Tuesday, 30 October 2012


'സാന്‍ഡി' ന്യൂജേഴ്‌സിയില്‍ നാശംവിതച്ചു: 11 പേര്‍ മരിച്ചു

Published on  30 Oct 2012


ന്യൂയോര്‍ക്ക്: കരീബിയന്‍മേഖലയില്‍ ദുരന്തംവിതച്ച 'സാന്‍ഡി' ചുഴലിക്കാറ്റ് യു.എസിന്റെ ന്യൂജേഴ്‌സിയുടെ തെക്കന്‍ തീരത്ത് ആഞ്ഞടിച്ചു. നാലുമീറ്റര്‍ പൊക്കത്തിലാണ് ഇവിടെ കൂറ്റന്‍ തിരമാലകള്‍ കരയെ ആക്രമിച്ചത്. ഇതുവരെ 11 പേര്‍ മരിച്ചു.

എച്ച്.എം.എസ് ബൗണ്ടിയെന്ന പായ്ക്കപ്പല്‍ കടലില്‍ മുങ്ങി. കപ്പലില്‍ 16 യാത്രക്കാരുണ്ടായിരുന്നു. 14-പേരെ തീരദേശസേന രക്ഷപ്പെടുത്തി. രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

തീരപ്രദേശങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. 57 ലക്ഷം പേര്‍ ഇരുട്ടിലാണ്. ആയിരക്കണക്കിന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. റോഡുകള്‍ തകര്‍ന്നു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൂടാതെ, മസാച്യുസെറ്റ്‌സ്, കണക്ടിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലും പ്രസിഡന്‍റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാലരലക്ഷം പേരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.



ന്യൂയോര്‍ക്ക് നഗരത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്കായി 76 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. തീവണ്ടി, ബസ്ഗതാഗതം നിര്‍ത്തിവെച്ചു. 7100 വിമാനസര്‍വീസുകള്‍ റദ്ദാക്കി. സ്‌കൂളുകളും ന്യൂയോര്‍ക് ഓഹരിവിപണിയും അടച്ചു. പ്രമുഖ എണ്ണശുദ്ധീകരണശാലകളായ ബേവേ, ന്യൂജേഴ്‌സി റിഫൈനറി, ഫിലാഡല്‍ഫിയ എനര്‍ജി സൊലൂഷന്‍സ്, പി.പി.എഫ്. എനര്‍ജി എന്നിവ ഉത്പ്പാദനം വെട്ടിക്കുറച്ചു.

മേരിലാന്‍ഡ്, കണക്ടിക്കട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആയിരങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. ലോവര്‍ മാന്‍ഹാട്ടന്‍, ന്യൂയോര്‍ക്ക് നഗരത്തിന്റെ മറ്റു മേഖലകള്‍ എന്നിവിടങ്ങളില്‍നിന്ന് 3,75,000 പേരോടും അറ്റ്‌ലാന്‍റിക്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍നിന്ന് 30,000 പേരോടും മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.



നവംബര്‍ ആറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ 'സാന്‍ഡി' ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവുംമൂലം ദിവസങ്ങളോളം വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ മുടങ്ങാനിടയുള്ളതിനാല്‍ നേരത്തേ വോട്ടുചെയ്യാന്‍ തീരസംസ്ഥാനങ്ങളിലുള്ളവരോട് ബരാക്ഒബാമ നിര്‍ദേശിച്ചു. ഒബാമയുടെയും എതിരാളി മിറ്റ് റോംനിയുടെയും തീരസംസ്ഥാനങ്ങളിലെ പ്രചാരണം 'സാന്‍ഡി' മൂലം റദ്ദാക്കിയിരിക്കുകയാണ്.

No comments:

Post a Comment