Thursday, 22 November 2012

മോളി ആന്റി റോക്‌സ്‌ 
കെ.പി.പ്രവിത 

മോര്‌പൊടി, ചിക്കന്‍പൊടി, ബീഫ്‌പൊടി, ഫിഷ് പൊടി... എന്നീ ചേരുവകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്, മരിയാസ് ഹോംമെയ്ഡ്‌സ് എന്ന ബ്രാന്‍ഡില്‍...

പച്ചക്കുരുമുളകും കാന്താരിയും പിന്നെ നെല്ലിക്കയും ചേര്‍ന്നൊരു രസതന്ത്രം. എരിവിന്റെ കൊടുമുടിയില്‍ തിളച്ചുമറിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോള്‍ നെല്ലിക്കയൊരു കരിക്കുടുക്കയാകും. മേമ്പൊടിയായി ഇഞ്ചിയും കറിവേപ്പിലയുമൊക്കെ ചേര്‍ന്നാല്‍ മോളീസ് സ്‌പെഷല്‍ കരിനെല്ലിക്കയായി.

നല്ല പച്ചനെല്ലിക്ക കണ്ടുശീലിച്ച പുതുതലമുറ കരിനെല്ലിക്കയെന്ന് കേട്ട് മുഖംചുളിക്കും. പക്ഷേ ഒന്ന് രുചിച്ചാല്‍ രസികനെന്ന് ആരും തലകുലുക്കി സമ്മതിക്കുമെന്നാണ് മോളിയുടെ പക്ഷം.

രുചിയുടെ രസങ്ങളെല്ലാം സമ്മേളിക്കുന്ന വ്യത്യസ്തന്‍മാര്‍ വേറെയുമുണ്ട് മോളിയുടെ ശേഖരത്തില്‍. ഇടിയിറച്ചി, കപ്പ വിളയിച്ചത്, ചക്കയുണ്ട...ലിസ്റ്റ് നീളും. അന്യം നിന്നുപോകുന്ന നാടന്‍രുചികള്‍ 'റെഡി ടു ഈറ്റ്' എന്ന ആധുനികഭാവത്തില്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് മോളി പുന്നന്‍ എന്ന സംരംഭക. നാടന്‍വിഭവങ്ങള്‍ക്കൊപ്പം മോര്‌പൊടി, ചിക്കന്‍ പൊടി, ബീഫ് പൊടി, ഫിഷ് പൊടി...എന്നീ ചേരുവകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്, മരിയാസ് ഹോംമെയ്ഡ്‌സ് എന്ന ബ്രാന്‍ഡില്‍.

കാച്ചിയ മോരുണ്ടാക്കാനുള്ള ചേരുവകളാണ് മോരുപൊടി. മോര് അടിച്ചെടുത്തശേഷം ഈ ചേരുവകളും ചേര്‍ത്ത് തിളപ്പിച്ചാല്‍ കോട്ടയം സ്‌റ്റൈല്‍ കാച്ചിയ മോര് റെഡി. ചിക്കനും മീനുമെല്ലാം എളുപ്പവഴിയില്‍ പാകപ്പെടുത്താന്‍ ഈ പൊടിക്കൂട്ടുകള്‍ മതി.

നാടന്‍ ശേഖരത്തില്‍പെടുത്തി 187 വിഭവങ്ങള്‍ ഇവര്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് ഓര്‍ഡറനുസരിച്ച് മാത്രമാണ് തയ്യാറാക്കുന്നതെന്ന് മാത്രം. പീരുമേട് പാമ്പനാര്‍ ബത്‌ലഹേം ഫാംസില്‍ മോളിക്കു കീഴില്‍ ഒരു ചെറിയ പാചക യൂണിറ്റുണ്ട്. തദ്ദേശിയരായ ഒട്ടേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്നവയില്‍ നിന്നാണ് മരിയാസിന്റെ പല സ്‌പെഷല്‍ വിഭവങ്ങളും ഒരുങ്ങുന്നത്.

