Wednesday, 10 October 2012

മലാല യൂസഫ്‌സായിക്കു വെടിയേറ്റു
Text Size:   
സ്വാത്‌: സ്വാത്‌ താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തക മലാല യൂസഫ്‌സായിക്ക്‌(14) വെടിയേറ്റ്‌ ഗുരുതര പരുക്ക്‌.

വടക്ക്‌ പടിഞ്ഞാറ്‌ പാകിസ്‌താനിലെ സ്വാതിലെ പ്രധാന നഗരമായ മിംഗോരയിലെ സ്‌കൂളില്‍നിന്നും വീട്ടിലേക്കു മടങ്ങും വഴിയാണ്‌ വെടിയേറ്റത്‌. സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ക്കു നേരെ അജ്‌ഞാതനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്‌ പോലീസ്‌ ഭാഷ്യം.

സ്‌കൂള്‍ വാന്‍ തടഞ്ഞുനിര്‍ത്തിയശേഷം മലാലയുടെ പേര്‌ ചോദിച്ചു തിരിച്ചറിഞ്ഞ്‌ വെടിവെയ്‌ക്കുകയായിരുന്നുവെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

മലാലയുടെ തലയ്‌ക്കും കഴുത്തിനും വെടിയേറ്റെന്നും അപകടനില തരണം ചെയ്‌തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. മലാലയുടെ സഹപാഠിക്കും പരുക്കേറ്റു.

താലിബാന്‍ ഭരണം മൂലം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച്‌ 2009-ല്‍ ബി.ബി.സി. ഉറുദുവില്‍ എഴുതിയ ഡയറിക്കുറിപ്പുകളാണ്‌ മലാല യൂസഫ്‌സായിയെ ലോകപ്രശസ്‌തയാക്കിയത്‌. തുടര്‍ന്ന്‌ സമാധാനത്തിനുള്ള രാജ്യാന്തര പുരസ്‌കാരത്തിനു മലാലയെ നാമനിര്‍ദേശം ചെയ്‌തിരുന്നു.

പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന താലിബാന്റെ ക്രൂരത പുറംലോകം അറിയുന്നത്‌ ഈ ഡയറിക്കുറിപ്പുകളിലൂടെയാണ്‌. ബി.ബി.സിയില്‍ ഗുല്‍ മകായ്‌ എന്ന തൂലികാനാമത്തിലാണ്‌ ബ്ലോഗ്‌ എഴുതിയിരുന്നത്‌. പതിനൊന്നാം വയസിലാണ്‌ മലാല ബ്ലോഗ്‌ എഴുതിത്തുടങ്ങിയത്‌.

No comments:

Post a Comment