Monday, 22 October 2012

സൈജു റോക്ക്സ്



'ട്രിവാൻഡ്രം ലോഡ്‌ജ്' കണ്ടവരാരും ഷിബു വെള്ളായണി എന്ന കഥാപാത്രത്തെ മറക്കില്ല. സിനിമയെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങൾ ഉയരുന്പോഴും ഷിബു വെള്ളായണി എന്ന കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളൂ, `സൈജു കുറുപ്പ് കലക്കി '. സിനിമ റിലീസായി ഒരു മാസമാകുന്പോഴും സൈജുവിന്റെ ഫോണിന് വിശ്രമമില്ല. ഷിബു വെള്ളായണി എന്ന കഥാപാത്രത്തിന് ലഭിക്കുന്ന അനുമോദനങ്ങളുടെ നടുവിലാണ് സൈജു ഇപ്പോഴും. ഈ വിജയം സൈജുവിനും അപ്രതീക്ഷിതം. കരിയറിൽ ബ്രേക്കായി മാറിയ കഥാപാത്രത്തെക്കുറിച്ച് സൈജു കുറുപ്പ് സംസാരിക്കുന്നു.

ട്രിവാൻഡ്രം ലോഡ്‌ജിലെ കഥാപാത്രം തേടിയെത്തിയത്?

`ഡബിൾസ്' എന്ന സിനിമയ്‌ക്ക് ശേഷം അറിഞ്ഞോ അറിയാതെയോ ഞാൻ സിനിമയിൽ ഒരു വർഷത്തെ ബ്രേക്ക് എടുത്തിരുന്നു. നല്ല കഥാപാത്രങ്ങൾ കിട്ടാത്തതുകൊണ്ടുതന്നെയാണ് ബ്രേക്ക് എടുത്തത്. ഡബിൾസിലെ എന്റെ കാരക്ടറിനെപ്പറ്റി പ്രേക്ഷകർക്ക് നല്ല അഭിപ്രായമായിരുന്നു. പക്ഷേ സിനിമ വിജയിച്ചില്ല. ഈ ഗ്യാപ്പിനിടയിൽ തമിഴിൽ ജയം രവി നായകനായ `ആദി ഭഗവാൻ' എന്ന സിനിമയിലും അഭിനയിച്ചു തുടങ്ങി. ഇതിനിടയിൽ ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചു. പക്ഷേ പത്ത് പതിനഞ്ച് സിനിമകളുടെ ഓഫറുകൾ വന്നിട്ടും അത് വേണ്ടാ വേണ്ടാന്നു പറഞ്ഞിരിക്കുകയായിരുന്നു. ഒരു വർഷത്തെ ബ്രേക്ക് എടുത്തിട്ട് തിരിച്ചു വരുന്പോൾ അതൊരു നല്ല സിനിമ തന്നെയായിരിക്കണം എന്നുണ്ടായിരുന്നു. നല്ല സിനിമയായിരിക്കുമോ, പടം ഓടുമോ ഇല്ലയോ എന്നൊന്നും നമ്മുക്ക് പറയാൻ കഴിയില്ലല്ലോ. പക്ഷേ ദൈവം എന്റെ കൂടെയായിരുന്നു. വി.കെ. പിയും അനൂപ് മേനോനും ഒക്കെ എന്നെ സപ്പോർട്ട് ചെയ്തു. `ട്രിവാൻഡ്രം ലോഡ്ജി' ന്റെ കാര്യം പറഞ്ഞ് ആദ്യം വിളിക്കുന്നത് വികെപി ആണ്. വി.കെ. പി വിളിച്ചിട്ട് `ബ്യൂട്ടിഫുൾ' ടീമിനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യാൻ പോകുകയാണ്, നല്ലൊരു സബ്‌ജക്‌ടാണത്. ലോ‌ഡ്ജിലെ കുറെ കഥാപാത്രങ്ങളുടെ കഥ. നിന്റെ കഥാപാത്രം ഒരു ഫിലിം ജേർണലിസ്റ്റിന്റെതാണെന്ന് പറഞ്ഞു. വി.കെ. പ്രകാശിനൊപ്പം ഇതിന് മുമ്പ് ഞാൻ മൂന്ന് ആഡ് ഫിലിം ചെയ്‌തിട്ടുണ്ട്. അന്നേ വി.കെ.പി ചോദിക്കുമായിരുന്നു, എടാ നീ ഇത്ര നന്നായി പെർഫോം ചെയ്‌തിട്ടും നിനക്കെന്താണ് നല്ല കാരക്ടർ ഒന്നും കിട്ടാത്തതെന്ന്. നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട്, പക്ഷേ അതൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതാണെന്ന് ഞാൻ മറുപടിയും പറയുമായിരുന്നു. അതുകൊണ്ടാണ് വി.കെ.പി `കർമ്മയോഗി'യിൽ നല്ലൊരു റോളിൽ എന്നെ കാസ്‌റ്റ് ചെയ്‌തത്. പക്ഷേ ആ സിനിമയും ബോക്സ് ഓഫീസിൽ ഒരു ചലനവും സൃഷ്‌ടിച്ചില്ല.

