നാട്ടില്‍ എന്തു സംവാദം നടക്കുന്ന കാലത്തും ഞാന്‍ ലോട്ടറി എടുക്കാറുണ്ട്. അതില്‍ നാടനെന്നോ അന്യസംസ്ഥാനം എന്നോ ഓണ്‍ലൈന്‍ എന്നോ ഒരു വ്യത്യാസവും ഇല്ല. ജനീവയിലും ആഴ്ചയില്‍ മൂന്ന് ഫ്രാങ്ക് ലോട്ടറിയുടെ അക്കൗണ്ടില്‍ ആണ് പോകുന്നത്.
യൂറോപ്പില്‍ ലോട്ടറിയെ 'മണ്ടന്‍ ടാക്‌സ്' എന്നാണ് വിളിക്കുന്നത്. അതായത് ബുദ്ധികുറഞ്ഞ ആളുകളുടെ കയ്യില്‍ നിന്നും പണം സ്വമേധയാ സര്‍ക്കാരില്‍ എത്തിക്കുന്ന പരിപാടിയാണ് ലോട്ടറി. നമ്മള്‍ എത്ര മണ്ടനാണെന്നുള്ളതനുസരിച്ച് അത്രയും കൂടുതല്‍ ടാക്‌സ് നമ്മള്‍ ഈ ഇനത്തില്‍ ഗവണ്‍മെന്റില്‍ എത്തിക്കും. സാധാരണ ടാക്‌സ് അടക്കാന്‍ ഗവണ്‍മെന്റ് നമ്മെ ഓര്‍മ്മിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്യേണ്ടി വരുമ്പോള്‍ മണ്ടന്‍ ടാക്‌സിന്റെ കാര്യത്തില്‍ അതിന്റെ ഒന്നും ആവശ്യമില്ല.
യൂറോപ്പിലെ ലോട്ടറി നമ്മുടേതില്‍ നിന്നും അല്പം വ്യത്യാസമാണ്. നമുക്ക് ഇഷ്ടമുള്ള നമ്പര്‍ നമുക്ക് തിരഞ്ഞെടുക്കാം എന്നതാണ് ഒന്നാമത്തെ വ്യത്യാസം. രണ്ടാമത്തേത് ഒരേ നമ്പര്‍ എത്രപേര്‍ക്ക് വേണമെങ്കിലും തിരഞ്ഞെടുക്കാം. നമ്മുടെ പോലെ മുന്‍കൂട്ടി അടിച്ചുവെക്കപ്പെട്ടതല്ല. അതുകൊണ്ടുതന്നെ നറുക്കെടുത്തു വരുന്ന നമ്പര്‍ വിറ്റിട്ടുണ്ടാകണമെന്നില്ല. അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ വാങ്ങിയിട്ടുണ്ടാകാം. അപ്പോള്‍ ഒന്നാം സമ്മാനത്തുക ഒരു ലക്ഷം ഫ്രാങ്കാണെങ്കില്‍ ഒരു പക്ഷെ അതാര്‍ക്കും കിട്ടാതെ പോകാം. അല്ലെങ്കില്‍ അതു പലര്‍ക്കായി വീതിക്കേണ്ടതായും വരാം. പക്ഷെ ഒരു ആഴ്ചത്തെ സമ്മാനം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ അടുത്തയാഴ്ചത്തെ സമ്മാനത്തുകയോട് അത് കിട്ടും. അതിന് റോള്‍ ഓവര്‍ എന്നാണ് പറയുന്നത്. അങ്ങനെ അടുത്തടുത്ത് രണ്ടോ മൂന്നോ മാസം ആര്‍ക്കും ഒന്നാം സമ്മാനം കിട്ടിയില്ലെങ്കില്‍ സമ്മാനത്തുക വളര്‍ന്ന് വളര്‍ന്ന് മില്യണ്‍സ് ആകും. ഇത് പുറത്താവുന്നതോടെ യൂറോപ്പിലെ മണ്ടന്‍ പട പുറത്തിറങ്ങും, പിന്നെ ക്യൂ നിന്ന് ലോട്ടറി എടുക്കാന്‍ തുടങ്ങും.
