ദക്ഷിണകൈലാസം
ആഷാമേനോന്‍
07 Nov 2012

ഒരുപക്ഷേ, ഞാന്‍ ഏറ്റവുമധികം തവണ അഞ്ജലീബദ്ധനായി നിന്നത് കുടജാദ്രിയിലെ പ്രതിഷ്ഠയ്ക്കു മുന്നിലായിരിക്കണം. സൗപര്‍ണികയില്‍ കുളിച്ച് മൂകാംബികയെ തൊഴുതുതന്നെയാണ് ഓരോ പ്രാവശ്യവും മല കയറിയിട്ടുള്ളത്. എങ്കിലും ഓര്‍മയില്‍ തുടിക്കുന്ന പ്രാപ്യസ്ഥാനം കൊല്ലൂരിനെക്കാള്‍ കുടജാദ്രിയാണ്. ഹിമാലയത്തിലേക്കുള്ള യാത്രകള്‍ അങ്ങനെ നിയതമായ ഒരു ക്ഷേത്രത്തിലേക്കുള്ളവയായിരുന്നില്ലല്ലോ. ആദ്യത്തെ മൂകാംബികായാത്രയില്‍ - 1982, 'സൗന്ദര്യലഹരി' എനിക്ക് അനുഭവസ്ഥമായ സമയം - വിദൂരത്തില്‍ കുടജാദ്രിയുടെ വിദ്യാചിഹ്നമായ നാവു കണ്ട് വിസ്മയത്തോടെ വര്‍ത്തിച്ചത് ഇന്നും മനസ്സിലുണ്ട്. യാത്രോദ്യുക്തമായ ഒരു ചേതന എനിക്കുണ്ടോ എന്നുതന്നെ സംശയമായ ആ വിദൂരകാലം. അതിന്റെ ബീജാങ്കുരം സംഭവിച്ചത് കുടജാദ്രിയില്‍ വെച്ചുതന്നയാവണം, 84-ല്‍.
യാത്രകളെക്കുറിച്ചോ ഹിമാലയശൃംഗങ്ങളെക്കുറിച്ചോ ആരെങ്കിലും കൗതുകംപൂണ്ടുവരുമ്പോഴൊക്കെ, കുടജാദ്രിയിലെ വനപഥങ്ങളിലേക്ക് എന്റെ ഓര്‍മകള്‍ പിന്തിരിയാറുണ്ട്. അത്തരം യാത്രകളുടെയൊക്കെ സമാരംഭം കുടജാദ്രിയില്‍നിന്ന് ആവണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിക്കാറുമുണ്ട്. ഒരു ഭക്തന്‍ എന്ന നിലയ്ക്ക് ഞാന്‍ എന്നെ നിര്‍വചിക്കാന്‍ ശ്രമിക്കാറില്ല. തീര്‍ഥയാത്രകളില്‍ ഭക്തിയുടെ അംശം ഇല്ലെന്നല്ല. പക്ഷേ, അതിനെക്കാളേറെ ഒരു പങ്കുചേരലിനുള്ള ത്വരയാണ്. അത് മഞ്ഞാവാം, കാറ്റാവാം, ഹിമപ്പരപ്പാവാം, സരസ്സാവാം. നമ്മുടെ അറിയായ്മകളെന്തെല്ലാമെന്ന് പറഞ്ഞുതരുന്ന ഒരു അറിവാണത്. അത്തരം വേളകളില്‍ മനസ്സ് വിനമ്രമായിത്തീരുന്നു.
ന ജാനാമി പുണ്യം ന ജാനാമി തീര്‍ഥം
ന ജാനാമി ഭക്തിം ലയം വാ കദാചില്‍
എനിക്ക് പുണ്യമെന്തെന്നറിയില്ല. തീര്‍ഥമെന്തെന്നറിയില്ല. ഭക്തിയോ ലയമോ എന്തെന്നറിയില്ല. ഇവയില്‍നിന്നൊക്കെ ശരണാഗതമായിത്തീരുന്ന ചിത്തവുമായി ഞാന്‍ നിനക്കു മുന്നില്‍ നില്ക്കുന്നു.
ഭക്തി ഒരു ചെറിയ കാര്യമായി ഒരിക്കലും തോന്നിയിട്ടില്ല. യാത്രകള്‍ക്ക് ചോദകമാവുന്നത് ഭക്തിയെക്കാളേറെ ജിജ്ഞാസയാണെന്നുമാത്രം. കുടജാദ്രിയിലെ സാന്നിധ്യം അതിനെ ഏറ്റം നിഷ്‌കളങ്കമായി പോഷിപ്പിക്കുന്നു. മൂകാംബികയില്‍ മാത്രം ചെന്ന് തൊഴുതുമടങ്ങുന്ന ഒരാള്‍ക്ക്, കുടജാദ്രിയുടെ സന്ദേശങ്ങള്‍ ശ്രവ്യമാവുകയില്ല. 'ദൃശ്യാദൃശ്യവിഭൂതിവാഹനകരീ' എന്ന അന്നപൂര്‍ണേശ്വരിസ്‌തോത്രത്തിലെ വരിയുടെ പൊരുള്‍ തികച്ചും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കില്ല.
ദേവിയുടെ വിഭൂതികള്‍ വ്യാപിച്ചുകിടപ്പുള്ളത് കുടജാദ്രിയിലാണ്, മൂകാംബികാക്ഷേത്രത്തിലെക്കാളേറെ. പ്രകൃത്യംബ എന്ന അര്‍ഥത്തിലുള്ള പ്രതിഷ്ഠയാണുദ്ദേശിച്ചത്. അല്ലാതെ, വിധിയാംവണ്ണം പ്രതിഷ്ഠിച്ച് ആവാഹിച്ചുകഴിഞ്ഞ ദേവീവിഗ്രഹത്തെ മനസ്സിലാക്കാതെയല്ല. ഇതിന്റെ മൂലപ്രതിഷ്ഠ തന്നെയാണ് കുടജാദ്രിയില്‍ നിര്‍വഹിച്ചിട്ടുള്ളത്. സര്‍വജ്ഞപീഠം മറ്റൊരിടത്തല്ലതാനും. അതുവരെ കയറിച്ചെല്ലാന്‍ അശക്തരായവര്‍ക്ക്, ഇവിടെ അര്‍ച്ചന കഴിച്ച് മടങ്ങാമെന്നു മാത്രം ധരിച്ചാല്‍ മതി. പ്രതിഷ്ഠകള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലതന്നെ. ഈ പ്രപഞ്ചത്തിന്റെ സ്വസ്തി എന്ന വിശാലസങ്കല്പത്തില്‍, ഇതൊക്കെ അപ്രസക്തങ്ങളായി ജൈവമനസ്സിനെ ഏതാകൃതിയിലും സങ്കല്പനം ചെയ്യാം, ചെയ്യാതെയുമിരിക്കാം.
മൂകാംബികയുടെ ക്ഷേത്രാങ്കണത്തില്‍നിന്ന് കാടുകളിലേക്ക് കയറുമ്പോള്‍ എന്തോ ഒന്ന് വിസ്തൃതമായി ഭവിക്കുന്ന അനുഭവമാണ് നേരിടുക. ആറുതവണയും അത് അങ്ങനെത്തന്നെയായിരുന്നെന്ന് ഞാന്‍ സാക്ഷ്യം നല്കട്ടെ. ഉപാസനാക്രമങ്ങളെന്തെന്ന് അറിഞ്ഞുകൂടാത്ത ഒരു മനസ്സാണ് എന്റേത്. ദേവീസഹസ്രനാമം ചൊല്ലാറുണ്ട് എന്നതൊഴിച്ചാല്‍, മറ്റു പൂജാവിധികളൊന്നും എനിക്ക് നിശ്ചയമില്ല. അത് അറിയാനുള്ള ഔത്സുക്യം എന്തുകൊണ്ടോ ഉണ്ടായിട്ടില്ല. അതിനാലാവണം, ഒരു കുടജാദ്രിയാത്രയില്‍, സുജാതാദേവി, പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് കൗളമാര്‍ഗികള്‍ക്ക് ദേവിയുടെ ഉപാസന തന്നെയാണ് കാമ്യമെന്ന് പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടത്. അന്ന് ഞാന്‍ സഹസ്രനാമം ചൊല്ലിത്തുടങ്ങിയിട്ടില്ല, ഏതാണ്ട് പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്. മൂകാംബികാസ്‌തോത്രം ഹൃദിസ്ഥമാവുന്നത്, ശൂലപാണി സോദരിമാരുടെ സ്വരമാധുരിയില്‍ അനുഭവസ്ഥമാവുന്നത് ആ യാത്രയിലാണെന്ന് ഓര്‍ക്കുന്നു. സൗന്ദര്യലഹരിപോലെത്തന്നെ ഈ സ്‌തോത്രവും ഒരു ശ്രവ്യാനുഭൂതിയായി വര്‍ഷിക്കുന്നത്, ഇവിടെ വെച്ചാണ്. അതൊക്കെ വിലമതിക്കാനാവാത്ത ആശീര്‍വാദങ്ങളായി എന്നോടൊപ്പമുണ്ട്. ഓരോ കുടജാദ്രിയാത്രയും പുതിയ തുറസ്സുകളിലേക്ക് എന്നെ നയിക്കുകയായിരുന്നെന്ന് പറയുമ്പോള്‍, അതില്‍ അനിര്‍വചനീയതയുടെ അംശമുണ്ട്. ഓരോ യാത്രയും എന്നെ മാറ്റിക്കൊണ്ടിരുന്നു എന്നത്, അതിനെ വ്യവച്ഛേദിക്കാനുള്ള ഒരു ശ്രമം മാത്രമാണ്. കാരണം, ഓരോ പ്രാവശ്യവും എന്റെ ഒപ്പം പുതിയൊരു സഞ്ചാരിയുണ്ടാവുമായിരുന്നു. അത് കുടജാദ്രിയാത്രയുടെ വിധിയാണോ എന്നൊന്നും പറവാന്‍ വയ്യ. പക്ഷേ, പുതിയ ഒരു ശരണാര്‍ഥിയെയുംകൊണ്ടല്ലാതെ എനിക്ക് കുടജാദ്രിയിലേക്ക് കയറുകവയ്യെന്നത് അവ്യക്തമായൊരു നിയോഗമാണ്. ഓരോ കുടജാദ്രി അനുഭവവും വ്യത്യസ്തമായിത്തീര്‍ന്നത്, ഗുണപരമായി, അങ്ങനെയാവണം. കാട്ടിലെ ഗഹനസ്വരങ്ങള്‍, പുല്‍ക്കാട്ടിലെ ശീതളിമ, കുടജാദ്രിയിലെ എളിയ പ്രതിഷ്ഠ, ഗണപതിഗുഹ, സര്‍വജ്ഞപീഠത്തിന്റെ ശിലാഭംഗി, ചിത്രമൂല ഇവയൊന്നും കാതലായ മാറ്റത്തിന് വിധേയമായിട്ടില്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍. പത്തുവര്‍ഷത്തിനിപ്പുറം അവ മാറിയിട്ടുണ്ടോ എന്ന് തിട്ടമില്ല.
