Wednesday, 31 October 2012


ദൈവകണത്തെപ്പറ്റി അല്ല...
മുരളി തുമ്മാരുകുടി
Posted on: 16 Jul 2012


'രഹസ്യങ്ങളുടെ ചുരുള്‍ അഴിയുകയാണ്.'

'ഓ മൈ ഗോഡ്, ചേട്ടനും ആ ദൈവകണത്തിന്റെ പുറകിലാണോ. ഞങ്ങളിവിടെ അതിനെപ്പറ്റി വായിച്ചും കേട്ടും മനസ്സിലാകാതെയും പൊറുതി മുട്ടി ഇരിക്കുകയാണ്...'

'ഏയ്, ഞാന്‍ അതിനെപ്പറ്റി അല്ല പറയാന്‍ തുടങ്ങിയത്.'

'പിന്നേതു രഹസ്യത്തിന്റെ ചുരുളാണുചേട്ടാ അഴിയാന്‍ തുടങ്ങിയത്?'

'എന്റെ എഴുത്ത് നല്ലതാണെന്നൊരു ചിന്ത പ്രിയമുരളിസാറിന് ഉണ്ടോ എന്നൊരു സംശയം എന്ന് കഴിഞ്ഞാഴ്ച ഒരു സ്‌നേഹിത എഴുതിയത് കണ്ടോ?'

'ഉവ്വ്.. അതിന്..?'

'അത് വാസ്തവത്തില്‍ സത്യമാണ്. എന്റെ എഴുത്ത് നല്ലതാണെന്നു ചിന്ത എനിക്ക് ഉണ്ട്. പക്ഷെ ഞാന്‍ അതീവ രഹസ്യമാക്കിവെച്ചിരുന്ന ഈ ചിന്ത എങ്ങനെ പബ്ലിക് ഡൊമൈനില്‍ എത്തി...!'

ഏതാണെങ്കിലും ഇത്രയും ആയ സ്ഥിതിക്ക് ചില രഹസ്യങ്ങള്‍ കൂടി ഞാന്‍ വെളിപ്പെടുത്താം.

ഒന്നാമതായി പില്‍ക്കാലത്ത് ഞാന്‍ പ്രശസ്തനായിക്കഴിയുമ്പോള്‍ ഞാനീ എഴുതുന്നതിന്റെ ഒക്കെ കയ്യെഴുത്തു പ്രതികള്‍ക്ക് ഒടുക്കത്തെ വിലയാകും എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ട്. ഷേക്‌സ്പിയറിന്റെയും ടാഗോറിന്റെയും ഒക്കെ ഒരു പേജ് കയ്യെഴുത്തു മതി അവരുടെ ഇപ്പോഴത്തെ തലമുറക്ക് ജീവിക്കാന്‍. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ എഴുതാന്‍ അറിയുമെങ്കിലും ഞാന്‍ പേപ്പറില്‍ ആണ് എഴുതുന്നത്. എന്നിട്ട് അതിന്റെ സ്‌കാന്‍ ചെയ്ത കോപ്പി മാതൃഭൂമിക്ക് അയക്കും. ഒറിജിനല്‍ എല്ലാം ആയിരത്തിന്റെ സ്വിസ് ഫ്രാങ്ക് നോട്ടുകളോടൊപ്പം സ്വിസ് ബാങ്കില്‍ പൂഴ്്ത്തിവെക്കും. പില്‍ക്കാലത്ത് ഇതിന്റെ വില ആയിരം ഫ്രാങ്കിലും കവിയും.

നമ്മള്‍ എഴുതുന്ന കടലാസോ എന്തിന് നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എന്തും പൂഴ്ത്തിവെക്കുന്നത് ഒരു നല്ല ബിസിനസ് ആണ്. പഴയകാലത്തെ ചൈനാ പിഞ്ഞാണി തൊട്ട് അമ്മിക്കല്ലിന് വരെ പില്‍ക്കാലത്ത് വില വരുന്നത് കണ്ടിട്ടില്ലേ. എന്തിന് നമ്മുടെ ചെറുപ്പകാലത്തെ ബോറന്‍ വാല്‍വ് റേഡിയോക്കും ആദ്യകാലത്തെ വിസിപിക്കും ഒക്കെ ഇപ്പോള്‍ പുരാവസ്തു മാര്‍ക്കറ്റില്‍ വിലയുണ്ട്. കാളവണ്ടിക്കാരായിരുന്ന മുത്തച്ഛന്‍മാരുടെ പേരക്കുട്ടികള്‍ കോടീശ്വരന്‍മാര്‍ ആകുമ്പോള്‍ പഴയ സ്റ്റാന്‍ഡേര്‍ഡ് കാറുവാങ്ങി മുറ്റത്തിടുന്നതു കണ്ടിട്ടില്ലേ?