നന്നായി പഴുത്തുകഴിഞ്ഞാല്‍ ഉപയോഗശൂന്യമെന്നാണ് വ്യാപാരികള്‍പോലും ഏത്തക്കായെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ പഴം കൊണ്ട് രുചികരമായ സിറപ്പുണ്ടാക്കാമെന്ന് മോളി പറയുന്നു. വെറുതെ വലിച്ചെറിയുന്ന മാതളത്തൊണ്ടു കൊണ്ട് വിനാഗിരി, പാഷന്‍ഫ്രൂട്ടില്‍നിന്ന് ജ്യൂസ്, ചക്ക വരട്ടിയതും ഉണ്ടയും, പാളയംകോടന്‍ പഴത്തിന്റെ ജാം...വിഭവങ്ങള്‍ നീളുന്നു.

ഭക്ഷണവിപണിയില്‍ മോളിക്കിത് കന്നിഅങ്കമല്ല. 1981 മുതല്‍ മരിയാസ് എന്ന പേരില്‍ കാറ്ററിങ് സര്‍വീസ് നടത്തുന്നുണ്ട്. ഇടക്കാലത്തൊന്ന് പ്രൗഢി നഷ്ടമായ മരിയാസിനെ വീണ്ടും പഴയ പ്രഭാവത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് മോളി ഇപ്പോള്‍. ഇതിനൊപ്പം ഹോംമെയ്ഡ്‌സിന്റെ വിപണി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും. പാഷന്‍ഫ്രൂട്ട്, പപ്പായ, കാന്താരി മുളക് തുടങ്ങിയവ സ്വന്തം സ്ഥലത്ത് നട്ടുവളര്‍ത്തുന്നുമുണ്ട്. എന്നും ഇവയുടെ ലഭ്യത ഉറപ്പുവരുത്താനാണിത്.

മരിയാസ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ പലഭാഗങ്ങളിലും വിപണിയുണ്ട്. കേരളത്തിനകത്ത് തിരഞ്ഞെടുത്ത കടകള്‍ വഴി മാത്രമാണ് വില്‍പ്പന.

നിലവില്‍ എറണാകുളത്ത് പനമ്പിള്ളി നഗറിലെ എസ്.ക്യൂവില്‍ ഇവ വാങ്ങാന്‍ കിട്ടും. തൃപ്പൂണിത്തുറയിലെ ഒരു കടയിലും താമസിയാതെ മരിയാസ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.



ലോറി ഗേള്‍ 
കെ.ജി.കാര്‍ത്തിക 

യൂണിവേഴ്‌സിറ്റി തലത്തിലെ മികച്ച നടി. പിന്നീട് പത്രപ്രവര്‍ത്തന പഠനം. തുടര്‍ന്ന് കുടുംബജീവിതം. ഇഷ്ടമേഖലയിലേക്ക് ചുവടുവെക്കുകയാണ് റാണി...


തിങ്ങി നിറഞ്ഞ സദസ്സിന് മുന്നില്‍ ഹര്‍ഷാരവങ്ങള്‍ക്ക് നടുവില്‍ നിന്ന് യൂണിവേഴ്‌സിറ്റിയുടെ മികച്ച നടി എന്ന പദവി ഏറ്റുവാങ്ങുമ്പോള്‍ അഭിനയം കാമ്പസിലെ മത്സരത്തിന്റെ ഭാഗം മാത്രമായിരുന്നു. കേവലം ഒരു ആസ്വാദക എന്ന നിലയിലായിരുന്നു സിനിമയെ സ്‌നേഹിച്ചതും വിലയിരുത്തിയതും. മഞ്ചേരി യൂണിറ്റി വിമണ്‍സിലും പാലക്കാട് വിക്ടോറിയയിലുമായാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കലാലയ ജീവിതത്തിനൊപ്പം അഭിനയത്തോട് വിട പറഞ്ഞു. മഞ്ചേരി സ്വദേശിയായ റാണി ശരണിന്റെ അഭിനയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇതൊക്കെയാണ്. പിന്നീട് കാക്കനാട് കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജര്‍ണലിസത്തില്‍ ബിരുദം നേടുമ്പോള്‍ പത്രപ്രവര്‍ത്തനം എന്നത് ഒരു സ്വപ്നമായി. എല്ലാത്തിനും അപ്പുറം ഒരു സാദാ പെണ്‍കുട്ടിയെപോലെ ഒരു കുടുംബിനിയുടെ റോളിലേക്ക് റാണി ശരണ്‍ വളര്‍ന്നു. പാരമ്പര്യമായി കിട്ടിയ അഭിനയ സിദ്ധി മനസ്സിലെവിടെയോ മറഞ്ഞിരുന്നു. ജീവിതത്തിലേക്ക് കടന്നുവന്നയാളും അഭിനയം കൈമുതലാക്കിയ വ്യക്തിയുമായ ഭര്‍ത്താവ് ശരണ്‍ സീരിയലിലും സിനിമയിലും അഭിനയിക്കുന്നുണ്ട്. സുഹൃത്ത് സന്ദീപ് പാമ്പള്ളി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിലേക്ക് റാണിയെ നിര്‍ദേശിച്ചപ്പോള്‍ ആദ്യം നിരസിച്ചു. ഈ ഘട്ടത്തില്‍ ശരണ്‍ നല്‍കിയ പിന്തുണയോടെ റാണി ക്യാമറയ്ക്ക് മുന്നിലെത്തി.