കാരണം, കുടജാദ്രിയില്‍ ചെന്നിട്ട് അത്രയും കാലമാവുന്നു, പുതിയൊരു ശരണാര്‍ഥി കനിഞ്ഞില്ല എന്ന് ഖേദത്തോടെ കുറിക്കട്ടെ.
ദക്ഷിണകൈലാസം എന്ന പദത്തിന്റെ സ്വാരസ്യം ബോധ്യപ്പെടണമെങ്കില്‍, മൂകാംബികയില്‍നിന്ന് നാകോടി വഴി കുടജാദ്രിയിലേക്ക് കയറിപ്പോവേണ്ടതുണ്ട്. അയ്യായിരം അടിയേ സമുദ്രനിരപ്പില്‍നിന്ന് ഉയരമുള്ളൂവെങ്കിലും ഈ ഗിരിശൃംഗങ്ങള്‍ എങ്ങനെയോ ഹിമാലയശീര്‍ഷങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ആദ്യത്തെ തവണ അത് എനിക്ക് വെളിവായില്ലെന്നത് നേര്; അപ്പോള്‍, ഞാന്‍ ഹിമാലയത്തിലേക്ക് പുറപ്പെട്ടിരുന്നില്ലല്ലോ. ഇവിടെ, ഹിമത്തിന്റെ അസ്തിത്വം ഇല്ലെന്നത് യഥാര്‍ഥമായിരിക്കേ, ശരാവതിനദിയിലേക്ക് മുഖംനോക്കുന്ന ഈ ഗിരിസാനുക്കള്‍ ഉത്തരദിശയിലെ പര്‍വതനിരകളെ നിനവില്‍ കൊണ്ടുവരികതന്നെ ചെയ്യും. ഐതിഹ്യങ്ങള്‍ക്കപ്പുറമുള്ള ഒരു സാദൃശ്യമാവണം അത്.
മൃതസഞ്ജീവനി വിളഞ്ഞുനില്പുള്ള ഹിമാലയശിഖരങ്ങളെ ആഞ്ജനേയന്‍ പറിച്ചെടുത്തുവരുന്നേരം കൊടിയ ഭാഗം ഈ പ്രദേശത്ത് പതിക്കയാല്‍, കുടജാദ്രി എന്ന വിശ്രുതി അതിന് ലഭിച്ചെന്നുള്ള പുരാവൃത്തം സ്വീകരിച്ചില്ലെങ്കിലും, എന്തോ ഒരു ചാര്‍ച്ച ഇവ തമ്മിലുള്ളതായി തോന്നിയിട്ടുണ്ട്. മറ്റു ഗിരിനിരകള്‍ കാണുമ്പോഴൊന്നും തോന്നാത്ത ഒരു ഘടനാസാക്ഷ്യം എന്നുകൂടി സൂചിപ്പിക്കട്ടെ. ബൃഹദീശ്വരക്ഷേത്രം, ദക്ഷിണമേരുവിലെ കാരണലിംഗമെങ്കില്‍, കുടജാദ്രി ദക്ഷിണകൈലാസമാവുന്നത് പൊരുത്തക്കേടല്ല. സുജാതാദേവിയൊത്തുള്ള യാത്ര കാട്ടിലൂടെയായിരുന്നു -രണ്ടുപ്രാവശ്യം മാത്രമേ, കൊല്ലൂരില്‍നിന്ന് വാഹനം അവലംബിച്ച് കുടജാദ്രിയില്‍ ചെന്നിട്ടുള്ളൂ-ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ ഹെയര്‍പിന്‍ വളവുകളിലൂടെ കുലുങ്ങിക്കുലുങ്ങി യാത്ര ചെയ്യുന്നതിനെക്കാള്‍, എത്രയോ അഭികാമ്യം കാട്ടിലൂടെ പോവുകതന്നെയാണ്. പ്രകൃതിയിലെ ഋതുചക്രങ്ങളെ അതിന്റെ ആസന്നതയില്‍ ഗ്രഹിക്കാന്‍ കഴിയുന്നത് സ്ത്രീഗാത്രത്തിനാണ്, സ്വയം ഒരു ഋതുചക്രത്തിലൂടെ കടന്നുപോവുന്നതിനാല്‍. പ്രകൃതിയില്‍നിന്ന് ഊര്‍ജം കൈക്കൊള്ളാനും അവര്‍ക്ക് കഴിയുമെന്ന് എന്നെ ബോധ്യപ്പെടുത്തിയത്, സുജാതയാണ്. പുരുഷനുമായി മാത്രം സാധാരണ അന്വയിച്ചുകാണാറുള്ള അധൃഷ്യതയാണ്, ഞാന്‍, ആ യാത്രയില്‍ അവരില്‍നിന്ന് പഠിക്കാനിടയായത്. കാട്ടിലൂടെയുള്ള യാത്രതന്നെ അവരെ ഏറെ വിവശയാക്കി - അവിടെച്ചെന്ന്, ഭട്ടിന്റെ ഹൃദ്യമായ ആതിഥ്യത്തിനു ശേഷമാണ് അവര്‍ തളര്‍ച്ച മാറ്റിയെടുത്തത്.