പക്ഷെ ഞാന്‍ കടലാസുമാത്രം അല്ല പൂഴ്ത്തുന്നത്. എഴുതാനായി പാര്‍ക്കര്‍ പേനയോ മോണ്‍സ് ബ്ലാങ്ക് റൈററ്റിംഗ് ഇന്‍സ്ട്രുമെന്റോ എന്തിന് അഞ്ചുരൂപയുടെ റീഫില്‍ പേനയോ ഉപയോഗിക്കാമെങ്കിലും ഞാന്‍ മഷി തീര്‍ന്നാല്‍ എറിഞ്ഞു കളയേണ്ട ലിക്വിഡ് ജെല്‍ പേനയാണ് ഉപയോഗിക്കുന്നത്. രണ്ടോ മൂന്നോ ലേഖനം എഴുതുമ്പോള്‍ അത് തീര്‍ന്നുപോകും. ഞാന്‍ പേനകളും സൂക്ഷിച്ചുവെക്കും. മലയാളത്തിന്റെ പുളുക്കഥാകാരന്റെ പേനക്കും പില്‍ക്കാലത്ത് ഡിമാന്റുവരും എന്നാണെന്റെ പ്രതീക്ഷ. അപ്പോള്‍ ആകപ്പാടെ ഒരു പേന മാത്രം ബാക്കി വെച്ചിട്ടുപോയാല്‍ പിള്ളേര്‍ക്ക് നഷ്ടമല്ലേ?

'അതല്പം ചീപ്പ് പരിപാടിയല്ലേ സാറേ..?'

സംഗതി ചീപ്പാണെങ്കിലും ഇതു ചെയ്യുന്ന ആദ്യത്തെ ആളൊന്നും അല്ല ഞാന്‍. അമേരിക്കയില്‍ ചരിത്ര പ്രാധാന്യമുള്ള നിയമങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ അതില്‍ പ്രസിഡന്റ് ഒപ്പിടുന്ന പേനക്ക് നല്ല ഡിമാന്റ് ആണ്. എന്നാല്‍ പ്രാധാന്യമുള്ള നിയമങ്ങള്‍ അത്രമാത്രം ഉണ്ടാകുന്നുമില്ല. അതുകൊണ്ടു ചരിത്ര പ്രാധാന്യമുണ്ടാകുമെന്നു സംശയമുള്ള നിയമങ്ങള്‍ മുന്‍പില്‍ കിട്ടിയാല്‍ പ്രസിഡന്റുമാര്‍ ഒരു ഡസന്‍പേനയും വെച്ചിട്ടാണ് ഒപ്പിടാന്‍ തുടങ്ങുന്നത്. ഈ പ്രസിഡന്റിന്റെ കാലത്തെ ഹെല്‍ത്ത് കെയര്‍ ബില്ലില്‍ ചുമ്മാ ബറാക് ഒബാമ എന്നൊന്നു എഴുതി ഒപ്പിടാന്‍ അദ്ദേഹം ഇരുപത്തിരണ്ട് പേനകള്‍ ഉപയോഗിച്ചു. അതുതന്നെ റെക്കോര്‍ഡ് ഒന്നും അല്ല. സിവില്‍ റൈറ്റ്‌സ് ബില്‍ ഒപ്പിടാന്‍ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലില്‍ പ്രസിഡന്റ് ലിന്റന്‍ ജോണ്‍സണ്‍ എഴുപത്തഞ്ച് പേനകള്‍ ഉപയോഗിച്ചത്രെ. എന്നിട്ടീ ചരിത്രപേനയെല്ലാം ബില്ലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നാടുകാണാന്‍ വരുന്ന രാജാക്കന്‍മാര്‍ക്കും ഒക്കെ വീതിച്ചുകൊടുക്കും ബാക്കിയുണ്ടെങ്കില്‍ മ്യൂസിയത്തിലും വെക്കും. ഏതാണെങ്കിലും അത്ര തറപ്പണി ഞാന്‍ കാണിക്കുന്നില്ലല്ലോ.