ഏയ്ഡ്‌സ് ബോധവത്ക്കരണവുമായി എത്തുന്ന ലോറി ഗേള്‍ എന്ന ഹ്രസ്വചിത്രത്തിലെ നായിക റാണി ശരണാണ്. ഒരിക്കല്‍ പോലും സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നിട്ടില്ല. പക്ഷെ റാണിയുടെ നിയോഗം അഭിനയമായിരുന്നു. ലക്ഷ്മി എന്ന വേശ്യയുടെ കഥാപാത്രമാണ് അവര്‍ അവതരിപ്പിക്കുന്നത്. ലോറിക്കാരെ മാത്രം ഉപഭോക്താക്കളായി തിരഞ്ഞടുക്കുന്ന വേശ്യയാണ് ലക്ഷ്മി. ഇഷ്ടമില്ലാത്ത ഈ ജോലി ചെയ്യേണ്ടി വരുമ്പോഴും കണ്ണന്‍ എന്ന ലോറി ഡ്രൈവറോട് ഇവര്‍ക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നു. പിന്നെ ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ ഹ്രസ്വ ചിത്രത്തിന്റെ കഥ വികസിക്കുന്നു. ഒരുപാട് അഭിനയ സാധ്യതകളുള്ള കഥപാത്രമാണ് ലക്ഷ്മിയുടെ റോള്‍ എന്നാണ് റാണിയുടെ അഭിപ്രായം. ഭര്‍ത്താവ് ശരണ്‍ നായകനായി എത്തുമ്പോള്‍ ഈ ജോടികള്‍ ഒരുമിച്ചുളള ആദ്യ ചിത്രമെന്ന വിശേഷണവും ലോറി ഗേളിനുണ്ട്. എന്നാല്‍ അഭിനയത്തെ ഗൗരവമായി കാണുന്നില്ല. നല്ലൊരു ദൗത്യവുമായി എത്തിയ ചിത്രമായതിനാലാണ് ലോറി ഗേളില്‍ അഭിനയിച്ചതെന്ന് റാണി വ്യക്തമാക്കി.

കേരളത്തിലെ എല്ലാ ജില്ലകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി നാല്‍പ്പത് കേന്ദ്രങ്ങളില്‍ ലോറി ഗേള്‍ പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ മറ്റൊരു മുഖം കൂടി റാണിക്കുണ്ട്. നടനും നിര്‍മ്മാതാവുമായ മഞ്ചേരി ചന്ദ്രന്റെ മകളാണ് റാണി. 2009 ഏപ്രില്‍ 14 വിഷു ദിനത്തില്‍ മഞ്ചേരി ചന്ദ്രന്‍ വിട പറയുമ്പോള്‍ ഈ മകള്‍ക്ക് ചില ചുമതലകള്‍ നല്‍കിയാണ് പോയത്. നയനം എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോള്‍ മരണത്തിന് മുന്നില്‍ അദ്ദേഹം കീഴടങ്ങി. അച്ഛന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ ആ സിനിമ പൂര്‍ത്തീകരിക്കാന്‍ റാണി മുന്നിട്ടിറങ്ങി. തീയറ്ററുകള്‍ കാണാതെ പോയ ആ സിനിമ ദൂരദര്‍ശനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കാലത്തിന്റെ ജരാനരകള്‍ പേറുന്ന നിര്‍മ്മാണ കമ്പനി പുതുക്കി പണിയാനാണ് റാണിയുടെ ശ്രമം. 'സ്റ്റാര്‍ സിനി ആര്‍ട്‌സ്' എന്നും പിന്നീട് 'ഇനാര്‍ പ്രൊഡക്ഷന്‍സ്' എന്നും അറിയപ്പെട്ടിരുന്ന നിര്‍മ്മാണ കമ്പനി 'ഉദയ ചന്ദ്ര മൂവി മേക്കേഴ്‌സ്' എന്ന പേരില്‍ പുതുമകളോടെ അവതരിപ്പിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് റാണിയാണ്. അഞ്ച് വയസ്സായ മകള്‍ ഗൗരി ഉപാസനയ്ക്കും ഭര്‍ത്താവിനുമൊപ്പം തമ്മനത്തെ വില്ലയിലാണ് റാണി താമസിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയുടെ റോള്‍ കൂടി റാണി ശരണ്‍ ചെയ്യുന്നുണ്ട്.