വീണ്ടും സര്‍വജ്ഞപീഠത്തിലേക്കും താഴെ ചിത്രമൂലയിലേക്കും നടന്നുതന്നെ ചെല്ലേണ്ടതുണ്ട്. ശാരീരികമായ അരുതായ്മകളില്‍, നിസ്സീമതയിലേക്ക് പിന്‍വാങ്ങുന്ന മലനിരകള്‍ ഒരു ഇന്ദ്രിയാനുഭവമാവുക ശ്രമകരമാണ്. ആ ശ്രമകരതയാണ്, അവര്‍ ഭേദിച്ചത്. ഓരോ കാഴ്ചയിലും അവര്‍ ആമഗ്നയായി. സര്‍വജ്ഞപീഠത്തിലെ കാറ്റിരമ്പുന്ന അന്തരീക്ഷത്തില്‍ അവര്‍ ഉത്ഫുല്ലചിത്തയായി പരിണമിക്കയായിരുന്നു. കവിതകള്‍ അവര്‍ ചൊല്ലിപ്പോവുകയായിരുന്നു. ഈണത്തിലോ അല്ലയോ എന്നൊന്നും ഉത്കണ്ഠപ്പെടാതെ. നാം, നമ്മുടെ ആഴങ്ങളിലെത്തുമ്പോഴാണ് അത്തരം പ്രകാശനങ്ങള്‍ സംഭവിക്കുക. സംഗീതം ആനന്ദസന്ദായകമായ മൗനത്തിലേക്ക് നയിക്കുന്നു എന്ന് യോഗശാസ്ത്രത്തിലുണ്ട്. അതിന്റെ ചെറിയൊരു അനുഭൂതികണം തന്നെയാണ് അവര്‍, കേട്ടുനിന്ന ഞാനും, ആ വൈകുന്നേരം പകുത്തത്. നിഗമാര്‍ഥഗോചരകരീ, ഈ പ്രപഞ്ചത്തിന്റെ പൊരുളിനെ പ്രകാശമയമാക്കുന്ന ദേവീ എന്നും ആ സ്‌തോത്രത്തിലുണ്ട്. പൊരുളെന്നാല്‍ പ്രപഞ്ചത്തിന്റെ ഋതാത്മകമായ ഘടന എന്നും ഗ്രഹിക്കാം. ഈ പര്‍വതാധീശ്വരിയുടെ മുന്‍പില്‍, ഒരിക്കല്‍ മാത്രം, ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍, അര്‍ഥിയായി നിന്നതും ഞാനോര്‍മിക്കുന്നു. ഓംകാര ബീജാക്ഷരിയായ ദേവിയോട് എന്നെ ചൂഴ്ന്നു വരുന്ന വിഷമസന്ധിയില്‍നിന്ന് കരേറാന്‍ സഹായിക്കുക എന്ന് കേണുപോയി. ആ കേണത്, ദേവി കൈക്കൊണ്ടു. എന്റെ കുറെ അശ്രുക്കള്‍ അതിനു പകരമല്ലാതെതന്നെ നല്‌കേണ്ടിവന്നെങ്കിലും. ഈ ജന്മത്തിലെയോ ഇനിയുള്ള ജന്മങ്ങളിലെയോ അനുഭവസത്തയ്ക്ക് ഹേതുവായിത്തീരുക നമ്മുടെ കര്‍മസഞ്ചയങ്ങള്‍തന്നെയെന്ന ഓര്‍മപ്പെടുത്തലായിരുന്നു, ആ അശ്രുക്കള്‍. മനുഷ്യര്‍ക്ക് പ്രാര്‍ഥനയ്ക്കു മാത്രമേ അര്‍ഹതയുള്ളൂ. ഈ ജൈവമനസ്സുമായുള്ള വിനിമയത്തിന് ഒരു ഉപാധിയെന്ന നിലയില്‍ നിര്‍മലമായ ആ ആസ്തിക്യത്തില്‍, ദൈവഹിതം നാം തിരിച്ചറിഞ്ഞേക്കാം. ആ സഹജാനുഭൂതിയില്‍, മറ്റൊരു പ്രയോജനപരതയും കടന്നുവരികയില്ല.
കൈലാസത്തില്‍ പച്ചപ്പില്ല!
മഞ്ഞ്, മഴ, വെയില്‍, കാറ്റ് എന്നീ ജീവാനുകൂലിയായ പ്രതിഭാസങ്ങള്‍ ഓരോന്നിനും അതിന്റെതായ ധര്‍മമുണ്ട്. ഭൂമി എന്ന ജൈവഗോളത്തില്‍ മാത്രമാവണം ഈ പ്രതിഭാസങ്ങളും അവയുടെ ജീവപ്രേരകമായ ധര്‍മങ്ങളും പ്രസക്തമാവുക. ഈ സൗരയൂഥത്തെ സംബന്ധിച്ചെങ്കിലും ഭൂമിപോലെ ആവാസസ്ഥിതമായ മറ്റൊരു ഗ്രഹമില്ല. ഇവയെക്കുറിച്ച് എന്തെങ്കിലും സൗന്ദര്യാത്മകവിചിന്തനങ്ങള്‍ സാധ്യമാവുക, ഈ പശ്ചാത്തലത്തിലാണ്. ഈ നാലു ഋതുകാരകങ്ങളില്‍ മഞ്ഞിനുമാത്രമേ മായയുമായി ചാര്‍ച്ചയുള്ളൂ. ഉള്ളതിനെ ഇല്ലാത്തതെന്ന് തോന്നിക്കുന്ന ഒരു മായ, അല്ലാതെ, ഇല്ലാത്തതിനെ ഉള്ളതെന്നു തോന്നിക്കുന്ന രീതിയില്ല, മഞ്ഞിന്റെ പടുത മാറുമ്പോഴാവട്ടെ, എന്തൊക്കെയോ ഉയിര്‍ത്തുവരുന്ന ഒരു പ്രതീതിയാണ്. പ്രകൃതി തളിരിടട്ടെ എന്ന അശരീരിക്ക് അനുസാരിയായ ഒരു പക്ഷേ, ഗിരിശൃംഗങ്ങളില്‍നിന്നു മാത്രമേ ഈ മായാദൃശ്യങ്ങള്‍ ഹൃദയഹാരിയായി അനുഭവപ്പെടുകയുള്ളൂ. അല്ലെങ്കിലും, സമതലങ്ങളില്‍ മഞ്ഞിന്റെ സൗന്ദര്യം നാം വിരളമായി മാത്രമേ നേരിടാറുള്ളുവല്ലോ.

മറയലിന്റെയും ഉയിര്‍ക്കൊള്ളലിന്റെയും രൂപകമായി മഞ്ഞു മാറിയത് ഏറെ സ്വാഭാവികമായാവണം. മഴയിലോ കാറ്റിലോ വേനലിലോ അങ്ങനെയൊരു തിരോധാനം നാം കണ്ടുമുട്ടുന്നില്ല. മഴനാരുകളുടെ തിരശ്ശീലയ്ക്കപ്പുറത്ത്, കാഴ്ച മൂടുകയല്ല. ആകാശത്തെയും ഭൂമിയെയും മാത്രമല്ല, ഈ വര്‍ഷാംഗുലികള്‍ - ഏറ്റവും നേര്‍ത്ത കൈവിരലുകളെന്ന് ഇ.ഇ. കമിങ്‌സ്- ബന്ധിപ്പിക്കുക, മനുഷ്യനെയും ദൈവത്തെയും കൂടിയാണ്, വിത്തിനെയും വൃക്ഷത്തെയും എന്നപോലെത്തന്നെ. ആദിമ മനുഷ്യന്റെ ദൈവത്തെച്ചൊല്ലിയുള്ള ഔത്സുക്യങ്ങള്‍ ആരംഭിച്ചത്, ഇടിമിന്നല്‍ പൂക്കുന്ന വര്‍ഷകാലരാത്രികളിലാവണം. മഞ്ഞിനെക്കാള്‍ സ്പൃശ്യമാണ് മഴ- വേനലും കാറ്റും നമുക്ക് ഏറ്റുവാങ്ങാനേ നിവൃത്തിയുള്ളൂ. കാറ്റിലൂടെ പരാഗണം സംഭവിക്കുന്നു എന്നതിന് ഇനിയുമൊരു അര്‍ഥമുണ്ടാവണം. പുഷ്പത്തിന്റെ വിത്തുകള്‍ക്കൊപ്പം അതീന്ദ്രിയബോധത്തിന്റെ അങ്കുരങ്ങള്‍കൂടി ഇവിടെ വിനിമയം ചെയ്യപ്പെടുന്നു. അതീവ സൂക്ഷ്മതരമായി കാറ്റിലൂടെ ദൈവികസന്ദേശങ്ങള്‍ എന്നതിന് സ്‌പേസിലേക്ക്, അവിടന്നിങ്ങോട്ടും പായുന്ന തരംഗങ്ങള്‍ എന്നു വിവക്ഷ നല്കാം. മഞ്ഞില്‍ വിസ്മരിക്കപ്പെട്ട, മഴയില്‍ കുതിര്‍ന്നുപോയ, വെയിലില്‍ നിശ്ചലമാക്കപ്പെട്ട തരംഗങ്ങള്‍ കാറ്റിലൂടെയാണ് നമ്മുടെ ശ്രോത്രപുടങ്ങളിലെത്തുക. ആകാശം സംഗീതത്തെ സാധ്യമാക്കുന്നു എന്നത് ഛാന്ദോഗ്യാപനിഷത്തിലെ ഒരു മന്ത്രമാണ്. ശൂന്യതയില്‍ ഇവയൊന്നും രൂപമാളുകയില്ല, ചിന്താതരംഗങ്ങളൊഴികെ. അവതന്നെ മനസ്സിന്റെ സജീവതയിലാണ് പ്രകമ്പിതമാവുക. ശൂന്യമായ മനസ്സ് എന്ന ഒന്ന് അസംഭാവ്യമാണ്. ഉന്മാദിയുടെ ചേതനയില്‍പ്പോലും എന്തൊക്കെയോ കോറലുകള്‍ ഉളവായിക്കൊണ്ടിരിക്കും. കാറ്റിനെയും