'അതൊക്കെ പോട്ടെ ഈ ദൈവകണത്തെപ്പറ്റി ചേട്ടന്റെ ഒരു അഭിപ്രായം പറഞ്ഞില്ലല്ലോ...?'

'എന്റെ മോനെ ഫെയിന്‍മാനും സന്തോഷും ഒക്കെ പറഞ്ഞപോലെ എനിക്കിതൊരു കുന്തവും മനസ്സിലായില്ല. വാസ്തവത്തില്‍ ദൈവകണം എന്ന പൈങ്കിളി പേരിട്ടില്ലായിരുന്നെങ്കില്‍ ഈ കാര്യങ്ങള്‍ മനസ്സിലാകുന്ന ലോകത്തെ പത്തോ നൂറോ ആളുകളുടെ ഇടയില്‍ മാത്രം ചര്‍ച്ചാവിഷയമായി ഇതു നിന്നേനെ...'

'അപ്പോള്‍ സാറിനും മനസ്സിലാകാത്ത കാര്യങ്ങള്‍ ഉണ്ട്. മാതൃഭൂമിയിലെ എഴുത്ത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, താങ്കള്‍ ഒരു സര്‍വ്വകഥാവല്ലഭന്‍ ആണെന്ന്. സംശയം ഉണ്ടെങ്കില്‍ അല്പം ഇന്റര്‍നെറ്റില്‍ നിന്നും ചുരണ്ടാമല്ലോ..'

'ഏത് ഇന്റര്‍നെറ്റ് നോക്കിയാലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉണ്ട്്...'

'ഒരുദാഹരണം പറയൂ..'

'ഭൂലോകസുന്ദരിയായ ഡയാന രാജകുമാരിയെ ഭാര്യയായി കിട്ടിയിട്ടും ചാള്‍സ് രാജകുമാരന്‍ എന്തിന് ഭര്‍തൃമതിയായ കാമില്ലയുടെ പുറകേ പോയി...?'

ദൈവകണത്തെപ്പറ്റി ഒന്നും പറയാനില്ലെങ്കിലും ദൈവകണവാര്‍ത്തകളേയും ചര്‍ച്ചകളേയും പറ്റി ചിലത് പറയാതെ വയ്യ.

ദൈവകണം കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നതും എല്ലാം ഇവിടെ ജനീവയില്‍ ആണെന്നറിയാമല്ലോ. ഫ്രാന്‍സിലും സ്വിറ്റ് സര്‍ലാന്‍ഡിലും ആയിട്ടാണ് ഏന്‍ജല്‍സ് ആന്റ് ഡെമണ്‍സ് എന്ന നോവലില്‍കൂടി പ്രശസ്തമായ സേര്‍ണ് പരീക്ഷണശാല സ്ഥിതി ചെയ്യുന്നത്. എന്നാലും പരീക്ഷണഫലങ്ങള്‍ വിശദീകരിച്ചു കഴിഞ്ഞ് രണ്ടു ദിവസത്തിനകം ഇവിടത്തെ പത്രങ്ങളില്‍ ദൈവത്തിന്റെ കണം പോലും ഇല്ല കണ്ടുപിടിക്കാന്‍. നാട്ടിലാകട്ടെ ഫിസിക്‌സ് പ്രൊഫസര്‍മാരും യുക്തിവാദികളും തൊട്ട് മതപുരോഹിതന്‍മാരും എന്തിനേയും പറ്റി അഭിപ്രായം പറയുന്ന ഫുള്‍ടൈം വിദഗ്ദന്‍മാര്‍ വരെ വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി ദൈവകണത്തെ അരിഞ്ഞുവീഴ്ത്തുകയാണ്.

