Saturday, 10 November 2012


ബാറ്റ്മാന്‍
ബിജു ആന്റണി
06 Nov 2012
മാരകവിഷമുള്ള പാമ്പുകള്‍ക്കൊപ്പമായിരുന്നു കുറെക്കാലം ഈ ശാസ്ത്രജ്ഞന്‍. ഇപ്പോള്‍ കൂട്ട് നരിച്ചീറുകള്‍. സ്‌കോട്ട്‌ലാന്‍ഡിലെ അബെര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരീക്ഷണങ്ങളുടെ ഭാഗമായാണ് വെങ്ങിണിശ്ശേരിയിലെ തന്റെ പുരാതനമായ നാലുകെട്ടിലും വിശാലമായ പറമ്പിലുമായി നരിച്ചീറുകളില്‍ ഡോ. അറയ്ക്കല്‍ മാധവന്‍ ഗവേഷണം നടത്തുന്നത്.

തൃശ്ശൂര്‍ : വെങ്ങിണിശ്ശേരിയിലെ കൈലാത്ത് വീട്ടിന്റെ പടി തുറന്നാല്‍ മണ്‍പാതയും പിന്നെ ചെങ്കല്‍പാകി പടികളുമായി വലിയൊരു ഇറക്കവുമാണ്. ഈയിടെ ഇല മുഴുവന്‍ പൊഴിഞ്ഞ് പുതുതായി തളിര്‍ത്ത ഇളം പച്ച ഇലകള്‍ പന്തലിച്ച പീരങ്കിയുണ്ടമരത്തിന്റെ തണലിലാണ് പടിപ്പുര. പടിപ്പുരയില്‍ ലൈബ്രറിയും ലാബോറട്ടറിയുമായി ഒരു 82 കാരന്റെ പരീക്ഷണശാല. ഡോ. അറയ്ക്കല്‍ മാധവന്‍ എന്ന ഈ ശാസ്ത്രജ്ഞന്റെ പരീക്ഷണവസ്തു 'അശ്വമുഖന്‍' എന്ന നാടന്‍ വവ്വാലുകളാണ്. പടിപ്പുരയോട് ചേര്‍ന്ന കൂടുകളിലും പറമ്പിലുമായി അശ്വമുഖന്മാര്‍ നിരവധിയാണ്. കാതോര്‍ത്താല്‍ നരിച്ചീറുകളുടെ ചിറകടിയൊച്ചകള്‍ കേള്‍ക്കാം. അള്‍ട്രാസോണിക് ശബ്ദതരംഗങ്ങള്‍ പ്രതിധ്വനിപ്പിച്ച് ഒരു പക്ഷെ നിങ്ങളുടെ സാന്നിധ്യം അവന്‍ തിരിച്ചറിഞ്ഞേക്കാം.

പച്ചയുടുത്തും മര്‍മരമുതിര്‍ത്തും കാറ്റില്‍ ചൂളമടിച്ചും ഒന്നിണചേര്‍ന്ന മരങ്ങള്‍ നിറഞ്ഞ പറമ്പില്‍ വവ്വാലുകള്‍ യഥേഷ്ടം വിഹരിക്കുന്നു. ഒരു കൊടുംകാടിന് സമാനമാണ് പാമ്പുംകാവ് സ്ഥിതിചെയ്യുന്ന പ്രദേശം.

സ്‌കോട്ട്‌ലാന്‍ഡിലെ അബെര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയില്‍ നരിച്ചീറുകളില്‍ ഗവേഷണം പുരോഗമിക്കുന്ന ഈ വേളയില്‍ ഡോ. അറയ്ക്കല്‍ മാധവന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പ്രതീക്ഷയോടെയാണ് ലോകം വീക്ഷിക്കുന്നത്. പ്രജനനപ്രക്രിയയാണ് പഠനവിഷയം. ചിറകുള്ളവയില്‍ പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന ഈ സവിശേഷജീവികളുടെ ആര്‍ത്തവപ്രശ്‌നങ്ങളും മറ്റും ഈ പഠനത്തിന്റെ ഭാഗമാണ് - മനുഷ്യരുമായുള്ള സാമ്യവും.