ദേവതയുടെ ശബ്ദം 
ബിബിന്‍ ബാബു 

സിനിമകളില്‍ പൈങ്കിളിയല്ലാത്ത ശബ്ദമുള്ള ചുരുക്കം ചില ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാരുടെ ഗണത്തിലാണ് സ്റ്റുഡിയോയില്‍ എയ്ഞ്ചലിന്റെ സ്ഥാനം............ന്യൂജനറേഷന്‍ പടങ്ങളിലെ ബോള്‍ഡ് നായികാസങ്കല്‍പ്പങ്ങള്‍ക്ക് ചേര്‍ന്ന ഈ ശബ്ദം വരാനിരിക്കുന്ന 'നികൊഞാചാ'യിലാണ് ഇനി കേള്‍ക്കാനിരിക്കുന്നത് പുതിയ താരോദയമായ രോഹിണി മറിയം ഇടിക്കുളയ്ക്കുവേണ്ടി......ശേഷം 'മാഡ്ഡാഡി'ല്‍ പൂജ ഗാന്ധിക്കായി....പരസ്യവും സിനിമയുമായി തിരക്കിന്റെ ലോകത്തിലാണിപ്പോള്‍ ഈ 'ശബ്ദസുന്ദരി'..

'അച്ഛന്‍ ഇനി വരില്ലേ അമ്മേ.... ഏഴാം വയസ്സിലെ തന്റെ ആദ്യ ഡബ്ബിങ്ങ് ഡയലോഗ് ഓര്‍ത്താല്‍ എയ്ഞ്ചലിനിപ്പോഴും ചിരിപൊട്ടും. അച്ഛന്റെ കൈപിടിച്ചുനിന്ന് കിളിശബ്ദത്തില്‍ സീരിയലിനായി പറഞ്ഞ ഏതാനും വാക്കുകള്‍. പതിനാലുവര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടായിരത്തോളം പരസ്യങ്ങളുടെയും ഇരുന്നൂറോളം സിനിമകളുടെയും മൈക്രോസിനിമകളുടെയും പരിചയസമ്പത്തില്‍ ചലച്ചിത്രലോകത്തെ ന്യൂജനറേഷന്‍ ശബ്ദവഴികള്‍ തേടുകയാണ് എയ്ഞ്ചല്‍ ഷിജോയിയെന്ന ഇരുപത്തൊന്നുകാരി, മാറുന്ന മലയാള സിനിമയിലെ പുതുശബ്ദം.

