
വെള്ളിത്തിരയ്ക്ക് പുറത്ത് അമ്പും വില്ലുമേന്തി താരമാകാന്‍ അനന്യ വീണ്ടുമെത്തുന്നു. മുന്‍ സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ കൂടിയായ അനന്യ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ വില്ലെടുക്കുന്നത്.
ഹൈസ്‌കൂള്‍ പഠനകാലം മുതല്‍ അമ്പെയ്ത്ത് പരിശീലിക്കുന്ന അനന്യ രണ്ട് തവണ സംസ്ഥാന ആര്‍ച്ചറി ചാമ്പ്യനായിട്ടുണ്ട്. 2003 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള ഈ താരം 2002 ല്‍ പഞ്ചാബില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു. കലൂര്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന 25-ാമത് സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് അനന്യ ഇപ്പോള്‍.
സിനിമാ രംഗത്തെ തിരക്കുകള്‍ മൂലമാണ് അഞ്ച് കൊല്ലത്തോളം അമ്പെയ്ത്ത് മത്സരരംഗത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്ന് അനന്യ പറയുന്നു. എന്നാല്‍, വീണ്ടും ആര്‍ച്ചറി രംഗത്തേക്കിറങ്ങണമെന്ന അതിയായ മോഹം മൂലം ഇത്തവണ ഷൂട്ടിങ് തിരക്കുകള്‍ക്ക് അവധി നല്‍കി താരം കൊച്ചിയിലേക്കെത്തുകയായിരുന്നു.
തെലുങ്ക് ചിത്രമായ 'ഇന്റിനാ അന്നമയ' യുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു മത്സരത്തിനായുള്ള വരവ്. നേരത്തെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളിലടക്കം റികര്‍വ് റൗണ്ടില്‍ മത്സരിച്ചാണ് അനന്യ സംസ്ഥാന ചാമ്പ്യനായിട്ടുള്ളത്. എന്നാല്‍, ഇക്കുറി ഇതില്‍ നിന്നും മാറി കോമ്പൗണ്ട് റൗണ്ടിലാണ് ഉന്നം പരീക്ഷിക്കാനിറങ്ങുന്നത്.
നല്ലൊരു തിരിച്ചുവരവിനുള്ള അവസരമായിട്ടാണ് മത്സരത്തെ കാണുന്നതെന്നാണ് അനന്യയുടെ പക്ഷം. ''തിരക്കുകള്‍ക്കിടയില്‍ കാര്യമായ മുന്നൊരുക്കങ്ങള്‍ക്കൊന്നും സമയം കിട്ടിയിട്ടില്ല.
ആറേഴ് ദിവസങ്ങള്‍ക്ക് മുമ്പാണ് പരിശീലനം ആരംഭിച്ചതു തന്നെ. എന്നാലും മത്സരത്തില്‍ നല്ല പ്രകടനം തന്നെ കാഴ്ച വെയ്ക്കാനാകുമെന്നാണ് പ്രതീക്ഷ'' -പനമ്പിള്ളിനഗര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിന്റെ ക്ഷീണം കാര്യമാക്കാതെ അനന്യയുടെ വാക്കുകള്‍.
വെള്ളിയാഴ്ച ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തുന്നതും ഒരു മുന്‍ അമ്പെയ്ത്ത് താരം തന്നെയാണ്. മുന്‍ സംസ്ഥാന ചാമ്പ്യനായ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുക.
No comments:
Post a Comment