ഒരു മണ്ടനും അയാളുടെ പണവും വേഗത്തില്‍ വേര്‍പിരിയും എന്നൊരു ചൊല്ല്. ഇംഗ്ലീഷില്‍ ഉണ്ട് (എ ഫൂള്‍ ആന്റ് ഹിസ് മണി ആര്‍ സൂണ്‍ പാര്‍ട്ടട്). ഇക്കാര്യം ലോട്ടറി യുടെ കാര്യത്തില്‍ മാത്രമല്ല മറ്റ് അനവധി കാര്യങ്ങളിലും സത്യമാണ്. ഗള്‍ഫിലോ അമേരിക്കയിലോ പോയി കുറച്ചു പണമുണ്ടാക്കിയവര്‍ അതു സിനിമയിലിറക്കിക്കളയുന്നതും പെന്‍ഷന്‍ കിട്ടിയ പണം ഷെയര്‍മാര്‍ക്കറ്റിലിറക്കി ഗോപിയാകുന്നതും എല്ലാം പണം മണ്ടന്റെ അടുത്തുനിന്നും ബുദ്ധിമാന്റെ അടുത്തേക്ക് ചാടുമെന്ന പ്രകൃതി നിയമത്തിന്റെ ഉദാഹരണങ്ങള്‍ ആണ്.
സ്ഥിരം യാത്രചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കബളിപ്പിക്കപ്പെടുക എന്നത് ഒരു സ്ഥിരം സംഭവമാണ്. അത് ഒടുക്കത്തെ റേറ്റ് പറഞ്ഞ് നമ്മെ പിടുങ്ങുന്ന ഡല്‍ഹിയിലെ ഓട്ടോക്കാര്‍ തൊട്ട് ഇലക്ട്രോണിക് മീറ്ററില്‍ വരെ കൃത്രിമം കാണിക്കുന്ന ബോംബെയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ വരെ ആകാം.
പണ്ടൊക്കെ ഇതെന്നെ അലോസരപ്പെടുത്തുമായിരുന്നു. പക്ഷെ യാത്ര സ്ഥിരമായതോടെ തട്ടിപ്പിനിരയാകലും സ്ഥിരം സംഭവമായി. അപ്പോള്‍ പിന്നെ ചെറിയ തട്ടിപ്പൊക്കെ ഞാനങ്ങു വിട്ടുകളയും. ഓരോയാത്രയിലും അമ്പതോ നൂറോ ഡോളര്‍ തട്ടിപ്പ് അലവന്‍സായി ഞാന്‍ എഴുതിത്തള്ളും.
ഇത് എപ്പോഴും ആളുകള്‍ മനഃപൂര്‍വം തട്ടിക്കുന്നത് ആകണമെന്നില്ല. നമ്മുടെ അറിവുകുറവുകൊണ്ടും സംഭവിക്കാം. ജനീവ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന ഒരാള്‍ക്ക് ടൗണില്‍ പോകണമെങ്കില്‍ ഒരു ടാക്‌സി വിളിക്കും. ഇരുപത്തഞ്ചോ മുപ്പതോ ഫ്രാങ്കാകും. അഞ്ചോ പത്തോമിനുട്ട് ക്യൂ നില്‍ക്കുകയും വേണം. എന്നാല്‍ ജനീവ എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ എട്ടു മിനുട്ടിലും ടൗണിലേക്ക് ബസുണ്ട്. എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന എല്ലാവര്‍ക്കും ഇത് ഫ്രീയും ആണ്. എയര്‍പോര്‍ട്ടിന്റെ അകത്തുള്ള ടിക്കറ്റ് മെഷീനില്‍ നിന്നും ഒരു ടിക്കറ്റ് എടുത്താല്‍ മതി. ചുമ്മാതെ നമ്മുടെ കയ്യില്‍ നിന്നും ആയിരത്തഞ്ഞൂറു രൂപ പോയില്ലെ, ഡല്‍ഹിയിലെ ഓട്ടോക്കാരന്‍ എത്രനല്ലവന്‍, കൂടിയാല്‍ നൂറുരൂപയല്ലേ സായിപ്പിനെ പറ്റിക്കുന്നുള്ളൂ.