ഫിലിം ജേ‌ർണലിസ്റ്റ് എന്ന് കേട്ടപ്പോൾ?

ഞാൻ ഉദ്ദേശിച്ചത് പക്കാ ഫിലിം ജോർണലിസ്റ്റ് ഉണ്ടല്ലോ, സാധാരണ വളരെ പോളിഷ്ഡായിട്ടുള്ള ഒരു ജേർണലിസ്റ്റ്, അയാൾ ചിലപ്പോൾ കണ്ണട വയ്ക്കുമായിരിക്കും, അയാൾ വളരെ ഇൻഡലക്ച്വലായിരിക്കും എന്നൊക്കെയായിരുന്നു എന്റെ മനസിൽ. വികെപി വിളിച്ച് രണ്ട് ദിവസം കഴി‌ഞ്ഞപ്പോൾ അനൂപ് മേനോൻ വിളിച്ചു, എടാ, ഈ കഥാപാത്രം ഇങ്ങനെയൊക്കെയാണ്, ഇത് നിന്റെ മൂവി കരിയറിൽ ഒരു മൈൽസ്‌റ്റോൺ തന്നെയായിരിക്കും എന്നു പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. വികെപിയുടെയും അനൂപിന്റെയും സപ്പോർട്ടിൽ, ഇതു തന്നെയാണ് എന്റെ കംബാക്ക് സിനിമ എന്ന് വിശ്വസിച്ചുകൊണ്ട് ഞാനിത് കമ്മിറ്റ് ചെയ്യുകയായിരുന്നു.

പ്രതീക്ഷ തെറ്റിയില്ല?

അതേ, ഷൂട്ടിംഗ് നടക്കുന്പോൾ തന്നെ ആളുകൾ പറയുമായിരുന്നു ഷിബു വെള്ളായണി സ്‌കോർ ചെയ്യുമെന്നൊക്കെ. പക്ഷേ നമ്മൾ തന്നെ ചെയ്യുന്പോൾ നമ്മുക്കൊരു ജഡ്ജ്‌മെന്റ് കിട്ടില്ലല്ലോ, ഇത് ഓഡിയൻസ് എങ്ങനെ എടുക്കുമെന്നൊക്കെ. പക്ഷേ പടം റിലീസായി കഴിഞ്ഞപ്പോൾ എന്റെ ആറുവർഷത്തെ മൂവി കരിയറിൽ ഇതുവരെയും കിട്ടാത്ത റെസ്‌പോൺസാണ് ലഭിച്ചത്. ഇത്രയും ഫോൺകാളും ഫേസ്‌ബുക്കിൽ മെസേജസും എസ്.എം.എസ് വഴിയുമൊക്കെ പ്രേക്ഷകർ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഭയങ്കര എക്‌സൈറ്റ്മെന്റ് ഫീൽ ചെയ്‌തു. പടം റിലീസായി ഇത്ര ദിവസം പിന്നിട്ടിട്ടും ഇപ്പോഴും ഫോൺകാളുകൾ വരികയാണ്. പടത്തെക്കുറിച്ചും, എന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങളുമായി. ഫേസ്ബുക്കിലെ എന്റെ മെസേജ് ഇൻബോക്‌സിൽ ഷിബു വെള്ളായണി കലക്കി, ഷിബുവെള്ളായണി റോക്ക്സ്, ഷിബു വെള്ളാണി പൊളിച്ചു ഇങ്ങനെയൊക്കയാണ് കമന്റുകൾ. സിനിമ ഇറങ്ങുന്നതിനു മുമ്പേ ചില‌ർ പറഞ്ഞത് സൈജുകുറുപ്പ് എന്ന നടൻ ഇനി അറിയപ്പെടാൻ പോകുന്നത് ട്രിവാൻഡ്രം ലോ‌ഡ്‌ജിനു മുൻപും ട്രിവാൻഡ്രം ലോഡ്‌ജിനു ശേഷവും എന്ന നിലയിലായിരിക്കും എന്നാണ്.