മമ്മി & മീ യില്‍ ടീനേജുകാരി ജുവലായി(അര്‍ച്ചന കവി), കുട്ടിസ്രാങ്കില്‍ ചവിട്ടുനാടക കളരിയിലെ സുന്ദരി പെമ്മേണയായി(കമാലിനി മുഖര്‍ജി), കേരളകഫെയിലെ ഹാപ്പിജേണിയില്‍ ബോള്‍ഡ്ബ്യൂട്ടിയായി (നിത്യ മേനോന്‍), ആഗതനില്‍ മേജറിന്റെ മകള്‍ ശ്രേയയായി(ചാര്‍മി), മായാമോഹിനിയില്‍ പട്ടേലയുടെ മകള്‍ മായയായി(ലക്ഷ്മി റായി) അടുത്തിടെ നമ്മള്‍ കേട്ടറിഞ്ഞിട്ടുണ്ട് എയ്ഞ്ചലിനെ. റണ്‍ബേബി റണ്ണില്‍ അപര്‍ണ നായര്‍ക്കും, ഗ്രാന്റ് മാസ്റ്ററില്‍ മിത്ര കുര്യനും, സ്പിരിറ്റില്‍ ഡോ.അശ്വതിക്കും എയ്ഞ്ചലിന്റെ ശബ്ദമായിരുന്നു കൂട്ട്. ഭീമയുടെയും ജോസ് ആലുക്കാസിന്റെയും ജയലക്ഷ്മിയുടെയും ഇന്ദുലേഖയുടെയും മറ്റും പരസ്യങ്ങളിലൂടെ വീട്ടിലെ സ്വീകരണമുറികളിലും സംസാരവിഷയമായിട്ടുണ്ട് ഈ 'മാലാഖ' ശബ്ദം.

ആദ്യ ഡബ്ബിങ് ആണ്‍കുട്ടിക്ക് വേണ്ടി

ഒരാണ്‍കുട്ടിക്ക് വേണ്ടി ഡബ്ബിങ് നടത്തിയാണ് താനീ രംഗത്തേക്കെത്തിയതെന്നോര്‍ക്കുമ്പോള്‍ കുസൃതിവിരിയും എയ്ഞ്ചലിന്റെ മുഖത്ത്. ഒരു സീരിയലിനായി ചെയ്ത 'അച്ഛന്‍ ഇനി വരില്ലേ അമ്മേയ്ത്ത എന്ന ആ ഒറ്റ ഡബ്ബിങ് ക്ലിക്കായി. കസിന്‍ബ്രദര്‍ വഴി ഏഴാം വയസ്സില്‍ ദക്ഷിണേന്ത്യയിലെ പരസ്യ നിര്‍മ്മാതാവായ കെന്നി ഫെര്‍ണാണ്ടസിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായതെന്ന് ഏയ്ഞ്ചല്‍ ഓര്‍ക്കുന്നു. ഏഴാം വയസ്സിലെ ആദ്യ ഡബ്ബിങ്ങ് ഹിറ്റായതോടെ സീരിയലുകളിലും പരസ്യങ്ങളിലും ഡോക്യുമെന്ററികളിലും സ്ഥിരസാന്നിദ്ധ്യമായി. പോപ്പി, ജോണ്‍സ് കുടകളുടെ ജിംഗിള്‍സും ഈ മധുരശബ്ദത്തില്‍ പിറവികൊണ്ടു. സിനിമയിലേക്ക് രംഗപ്രവേശം ചെയ്തതും ഒരു തമിഴ് ബാലനുവേണ്ടി ഡബ്ബ് ചെയ്തായിരുന്നുവെന്നത് മറ്റൊരു കുസൃതി. ഭദ്രന്റെ വെള്ളിത്തിര എന്ന ചിത്രത്തിലൂടെ...

സിനിമയിലെ ഓരോ കഥാപാത്രത്തിനും തനതായവ്യക്തിത്വം നല്‍കുന്ന ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാരോട് ആരാധനയാണ് ഏയ്ഞ്ചലിന്. മണിച്ചിത്രത്താഴിലെ ശോഭനയുടെ ശബ്ദമായ ഭാഗ്യലക്ഷ്മിയെ, അനിയത്തിപ്രാവില്‍ ശാലിനിക്കു ശബ്ദമായ ശ്രീജയെ, കയ്യൊപ്പില്‍ ഖുശ്ബുവിന്റെ ശബ്ദമായ വിമ്മിയെ, ചാപ്പകുരിശിലെ രമ്യ നമ്പീശന് ശബ്ദം നല്‍കിയ സുകന്യയെയൊക്കെ ഏറെ വിലമതിക്കുകയും അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെപ്പോലെയുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കുകയുമാണീ 'മാലാഖ' കുട്ടി.

