Thursday, 22 November 2012

കഴുമരത്തിനു മുന്നില്‍ കസബ്‌ ആണയിട്ടു: ഇനിയെരിക്കലും ഇത്തരം തെറ്റ്‌ ഞാന്‍ ചെയ്യില്ല
Text Size:   
പുനെ: രണ്ടു ദിവസമായി പുനെയിലെ ചരിത്രപ്രസിദ്ധമായ യെര്‍വാദ ജയില്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു. മഹാത്മാഗാന്ധിയുള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ തടവില്‍ കിടന്നിട്ടുള്ള ജയിലില്‍ രാജ്യത്തെ കൊടുംകുറ്റവാളിയെ പേറുന്നതിന്റെ പിരിമുറുക്കം പുറമേ ദൃശ്യമായിരുന്നില്ല. കഴിഞ്ഞ പതിനെട്ടിനു രാത്രിയാണു കനത്ത ബന്തവസില്‍ മുഹമ്മദ്‌ അജ്‌മല്‍ കസബ്‌ യെര്‍വാദ ജയിലിന്റെ മതില്‍ക്കെട്ടു കടന്നുവന്നത്‌. അതിസുരക്ഷാ സെല്ലില്‍ ഇരുചെവിയറിയാതെ കസബിനെ പാര്‍പ്പിച്ചു. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്‌ കാവല്‍നില്‍ക്കുന്ന ജയില്‍മുറിയില്‍ ഏതു വി.ഐ.പി. കുറ്റവാളിയെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു ജയില്‍ ജീവനക്കാര്‍ക്കു പോലും അറിയില്ലായിരുന്നു.



ഇന്നലെ പുലര്‍ച്ചെ കസബിനെ വിളിച്ചുണര്‍ത്തി. അരമണിക്കൂറിനുള്ളില്‍ കുളിയും മറ്റു പ്രഭാതകൃത്യങ്ങളും കഴിച്ചു കസബ്‌ തിരിച്ചെത്തി. പിന്നെ അല്‍പസമയം പ്രാര്‍ഥന. ജയില്‍ അധികൃതര്‍ കസബിനു ധരിക്കാന്‍ പുതിയ വസ്‌ത്രങ്ങള്‍ നല്‍കി. ഈ സമയമത്രയും കസബ്‌ ഒന്നും മിണ്ടിയില്ല. അഞ്ചരയ്‌ക്കും ആറിനുമിടയില്‍ മഹാരാഷ്‌ട്ര ജയില്‍ ഐജി മീരന്‍ ബോര്‍വങ്കറും ജയില്‍ സൂപ്രണ്ട്‌ യോഗേഷ്‌ ദേശായിയും എത്തിച്ചേര്‍ന്നു. അപ്പോള്‍ കസബിനെ വൈദ്യപരിശോധനയ്‌ക്കു കൊണ്ടു പോയിരിക്കുകയായിരുന്നു.



ജയില്‍ ഡോക്‌ടര്‍ കസബിനെ പരിശോധിച്ചു പൂര്‍ണആരോഗ്യവാനെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. വൈകാതെ ആരാച്ചാര്‍ ജയില്‍വളപ്പിലെത്തി. യെര്‍വാദ ജയിലില്‍ ആരാച്ചാരില്ലാത്തതിനാല്‍ കൃത്യം നടത്താന്‍ നാഗ്‌പൂരില്‍നിന്നു കൊണ്ടുവരികയായിരുന്നു. പോലീസ്‌ അകമ്പടിയില്‍ കസബിനെ തൂക്കിലേറ്റല്‍ നടത്തുന്ന പ്രത്യേക സെല്ലിലേക്കു കൊണ്ടു പോയി. കൊലക്കയര്‍ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം പരവശനെപ്പോലെ കാണപ്പെട്ടെങ്കിലും കസബ്‌ ആത്മധൈര്യം വീണ്ടെടുത്തു. നിരപരാധികളെ വെടിവച്ചുകൊന്നതിന്റെ മനഃസാക്ഷിക്കുത്ത്‌ അല്‍പം പോലും ആ മുഖത്ത്‌ പ്രകടമായിരുന്നില്ല. അന്ത്യാഭിലാഷം എന്തെങ്കിലും ഉണ്ടോയെന്നും സ്വത്തുക്കള്‍ ആര്‍ക്കെങ്കിലും കൈമാറാനുണ്ടോയെന്നും മജിസ്‌ട്രറ്റിന്റെ ചോദ്യം. ഇല്ല എന്നു രണ്ടു ചോദ്യത്തിനും മറുപടി. കൈകള്‍ പിന്നില്‍ പിണച്ചുകെട്ടി, കറുത്ത മൂടുപടം കൊണ്ടു മുഖം മറയ്‌ക്കുമ്പോള്‍ കസബ്‌ ഇങ്ങനെ പറഞ്ഞു: 'അള്ളാ കസം, ഐസി ഗലത്തി ദുബാര നഹി ഹോഗി'( സര്‍വശക്‌തനായ അല്ലാഹുവിന്റെ നാമത്തില്‍ ആണയിടുന്നു, ഇനിയൊരിക്കലും ഇത്തരമൊരു തെറ്റ്‌ ഞാന്‍ ചെയ്യില്ല). അതായിരുന്നു ഇന്ത്യയെ വിറപ്പിച്ച കൊടും ഭീകരന്റെ അവസാന വാക്കുകള്‍.



കൃത്യം ഏഴര. കഴുമരത്തിന്റെ ലിവര്‍ ആരാച്ചാര്‍ തള്ളിനീക്കി. കസബ്‌ കയറില്‍ തൂങ്ങി താഴേക്കു പതിച്ചു. പത്തുമിനിറ്റിനു ശേഷം ഡോക്‌ടര്‍ താഴെയെത്തി പരിശോധിച്ചു മരണം ഉറപ്പിച്ചു.



അപ്പോഴേക്കു നേരം നന്നായി വെളുത്തിരുന്നു. 7.46നു പോലീസ്‌ അധികാരികള്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലിനെ വിവരമറിയിച്ചു: 'ഓപ്പറേഷന്‍ എക്‌സ് പൂര്‍ത്തിയായി.' വൈകാതെ ജയില്‍ വളപ്പില്‍തന്നെ ജഡം കബറടക്കി. ഈസമയം ദൃശ്യമാധ്യങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നിരുന്നു.



അരമണിക്കൂറിനുള്ളില്‍ യെര്‍വാദ ജയിലിനു മുന്നിലേക്കു ജനം ഒഴുകിത്തുടങ്ങി. എല്ലാവരും സന്തോഷത്തിലായിരുന്നു. നീതി നടപ്പാക്കിയെന്നു പലരും ഉറക്കെ പറയുന്നുണ്ടായിരുന്നു. പിന്നെ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനം കസബിന്റെ മരണം ആഘോഷമായി ഏറ്റെടുത്തു.

No comments:

Post a Comment