ഷിബു വെള്ളായണിയാകാനുള്ള തയ്യാറെടുപ്പുകൾ?

തയ്യാറെടുപ്പൊന്നും ഇല്ല. പിന്നെ ഞാൻ അതിൽ കുറച്ച് മെലിഞ്ഞാണിരിക്കുന്നത്. തമാശയ്ക്ക് വേണമെങ്കിൽ പറയാം കാരക്‌ടറാകാൻ വേണ്ടി മെലിഞ്ഞതാണെന്നൊക്കെ. പക്ഷേ അത് ആട്ടോമാറ്റിക്കലി സംഭവിച്ചതാണ്. അത് ആ കാരക്ടറിന് ജെല്ലായി പോകുകയും ചെയ്തു.

അനൂപ് മേനോനുമായുള്ള സൗഹൃദം?

അനൂപിനെ ട്രിവാൻഡ്രത്ത് ഒരു ഹോട്ടലിൽ വച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. അഞ്ചു വർഷം മുമ്പാണ്. കണ്ടപ്പോൾ എനിക്ക് അനൂപിനെ മനസിലായി, അനൂപിന് തിരിച്ചും. അങ്ങനെ ഞങ്ങൾ ഹായ് ഹലോ പറഞ്ഞു പരിചയപ്പെട്ടു. അന്ന് അനൂപ് പറഞ്ഞു ദേർ ഈസ് സംതിങ് ഫോ‌ർ യു, വിച്ച് ഐ വിൽ വർക്ക് ഔട്ട് എന്ന്. അതുകഴിഞ്ഞ് അനൂപ് തിരക്കഥ ചെയ്തു, കോക്‌‌‌ടെയിൽ ചെയ്തു. കോക്‌ടെയിലിൽ യഥാർത്ഥത്തിൽ ഒരു റോളിൽ എന്നെ കാസ്റ്റ് ചെയ്തിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം എനിക്കത് ചെയ്യാൻ പറ്റിയില്ല. ഏത് കാരക്ടർ ആണെന്ന് ഇപ്പോൾ ഓർക്കുന്നില്ല. ഡേററില്ലാത്തതിനാൽ കൂടുതൽ ഡീറ്റെയിസിലേക്ക് അന്ന് പോയിരുന്നില്ല. പക്ഷേ അഞ്ചു വർഷം മുമ്പ് പറഞ്ഞ വാക്ക് അനൂപ് പാലിച്ചു, അതുപോലേ വി.കെ. പിയും. ഇവർക്ക് രണ്ടു പേർക്കും വേണമെങ്കിൽ മാർക്കറ്റ് വാല്യു ഉള്ള ഒരു ആക്ടറെ കാസ്‌റ്റ് ചെയ്യാമായിരുന്നു. ബ്യൂട്ടിഫുള്ളിലായാലും ട്രിവാൻഡ്രം ലോഡ്‌ജിലായാലും അത്ര ഭീകരമായി മാർക്കറ്റ് വാല്യു ഇല്ലാത്ത നടൻമാരെ അഭിനയിപ്പിച്ചു സിനിമ വിജയിപ്പിച്ചു. അതൊരു ഡയറക്ടറുടെയും സ്‌ക്രിപ്ര്ര് റൈറ്ററുടെയും ബ്രില്ല്യൻസാണ്. ഈ പടത്തിൽ കൂടെ സൈജുകുറുപ്പ് എന്ന നടൻ അല്ലെങ്കിൽ തെസ്‌നിഖാൻ. അല്ലെങ്കിൽ പി. ബാലചന്ദ്രൻ ഇവരെയൊക്കെ രണ്ട് കൈ കൊണ്ട് ഇങ്ങനെ പൊക്കിയെടുത്തെന്ന് പറയാം. നമ്മളെ ഞെട്ടിക്കുന്ന കാര്യമാണ് ഈ കാലത്ത് ഇങ്ങനെ ആരെങ്കിലും സപ്പോ‌ർട്ട് ചെയ്യുമോ എന്നത്.

