ചിപ്പുകളില്‍ സിലിക്കണിന് പകരം കാര്‍ബണ്‍ നാനോട്യൂബ് വരുന്നു
Posted on: 29 Oct 2012

നാനോ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന കുഞ്ഞു കാര്‍ബണ്‍കുഴലുകള്‍കൊണ്ടുള്ള മൈക്രോ പ്രോസസര്‍ നിര്‍മാണത്തില്‍ വന്‍പുരോഗതി കൈവരിച്ചതായി വിവരസാങ്കേതികവിദ്യാ വ്യവസായരംഗത്തെ ഭീമന്‍മാരായ ഐ.ബി.എമ്മിലെ ശാസ്ത്രജ്ഞരാണ് അറിയിച്ചത്.
സിലിക്കണ്‍ എന്ന അര്‍ധചാലകം ഉപയോഗിച്ച് നിര്‍മിക്കുന്ന ട്രാന്‍സിസ്റ്ററുകളാണ് ഇലക്‌ട്രോണിക്‌സ് എന്ന ശാസ്ത്രശാഖയ്ക്കുതന്നെ തുടക്കമിട്ടത്. ട്രാന്‍സിസ്റ്ററുകള്‍ പിന്നീട് വീണ്ടും ചെറുതായി ചിപ്പുകളും മൈക്രോ പ്രോസസറുകളുമായതോടെയാണ് വിവരസാങ്കേതിക വിദ്യ പടര്‍ന്നുപന്തലിച്ചത്. എങ്കിലും സിലിക്കണ്‍ കൊണ്ടുണ്ടാക്കുന്ന ചിപ്പ് ഇപ്പോഴുള്ളതിലും ചെറുതാക്കാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് നാനോ ടെക്‌നോളജിയും കാര്‍ബണും പരീക്ഷിക്കപ്പെടുന്നത്.
നാനോ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന അതി സൂക്ഷ്മ കാര്‍ബണ്‍കുഴലുകള്‍ സിലിക്കണ്‍ അടിസ്ഥാനമായുള്ള ചിപ്പുകളെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ട ഇലക്‌ട്രോണിക് ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് നേരത്തേതന്നെ കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള കോടിക്കണക്കിന് കുഴലുകള്‍ ഇണക്കിച്ചേര്‍ത്ത് പ്രോസസറുകള്‍ നിര്‍മിക്കുന്നത് എളുപ്പമായിരുന്നില്ല. ആവശ്യമായ രീതിയില്‍ രൂപഭേദം വരുത്തുന്നതിനും പകര്‍പ്പുകളെടുക്കുന്നതിനുമുള്ള പരിമിതിയാണ് കാര്‍ബണിനെ ഈ രംഗത്തുനിന്ന് ഇത്രനാള്‍ മാറ്റിനിര്‍ത്തിയത്. ഈ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയാണെന്നാണ് ഐ.ബി.എമ്മിലെ ഗവേഷകര്‍ പറയുന്നത്.
ചില രാസവസ്തുക്കളും പകര്‍പ്പെടുക്കാനുള്ള പുതു സങ്കേതങ്ങളും ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പരിമിതികള്‍ മറികടന്നത്. നാച്വര്‍ നാനോ ടെക്‌നോളജിയിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ഇത് പ്രായോഗികപഥത്തിലെത്തിയാല്‍ കമ്പ്യൂട്ടര്‍ ചിപ്പുകളില്‍ സിലിക്കണുള്ള സ്ഥാനം കാര്‍ബണ്‍ കരസ്ഥമാക്കും. അതോടെ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വലിപ്പം ഇനിയും കുറയാന്‍ വഴിയൊരുങ്ങും.
No comments:
Post a Comment