പൊതുജനത്തിന് വലിയ അറിവില്ലാത്തതും വാസ്തവത്തില്‍ അത്ര അറിഞ്ഞിരിക്കേണ്ടതും അല്ലാത്ത കാര്യത്തെപ്പറ്റി സെന്‍സേഷണല്‍ ആയ വാര്‍ത്തകള്‍ മാസങ്ങളോളം കൊണ്ടു നടക്കുന്നത് നമ്മുടെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആണ്. എന്റെ ചെറുപ്പകാലത്ത് സ്‌കൈലാബ് വീഴുന്നു എന്നൊരു വാര്‍ത്ത മാസങ്ങളോളം ഞങ്ങളെ പേടിപ്പിച്ചു. ദൈനോസോറുകളെ ഉന്‍മൂലനം ചെയ്തു എന്നു പറയപ്പെടുന്ന ഉല്‍ക്കയുടെ പതനമോ പ്രപഞ്ചാവസാന കാരണമായേക്കാവുന്ന പ്രളയമോ ഒക്കെപ്പോലെ എന്തോ ആണെന്നാണ് അന്നു ഞങ്ങള്‍ അതിനെപ്പറ്റി വിശ്വസിച്ചത്. രാത്രിയോ പകലോ സ്‌കൂളില്‍ പോകുമ്പോഴോ കിടന്നുറങ്ങുമ്പോഴോ മരണം സ്‌കൈലാബായി മലയാളികളുടെ മുകളില്‍ പെയ്തിറങ്ങും എന്നു പേടിച്ച് ഞങ്ങളുടെ ഉറക്കം വരെ നഷ്ടപ്പെട്ടു. എന്നിട്ട് മല പോലെ വന്നത് എലിപോലെ പോയി എന്നതു പോട്ടെ ഇപ്പോള്‍ അതിനെപ്പറ്റി ആധികാരികമായി വായിക്കുമ്പോള്‍ അഥവാ ആ കുന്തം വെങ്ങോലയില്‍ വന്നു ചാടിയാല്‍ തന്നെ ഒരു ദിവസം കേരളത്തില്‍ മുങ്ങിമരിക്കുന്ന ആളുകളുടെ അത്രയും നാശം അതുണ്ടാക്കുമായിരുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു. അപ്പോള്‍ ഈ സ്‌കൈലാബിന്റെ പുറകേ നടത്തിയ പത്രഗവേഷണവും ലേഖന പരമ്പരയും ഒക്കെ സുരക്ഷയെപ്പറ്റിയോ അതുപോലെ നമ്മുടെ സമൂഹത്തെ വാസ്തവത്തില്‍ ബാധിക്കുന്ന വിഷയത്തെപ്പറ്റിയോ നടത്തിയിരുന്നെങ്കില്‍ എന്തു നന്നായേനേ?

ഏതാണെങ്കിലും ദൈവകണം പത്രത്തിലും ടിവിയിലും ആളുകളുടെ മനസ്സിലും നിറഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ട് ശാസ്ത്രഗവേഷണത്തെപ്പറ്റി തുമ്മാരുകുടി ചിന്തകള്‍ കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

ദൈവഗവേഷണങ്ങള്‍ നടത്തിയ സേര്‍ണ് ജനീവക്കടുത്താണെന്നു പറഞ്ഞുവല്ലോ. യൂറോപ്പിലെ ഒരു ഡസന്‍ രാജ്യങ്ങള്‍ കൂടി ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ തുടക്കമിട്ടതാണ് ഈ പ്രസ്ഥാനം. രണ്ടാം ലോകമഹായുദ്ധം എല്ലാം കഴിഞ്ഞ് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടെ കൈയ്യില്‍ കാശു കമ്മിയായതിനാലും പഴയ ശത്രുക്കള്‍ ന്യൂക്ലിയര്‍ ഗവേഷണം ഒറ്റക്കു നടത്തുന്നതില്‍ പരസ്പരമുള്ള സംശയം കാരണവും ഒക്കെയാണ് കൂട്ടായിത്തന്നെ ഈ പരിപാടി നടത്താം എന്ന് അവര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആയിരക്കണക്കിന് സ്ഥിരം ശാസ്ത്രജ്ഞന്‍മാരും പതിനായിരത്തിലധികം സന്ദര്‍ശകശാസ്ത്രജ്ഞന്‍മാരും ഒക്കെയുള്ള ഒരു സ്ഥാപനമാണിത്. ലോകം എമ്പാടും ഉള്ള ശാസ്ത്രസ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ആയി സേണിന് നെറ്റ് വര്‍ക്കും ഉണ്ട്. ഇവരെയെല്ലാം ഒരുമിച്ചു കൂട്ടാനും വിവരം പങ്കുവെക്കാനും വേണ്ടി ഇവിടെ തുടങ്ങിയ പദ്ധതിയാണ് പില്‍ക്കാലത്ത്. ലോകത്തെ പതിനൊന്നാമത്തെ അവതാരമായി മാറിയ വേള്‍ഡ് വൈഡ് വെബ് എന്ന് ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഇരുപതിലധികം യൂറോപ്യന്‍ രാജ്യങ്ങള്‍ ആണി സേണിന് ധനസഹായം കൊടുക്കുന്നത്. അതു നന്നായി. കാരണം അവിടുത്തെ ഗവേണങ്ങള്‍ക്ക് ചിലതിനെങ്കിലും ഭയങ്കര ചിലവാണ്. ഈ ദൈവകണ ഗവേഷണം നടത്താനുപയോഗിച്ച ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറിന്റെ മാത്രം ചിലവ് മുപ്പതിനായിരും കോടിയിലധികം വരും. ഇന്ത്യയുടെ മൊത്തം ശാസ്ത്ര സാങ്കേതിക ബഡ്ജറ്റിനും കേരള ഗവണ്‍മെന്റിന്റെ വാര്‍ഷിക പ്ലാനിനും ഒക്കെ അടുത്തുവരും ഇത്.