സിനിമയെക്കുറിച്ച് വളരെ മോശം കമന്റുകളും വരുന്നുണ്ട്. ആ സിനിമയുടെ ഭാഗമെന്ന നിലയിൽ സൈജു ഇതിനെ എങ്ങനെ കാണുന്നു?

ആർക്കൊപ്പം സിനിമ കാണാം, സിനിമ കാണണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. നമുക്ക് ആരെയും നിർബന്ധിക്കാൻ പറ്റില്ല. ഫാമിലിക്ക് കാണാൻ പറ്റില്ല എന്നു പറയുന്പോൾ ഇതിൽ ഒരു തരത്തിലുള്ള സ്കിൻ ഷോയോ, അത്തരം വിഷ്വലുകളോ ഇല്ല. പടം വിഷ്വൽ ട്രീറ്റാണ്. പക്ഷേ നമ്മൾ ഒന്നും പ്രത്യേകമായി കാണിക്കുന്നില്ല. ചില ഡയലോഗുകളെക്കുറിച്ച് പറയുന്നുണ്ട്. തെറി പറയാത്ത ചില ഡയലോഗുകൾ, അത് തിയേറ്ററിൽ പറയുന്നതാണോ ഫാമിലിക്ക് പ്രശ്നം അതോ ഒരാളെ ഇടിച്ചു കൊല്ലുന്നതോ, പിച്ചാത്തിക്ക് കുത്തി കുടൽ പുറത്തെടുക്കുന്നത് കാണിക്കുന്നതാണോ കൂടുതൽ പ്രശ്നമെന്ന് നമ്മളാണ് തീരുമാനിക്കുന്നത്. ഞാൻ വയലൻസ് സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നു പറയുന്നില്ല, `സ്‌കെച്ച്' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഹരിഹരൻ എന്ന പ്രശസ്ത സംവിധായകന്റെ ചിത്രത്തിലൂടെ തുടക്കം. പക്ഷേ പിന്നീട് നല്ല വേഷങ്ങൾ കിട്ടാതെ പോയി എന്ന് തോന്നിയിട്ടുണ്ടോ?

`മയൂഖം' റിലീസ് ചെയ്‌ത സമയത്ത് തിയേറ്ററുകളുടെ എണ്ണം കുറവായിരുന്നു. കുറെയധികം ആൾക്കാർക്ക് സിനിമ കാണാൻ പറ്റിയില്ല. എന്നാൽ അതിനുശേഷം ഈ സിനിമ ടിവി ചാനൽ വന്നു കഴിഞ്ഞപ്പോൾ ധാരാളം ആൾക്കാർ എന്നെ വിളിച്ച് സിനിമ നന്നായി എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടില്ലെന്നല്ല, നല്ല സിനിമ കിട്ടിയിട്ടുണ്ട്. യഥാർത്ഥത്തിൽ അതൊരു കറക്ട് ബ്ളെൻഡാണ്. നല്ല കാരക്ടർ ചെയ്യുന്നു. ആ പടം വിജയമാകണം. പക്ഷേ അതിന് കുറെയേറെ ഘടകങ്ങൾ ഉണ്ട്. ഉദാഹരണത്തിന് മുല്ല എന്ന ചിത്രം. ഞാൻ അഭിനയിച്ച സിനിമകളിൽ എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണത്. എന്റെയൊരു കാഴ്ചപ്പാടിൽ, അതിൽ തെറ്റില്ലാതെ ഞാൻ അഭിനയിച്ചിട്ടുമുണ്ട്. അതുപോലെ ഡബിൾസ് എന്ന പടം, കർമ്മയോഗി. ഇതിലൊക്കെയും തെറ്റില്ലാതെ അഭിനയിച്ചു എന്നാണെന്റെ വിശ്വാസം. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ അതൊക്കെയും വിജയിക്കാതെ പോയി.

സിനിമയിൽ ഭാഗ്യം ഒരു ഘടകമാണോ?

