Tuesday, 30 October 2012


'നീലം' കൊടുങ്കാറ്റ്: തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശങ്ക

Published on  31 Oct 2012


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'നീലം' കൊടുങ്കാറ്റ് ബുധനാഴ്ച വൈകിട്ട് നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിനെതുടര്‍ന്ന് തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശങ്ക പരന്നിരിക്കുകയാണ്.

കാറ്റിന് 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. ചെന്നൈക്കടുത്തെത്തുമ്പോള്‍ 90 കീലോമീറ്റര്‍ വരെ വേഗമുണ്ടാകും. തീരപ്രദേശങ്ങളിലേക്ക് അടുക്കുമ്പോഴാണ് കാറ്റിന്റെ വേഗം കൂടുക. വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു. മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയ്ക്ക് 500 കിലോമീറ്റര്‍ അകലെയാണ് 'നീലം' രൂപപ്പെട്ടിരിക്കുന്നത്.

കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ 25 സെന്‍റീമീറ്ററിന് മുകളില്‍ മഴ ലഭിക്കാം. തീരപ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും കനത്ത മഴപെയ്യും. തമിഴ്‌നാട്ടില്‍ കൊള്ളിടത്തില്‍ 15 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി. മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, വിഴുപുരം, നാഗപട്ടണം ജില്ലകളിലും പുതുച്ചേരിയിലും പൊതുഅവധി പ്രഖ്യാപിച്ചു.

ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ ശക്തമായ മഴ ചെന്നൈയെയും സമീപജില്ലകളിലെയും ജനജീവിതത്തെ ബാധിച്ചു. ചെന്നൈയില്‍ പലയിടങ്ങളും വെള്ളക്കെട്ടായി മാറി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം എന്നീ ജില്ലകളില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴ തുടരുകയാണ്. ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. അഞ്ച് അടി ഉയരത്തിലുള്ള തിരമാലകളാണ് ആഞ്ഞടിച്ചത്. തിരുവട്ടിയൂര്‍, എന്നൂര്‍ എന്നീ കടലോര മേഖലകളില്‍ കടലേറ്റം രൂക്ഷമായിരുന്നു. കടലാക്രമണം തടുക്കാനായി നിര്‍മിച്ചിരുന്ന കരിങ്കല്‍ഭിത്തിയും തകര്‍ന്നു.

ശക്തമായ മഴ കാരണം നഗരത്തില്‍ കലൈഞ്ജര്‍ നഗര്‍, കാര്‍ഗില്‍ നഗര്‍ ഉള്‍പ്പെടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്ന് കുടിലുകളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനായി 85 സ്‌കൂളുകള്‍ തയ്യാറാക്കിയതായി ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയ സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. മഴ കാരണം കാശിമേട് തുറമുഖത്തുനിന്നു മാത്രം 2500 ബോട്ടുകള്‍ കടലില്‍ പോയില്ല.

മഴ കാരണം കഴിഞ്ഞ രണ്ടു ദിവസമായി പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. പുതുച്ചേരിയിലും കായ്ക്കാലിലും കനത്ത മഴ തുടരുകയാണ്.

'താനെ' കൊടുങ്കാറ്റിന്റെ ഭീതിയടങ്ങും മുമ്പ്


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് ആഞ്ഞടിച്ച 'താനെ' കൊടുങ്കാറ്റ് തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലുണ്ടാക്കിയ നാശനഷ്ടം ഭീകരമാണ്. 'താനെ' കൊടുങ്കാറ്റ് രൂപം കൊണ്ട സ്ഥലത്തിന് സമീപം തന്നെയാണ് 'നീലം' കൊടുങ്കാറ്റും രൂപപ്പെട്ടിരിക്കുന്നത്. 'താനെ' കടലൂരിനെ കൂടാതെ വിഴുപുരം, പുതുച്ചേരി എന്നിവിടങ്ങളിലും നാശനഷ്ടം വിതച്ചിരുന്നു. 

No comments:

Post a Comment