എയര്‍പോര്‍ട്ടുകളിലെ മണിചേഞ്ചര്‍ ആണ് തട്ടിപ്പിന്റെ ഒന്നാമത്തെ കേന്ദ്രം. ലോകത്ത് ഏത് നഗരത്തില്‍ ആണെങ്കിലും കിട്ടാവുന്നതിലെ ഏറ്റവും മോശമായ റേറ്റായിരിക്കും ഇവിടുത്തേത്. പല സ്ഥലത്തും അതും പോരാത്തതിന് അതിനു മുകളില്‍ മുപ്പതും നാല്പതും ഡോളര്‍ കമ്മീഷനും ഒക്കെക്കാണും. ബോംബെ എയര്‍പോര്‍ട്ടിനു പുറത്തുനിന്ന് കറന്‍സിമാറുമ്പോള്‍ പത്തോ നൂറോ രൂപ തട്ടിക്കുന്ന മലയാളി വിദ്വാനെ കുറ്റം പറയാന്‍ പറ്റുമോ?
കഴിഞ്ഞയാഴ്ച ഈജിപ്റ്റിലെ കെയ്‌റോഡില്‍ ആയിരുന്നു. മീറ്റിംഗ് കഴിഞ്ഞ് ഒരു മണിക്കൂര്‍ സമയമേ ബാക്കിയുള്ളൂ. കെയ്‌റോ ഞാന്‍ കണ്ടിട്ടുള്ള നഗരമാണ്. തിക്കും തിരക്കും പുകയും പൊടിയും ഒക്കെയായി ഒരു ശരാശരി നോര്‍ത്ത് ഇന്ത്യന്‍ നഗരമാണ് കെയ്‌റോ. എന്നാലും അവിടെ വിപ്ലവം നടന്ന തഹ്‌റിര്‍ സ്‌ക്വയര്‍ ഒന്ന് കാണണം എന്നൊരു പൂതി.
'അതിനിപ്പോള്‍ അവിടെ ഒന്നും ഇല്ല' എന്റെ ആതിഥേയനും അയല്‍ ഷാംസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ അലി പറഞ്ഞു.
അതു മിക്കവാറും ചരിത്രസ്ഥലങ്ങളെപ്പറ്റി ശരിയാണല്ലോ, പാനിപ്പറ്റ് എന്ന നമ്മുടെ ചരിത്രപ്രസിദ്ധമായ യുദ്ധക്കളം ഇപ്പോള്‍ ചുമ്മാ ഗോതമ്പുപാടമാണ്. അതുകൊണ്ട് ഏതാണെങ്കിലും ചുമ്മാ തഹരില്‍ ചത്വരം കണ്ടേക്കാം എന്നു എനിക്കു വാശി.
ഒരു ടാക്‌സിയെടുത്ത് ഒരു കണക്കിന് ഞങ്ങള്‍ സ്ഥലത്തെത്തി. പക്ഷെ ട്രാഫിക്കിന്റെ തിരക്കു കാരണം ഞങ്ങള്‍ക്ക് സ്‌ക്വയറില്‍ എത്താന്‍ പറ്റിയില്ല. വഴിയില്‍ ഉപേക്ഷിച്ച് ടാക്‌സിക്കാരന്‍ ഗായബ്.
തഹരിര്‍ സ്‌ക്വയര്‍ എവിടെ എന്നു ഞങ്ങള്‍ പലരോടും ചോദിച്ചു. അറബിക്ക് അല്ലാത്ത ഭാഷക്കൊന്നും കെയ്‌റോവില്‍ ഒരു സാധ്യതയുമില്ല.