പരസ്യങ്ങള്‍ ഏറെയിഷ്ടം

പരസ്യങ്ങള്‍ക്ക് ഡബ്ബ് ചെയ്യാനാണ് എയ്ഞ്ചലിനേറെയിഷ്ടം. ഏതാനും മിനിറ്റുകള്‍ കൊണ്ട് കഴിയുമെന്നതു തന്നെ ഈ ഇഷ്ടത്തിനു പിന്നില്‍. ഏറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ടു തീരുന്നതാണ് പരസ്യഡബ്ബിങ്ങുകള്‍..പക്ഷെ സിനിമ ചെയ്യുമ്പോള്‍ ടെന്‍ഷനാണ് എയ്ഞ്ചലിന്, കഥാപാത്രത്തിന്റെ ഐഡന്റിറ്റി സംരക്ഷിക്കേണ്ട ഏറെ ഉത്തരവാദിത്വമുള്ള പണി കൈയിലായതു തന്നെയാണ് ഈ ടെന്‍ഷന്റെ കാരണം. ഇങ്ങനെയൊക്കെയൊരു ഫോര്‍മാലിറ്റിക്കു പറയുമെങ്കിലും സിനിമയില്‍ ആറു ഭാഷകളില്‍ ഡബ്ബിങ്ങ് നടത്തിക്കഴിഞ്ഞു ഈ ശബ്ദസുന്ദരി. ശബ്ദത്തെ സ്‌ക്രാച്ചില്ലാതെ നിലനിര്‍ത്താന്‍ ഒന്നും ചെയ്യാതിരിക്കുന്ന ഒരാള്‍ താനായിരിക്കുമെന്ന് അടക്കംപറയുന്നുണ്ട് ഏയ്ഞ്ചല്‍. എല്ലാം ദൈവദാനമല്ലേ.... കൂള്‍ മൈന്‍ഡിനായി കൂള്‍ഡ്രിങ്ക്‌സ്, ഐസ്‌ക്രീം തുടങ്ങി സകലതും കഴിക്കും. താനൊരു വായാടിയായിപ്പോയതില്‍ തെല്ലൊന്നുമല്ല പലരുടെയും ചീത്തവിളി കിട്ടുന്നത്, സാധാരണ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാര്‍ ലോ പിച്ചില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ് സ്റ്റുഡിയോ ചട്ടമെങ്കിലും ഹൈ പിച്ച് സംസാരത്തിന്റെ തോഴിയുമാണ് എയ്ഞ്ചല്‍.
എല്ലാ നടിമാരും അവരവരുടെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്തു കാണാനിഷ്ടപ്പെടുന്നൊരാള്‍കൂടിയാണ് ഏയ്ഞ്ചല്‍...ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശബ്ദവും സ്‌റ്റൈലുമുണ്ടല്ലോ....ഇപ്പോള്‍ അന്യഭാഷാനടിമാരെ കാസ്റ്റ് ചെയ്യുന്ന ട്രെന്‍ഡ് തന്നെ പ്പോലുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരെ കുറച്ചൊന്നുമല്ല തുണയ്ക്കുന്നതെന്നാണ് എയ്ഞ്ചലിന്റെ പക്ഷം. 

കോളേജില്‍ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍

സിനിമയില്‍ തിരക്കേറുന്നുണ്ടെങ്കിലും സേക്രഡ് ഹാര്‍ട്ട് കോളേജിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് പാലാരിവട്ടം ജോയി-സലോമി ദമ്പതിമാരുടെ ഒറ്റമകളായ എയ്ഞ്ചല്‍. സെന്റ് തെരേസാസിലെ ഡിഗ്രിവരെയുള്ള പഠനശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്നും പബ്ലിക് റിലേഷന്‍ ഡിപ്ലോമയും കൈക്കലാക്കിക്കഴിഞ്ഞു ഈ ശബ്ദസൗകുമാര്യം. മുന്‍ നിര ഫിലിം എഡിറ്ററായ ഭര്‍ത്താവ് കിഷോര്‍ കാഞ്ഞിരപ്പള്ളിക്കൊപ്പം ചക്കരപറമ്പിലാണ് സിനിമകളിലെ ശബ്ദസാന്നിദ്ധ്യമായ എയ്ഞ്ചലിന്റെ താമസം.



