Wednesday, 21 November 2012

ഈപ്പച്ചന്‍ ഒരേക്കറില്‍ തനിച്ചാണ്‌...
Text Size:   
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരെന്ന ചോദ്യത്തിന്‌ മുകേഷ്‌ അംബാനിയെന്ന ഉത്തരം ഏത്‌ മലയാളിയുടെയും പക്കലുണ്ടാവും. എന്നാല്‍ സമ്പന്നന്‍ എന്ന സ്‌ഥാനത്ത്‌ കൃഷിക്കാരനെന്നായാല്‍ ഏത്‌ മലയാളിയും ഒന്ന്‌ നെറ്റി ചുളിക്കും. ഇങ്ങനെ കൃഷിയോടും കാര്‍ഷിക സംസ്‌കാരത്തോടും അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളീയരില്‍നിന്ന്‌ വേറിട്ടു നില്‍ക്കുകയാണ്‌ പൊന്‍കുന്നം ചെറുവള്ളി മടിയത്തേല്‍ ഈപ്പച്ചന്‍. അന്യസംസ്‌ഥാനങ്ങളില്‍നിന്നുള്ള അരിയുടെയും പച്ചക്കറിയുടെയും വരവ്‌ ഒരു ദിവസത്തേക്കു നിലച്ചാല്‍ പട്ടിണി കിടക്കേണ്ടിവരുന്ന, കാര്‍ഷിക വൃത്തിയെ രണ്ടാം തരം ജോലിയായി കാണുന്ന മലയാളിക്ക്‌ മാതൃകയും വഴികാട്ടിയുമാകുകയാണ്‌ ഈ 73 കാരന്‍.

59 വര്‍ഷമായി കൃഷി ഈപ്പച്ചന്‌ ദിനചര്യയാണ്‌. 36 വര്‍ഷം മുന്‍പ്‌ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിട്ടും കൃഷിയോടുള്ള അഭിനിവേശത്തിന്‌ ഒട്ടുംതന്നെ കുറവുണ്ടായില്ല. ജീവിതത്തിന്റെ സായാഹ്നത്തിലാണെങ്കിലും ഒരേക്കര്‍ സ്‌ഥലം കൃഷിയാല്‍ സമ്പന്നമാക്കാന്‍ ഈപ്പച്ചന്‌ കഴിയുന്നുയെന്നത്‌ വിസ്‌മയവും കൗതുകവുമാണ്‌, മറ്റാരുടെയും സഹായമില്ലാതെ എന്നുകൂടിയറിയുമ്പോള്‍.

പച്ചക്കറിക്കൃഷിയുടെ ഒരു നീണ്ടനിര തന്നെ ഈപ്പച്ചന്‌ പറയാനുണ്ട്‌. വാഴ, ചേന, വഴുതന, പയര്‍, ചതുരപ്പയര്‍, സൊയാബീന്‍, കത്രിക്ക, കോവയ്‌ക്ക എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഇവ കൂടാതെ ഇഞ്ചി, സ്വയം ബഡ്‌ ചെയ്‌തെടുത്ത ജാതിത്തൈകള്‍, വിഷചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന അണലി പ്രവേഗം തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌. മഴക്കാലത്തിനു ശേഷമാണു സാധാരണയായി കൃഷിയിറക്കുന്നത്‌. രാവിലെ ഏഴുമണി മുതല്‍ 11 മണി വരെയുള്ള സമയങ്ങളിലാണ്‌ ഈപ്പച്ചന്‍ കൃഷിയിടത്തില്‍ പണിക്കിറങ്ങുക.

ജൈവ കൃഷിയോടാണ്‌ ഈപ്പച്ചനു കൂടുതല്‍ താല്‍പര്യം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലേ രാസവളങ്ങളെ ആശ്രയിക്കാറുള്ളു. വേപ്പിന്‍പിണ്ണാക്കും യൂറിയയും ചാണകത്തില്‍ കലക്കി തളിക്കുക, ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത്‌ തളിക്കുക തുടങ്ങിയവ കീടങ്ങളെ തുരത്താനുള്ള ഈപ്പച്ചന്റെ ജൈവകൃഷിയിലെ ചില രീതികളാണ്‌.

പച്ചക്കറിത്തോട്ടത്തില്‍ ജമന്തിപ്പൂക്കളൂം ഈപ്പച്ചന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. ജമന്തിപ്പൂക്കളുടെ മണം വിളകളെ കീടങ്ങളില്‍നിന്ന്‌ അകറ്റിനിര്‍ത്തുകയും പൂക്കള്‍ വില്‍ക്കുമ്പോള്‍ സാമ്പത്തികനേട്ടം ലഭിക്കുന്നതായും ഈ കൃഷിക്കാരന്‍ പറയുന്നു. ഗാര്‍ഡന്‍ നെറ്റ്‌ രീതിയുള്‍പ്പെടെയുള്ള പുതിയ രീതികള്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഈപ്പച്ചന്‍. തന്റെ കൃഷിയില്‍ കൃഷി വകുപ്പിന്റെ സഹകരണം എടുത്തുപറയേണ്ടയൊന്നാണെന്നാണ്‌ ഈപ്പച്ചന്‍ കരുതുന്നത്‌. കൃഷി വകുപ്പ്‌ നടത്തുന്ന പഠനക്ലാസുകളിലെല്ലാം സ്‌ഥിരം സാന്നിധ്യമാണ്‌ അദ്ദേഹം. യൂറിയ, വേപ്പിന്‍ പിണ്ണാക്ക്‌, സെറാമില്‍ തുടങ്ങിയവ എല്ലാ കൊല്ലങ്ങളിലും ഈപ്പച്ചന്‌ കൃഷിവകുപ്പില്‍നിന്നു ലഭിക്കാറുണ്ട്‌.

ചെറുവള്ളി കാവുംഭാഗത്തുള്ള പലവ്യഞ്‌ജന കടകളില്‍ തന്നെയാണ്‌ ഈപ്പച്ചന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്‌. വിപണി വിലയോടടുത്ത വില തന്നെ ലഭിക്കുന്നുണ്ടന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൃഷി എക്കാലത്തും ലാഭം മാത്രമേ സമ്മാനിച്ചിട്ടുള്ളൂയെന്നു ഈപ്പച്ചന്‍ ഓര്‍ക്കുന്നു. 2011-ല്‍ പഞ്ചായത്ത്‌ അടിസ്‌ഥാനത്തില്‍ മികച്ച കര്‍ഷകനുള്ള കൃഷി വകുപ്പിന്റെ പൊന്നാടയും ചിറക്കടവ്‌, പൊന്‍കുന്നം മാര്‍ക്കറ്റ്‌ സൊസൈറ്റികളുടെ അവാര്‍ഡും ഈപ്പച്ചന്റെ കൃഷി വൈദഗ്‌ധ്യത്തിനു ലഭിച്ച അംഗീകാരങ്ങളാണ്‌. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കൃഷിയില്‍നിന്നു പിന്തിരിയാന്‍ നിര്‍ബന്ധിക്കുന്നുണ്ടങ്കിലും ആരോഗ്യം അനുവദിക്കുവോളം മണ്ണില്‍ ചവിട്ടി നടക്കണമെന്നാണ്‌ ഈപ്പച്ചന്റെ ആഗ്രഹം.

No comments:

Post a Comment