വെയിലിനെയും വര്‍ഷത്തെയും അപേക്ഷിച്ച് ഒരു അഭാവം, മഞ്ഞില്‍ പുതയാതെ കിടപ്പുണ്ട്. വാസ്തവത്തില്‍ അതെക്കുറിച്ച് പറയാനാണ് ഞാന്‍ ഒരുങ്ങിയത്. അപ്പോള്‍, ഇതൊക്കെ നിനവില്‍ വന്നെന്നേയുള്ളൂ. ഈ അഭാവം ഹരിതമാണ്. മഞ്ഞില്‍ ഹരിതം ഒരു അസാധ്യതയാണ്; ഹരിതത്തില്‍ മഞ്ഞുപുരളുക ഒരു പുതുശോഭയെന്നിരിക്കിലും മഞ്ഞ് പൂഴ്ന്നു കിടക്കുന്ന ഗിരിസാനുക്കളില്‍ ഒരു ചെടിപോലും കിളിര്‍ക്കയില്ല. ഇതെഴുതുമ്പോള്‍ മഞ്ഞിന്റെ കിരീടങ്ങള്‍ക്കിടയ്ക്ക് ജ്വലിച്ചുനില്പുള്ള കശ്മീരിന്റെ ചിനാര്‍ സസ്യങ്ങള്‍ എന്റെ മനസ്സില്‍ മിഴിവാളുന്നുണ്ട്. ആ ഉയരത്തിനപ്പുറം എന്നാണുദ്ദേശിച്ചത്. മനുഷ്യരുടെ ആവാസവ്യവസ്ഥകള്‍ക്ക് അത്രമേല്‍, അല്ല, തെല്ലും ഹിതകരമല്ലാത്ത 15,000 അടിക്കുമീതെയുള്ള പ്രദേശങ്ങളില്‍ സസ്യങ്ങള്‍ കിളിര്‍ക്കാറില്ല. അന്റാര്‍ട്ടിക്കയിലെ ധ്രുവഭൂമിയെക്കുറിച്ചു വേണമെങ്കില്‍ മനസ്സില്‍ ഓര്‍ക്കാം. ഹിമക്കരടികള്‍ ഉരുണ്ടുപിരളുന്നത് മഞ്ഞുപൂക്കളുടെ ശയ്യയിലാണ്. ഈ അഭാവത്തിന്റെ ഒരു സാക്ഷ്യപത്രം എന്നെ തെല്ലെങ്കിലും അലോസരപ്പെടുത്തിയത് മൂന്നുകൊല്ലം മുന്‍പ് നടത്തിയ ഒരു കൈലാസയാത്രയ്ക്കിടക്കാണ്. 16,000 അടിതൊട്ട് 21,000 അടിവരെ ചൂഴ്ന്നുപോവുന്ന കൈലാസത്തിന്റെ പ്രദക്ഷിണപഥം എങ്ങനെ അനുഭവപ്പെടുന്നുവെന്ന് തമിഴനോടും തെലുങ്കനോടും കേരളീയനോടും പിന്നെ ഉത്തരേന്ത്യക്കാരില്‍ ചിലരോടും വെറുതെ ചോദിച്ചുപോയതാണ്. എല്ലാവരും ഒറ്റസ്വരത്തില്‍ പറയുക, ഈ മഹാപഥത്തിന്റെ ദുര്‍ഗമതയെക്കുറിച്ചാണ്. ഈ ദുര്‍ഗമത തരണം ചെയ്തുകഴിയുമ്പോള്‍ അനുഭവസ്ഥമാകുന്ന സ്വാച്ഛന്ദ്യത്തെക്കുറിച്ചാണ്. പക്ഷേ, കേരളത്തില്‍നിന്നുള്ള പ്രബുദ്ധരായ യാത്രികര്‍ മറ്റൊരു നിരീക്ഷണംകൂടി നടത്തുകയുണ്ടായി; ഒരു നേരിയ പച്ചപ്പുപോലും ദൃശ്യമല്ലാത്ത ഈ ഹിമഭൂമിയില്‍ എന്തു സായുജ്യമാണ്? പരിക്രമണം വിചാരിച്ചതിലുമധികം ക്ലേശകരമായി തോന്നിയതിന്റെ ഒരു പ്രതികരണമാവാം, അത്. എങ്കിലും പച്ചപ്പ് എങ്ങനെ സൗന്ദര്യാത്മകതയുടെ ഒരു സംക്ഷേപമായി അവരുടെ മനസ്സുകളില്‍ പതിഞ്ഞിരിക്കണമെന്നതിന്റെ ഒരു സൂചനകൂടിയാവണം, അത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പരിക്രമണം നടത്തിയവരാരും അപ്രകാരമൊരു നിരീക്ഷണത്തന് മുതിര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്. മഞ്ഞിന്റെ സ്ഫൂര്‍ത്തിയില്‍ എന്തെല്ലാം പ്രതീക്ഷിച്ചുകൂടാ എന്നതിനെക്കുറിച്ച് ഏകദേശ ധാരണയുണ്ടായതിനാലാവാം, എനിക്കത് അവ്വിധം അനുഭവസ്ഥമാവാഞ്ഞത്. ഹരിതം പ്രത്യക്ഷമാവാത്ത ഇടങ്ങളും സൗന്ദര്യാത്മകങ്ങളാവാം എന്ന തോന്നല്‍ മനസ്സില്‍ ഊറിയതിനാലുമാവാം. സമതലങ്ങളിലെ വര്‍ണമോഹനമാണ് പച്ചയെങ്കില്‍, ഹിമതലങ്ങളില്‍ അത് ശുഭ്രമാണ്. മഞ്ഞിന്റെതുമാത്രമായ ശുഭ്രത. സമതലങ്ങളിലെ സൗന്ദര്യബോധത്തില്‍നിന്ന് അല്പമെങ്കിലും വ്യത്യസ്തവുമാണത്. അതിശൈത്യം ചില പൂക്കള്‍ക്കെങ്കിലും പ്രഫുല്ലദായകമാണ്. പതിനായിരം അടി ഉയരത്തില്‍തന്നെയാണ് ബ്രഹ്മകമല്‍, അതിന്റെ ധാവള്യത്തില്‍ സ്ഥിതിചെയ്യുക. അത്തരം അപൂര്‍വസസ്യങ്ങളൊഴികെ ഭൂര്‍ജവൃക്ഷങ്ങളും മറ്റൊരു രമണീയകവും ആ ഉത്തുംഗസ്ഥലികളില്‍ പ്രത്യക്ഷപ്പെടാറില്ല. അങ്ങനെ പച്ചപ്പിന്റെ സാകല്യം എതിര്‍പാര്‍ക്കുന്നവര്‍ക്ക് ഇച്ഛാഭംഗം മാത്രമാവും ഉളവാകുക. അതെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ഇവിടെ സാംഗത്യമില്ല. ദൈവത്തിന്റെ, അല്ല, ഹരിതത്തിന്റെ സ്വന്തം നാടായ കേരളത്തില്‍നിന്നുള്ള കൈലാസ യാത്രികര്‍ക്ക് ആ കാന്തികമണ്ഡലത്തില്‍ ഒരു അഭാവം അനുഭവപ്പെട്ടു എന്നതാണ്. കാറ്റിലൂടെ, തണുപ്പിലൂടെ വികിരണം ചെയ്യപ്പെടുന്ന ശ്രുതികളേവയും അവര്‍ ഏതളവില്‍ ഉള്‍ക്കൊണ്ടു എന്നറിയില്ല. ഒരുപക്ഷേ, അതത്രയും ഉള്‍ക്കൊണ്ടുതന്നെ അവര്‍ പച്ചയില്‍ ചിട്ടപ്പെടുത്തിയ തങ്ങളുടെ സൗന്ദര്യബോധം, പ്രസ്തുത ശൃംഗങ്ങളിലെ വര്‍ണരാഹിത്യത്തില്‍ അസംതൃപ്തമാവുന്നതറിഞ്ഞിരിക്കാം
നിശ്ശബ്ദതാഴ്‌വരയും പുലച്ചിമടയും
നിശ്ശബ്ദതാഴ്‌വരപോലൊരിടം മറ്റു സംസ്ഥാനങ്ങളില്‍ പോയിട്ട്, ലോകത്ത് ഒരിടത്തും ഉരുവായിട്ടില്ലെന്ന് ഓര്‍ക്കേണ്ടത് ഇതിനു തുടര്‍ച്ചയായാണ്. ഒരു പ്രദേശത്തിന്റെ തനിമയെന്നാല്‍, സാംസ്‌കാരികമായ ഘടനയ്ക്കുപുറമെ, ഭൂമിശാസ്ത്രപരമായ ഘടനകൂടി ഉള്‍ച്ചേര്‍ന്നതാണ്. വാദ്യമഞ്ജരികളും കലാവിഷ്‌കാരങ്ങളുമാണ് പൊതുവേ സാംസ്‌കാരികത്തനിമയായി മനസ്സിലാക്കപ്പെടാറ്. പക്ഷേ, ഇതിനൊപ്പംതന്നെ നിരവയവമായി വര്‍ത്തിക്കുന്ന ഒരു ബലരേഖയാണ്, മഞ്ഞും വര്‍ഷവും വെയിലും കാറ്റും കൂടിച്ചേര്‍ന്ന ഭൂപ്രകൃതി. സംസ്‌കാരം മനുഷ്യന്റെ ഉദ്ഭവത്തിനുശേഷം ഉദയംകൊണ്ട ഒന്നല്ലേ എന്ന് നിങ്ങള്‍ ഇപ്പോള്‍ മറുചോദ്യം ചോദിച്ചേക്കാം. അത് നിരസിക്കുകയല്ല. എങ്കില്‍ക്കൂടി, പ്രകൃതി സഞ്ചയിച്ചുവെച്ച ചില ഘടനകളെ കണക്കിലെടുക്കുന്നില്ലെങ്കില്‍, തനിമയെക്കുറിച്ചോ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചോ മനുഷ്യന്റെ ധാരണകള്‍ സമഗ്രത കൈവരിച്ചേക്കില്ല. അവയില്‍നിന്നും ഏതോ ജലാംശം വറ്റിപ്പോയേക്കാം. പ്രകൃതിയെന്ന ജൈവക്ഷേത്രം വിസ്മരിച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍ പലപ്പോഴും മനുഷ്യകേന്ദ്രിതമാവാനാണ് സാധ്യത. നക്ഷത്രത്തിനും പുല്‍നാമ്പിനും മധ്യത്തിലെവിടെയോ ആണ് മനുഷ്യന്റെ ജന്മസ്ഥാനമെന്ന് ഉള്‍ക്കൊണ്ട ഒരു മനസ്സിന് ഈ കേന്ദ്രസ്ഥത സ്വീകാര്യമാവുകയില്ല. മനുഷ്യന്റെ ലൗകികത്തെയും അലൗകികത്തെയും രൂപപ്പെടുത്തിയത് എന്നും പ്രകൃതിയായിരുന്നു. കടലോരങ്ങളും കരയോരങ്ങളും മനുഷ്യന്റെ പ്രതികരണക്ഷമതയെ വിവിധതരത്തില്‍ സ്വാധീനിച്ചിട്ടുള്ളത് പുതിയ അറിവല്ല. കാര്‍ഷികസംസ്‌കാരം മനുഷ്യന്റെ കലാവാസനയെ എന്നും ഊട്ടിവളര്‍ത്തിയിരുന്നല്ലോ. പല കാലരൂപങ്ങളും പിറവികൊണ്ടത് വ്യാവസായികതയുടെ ഇരച്ചുകയറ്റത്തിന് മുന്‍പായിരുന്നു. കാര്‍ഷികതയെന്നത് പ്രകൃതിയുമായുള്ള സൂക്ഷ്മമായൊരു ആശയവിനിമയമാണ്. അതിനാലാണ് കാര്‍ഷികവൃത്തിയില്‍ മാലിന്യങ്ങള്‍ ബാക്കിയാവാത്തത്, വ്യാവസായിക വൃത്തിയിലെന്നോണം, മണ്ണുമായുള്ള ഉഴുതുമറിച്ചിലില്‍ പുകയോ വിസര്‍ജ്യമോ ഉളവാകുന്നില്ല. ഈ സഹവര്‍ത്തിത്വത്തില്‍നിന്നാണ് മികച്ച കലാരൂപങ്ങള്‍ ഉയിര്‍ക്കൊണ്ടത്. പാലക്കാടിന്റെ സാംസ്‌കാരികത്തനിമയില്‍ സര്‍ഗചിഹ്നങ്ങള്‍പോലെ കുലച്ചുനിന്ന കരിമ്പനകള്‍ക്ക് പ്രത്യേകതയുണ്ട്. നിശ്ചയം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ടേണറുടെയും കോണ്‍സ്റ്റബിളിന്റെയും പെയിന്റിങ്ങുകള്‍ പ്രത്യക്ഷപ്പെട്ടശേഷമാണ്, മനുഷ്യന്റെ പ്രകൃതിയുടെ നിറക്കൂട്ടുകള്‍, ഉദയത്തിന്റെയും അസ്മയത്തിന്റെയും, തിരിച്ചറിഞ്ഞതെന്ന് വായിച്ചിട്ടുണ്ട്.
പ്രകൃതിയുടെ വൈവിധ്യം ജൈവോദ്ഗമങ്ങളുടെ വൈവിധ്യംതന്നെയാണ്. മനുഷ്യന്‍ ഈ ജൈവോദ്ഗമങ്ങളില്‍ ഒന്നു മാത്രവും. ഒരുപക്ഷേ, സര്‍ഗാത്മകത ഏറ്റവും പുഷ്‌കലമായ ഒരു ഉരുവം. അവന്റെ ഏറ്റവും ആധുനികമായ താളവ്യവസ്ഥകള്‍ക്കു പിറകില്‍പ്പോലും നീര്‍ച്ചോലയുടെയും കാറ്റിന്റെയും ഇടിവെട്ടിന്റെയും സ്വരങ്ങള്‍ മിടിക്കുന്നുണ്ടെന്നു പറയുമ്പോള്‍, അതില്‍ തെല്ലും അലങ്കാരങ്ങളില്ല. ചാരനിറംപൂണ്ട സഹ്യശൃംഗങ്ങളുണ്ടെങ്കില്‍ (നീലയിലേക്ക് വെമ്പുന്ന ചാരനിറം ടേണറുടെ ഇഷ്ടപ്പെട്ട വര്‍ണമായിരുന്നു, ഇത് യോഗാത്മക സൂചനയുമാണ്). പാലക്കാടിന്റെ ഭൂമിശാസ്ത്രപരമായ ഘടനയെക്കുറിച്ചാലോചിക്കുമ്പോള്‍, ഈ കരിമ്പനകളുടെ സംഗീതമാണ് ആദ്യം മനസ്സിലേക്ക് വരിക, തെക്കന്‍ കേരളത്തില്‍ കായലുകളെന്നോണം. വ്യാവസായിക വിസര്‍ജ്യങ്ങള്‍ കലുഷമാക്കാത്ത അസ്തമയം ഇവിടത്തെ ആകാശങ്ങളിലേ അനുഭവവേദ്യമാകയുള്ളൂ. ടൗണ്‍ഷിപ്പുകളുടെ ബാഹുല്യത്തില്‍ അസ്തമയങ്ങള്‍ നഷ്ടമാകുന്നെന്ന് ഖേദിക്കുന്ന ചില സുഹൃത്തുക്കളെങ്കിലും വിജനമായ നാട്ടുപാതകളില്‍ ഗൃഹാതുരരാവാറുണ്ടല്ലോ. കരിമ്പനകള്‍ക്കിടയിലൂടെയുള്ള അസ്തമയക്കാഴ്ചകള്‍, പാലക്കാടിന്റെ ഗ്രാമ്യസംസ്‌കൃതിയുടെ സവിശേഷമായ ചേരുവയാണ്, കാളയോട്ടംപോലെ, കണ്യാര്‍കളിപോലെ.
ഈ ചേരുവയില്‍നിന്നാണ് ജൈവവൈവിധ്യത്തിന്റെ ഏറ്റവും അമൂല്യമായ കലവറയെന്നു ശരിയായി വിശേഷിപ്പിക്കപ്പെട്ട നിശ്ശബ്ദതാഴ്‌വരയിലേക്ക് നാം എത്തുക. ഒരു സിംഹവാലന്‍ കുരങ്ങില്‍ ഒതുങ്ങുന്നതല്ല, ആ സമൃദ്ധി. ആ ജൈവവ്യവസ്ഥ പരിരക്ഷിക്കപ്പെട്ടപ്പോള്‍, വാസ്തവത്തില്‍ ഒരു സംസ്‌കൃതിയുടെ മഹാധമനിയാണ് പരിരക്ഷിക്കപ്പെട്ടത്. ഒരിക്കല്‍ ആ കാട്ടിലൂടെ കടന്നുപോയാല്‍ മനുഷ്യന്‍ എന്നേക്കുമായി വിനീതനാവുന്നത് അറിയാറാവും. ആ ജൈവവ്യൂഹത്തിന്റെ പ്രാചീനത ഉള്‍ക്കൊള്ളുന്നതിനാലാണത്. ഗര്‍ഭപാത്രത്തിന്റെ ഓര്‍മപോലെന്തോ ഒന്ന് അപ്പോള്‍, മനുഷ്യനില്‍ നിറയുന്നു. യുഗങ്ങളായി നിലാസാധകം അനുശീലിക്കുന്ന സസ്യങ്ങളും വൃക്ഷങ്ങളും കാലാതീതമായൊരു നിശ്ശബ്ദതയുടെ ശ്രുതി നമ്മിലേക്കു പകരുന്നു. ഭാരതത്തിന്റെ സാംസ്‌കാരികചേതനയില്‍ ഹിമാലയത്തിന്റെ സത്ത ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനു സദൃശമാണ്, ഈ പ്രദേശത്തിന്റെ സാംസ്‌കാരികചേതനയില്‍ നിശ്ശബ്ദ താഴ്‌വരയുടെ സത്ത ലയിച്ചുകിടപ്പുള്ളത്. ചരിത്രത്തില്‍ ഒരുപാട് വൈപരീത്യങ്ങള്‍ സംഭവിക്കാറുണ്ട്. അതുപോലൊന്ന് പാലക്കാടിന്റെ മണ്ണിലും സംഭവിച്ചിരിക്കുന്നെന്ന് കാണാതെ വയ്യ. മൂന്നിലേറെ ദശാബ്ദങ്ങള്‍ക്കു മുന്‍പ് അതിസമൃദ്ധമായ സസ്യജന്തുജാതിയുടെ കലവറ എന്ന നിലയ്ക്കാണ് ഈ പ്രദേശം ലോകത്തിന്റെ പാരിസ്ഥിതികഭൂപടത്തില്‍ പതിഞ്ഞത്. പക്ഷേ, ഇപ്പോള്‍ ഭൂഗര്‍ഭ ജലസ്രോതസ്സ് അനുദിനം വറ്റിക്കൊണ്ടിരിക്കുന്ന പുലച്ചിമടയിലൂടെയാണ് പാലക്കാട് ശ്രദ്ധ ആകര്‍ഷിക്കുന്നത്. പുലം എന്നതിന് നിലമെന്ന അര്‍ഥം കല്പിക്കാമെങ്കില്‍, പ്ലാച്ചിമട ഒരു പ്രാചീന ഗോത്രത്തെയാണ് പ്രതിനിധാനം ചെയ്യുക.