മലാല താലിബാന്‍ കാലത്തെ ആന്‍ ഫ്രാങ്ക്‌ 
ഒ.രാധിക 

നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്രജീവിതം വഴിമുട്ടിയപ്പോഴാണ് മലാല എന്ന പാകിസ്താന്‍ പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്. നാസി വേട്ടക്കിടെ ജീവന്‍ കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍ മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാക്കിസ്താന്‍ മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ക്ക് ബ്ലോഗ്‌വഴി പുറംലോകത്തോട് പറയാനായി. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്.

സൈനിക ഹെലികോപ്റ്ററും താലിബാനും തന്റെ ഉറക്കം കെടുത്തിയ പേടി സ്വപ്നമാണ് 2009 ജനവരി മൂന്നിന് മലാല ഡയറിയില്‍ പങ്കുവെക്കുന്നത്. വഴിയിലൂടെ പോവുമ്പോള്‍ മറ്റാരോടോ ഫോണിലൂടെ നടത്തുന്ന കൊലവിളിപോലും അവളെ നടുക്കി. മറ്റെന്തിനേക്കാളും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനേര്‍പ്പെടുത്തിയ നിരോധനമാണ് ഈ കൊച്ചുകുട്ടിയെ അപകടകരമായ വഴിയിലേക്ക് നയിച്ചത്. യൂണിഫോമില്ലാതെ സ്‌കൂളില്‍ ചെല്ലണമെന്ന് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് നിറമണിഞ്ഞ് അവള്‍ സ്‌കൂളിലെത്തുന്നു. പക്ഷേ, അസംബ്ലിയില്‍ കളര്‍ വസ്ത്രത്തിന് പകരം അവരെ അധ്യാപകര്‍ നിറം മങ്ങിയ ഉടുപ്പുകളിടുവിച്ചു. താലിബാന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഒരു ദിവസം ഏറെ സങ്കടത്തോടെ അവള്‍ കുറിച്ചു: 'ഇനിയൊരിക്കലും' തനിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്ന് അവധിപ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ സ്‌കൂള്‍ വീണ്ടും തുറക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. കള്ളപ്പേരില്‍ മലാല ബി.ബി.സി.യില്‍ തന്റെ ജീവിതം എഴുതിക്കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ പ്രകൃതിയില്‍ ജീവിതം ദുസ്സഹമാക്കുന്ന കാടന്‍ നിയമങ്ങളും ബോംബും തോക്കും വിറപ്പിക്കുന്ന രാപകലുകളും ആ കൗമാരക്കാരി പങ്കുവെച്ചു. ബ്ലോഗെഴുതാന്‍ അച്ഛനായിരുന്നു അവള്‍ക്ക് വഴികാട്ടി. ഒരു സ്‌കൂള്‍ ഉടമസ്ഥനായ അച്ഛന് താലിബാന്റെ വധഭീഷണിയുണ്ടായിരുന്നു. പെണ്‍പള്ളിക്കൂടങ്ങള്‍ താലിബാന്‍ കൂട്ടത്തോടെ ബോംബിട്ട് തകര്‍ത്തു. 2008-ല്‍ മാത്രം ഇവിടെ 150 സ്‌കൂളുകള്‍ അവര്‍ തകര്‍ത്തു.


വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് അവളുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്‌വരയില്‍ പക്ഷേ, അവര്‍ക്കില്ലാത്തത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന്‍ തിട്ടൂരങ്ങളില്‍ എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം. താലിബാന്‍ ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. ഇന്ന് അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന്‍ പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം.
2009-ല്‍ സ്വാതില്‍ നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011-ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ ദേശീയ സമാധാന പുരസ്‌കാരത്തിന് മലാല പുരസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്തു. ഇങ്ങനെ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി വെടിവെച്ചത്. അതോടെ രാജ്യവും ലോകവും ഒന്നാകെ അവളുടെ ജീവനുവേണ്ടി പ്രാര്‍ഥനയിലാണ്. രക്ഷപ്പെട്ടുവന്നാല്‍ കൊല്ലുമെന്ന് താലിബാന്‍ വീണ്ടും തീട്ടൂരം പുറപ്പെടുവിച്ചതിനാല്‍ ലോകം ആശങ്കയിലാണ്.





No comments:

Post a Comment