'ആര്‍ യു ഫ്രം ഇന്ത്യ' ഒരു ജീന്‍സിട്ട ചെത്തു പയ്യനാണ്.
'യെസ്'
'ഞാനിവിടെ ഒരു വിദ്യാര്‍ത്ഥിയാണ്. നിങ്ങള്‍ക്ക് താഹരില്‍ സ്‌ക്വയര്‍ കാണേണ്ടേ?'
'ഇവനാര് ദൈവദൂതനോ.'- ഞാന്‍ മനസ്സില്‍ പറഞ്ഞു.
'ഇത് ഞങ്ങളുടെ വിപ്ലവമായിരുന്നു. ഇന്ത്യ ഈസ് എ ഗ്രേറ്റ് കണ്‍ട്രി. ഞാന്‍ നിങ്ങളെ പ്രതിഷേധം നടന്ന സ്ഥലം എല്ലാം കാണിക്കാം. പക്ഷെ ഒരു കാര്യം എനിക്ക് ബക്ഷീഷ്(സമ്മാനം) ഒന്നും തരരുത്. ഇതു ഞങ്ങളുടെ അഭിമാനമാണ്.'
അറബ് വസന്തത്തിന്റെ പോരാളിയുടെ കൂടെ തഹ്രീര്‍ ചത്വരത്തില്‍ നില്‍ക്കുന്നതിലും വലിയ അഭിമാനമുണ്ടോ എന്നോര്‍ത്ത് എനിക്ക് സന്തോഷം വന്നു.
'ഈ പോകുന്ന വഴിക്കാണ് എന്റെ ആര്‍ട്ട് ഗാലറി, അവിടെ ഒന്നു കയറിയിട്ടു പോകാം.'
'ഓ അതിനെന്താ'
'ഇതെന്റെ സഹോദരനാണ്' വിപ്ലവകാരി ഗാലറി ഉടമയെ പരിചയപ്പെടുത്തി.
'ഇരിക്കൂ, ഈജിപ്ഷ്യന്‍ ഹോസ്പിറ്റാലിറ്റി അറിഞ്ഞിട്ടല്ലേ പോകാന്‍ പറ്റൂ.'
ഒരു മിനുട്ടിനകം ഒരു പെണ്‍കുട്ടി ചായയുമായി വന്നു.
'ഇതു ഞങ്ങളുടെ സഹോദരിയാണ് നാളെ ഇവളുടെ കല്യാണമാണ്. നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ പങ്കെടുക്കാമായിരുന്നു.'
സുന്ദരിക്ക് നാണം
'നിങ്ങള്‍ക്ക് ഞാന്‍ ഒരു സമ്മാനം തരാം' വിപ്ലവകാരിയുടെ സുഹൃത്ത് ഒരു പാപ്പിറസ് റോള്‍ പുറത്തെടുത്തു.
'നിങ്ങളുടെ മകന്റെ പേരു പറയൂ. ഞാനത് ഹൈറോഗ്ലിഫിക്‌സില്‍ എഴുതാം' (ഈജിപ്റ്റിലെ പഴയ ലിപി)
'മുരളി, നമുക്ക് ഇവിടെ നിന്നുപോകാം..'
എന്റെ സുഹൃത്ത് പറഞ്ഞു.
ഞാന്‍ പക്ഷെ വിപ്ലവകാരിയുടെ വാക്ജാലത്തിലാണ്.
ഗാലറിയുടമ കൊറ്റിയും കാക്കയും കുറുക്കനും ഒക്കെയായി പാപ്പിറസില്‍ പേരെഴുതിത്തുടങ്ങി.
ചായയും കുടിച്ച് ഫ്രീ ഗിഫ്റ്റും മേടിച്ച് ഈജിപ്ഷ്യന്‍ ഹോസ്പിറ്റാലിറ്റി ആസ്വദിച്ച് ചുമ്മാ പോകുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു, എനിക്ക് ഒരു പാപ്പിറസ് റോള്‍കൂടി വേണം (പുല്ലില്‍ നിന്നും പഴയകാല ഈജിപ്ഷ്യന്‍മാര്‍ ഉണ്ടാക്കിയ പേപ്പറിന്റെ ആദ്യരൂപം)
ഇതില്‍ ആരുടെ പേരെഴുതണം?
'അമ്പിളിയുടെ'
'അതു സാറിന്റെ ഭാര്യയാണല്ലേ, ഭാര്യക്ക് ഈജിപ്ഷ്യന്‍ പെര്‍ഫ്യൂം വേണ്ടേ?'
എനിക്ക് അപകടം മണത്തു തുടങ്ങി. പാപ്പിറസിലാണെങ്കില്‍ പേരെഴുതല്‍ പൂര്‍ത്തിയായി.
'നാനൂറ് ഈജിപ്ഷ്യന്‍ പൗണ്ടാണ്' ഇതിന്റെ വില, അമേരിക്കക്കാര്‍ മണ്ടന്‍മാര്‍ക്ക് ഞാനിത് നാനൂറുഡോളറിനാണ് വില്‍ക്കുന്നത്. (ആറ് ഈജിപ്ഷ്യന്‍ പൗണ്ടാണ് ഒരു ഡോളര്‍).
എനിക്കാണെങ്കില്‍ പാപ്പിറസിന്റെ മാര്‍ക്കറ്റ് വിലയെപ്പറ്റി ഒരു ഗ്രാഹ്യവും ഇല്ല.
'അതൊക്കെ കൂടുതല്‍ ആണ്.'
'എന്നാല്‍ സാറൊരു വില പറയൂ'
'ഞാനൊരു ഇരുന്നൂറു പൗണ്ട് തരാം'
'ഹേയ് അതു തീരെ കുറവാണ്.'
വില പേശല്‍ വിദഗ്ധരായ ഇന്ത്യക്കാരനും ഈജിപ്റ്റുകാരനും തമ്മില്‍ പത്തു മിനുട്ട് വാക്‌വാദം. അവസാനം ഇരുന്നൂറ്റി അന്‍പത് പൗണ്ടിന് കച്ചവടം ഉറപ്പിച്ചു. സാധനം ചുരുട്ടി ബാഗിലിട്ട് ഞങ്ങള്‍ സ്ഥലം വിട്ടു.
തിരിച്ചുവരുന്നത് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ അടുത്തുകൂടിയാണ്. ഞങ്ങള്‍ ടൂറിസ്റ്റുകളാണെന്നു കണ്ട വഴി കുറേ പാപ്പിറസ് കച്ചവടക്കാര്‍ ഞങ്ങളുടെ പുറകില്‍ കൂടി.
'സാര്‍ ഒന്നാം തരം പാപ്പിറസ് ആണ്. പേര് ഞങ്ങള്‍ ഹൈറോഗ്ലിഫിക്‌സില്‍ എഴുതിത്തരാം.'
'ഇതിനെന്തുവില' കഷ്ടകാലത്തിന് എന്റെ സുഹൃത്ത് ചോദിച്ചു.
ജപ്പാന്‍കാര്‍ മണ്ടന്‍മാര്‍ക്ക് ഞങ്ങള്‍ ഇത് ഒരെണ്ണം ഒരു ഡോളറിനാണ് വില്ക്കുന്നത്. ഇന്ത്യന്‍സ് ആര്‍ ഔര്‍ ബ്രദേര്‍സ്, അതുകൊണ്ട് ഇത് ഒരെണ്ണം ഒരു ഈജിപ്ഷ്യന്‍ പൗണ്ടിനു തരാം. ഒരു പത്തെണ്ണം എടുക്കട്ടേ സാര്‍ ..'
ഒരു രൂപക്ക് ലോട്ടറിടെയുത്ത അച്ഛന്‍ എന്ത് ബുദ്ധിമാന്‍!

No comments:
Post a Comment