മണ്ണും ജലവും വരണ്ടുപോവുന്ന ഒരു സാംസ്‌കാരികഭൂമികയില്‍ പതുക്കെപ്പതുക്കെ വാദ്യവും ശ്രുതിയും നിലയ്ക്കയേയുള്ളൂ. പ്രകൃതിയുടെ ക്ഷതങ്ങള്‍ സംസ്‌കൃതിയുടെ ക്ഷതങ്ങളാണെന്നു ധരിക്കാന്‍ മനുഷ്യന് പുതിയൊരു ഇന്ദ്രിയത്തിന്റെ ആവശ്യമില്ല. ഇപ്പോള്‍, ഏതോ രൗദ്രതയാര്‍ന്നൊരു അനുഷ്ഠാനകലയിലെ ദൃശ്യമെന്നോണം ഒരു പൊറാട്ട് കണ്‍മുന്നില്‍ നിവരുന്നു. മീനമാസത്തിലെ കൊടുംചൂടില്‍, ഒരു സംഘം പണിക്കാരികള്‍ കൊടുംപാപിയെ കെട്ടിവവലിച്ചുകൊണ്ട് 'തൊപ്പിയാളം' ഹതാശമായ ഈണത്തില്‍ പാടിയാര്‍ക്കുന്ന പൊറാട്ട്. കുടിനീരിനായി ആകാശത്തിലെ മേഘങ്ങളെ തോറ്റുന്ന പ്രാകൃതമെങ്കില്‍ അങ്ങനെ, ചുവടുവെപ്പാണത്. ഇന്നത്തെ വരള്‍ച്ചയുടെ പശ്ചാത്താപത്തില്‍ അതിനൊരു ദുഃഖോന്മീലിതമായ നേരുണ്ട്. എല്ലാ നേരുകളെയുംപോലെ. ആകാശത്തുനിന്ന് പെയ്യുന്ന വര്‍ഷജലം ഭൂമിയില്‍ ഒരു ഋതുകാലത്തേക്കെങ്കിലും സംഭരിക്കപ്പെടുമെന്ന നേര്-കാലാകാലമായി സംഭരിക്കപ്പെട്ട ഭൂഗര്‍ഭജലം മുഴുവന്‍ വീണ്ടുവിചാരമില്ലാതെ ഊറ്റിയതിനുശേഷം ഇങ്ങനെയൊരു തോറ്റംപാട്ടിന് സാംഗത്യമെവിടെ? മണ്ണിന്റെ സംഭരണികള്‍ ഖരപ്രായമായിരിക്കേ, അഥവാ ഊഷരമായിത്തീര്‍ക്കപ്പെട്ടിരിക്കേ, ഇനിമേലുള്ള വര്‍ഷജലം സംഭരിക്കപ്പെടുമെന്നതിന് ഒരു ഉറപ്പുമില്ലല്ലോ? പാലക്കാടന്‍ പ്രദേശങ്ങള്‍ ഏതാനും ദശാബ്ദങ്ങള്‍ക്കകം മരുവത്കരണം അഭിമുഖീകരിക്കേണ്ടിവരുമെന്നത് അയഥാര്‍ഥമായൊരു ഭീഷണിയായിത്തീരട്ടെ എന്നാശിക്കുക മാത്രം. ഈ സാംസ്‌കാരികത്തനിമ കരുവാളിച്ചുപോവുന്നതില്‍ നാം ഓരോരുത്തരും പങ്കാളിയാവുന്നല്ലോ എന്ന ഖേദം ചെറുതല്ല. കാറ്റിലും ജലത്തിലും മണ്ണിലും വീഴുന്ന കളങ്കങ്ങള്‍ ഇല്ലാതാക്കാനാണ് നാം ഇന്നലെവരെ വ്യഗ്രതപ്പെട്ടത്. ഇന്നാവട്ടെ, കാറ്റും ജലവും മണ്ണും നമ്മില്‍നിന്ന് ചോര്‍ത്തെടുക്കപ്പെടുന്നത് തടയാനുള്ള വെമ്പലിലാണ് നാം. ഇനി വരാനിരിക്കുന്ന വിപ്ലവം പ്രകൃതിയും രാസികരീതികളും തമ്മിലുള്ളതാവുമെന്ന് ദീര്‍ഘദര്‍ശനം ചെയ്തത്, കരിമ്പനകളുടെ താളത്തിലേക്ക് എന്നെയും നിങ്ങളെയും ജാഗരൂകനാക്കിയ എഴുത്തുകാരന്‍തന്നെയാണ്. ഖസാക്കിന്റെ കാലത്ത് പുലച്ചിമടകള്‍ ഒരു അസംഭാവ്യതയായിരുന്നല്ലോ. സാധാരണ രീതിയിലുള്ള പ്രകൃതിയിലെ താളംതെറ്റലുകള്‍തന്നെ മനുഷ്യന് താങ്ങാവതല്ല. അങ്ങനെയിരിക്കെ, അധാര്‍മികമായ ഇടപെടലുകളില്‍നിന്ന് ഉളവാകുന്ന താളപ്പിഴകളെക്കുറിച്ചു പറയേണ്ടതുണ്ടോ? നമ്മുടെ തനിമ നാളിതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലേക്ക് വഴുതുകയാണല്ലോ എന്ന ആധിമൂലം ഇങ്ങനെ എഴുതുന്നെന്നു മാത്രം. നിശ്ശബ്ദതാഴ്‌വരയെന്ന അപൂര്‍വ ജൈവശൃംഖല പരിരക്ഷിപ്പാന്‍ നാം കാണിച്ച ജാഗ്രത, ഈ പ്രതിസന്ധിയിലും - അതെന്തു വിഷമയവുമാവട്ടെ - നമ്മെ തുണയ്ക്കാതിരിക്കില്ല.ന
ഹരിതം ഒരു ജീവനോപാധി
ഈ നിബന്ധം ആരംഭിച്ച സ്ഥായിയിലേക്ക് ഇനി മടങ്ങിപ്പോവട്ടെ. ഹരിതത്തിന്റെ സ്വന്തം നാട് എന്ന് എഴുതിയതിന് ശുശ്രൂഷാത്മകമായ ഒരു വിവക്ഷ (Palliative implication) കൂടിയില്ലേ എന്ന് ആലോചിക്കാവുന്നതാണ്. വയലേലകളുടെ പച്ചപ്പ് സൗന്ദര്യമെന്നതിനുപരി ഒരു ജീവനോപാധിയാണെന്നു പറയേണ്ടതില്ല. കാര്‍ഷികവ്യവസ്ഥയുടെ മുഖക്കുറി തന്നെയാണ് ഈ പച്ചപ്പ്. എങ്കില്‍, ഇതിന്റെ ഉള്ളറകള്‍ നിരുപമമായ ഒരു ചികിത്സാവ്യവസ്ഥയ്ക്ക് പ്രേരകമാവുന്നുണ്ട്. ചികിത്സാവ്യവസ്ഥയെന്നു മാത്രം പറയുന്നതു ശരിയല്ല; സാകല്യാത്മകമായ ഒരു പദ്ധതിയാണത്. വേദകാലംവരെ ചെന്നെത്തുന്ന ആയുര്‍വേദത്തെക്കുറിച്ചുതന്നെയാണ് സൂചിപ്പിക്കുന്നത്. രോഗത്തെയല്ലാതെ, രോഗിയെ ശുശ്രൂഷിക്കയോ ചികിത്സിക്കയോ ചെയ്യുന്ന ഈ ആയുസ്സിന്റെ വേദം, ഭാരതത്തിന്റെ പൈതൃകങ്ങളിലൊന്നാണ്. എങ്കിലോ, മറ്റു സംസ്ഥാനങ്ങളില്‍ പലേടത്തും വികസിച്ചുവരാതിരുന്ന ഈ ചികിത്സാസമ്പ്രദായം കേരളത്തില്‍ സമ്പുഷ്ടമായിത്തീര്‍ന്നത്, ഈ ഹരിതത്തിന്റെ പ്രഭവശക്തികൊണ്ടുതന്നെയാവണം. ധന്വന്തരീമൂര്‍ത്തിയുടെ പ്രസാദം ഇവിടത്തെപ്പോലെ മറ്റൊരിടത്തും വര്‍ഷിച്ചിട്ടില്ല. തീര്‍ച്ചയായും പി.