നമ്മള്‍ ശ്രദ്ധിച്ചുമനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഇത്. സിംപിള്‍ പെന്‍ഡുലം ആട്ടിയും ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ പോയിരുന്നും പേറ്റന്റ് ഓഫീസില്‍ ഇരുന്നും ഒക്കെ ഗവേഷണം നടത്തി സൂപ്പര്‍ തിയറികള്‍ ഉണ്ടാക്കാന്‍ ഇനിയുള്ള കാലത്ത് ബുദ്ധിമുട്ടാണ്. ധാരാളം ശാസ്ത്രജ്ഞന്‍മാരെ ഒരുമിച്ച് കൂട്ടി ആവശ്യമായ സൗകര്യങ്ങള്‍ വര്‍ഷങ്ങളോളം എന്തിന് പതിറ്റാണ്ടുകളോളം കൊടുക്കുമ്പോഴാണ് നല്ല ഗവേഷണശാലകളും ഗവേഷണഫലങ്ങളും ഉണ്ടാകുന്നത്. നമ്മുടെ നാട്ടില്‍ തന്നെ ന്യൂക്ലിയര്‍ ഗവേഷണരംഗത്തും സ്‌പേസ് റിസര്‍ച്ചിലുമാണ് ഗവണ്‍മെന്റ് ഇങ്ങനെ ലോഭമില്ലാതെയും സ്ഥിരതയോടെയും പണം ചിലവാക്കിയത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഈ രംഗത്ത് ഉണ്ടാക്കിയതും.

എന്നാല്‍ ഇത് ഇന്ത്യയിലെ ഗവേഷണരംഗത്തെ ഒരു എക്‌സെപ്ഷന്‍ ആണ്. നാഗ്പൂരിലെ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (നീരി) ഒരു ശാസ്ത്രജ്ഞന്‍ ആയാണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയിലെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ നാല്പത്തിരണ്ടു ഗവേഷണശാലകളില്‍ ഒന്നായിരുന്നു അത്. ഏതെങ്കിലും ഒരു പരീക്ഷണപദ്ധതി സമര്‍പ്പിച്ചാല്‍ വര്‍ഷങ്ങളോളം കഴിഞ്ഞാണ് അതിന് മറുപടി കിട്ടുന്നത്. തൊണ്ണൂറുശതമാനം അത് പൈസ ഇല്ല എന്നതായിരിക്കുകയും ചെയ്യും. അപ്പോഴേക്കും കാശുള്ള ലോകത്തെ ഗവേഷണസ്ഥാപനങ്ങളില്‍ ആ ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിച്ചിരിക്കും. പിന്നെ നിലനില്‍പിന് വേണ്ടി ചില തട്ടിക്കൂട്ടുഗവേഷണം എല്ലാം നടത്തി വല്ലപ്പോഴും ഒക്കെ ഒന്നു പബ്ലിഷ് ചെയ്തും ഒരു കോണ്‍ഫറന്‍സ് നടത്തിയും ഒക്കെയാണ് ഞങ്ങള്‍ മുഖം രക്ഷിച്ചിരുന്നത്. ഇത് ശാസ്ത്രജ്ഞന്‍മാരുടെ കഴിവു കുറവുകൊണ്ടൊന്നും അല്ല. ഐ.എസ്.ആര്‍.ഒ.യിലും ബി.എ.ആര്‍ സിയിലും ഒക്കെ ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ ക്ലാസ് മേറ്റുകള്‍ ആയിരുന്നു. ഭൗതിക സാഹചര്യങ്ങളുടെ അഭാവം തന്നെയാണ് വിവിധ ഗവേഷണശാലകളില്‍ പല നിലവാരം വരാന്‍ കാരണം.

ലോകത്തിലെ ഒരു രാജ്യത്തിനും ശാസ്ത്രലോകത്തെ എല്ലാ വിഷയങ്ങളെപ്പറ്റിയും ഗവേഷണം നടത്താന്‍ ഗവേഷണശാലകള്‍ ഉണ്ടാക്കി അതിനുവേണ്ടി പണം വാരിക്കോരി ചിലവഴിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗവേഷണം ആഗോളീകരിക്കപ്പെട്ട ഇക്കാലത്ത് ഞങ്ങള്‍ ഡെവലപ്പിംഗ് കണ്‍ട്രി ആണ് എന്നതുകൊണ്ടു മാത്രം ഗവേഷണഫലങ്ങളുടെ നിലവാരത്തില്‍ സൗജന്യങ്ങള്‍ ആരും അനുവദിച്ചുതരികയും ഇല്ല. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് നമുക്ക് പ്രധാനമായതോ കംപാരറ്റീവ് അഡ്‌വാന്റേജ് ഉള്ളതോ ആയ ചില വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. അല്ലെങ്കില്‍ മറ്റു രാജ്യങ്ങളും ആയി കൂട്ടുകൂടി ആവശ്യത്തിന് പണം സ്വരൂപിക്കുക.

ഒരുദാഹരണം പറയാം. ലോകത്തില്‍ ഏറ്റവും പോത്തുകള്‍ ഉള്ള രാജ്യം ആണ് ഇന്ത്യ (നാലു കാലുള്ളതുമാത്രം കൂട്ടിയാലും ഇത് ശരിയാണ്). അതുകൊണ്ടു തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ അറുപത് ഗവേഷണസ്ഥാപനങ്ങളില്‍ ഒന്ന് പോത്തുഗവേഷണത്തിനാണ്. ഹരിയാനയിലെ മുഖ്യകാമ്പസിലെതുള്‍പ്പെടെ ആയിരത്തിലധികം ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന ഈ സ്ഥാപനത്തില്‍ നാല്പതോളം ശാസ്ത്രജ്ഞന്‍മാരും ആയിരത്തോളം പോത്തുകളും ഉണ്ട്.

ഇന്നത്തെ ചിന്താവിഷയം ഇതാണ്. ഞാനീ പറയുന്നതുവരെ നമ്മുടെ കേന്ദ്രീയ പോത്തുഗവേഷണ കേന്ദ്രത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ?

'അതിന് ചേട്ടന്റെ പോലെ വ്യക്തിതാല്പര്യം ഞങ്ങള്‍ക്ക് ആ വിഷയത്തില്‍ ഇല്ലല്ലോ..'
'ഹ.. ഹ.. തമാശ..'

സത്യം അതല്ല പോത്തു ഗവേഷണശാല തുടങ്ങി അതൊരു വഴിക്കാവുന്നതിനുമുന്‍പ് നാം മോളിക്കുലര്‍ ബയോളജി ഗവേഷണത്തിന് സ്ഥാപനം തുടങ്ങും അതൊന്നു പച്ച പിടിക്കുന്നതിനുമുന്‍പ് നാനോടെക്‌നോളജിയുടെ പുറമേ പോകും.

പത്തു സ്ഥലത്ത് ഒരു മീറ്റര്‍ കുഴിക്കുന്നതിലും വെള്ളം കിട്ടാന്‍ സാധ്യത ഒരു സ്ഥലത്ത് പത്ത് മീറ്റര്‍ കുഴിക്കുന്നതാണെന്ന പഞ്ചതന്ത്രവിജ്ഞാനം ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ എന്ന പോലെ പോത്തു ഗവേഷണത്തിനും ബാധകമാണ്.

കേന്ദ്രീയ പോത്തു ഗവേഷണശാലയെപ്പററി കൂടുതല്‍ അറിയണമെന്നുള്ളവര്‍ http://www.cirb.res.in/ക്ലിക്ക് ചെയ്യുക.

No comments:

Post a Comment