തീ‌ർച്ചയായും ഭാഗ്യം വേണം. ഇത് ഒരാൾ തീരുമാനിക്കുന്നതൊന്നുമല്ലല്ലോ. നമ്മൾ ഒരു കന്പനിയിൽ വളരെ കഷ്ടപ്പെട്ട് ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്തിട്ട് നമ്മളുടെ ബോസ് ഇംപ്രസ്ഡായാൽ മതി. അയാളാണ് തീരുമാനിക്കുന്നത് നമ്മളെ പ്രൊമോട്ട് ചെയ്യണോ വേണ്ടയോ എന്നത്. പക്ഷേ സിനിമ നമ്മുടെ കൈയിൽ അല്ല, ഇത് ലക്ഷകണക്കായ ജനങ്ങളുടെ കൈയിലാണ്. ജനങ്ങൾ പറയണം, ഒരു കഥാപാത്രം നന്നായിയെന്ന്. നമ്മളെ കാണുന്പോൾ ആ കഥാപാത്രത്തിന്റെ പേര് വിളിക്കുകയോ, അല്ലെങ്കിൽ ആ കഥാപാത്രം പറഞ്ഞ ഡയലോഗുകൾ പറയുകയോ ചെയ്യണം. അതൊക്കെ ഒരു ഭാഗ്യം തന്നെയാണ്. ഒരു ശതമാനമെങ്കിൽ ഒരു ശതമാനം ഭാഗ്യം ഇതിൽ ഉണ്ട്. ഒരു സമയമുണ്ട്. എന്റെ കാര്യത്തിൽ അതിപ്പോൾ സംഭവിച്ചു.

പുതിയ ഓഫറുകൾ? ഷിബു വെള്ളായണിയെപ്പോലുള്ള ക്യാരക്ടറുകൾ തേടി വരുന്നുണ്ടോ?

ഇഷ്ടം പോലെ ഓഫറുകൾ വരുന്നുണ്ട്. രണ്ടു പടത്തിൽ ഇതുപോ കാരക്ടേഴ്സിന്റെ ഓഫ‌ർ വന്നു. സെയിം ടു സെയിം ആയിരിക്കുമെന്ന് പറ‌ഞ്ഞ് ഞാനത് വേണ്ടെന്ന് വച്ചു. ഓഡിയൻസ് ഭയങ്കര ബ്രില്ല്യന്റാണ് . കുറച്ച് ആൾക്കാർ വിളിച്ചിട്ട് സൈജൂ, ഈ ക്യാരക്ടർ ക്ളിക്കായതുകൊണ്ട് കോമഡി റോൾസ് ഇനി ഇഷ്ടം പോലെ വരും. നോക്കിയും കണ്ടും ചെയ്യുക എന്ന് പറഞ്ഞു. ഈ കാരക്ടർ ക്ളിക്കായി എന്ന് അറിഞ്ഞപ്പോൾ ആദ്യം തന്നെ ഞാനും തീരുമാനിച്ചതാണ് ഷിബു വെള്ളായണിയെപ്പോലാരു കാരക്ടർ എന്തായാലും ഉടൻ ചെയ്യില്ലായെന്ന്. ഇപ്പോൾ പുതിയതായി ചെയ്യുന്ന പക്രുവിന്റെ പടത്തിൽ വളരെ ഷൈ ആയിട്ടുള്ള ഒരു കഥാപാത്രമാണ്. അതുപോലെ അരുൺ കുമാർ അരവിന്ദിന്റെ `ലെഫ്‌റ്റ് റൈറ്റ്' എന്ന ചിത്രം. ലാൽജോസ് മമ്മൂട്ടി ചിത്രം മിക്കവാറും ചെയ്യും. ഇതിലൊക്കെയും വ്യത്യസ്തമായ വേഷങ്ങളാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ, ഒരു ഛായ തോന്നാത്ത പടം ചെയ്യണമെന്നാണ് ആഗ്രഹം. പിന്നെ നമ്മളും മനുഷ്യരാണ്. എന്തെങ്കിലും തെറ്റുകൾ നമുക്കും പറ്റാം.

സെലക്ടീവായോ?

നേരത്തെയും സെലക്ടീവായിരുന്നു. പണ്ട് സെലക്ട് ചെയ്യുന്പോൾ തമ്മിൽ ഭേദം തൊമ്മൻ നോക്കി സെലക്ട് ചെയ്യുമായിരുന്നു. ഇപ്പോൾ ദൈവമായിട്ട് ഒരു ബ്രേക്ക് കൊണ്ടുത്തന്നു. അതുകൊണ്ട് തമ്മിൽ ഭേദം തൊമ്മൻ അല്ല, എന്നെ അത്ര ഇംപ്രസ് ചെയ്യുന്ന കഥാപാത്രങ്ങളേ ഇനി ചെയ്യുകയുള്ളൂ. ചെയ്തില്ലെങ്കിൽ ചെയ്തില്ലാന്നേ ഉള്ളൂ. നമ്മൾ ഒരു കഥാപാത്രം ചെയ്തിട്ട് അത് ഓഡിയൻസിനിടയിൽ അത്ര ക്ലിക്കായില്ലെങ്കിൽ അതിനേക്കാളും വളരെ ദോഷമാണ്.