കെ. വാരിയരെപ്പോലെ സാത്ത്വികനായ ഒരു ഭിഷഗ്വരന്‍ അതിന് ഹേതുവാണ്, അപ്പോഴും അദ്ദേഹം നിര്‍ണയിക്കുന്ന ഔഷധത്തിന്റെ ചേരുവകള്‍ ഇവിടത്തെ കലവറകളില്‍ ലഭ്യമാവുകകൂടി ഉണ്ടായി എന്നു നാം ധരിക്കുക. ഈ ഭൂപ്രകൃതി, ഒരുപക്ഷേ, പൂര്‍വനിയുക്തമെന്നതുപോല്‍ അതിനെ സാധ്യമാക്കുകയായിരുന്നു. ഒരു സാഹിത്യസംവാദത്തിനിടക്ക്, ആരണ്യക് പോലൊരു രചന കേരളത്തില്‍ ഉണ്ടായില്ലെന്നും ജീവന്‍ മശായിയെപ്പോലൊരു ചികിത്സകന്‍ ഇവിടെ ആവിര്‍ഭവിച്ചില്ലെന്നും ഉന്നയിച്ചത് ഓര്‍ക്കുന്നു. പക്ഷേ, അതിന് പ്രായശ്ചിത്തമെന്ന നിലയിലല്ലെങ്കിലും ആയുര്‍വേദം പോലൊരു ചികിത്സാപദ്ധതി ഇവിടെ തിടംവെച്ചു എന്നത്, ഈ പ്രകൃതിയുടെ, സൗന്ദര്യാത്മകതയുടെ അനിവാര്യതയാണ്. മലയാളിയുടെ സൈക്കിലുള്ള ചില അനഭിലഷണീയപ്രവണതകള്‍ മൂലമാണ്, സാത്ത്വികതയുടേതായ ആ മാര്‍ഗം പിന്തുടരപ്പെടാത്തത്, ആര്‍ഷജ്ഞാനത്തിന്റെ മാര്‍ഗം, അഥവാ. പക്ഷേ, പ്രകൃതി ഔഷധമൂല്യമുള്ള ചെടികള്‍, തഴുതാമയോ ഞെരിഞ്ഞിലോ ആടലോടകമോ ചെറൂളയോ മുക്കുറ്റിയോ മുത്തങ്ങയോ ചെറുകടലായിടോ കീഴാര്‍നെല്ലിയോ നീലഉമ്മത്തോ ശതാവരിക്കിഴങ്ങോ കസ്തൂരിമഞ്ഞളോ കന്മദമോ കുരുമുളകോ നിലപ്പനയോ കുറുന്തോട്ടിയോ ചന്ദനമോ എല്ലാംതന്നെ ഈ പ്രദേശത്ത് കനിഞ്ഞു നല്കുകയായിരുന്നു. അവയുടെ സുലഭത, ആയുര്‍വേദത്തിന്റെ പ്രയോഗസിദ്ധിക്ക് വലിയ മാനങ്ങള്‍ സമ്മാനിക്കുകയായിരുന്നു. തീര്‍ച്ചയായും പ്രകൃതിയിലെ ഈ ഔഷധസത്ത കണ്ടെടുക്കുവാന്‍ ഒരു മനുഷ്യന്‍ ആവിര്‍ഭവിക്കേണ്ടതുണ്ട്.

അപ്പോഴേ, ആ സംയോഗം സഫലമാവൂ. ഉപാസനയുടെ ഇന്ദ്രിയാതീതത്വത്തെക്കുറിച്ച് ബോധ്യമുള്ള ഒരു മനസ്സും ഈ പ്രകൃതിയും കൂടി സംയോജിക്കുമ്പോഴേ അത്തരം അനുഗ്രഹങ്ങള്‍ ഉളവാകൂ. കായകല്പംപോലൊരു ചികിത്സാവിധി ലോകത്തിലെ വിശ്രുതമായ രോഗഗവേഷണ കേന്ദ്രങ്ങളിലൊന്നില്‍പോലും സങ്കല്പിക്കപ്പെട്ടിട്ടില്ലെന്നോര്‍ക്കുക. ഇവിടെ രോഗത്തിനെതിരെയുള്ള ഒരു പ്രതിരോധക്രമമല്ല, കായകല്പം; കാലത്തിനെതിരെയുള്ള ഒന്നാണ്. അഴിവിന്റെ ഘട്ടങ്ങളിലൂടൊക്കെയും കടന്നുപോവാന്‍ ഈ ശരീരത്തെ അനുവദിച്ചുകൊണ്ടാണ് യൗവനത്തിന്റെ ഋതുപ്രാപ്തി ഇവിടെ ലക്ഷ്യമാക്കുക. വേദകാലത്തിന്റെ വിസ്മൃതികളില്‍ എവിടെവെച്ചോ ഉദ്ഭൂതമായ ആയുര്‍വേദം ഇന്നും പ്രസക്തമാവുക, അതിന്റെ ശാസ്ത്രീയ ശിക്ഷണംകൊണ്ടാണെന്ന് ദേവീപ്രസാദ് ചതോപാധ്യായ നിരീക്ഷിച്ചത്, നാമിപ്പോള്‍ കൃതാര്‍ഥതയോടെ ഉള്‍ക്കൊള്ളുകയാണ്. ജരാനരകള്‍ക്കെതിരെയുള്ള ഈ ആയോധനത്തില്‍ ഉപാസന എത്രകണ്ട് ഗുരുത്വമാര്‍ന്നതെന്നു ചൂണ്ടിക്കാണിക്കേണ്ടതില്ലല്ലോ. ഹരിതം, ഒരു അതിജീവനോപാധി കൂടിയായി മാറുന്നു ഇവിടെ. കാടുകള്‍ സംരക്ഷിക്കുക, മഴയും കാറ്റും മേല്‍മണ്ണും മാത്രമല്ല, ഇവിടം അതിജീവനോപാധികളായ ഔഷധസസ്യങ്ങള്‍ കൂടിയാണ്, കീഴ്മണ്ണിന്റെ ജൈവതകൂടിയാണ് മേല്‍മണ്ണിന്റെ ജൈവതയ്‌ക്കൊപ്പം.
സന്നിധാനത്തിലേക്കുള്ള വഴി മതാത്മകമായ തീര്‍ഥാടനം ഉള്‍ക്കാഴ്ച നേടാനുള്ള ഏറ്റവും വസ്തുനിഷ്ഠമായ വഴികളിലൊന്നാണെന്ന് പൗലോ കൊയ്‌ലോ പറയുന്നുണ്ട്. (The Pilgrimage). വസ്തുനിഷ്ഠമെന്നതിനെ സ്ഥലനിഷ്ഠം എന്നു മാറ്റിയാല്‍, ഇവിടെ കൂടുതല്‍ അനുയോജ്യമാവുമെന്നു തോന്നുന്നു. അദ്ദേഹം ജലരൗ െഎന്നൊരു വാക്ക് തുടര്‍ന്നുപയോഗിക്കുന്നുണ്ട്. വൈകല്യമുള്ള പാദം എന്നാണതിന്റെ അര്‍ഥം. കഠിനമായ വഴികള്‍ നടന്നെത്താന്‍ കഴിയാത്ത പാദം. ഇതിനെ വെല്ലുവിളിക്കുക ആ വഴി നടന്നുതന്നെയാണ്. വികലമായ പാദമുപയോഗിച്ച്. ഒരു തീര്‍ഥാടനത്തിനുള്ള നടത്തം എല്ലായ്‌പോഴും കാട്ടിലൂടെയാണ് സംഭവിക്കേണ്ടത്. അല്ലെങ്കില്‍, കുന്നുകളിലൂടെ. കേരളത്തിന്റെ തനതായ തീര്‍ഥാടനശൃംഗത്തെക്കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ ധരിക്കുന്നുണ്ടാവണം. ശബരിമലപോലൊരു തീര്‍ഥഘട്ടം ഇതര സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഇതര ലോകങ്ങളിലും അലഭ്യമാണ്. അന്താരാഷ്ട്ര പൈതൃകമെന്ന അംഗീകാരം അതിനു ലഭിക്കുമെങ്കില്‍ അതിശയിപ്പാനില്ല. ഹിമാലയത്തിലെ തീര്‍ഥസ്ഥാനങ്ങളോ കൈലാസമോ മക്കയോ ജറുസലമോ ഹേമകുണ്ഡ് സാഹിബോ വിസ്മരിച്ചുകൊണ്ടല്ല ഈ ക്ഷേത്രത്തെക്കുറിച്ചു പറയുന്നത്. വ്രതബദ്ധമായ ഒരു അനുഷ്ഠാനമെന്ന നിലയില്‍ ശബരിമലയിലേക്കുള്ള യാത്രകള്‍ വ്യതിരിക്തമാണെന്നു സൂചിപ്പിക്കുക മാത്രം. അതിലും കായികക്ലേശം ആവശ്യപ്പെടുന്ന പ്രാപ്യസ്ഥാനങ്ങളുണ്ട് നിസ്സംശയം. പക്ഷേ, അവിടെയൊന്നും ഇരുമുടിക്കെട്ടിന്റെ നിഷ്‌കര്‍ഷതകളില്ല. നാല്പത്തൊന്നു ദിവസത്തെ വ്രതദീക്ഷകളില്ല. വൃശ്ചികത്തിന്റെ മഞ്ഞും ധനുവിന്റെ കുളിരും അതിന് പ്രകൃതിദത്തമായ ചേരുവകളാണ്. ആ യാത്ര വ്രതശുദ്ധിയോടെ നിര്‍വഹിക്കുന്നവര്‍ തീര്‍ച്ചയായും ആന്തരികമായൊരു ജ്യോതിസ്സ് തേടുന്നു. മകരജ്യോതിയെ സംബന്ധിച്ചുള്ള നിഗൂഢതകള്‍ മാഞ്ഞുപോയതിനു ശേഷവും അങ്ങോട്ടുള്ള പ്രവാഹം കുറയുകയല്ല ഉണ്ടായത്. ഒരു യാത്ര സാത്ത്വികാനുഭവമായിത്തീരുന്നുവെങ്കില്‍ മറ്റൊരു അദ്ഭുതത്തിനുവേണ്ടിയും യാത്രികര്‍ വെമ്പുകയില്ല. അങ്ങനെ സ്വയം ലക്ഷ്യമായിത്തീരുന്ന ഒരു യാത്രാനുഭവം കേരളത്തിന്റെ തനതായ ഒരു സൗന്ദര്യവ്യവസ്ഥയാണ്. സാന്റിയാഗോവിലേക്കുള്ള വഴി ഏറ്റെടുക്കുന്ന പ്രയാണികള്‍, പൗരാണികമായ വെളിവിനുവേണ്ടിയാണ് തുനിയുന്നതെന്ന് പൗലോ കൊയ്‌ലോ വിശദീകരിക്കുന്നുണ്ട്. അത്തരം യാത്രകള്‍, ഒന്നുകില്‍ പുരാപ്രതീകാവലംബിയാവാം അല്ലെങ്കില്‍ പുരാഗാഥാവലംബിയാവാം. പൗലോ കൊയ്‌ലോവിന്റെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പ്രചാരത്തിന് ഹേതു ഒരൊറ്റ നിര്‍വചനമാണെന്ന് ഞാന്‍ ധരിക്കുന്നു-അത്തരം തീര്‍ഥയാത്രകള്‍ എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണ്. തിരഞ്ഞെടുക്കപ്പെട്ട ചില അനുഗൃഹീതര്‍ക്കു മാത്രമല്ല, ആ പ്രയാണപഥങ്ങള്‍. അത് ഏവര്‍ക്കും തുറന്നുകിട്ടേണ്ടതാണ്. ഭൂരിപക്ഷം അതിന് മാനസികമായി, ശാരീരികമായി ഒരുങ്ങുകയില്ലെങ്കിലും. പ്രാചീനമായ വെളിവുകളിലേക്കുള്ള പാത മൂന്നു കാര്യങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടതായി പൗലോ കൊയ്‌ലോ പറയുന്നിടത്തും ഈ വസ്തുത പ്രകടമാവുന്നുണ്ട്. ഒന്നാമത്തേത് അത് സ്‌നേഹത്തില്‍ ആബദ്ധമാവണം; രണ്ടാമത്തേത്, അതിന് പ്രായോഗിക ജീവിതത്തില്‍ എന്തെങ്കിലും വ്യത്യാസം വരുത്താന്‍ കഴിയണം; മൂന്നാമത്തേത്, അത് സര്‍വാണിക്ക് ഗമ്യമാവണം. ഇത്തരം അര്‍ഥാന്വേഷണ യാത്രകള്‍ എല്ലാവര്‍ക്കും ഗമ്യമാവേണ്ടതുണ്ട് എന്ന് നിഷ്‌കര്‍ഷിക്കുന്നതും അവ ചിലര്‍ക്കു മാത്രമേ അനുവദനീയമാവേണ്ടതുള്ളൂ എന്നു വിവേചനം നടത്തുന്നതും ഒരുപോലെ അനുപാതരഹിതമാണ്. എല്ലാം എല്ലാവര്‍ക്കും വിധിച്ചിട്ടുള്ളതല്ല എന്നതില്‍ ജൈവവൈവിധ്യത്തോടൊപ്പം വാസനാവൈവിധ്യവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. സദാത്മകമായ അത്തരം വാദങ്ങള്‍ നാമിപ്പോള്‍ പിന്തുടരുകയല്ല. അത് നമ്മെ പ്രകൃതത്തില്‍നിന്ന് മാറ്റിക്കൊണ്ടുപോയേക്കാം. കൂടുതല്‍ ആളുകള്‍ ഒരു തീര്‍ഥഘട്ടത്തിലേക്ക് ഉന്മുഖരാവുന്നു എന്നത് അതിന്റെ പുണ്യഭാവം കുറയ്ക്കുന്നില്ല എന്നൊരു സന്ദേശം മാത്രമേ, നാമിവിടെ പരിഗണിക്കേണ്ടതുള്ളൂ. ശബരിമലയുടെ കാടകത്തില്‍ വന്നുമടങ്ങുന്ന അഭൂതപൂര്‍വമായ ജനപദത്തിന്റെ സമ്മര്‍ദങ്ങള്‍ ആ പാരിസ്ഥിതികവ്യൂഹത്തിന് താങ്ങാവതാണോ എന്നും മറ്റുമുള്ള പ്രശ്‌നങ്ങള്‍ വേറൊരു വിഷയമാണ്; അതുളവാക്കുന്ന ശുചിത്വത്തിന്റെ അഭാവം, കാട്ടിന്റെ ആദിമ ധമനികള്‍ നേരിടുന്ന ആഘാതം ഇവയും.

ആ സ്ഥലസത്തയുടെ പ്രാചീനാനുഗ്രഹങ്ങളില്‍ ആകൃഷ്ടരായാണ് ഇത്രയേറെ കന്നിസ്വാമികള്‍ അങ്ങോട്ട് ഇരച്ചുകയറുന്നത്. ആ ഒരൊറ്റ സാംഗത്യത്തില്‍, നാമതിനെ പരിചരിക്കുന്നു. ഒട്ടനേകം മനസ്സുകളെ തികച്ചും നിര്‍വചനീയമല്ലാത്ത അനുഭൂതിക്ക് വശംവദമാക്കുന്നുണ്ട്, മഞ്ഞണിഞ്ഞ ആ കാടകവും സന്നിധാനവും, ഇത്രയും യോഗാത്മകമായ ഒരു വാക്ക്, മറ്റൊരു ക്ഷേത്രത്തോടും അന്വയിക്കപ്പെട്ടില്ലെന്നു കാണുക. സന്നിധിയുടെ ഒരര്‍ഥത്തിലുള്ള ഈശ്വരാത്മകമായ വ്യാപനംതന്നെയാണത്. ശൈവവും വൈഷ്ണവവും ആ വൈജാത്യങ്ങളെ ഏകീഭവിപ്പിക്കുന്നു എന്നൊരു വിശേഷംകൂടി ബ്രഹ്മചാരിയായ ധര്‍മശാസ്താവിന്റെ പ്രതിരൂപത്തിനുണ്ട്.
'ഹരിവരാസനം വിശ്വമോഹനം' എന്ന സ്വരപ്രഹര്‍ഷം ചിട്ടപ്പെടുത്തിയ ദേവരാജന്‍ വിശ്വാസിയായിരുന്നില്ല. പക്ഷേ, ആ അനുഭവം, അദ്ദേഹം ഇങ്ങനെയാണ് സംക്ഷേപിച്ചത്, 'പ്രസ്തുത നിമിഷങ്ങളില്‍ ഞാന്‍ ഒരു തീവ്ര വിശ്വാസിയായിരിക്കണം.' ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടവനാണ് നാസ്തികനെങ്കില്‍, ദേവരാജന്റേതുപോലെ സംഗീതനിര്‍ഭരമായ ഒരു മനസ്സ് നാസ്തികത്വം വരിക്കയില്ല, ഒരിക്കലും. കാടിന്റെ ചൈതന്യത്തില്‍ 'ആയിത്തീരുക' എന്നതുതന്നെയാണ് ആസ്തിക്യം. അത് എല്ലാ അനുഷ്ഠാനങ്ങളെയും കടന്നുചെല്ലുന്നു. പൗലോ കൊയ്‌ലോവിന്റെ 'അനുഗൃഹീതരു'ടെ ഗണത്തില്‍പ്പെട്ടവരാണ് അവര്‍. ഹരിതം നാസ്തിക്യത്തെ അസാധ്യമാക്കുന്നു എന്നൊരു നിദര്‍ശനം കൂടിയാവാം, ഇപ്പോള്‍.

No comments:
Post a Comment