Wednesday, 10 October 2012

പഴകിയ ചിക്കനും ചപ്പാത്തിയും പിടിച്ചു താക്കീത് ചെയ്തു
Posted on: Wednesday, 10 October 2012


തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം പരിശോധന തുടങ്ങി. ഇന്ന് രാവിലെ തുടങ്ങിയ പരിശോധനയിൽ പേട്ടയിലെ കെപ്കോ റെസ്റ്റോറന്റിൽ നിന്ന് പഴകിയ ചിക്കൻ, പെറോട്ട, ചപ്പാത്തി എന്നിവ പിടികൂടി. റെസ്റ്റോറന്റിലെ അടുക്കളയിൽ ശുചിത്വക്കുറവും ഈച്ചശല്യവും കണ്ടെത്തി.

കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ ബിജുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. ചിക്കനിൽ പുളിച്ച നാറ്റമുണ്ടായിരുന്നുവെന്ന് സ്ക്വാഡ് അംഗങ്ങൾ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളിൽ ഇതെല്ലാം ശരിയാക്കണമെന്ന താക്കീത് നോട്ടീസ് കെപ്കോയ്ക്ക് നൽകി. ഇതടക്കം നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ സ്ക്വാഡ് പരിശോധന നടത്തി.

ബേക്കറി ജംഗ്ഷനടുത്തെ ഒരു തട്ടുകടയിൽ എവിടെ നിന്ന് വാങ്ങിയെന്ന് അറിയാത്ത, ബില്ലില്ലാത്ത ബിഫ് പിടികൂടി. ചാക്ക ബൈപ്പാസിലെ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഇവർക്കെല്ലാം താക്കീത് നോട്ടീസ് നൽകി. പേട്ട റെയിൽവേ സ്റ്റേഷനടുത്തെ ഒരു ഹോട്ടലിന്റെ പേട്ടയിലെ അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് അടുക്കള അടച്ചുപൂട്ടാനുള്ള നോട്ടീസ് നൽകി.സ്റ്റാച്യുവിലെ ത്രിവേണി റെസ്റ്റോറന്റിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം കെ.എഫ്.സി ചിക്കനിൽ പുഴു കണ്ടെത്തിയതിനെ തുടർന്നാണ് കോർപ്പറേഷൻ ഹെൽത്ത് വിഭാഗം പരിശോധന നടത്തിയത്. ഒരുമാസത്തിലേറെയായി കോർപ്പറേഷൻ കേന്ദ്രീകൃത സ്ക്വാഡ് പരിശോധന നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇന്നാണ് അത് പുനരാരംഭിച്ചത്. 

No comments:

Post a Comment