പുതിയ ചിത്രമായ `മൈ ഫാൻ രാമു' വിന്റെ സ്‌ക്രിപ്‌റ്റ് സൈജുവിന്റെതല്ലേ?

സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത ഒരു വ‌ർഷം ഞാൻ കേട്ടിരുന്ന തിരക്കഥകൾ വന്നു പോയ സിനിമകളുടെ ഛായ ഉള്ളതും അല്ലെങ്കിൽ ഞാൻ ചെയ്ത പടങ്ങളുടെ ഛായ ഉള്ളതുമൊക്കെയായിരുന്നു. എനിക്ക് സമയം വേസ്റ്റ് ചെയ്യണമെന്നില്ലായിരുന്നു. അപ്പോൾ വെറുതെ വീട്ടിലിരിക്കുന്ന സമയത്ത് എന്തെങ്കിലും , സിനിമാപരമായി ചെയ്യണം എന്ന് തോന്നി. അങ്ങനെയാണ് സ്ക്രിപ്ര്ര് എഴുതാൻ തീരുമാനിച്ചത്. ഈ പടം നടക്കുമോ നടക്കില്ലയോ എന്നൊന്നും അറിയില്ല. എന്റെ കുറച്ച് എക്‌സ്‌പീര്യൻസും സിനിമയ്‌ക്ക് വേണ്ട ചേരുവകളും ചേർത്ത് എഴുതുകയായിരുന്നു. പക്ഷേ ആ പടം തുടങ്ങിയിട്ടില്ല. അടുത്ത വർഷം മാത്രമേ അത് ഉണ്ടാകുകയുള്ളൂ. അതിനു ശേഷമാണ് `മൈ ഫാൻ രാമു' വിന്റെ തിരക്കഥയെഴുതുന്നത്. ഭാര്യയാണ് മൈ ഫാൻ രാമുവിന്റെ ത്രെഡ് തരുന്നത്. ഒരു സൂപ്പ‌ർതാരത്തിന്റെ കൂടെ അയാളുടെ കടുത്ത ആരാധകൻ 10 ദിവസം താമസിക്കാൻ പോകുന്നതാണ് കഥ.

എങ്ങനെയായിരുന്നു മയൂഖത്തിൽ എത്തിയത്?

തിരുവനന്തപുരത്ത് എയ‌ർടെല്ലിൽ വർക്ക് ചെയ്യുന്ന സമയത്ത് എം. ജി. ശ്രീകുമാറിന് ഒരു കണക്ഷൻ കൊടുക്കാൻ പോയതാണ്. പുള്ളിയാണ് എനിക്ക് സിനിമയിലേക്കുള്ള കണക്ഷൻ നൽകുന്നത്.

ഭാവി പരിപാടികൾ ?

നടൻ എന്ന നിലയിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് സർവൈവ് ചെയ്യണം. നല്ല ആശയങ്ങൾ വരികയാണെങ്കിൽ വീണ്ടും എഴുതും.

കുടുംബം?
ഭാര്യ അനുപമ, ഇൻഫോ പാ‌ർക്കിൽ ജോലി ചെയ്യുന്നു. മകൾ ഏഴുവയസുകാരി മയൂഖ.

അനുപമ സിനിമകൾ കണ്ട് വിമർശിക്കാറുണ്ടോ?

മൂന്നു നാല് പേരാണ് എന്നെ ജ‌ഡ്‌ജ് ചെയ്ത് പറയാറുള്ളത്. അതിലൊന്ന് അനുപമയാണ്. പിന്നെ ഹരിഹരൻ സാർ എന്റെ സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ട്. എന്റെ സുഹൃത്തുക്കളായ ഹൈദരാബാദിലുള്ള രതീഷ് നായർ, തിരുവനന്തപുരത്തെ റിയാസ് ഇവരൊക്കെയും നല്ല രീതിയിൽ അഭിപ്രായം പറയും. സിനിമയുടെ നല്ല ആസ്വാദകരാണവർ. വളരെ ക്ലോസായി സിനിമ വാച്ച് ചെയ്യുന്നവർ.

No comments:

Post a Comment