Tuesday, 30 October 2012


സാന്‍ഡി ചുഴലിക്കൊടുങ്കാറ്റ്: സഹായത്തിന് ഗൂഗിളും
Posted on: 29 Oct 2012



യു.എസിലെ ഏറ്റവും ജനസാന്ദ്രതയേറിയ കിഴക്കന്‍ പ്രദേശം സാന്‍ഡി ചുഴലിക്കൊടുങ്കാറ്റിന്റെ ഭീഷണിയിലായതോടെ, പ്രദേശവാസികളെ സഹായിക്കാന്‍ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളും രംഗത്തെത്തി.

ചുഴലിക്കൊടുങ്കാറ്റിന്റെ പാതയും പ്രാദേശിക ദുരിതാശ്വാസകേന്ദ്രങ്ങളും സംബന്ധിച്ച് അപ്പപ്പോള്‍ വിവരം നല്‍കുന്ന ഇന്ററാക്ടീവ് മാപ്‌സ് ആണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസകേന്ദ്രങ്ങളെക്കുറിച്ച് റെഡ് ക്രോസ് നല്‍കുന്ന വിവരങ്ങളാണ് മാപ്‌സിലുള്ളത്.

ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ തീരത്തോട് അടുത്തതോടെ, ന്യൂയോര്‍ക്കില്‍ നിന്ന് ആയിരങ്ങളോട് വീടുവിട്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ 76 സ്‌കൂളുകള്‍ അഭയകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്.

പടിഞ്ഞാറ്, വടക്ക് ദിക്കുകളിലെ തണുത്ത കാലാവസ്ഥയുടെ സ്വാധീനഫലമായി സാന്‍ഡി ഒരു സൂപ്പര്‍ ചുഴലിക്കൊടുങ്കാറ്റായി മാറാമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞയാഴ്ച കരീബിയന്‍ മേഖലയില്‍ 60 പേരുടെ ജീവഹാനിക്ക് സാന്‍ഡി കാരണമായി.

യു.എസ്.ഇലക്ഷന് എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ, തിരഞ്ഞെടുപ്പ് പ്രചാരണവും സാന്‍ഡി ചുഴലിക്കൊടുങ്കാറ്റ് മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.

നിലവില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് സാന്‍ഡി ചുഴലിക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. തണുത്ത കാലാവസ്ഥയുടെയും ഉഷ്ണമേഖലയുടെയും സ്വാധീനംകൊണ്ട് അതിന്റെ ശക്തി വളരെയേറെ വര്‍ധിക്കാമെന്ന് നാഷണല്‍ ഹറിക്കേന്‍ സെന്റര്‍ പറയുന്നു.

ഏതാണ്ട് 835 കിലോമീറ്റര്‍ വിസ്താരത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് ഇപ്പോഴുള്ളത്. സാവധാനം വടക്കു-പടിഞ്ഞാറ് ദിശയിലേക്ക് അത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 12 സംസ്ഥാനങ്ങളില്‍ സാന്‍ഡി ദുരിതം വിതച്ചേക്കാമെന്നാണ് സൂചന.

ആ പ്രദേശത്ത് 25 സെന്റീമീറ്റര്‍ മഴയും, 60 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയുമാണ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതിശക്തമായ കാറ്റും മഴയും മൂലം പലയിടത്തും വൈദ്യുതിബന്ധം തകരാറിലാകാനും സാധ്യതയുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ചുഴിക്കൊടുങ്കാറ്റിന്റെ ദിശയും മറ്റ് വിവരങ്ങളും തത്സമയം നല്‍കുന്ന ഇന്ററാക്ടീവ് മാപ്‌സ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍പറഞ്ഞു.

യു.എസ്.നേവല്‍ റിസര്‍ച്ച് ലബോറട്ടറി, നാഷണല്‍ ഹറിക്കേന്‍ സെന്റര്‍, യു.എസ്.കാലാവസ്ഥാ വെബ്‌സൈറ്റായ weather.comയു.എസ്.ജിയോളജിക്കല്‍ സര്‍വെ, റെഡ്‌ക്രോസ് എന്നിവയില്‍നിന്നുള്ള വിവരങ്ങളാണ് ഗൂഗിളിന്റെ 'ക്രൈസിസ് മാപ്‌സി'ല്‍സമ്മേളിക്കുന്നത്.

ചുഴലിക്കൊടുങ്കാറ്റ് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നെക്‌സസ് 4 സ്മാര്‍ട്ട്‌ഫോണ്‍ (Nexus 4 smartphone), ആന്‍ഡ്രോയിഡിന്റെ പുതിയ ജല്ലി ബീന്‍ വെര്‍ഷനും പുറത്തിറക്കുന്ന ചടങ്ങ് ഗൂഗിള്‍ റദ്ദാക്കുകയും ചെയ്തു.

ഗൂഗിള്‍ മാത്രമല്ല, ന്യൂയോര്‍ക്ക് കേന്ദ്രമായി നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രോഗ്രാമുകള്‍ ഫെയ്‌സ്ബുക്കും മാറ്റിവെച്ചു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പത്രം അതിന്റെ വെബ്‌സൈറ്റിലെ പേമെന്റ് സംവിധാനം ഒരു ദിവസത്തേക്ക് ഒഴിവാക്കി. സാധാരണഗതിയില്‍ ജേര്‍ണലിന്റെ വെബ്‌സൈറ്റ് ഒരാഴ്ച ഉപയോഗിക്കാന്‍ 4.99 ഡോളര്‍ നല്‍കണം.

ന്യൂയോര്‍ക്ക് ടൈംസും അതിന്റെ വെബ്‌സൈറ്റിലെ പേവാള്‍ (paywall) ഞായറാഴ്ച വൈകുന്നേരം ഒഴിവാക്കി.

ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട ആശങ്കകളും വിവരങ്ങള്‍ ആയിരങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ പങ്കിടുന്നുണ്ട്. പരമ്പരാഗത മാധ്യമങ്ങളുടെ സൈറ്റിലേതിനെക്കാള്‍ പുതിയ വിവരങ്ങള്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമാണ് പ്രത്യക്ഷപ്പെടുന്നത്.

No comments:

Post a Comment