കാരൈക്കുടി ഡോ. അളഗപ്പ ചെട്ടിയാര്‍ കോളേജില്‍ ജന്തുശാസ്ത്രത്തില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് മാധവനില്‍ 'വവ്വാല്‍ പഠനം' ഹരമാകുന്നത്. തന്റെ അധ്യാപകനായ പ്രൊഫ. എന്‍. ബാലകൃഷ്ണന്‍ നായരായിരുന്നു പ്രചോദനം. അദ്ദേഹം വീട്ടിനുള്ളിലെ പൂട്ടിയിട്ട മുറിയില്‍ തലങ്ങും വിലങ്ങും കമ്പികള്‍ കെട്ടി ഇരുട്ടില്‍ നരിച്ചീറുകളെ പറത്തിക്കൊണ്ടുള്ള പരീക്ഷണം നടത്തുന്നത് കണ്ടു. നരിച്ചീറുകളുടെ ശബ്ദതരംഗങ്ങളുടെ പ്രതിധ്വനിയുടെ സവിശേഷതകളായിരുന്നു തന്റെ അധ്യാപകന്‍ നിരീക്ഷിച്ചിരുന്നത്. 1964ല്‍ മാധവന്‍ വവ്വാലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങി. വവ്വാല്‍ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എ. ഗോപാലകൃഷ്ണന്റെ കീഴില്‍ ഔറാംഗാബാദില്‍ ആയിരുന്നു ഗവേഷണം. 1969ല്‍ ഡോക്ടറേറ്റ് ലഭിച്ചു. തുടര്‍ന്ന്

നാഗ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ് തുടര്‍ന്നു. 'നരിച്ചീറുകളുടെ പ്രജനന പ്രക്രിയ' എന്ന വിഷയത്തിലായരുന്നു പഠനം. ഇത് ഈ ശാസ്ത്രലോകത്തിന് ഏറെ ഗുണകരമായി.

പഠനവഴി

അമ്മാടം, ചേര്‍പ്പ് സി.എന്‍.എന്‍. എന്നീ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1950ല്‍ എറണകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ്. കാരൈക്കുടി ഡോ. അളഗപ്പ ചെട്ടിയാര്‍ കോളേജില്‍ ജന്തുശാസ്ത്രത്തില്‍ ബിരുദം. ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദം. പുനെ അഹമ്മദ്‌നഗര്‍ കോളേജില്‍ അധ്യാപകന്‍, പഴയ ഹൈദരാബാദിലെ ഹാന്‍ഡീഡ് പീപ്പിള്‍ സയന്‍സ് കോളേജില്‍ പ്രൊഫസര്‍, മറാഠാ യൂണിവേഴ്‌സിറ്റിയുടെ ഡീന്‍, 1970 മുതല്‍ നാട്ടില്‍. തൃക്കാക്കര ഭാരതമാതാ കോളേജിലെ അധ്യാപകന്‍, ഗാന്ധിജി യൂണിവേഴ്‌സിറ്റിയുടെ 'ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇന്‍ സുവോളജി'യുടെ ആദ്യത്തെ ചെയര്‍മാന്‍. 1987ല്‍ വിരമിച്ചു.
പഠനം പാമ്പുകളില്‍ മുംബൈ ഹൊഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പാമ്പ് ഗവേഷണവിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു മാരക വിഷമുള്ള പാമ്പുകളിലെ പഠനം. പാമ്പ് കടിയേറ്റാല്‍ ഉപയോഗിക്കേണ്ട 'ആന്റിവെനം' ഉത്പാദിപ്പിക്കുന്ന വിഭാഗത്തിലായരുന്നു ഈ ശാസ്ത്രജ്ഞന്റെ ഒരുവര്‍ഷത്തെ ജോലിയും പഠനവും. വിഷമുള്ള എല്ലാ പാമ്പുകളെയും അടുത്തറിയുവാനായി. പ്രത്യേകം കൂടുകളില്‍ വളര്‍ത്തുന്ന പാമ്പുകളില്‍ നിന്ന് ശേഖരിക്കുന്ന വിഷം കുതിരകളില്‍ കുത്തിവെച്ച് അവയില്‍ നിന്നെടുക്കുന്ന രക്തം ഉണക്കിയാണ് 'ആന്റിവെനം' ഉണ്ടാക്കുന്നത്. പേ വിഷം, പ്ലേഗ് എന്നിവക്കെതിരെയുള്ള വാക്‌സിനുകളും ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴില്‍ നിര്‍മ്മിക്കുന്നു.

വെങ്ങിണിശ്ശേരി തേലപ്പുറത്ത് നാരായണന്‍ നായരുടെയും അറയ്ക്കല്‍ നാനിക്കുട്ടി എടോളമ്മയുടെയും മകനായ മാധവന്‍ ഇന്ന് വെങ്ങിണിശ്ശേരിയിലെ നാലുകെട്ടില്‍ ഏകനായാണ് താമസം. ഭാര്യ കൈലാത്ത് ശാരദ എട്ട് വര്‍ഷം മുമ്പ് മരിച്ചു. മൂത്ത മകന്‍ ശശിധരന്‍ ഒരു ഷിപ്പിങ് കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകനും കാര്‍ട്ടൂണിസ്റ്റുമായ ഭരതന്‍ കഴിഞ്ഞ മെയ് 9ന് സൗത്ത് ആഫ്രിക്കയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഇളയ മകള്‍ ശ്രീദേവി ദുബായില്‍ അധ്യാപികയാണ്. തിരുനെല്‍വേലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'ചിത്രശലഭ വവ്വാലു'കളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്.

No comments:

Post a Comment