Thursday, 22 November 2012

നാലുമണിക്കൂര്‍ കൊണ്ട്‌ ഓപ്പറേഷന്‍ 'മണിനാദം'
Text Size:   
ഇടുക്കി: ഓപ്പറേഷന്‍ മണി നാദം (റിംഗ്‌ ടോണ്‍) എന്ന പേരിട്ടായിരുന്നു മണിയെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ്‌ പദ്ധതി തയാറാക്കിയത്‌. അറസ്‌റ്റിനെപ്പറ്റി മുന്‍കൂട്ടി അറിയാമായിരുന്നതു പത്തില്‍ താഴെ ഉദ്യോഗസ്‌ഥര്‍ക്കു മാത്രം. പ്രതിരോധിക്കാനോ പ്രതിഷേധം സംഘടിപ്പിക്കാനോ ഇട നല്‍കാതെ നാലുമണിക്കൂര്‍ കൊണ്ടു പോലീസ്‌ നടത്തിയ ഓപ്പറേഷന്‍ സി.പി.എമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.



ഷൂക്കൂര്‍ വധക്കേസില്‍ കണ്ണൂരില്‍ പി.ജയരാജനും, ടി.വി.രാജേഷും അറസ്‌റ്റിലായപ്പോള്‍ ശക്‌തമായി പ്രതിഷേധിച്ച സി.പി.എം ഇവിടെ ആദ്യ ഞെട്ടലില്‍ നിന്നു മുക്‌തനാകാന്‍ പോലും രണ്ടു മണിക്കൂര്‍ സമയം എടുത്തു. ആറുമാസം നീണ്ട അന്വേഷണങ്ങള്‍ക്കിടയില്‍ ഉടന്‍ അറസ്‌റ്റു നടക്കുമെന്ന്‌ ഇടയ്‌ക്കിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇന്നലെ പോലീസ്‌ നടത്തിയ നീക്കത്തെക്കുറിച്ച്‌ ആര്‍ക്കും യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ആഴ്‌ചകള്‍ക്ക്‌ മുന്‍പു തന്നെ അറസ്‌റ്റ് സംബന്ധിച്ച്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച ചെയ്‌തിരുന്നുവത്രേ. 'ഓപ്പറേഷന്‍ മണി നാദം' എന്നു നടത്തണമെന്ന്‌ മാത്രം തീരുമാനിച്ചിരുന്നില്ല. പുലര്‍ച്ചെ അറസ്‌റ്റ് നടത്തി രാവിലെ പതിനൊന്നു മണിക്കു മുന്‍പു മണിയെ ജയിലിലെത്തിക്കണം എന്നു മാത്രമായിരുന്നു തീരുമാനം. പ്രതിഷേധം ഒഴിവാക്കുന്നതിനായിരുന്നു ഇത്‌.



തിങ്കളാഴ്‌ച രാവിലെയാണ്‌ ഐ.ജി.പത്മകുമാര്‍ ഉദ്യോഗസ്‌ഥരെ വിളിച്ച്‌ മണിയെ അറസ്‌റ്റു ചെയ്യുന്നുവെന്ന വിവരം അറിയിച്ചത്‌. പിന്നെയുളള നടപടികള്‍ വേഗത്തിലായിരുന്നു. വാര്‍ത്ത ചോരാതിരിക്കാന്‍ വയര്‍ലെസ്‌ സംവിധാനം പൂര്‍ണമായും ഒഴിവാക്കി. മൊബൈല്‍ ഫോണിലൂടെ മാത്രമായിരുന്നു ആശയ വിനിമയം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന നാലു ഡിവൈ.എസ്‌.പിമാര്‍, എസ്‌.പി ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവര്‍ക്കു മാത്രമാണ്‌ ദൗത്യത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നത്‌.



പുലര്‍ച്ചെ മൂന്നിനാണ്‌ മൂന്ന്‌ ഡിവൈ.എസ്‌.പിമാര്‍ അടങ്ങിയ സംഘം കുഞ്ചിത്തണ്ണിയിലേക്ക്‌ പോയത്‌. അന്വേഷണ സംഘത്തിലുള്ള മൂന്നാര്‍ ഡിവൈ.എസ്‌.പി വി.എന്‍. സജി കുഞ്ചിത്തണ്ണിയില്‍ മണിയുടെ വീടിനു പരിസരത്ത്‌ കാത്തു നിന്നിരുന്നു. 5.30 ഓടെ കുഞ്ചിത്തണ്ണിയിലെത്തിയ സംഘത്തിനൊപ്പം മൂന്നാര്‍ ഡിവൈ.എസ്‌.പിയും ചേര്‍ന്നതോടെ ഓപ്പറേഷന്‍ ആരംഭിച്ചു. നാലു വാഹനങ്ങളിലായി 24 പോലീസുകാര്‍ വീടിനു മുന്‍പിലെത്തി. പത്തുപേര്‍ വീടിനു മുന്‍പിലേക്ക്‌ ചെന്നു. ബാക്കിയുള്ളവര്‍ വീടിനു പുറത്തു നിലയുറപ്പിച്ചു.



ബഹളം കേട്ടു പ്രതിഷേധക്കാര്‍ എത്തിയാല്‍ ചെറുക്കുക ആയിരുന്നു ഉദ്ദേശം. സംഘത്തിലുള്ള തൊടുപുഴ ഡിവൈ.എസ്‌.പി ആന്റണി തോമസ്‌ വാതിലില്‍ മുട്ടി. മണിയുടെ മരുമകന്‍ വാതില്‍ തുറന്നു. 'മണിയാശാനേ' എന്നു വിളിച്ചുകൊണ്ടു പോലീസ്‌ അകത്തേക്ക്‌.



മണിയോടു നിങ്ങളെ അറസ്‌റ്റ് ചെയ്‌തിരിക്കുകയാണന്ന്‌ അറിയിച്ചു. വസ്‌ത്രം മാറുന്നതിനുള്‍പ്പടെ അരമണിക്കൂര്‍ സമയം. ഇവിടെ നിന്ന്‌ നേരെ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌. ഇതോടെയാണ്‌ വിവരം പുറത്തറിയുന്നത്‌. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിവരം അറിഞ്ഞു നെടുങ്കണ്ടത്ത്‌ എത്തുന്നതിനു മുന്‍പേ സ്‌റ്റേഷനു തൊട്ടടുത്തുള്ള താലൂക്ക്‌ ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി അറസ്‌റ്റ് നടപടി പൂര്‍ത്തിയാക്കിയിരുന്നു. കോടതി നടപടി പൂര്‍ത്തിയാക്കാന്‍ അരമണിക്കൂര്‍ സമയം. റിമാന്‍ഡിലായതോടെ പത്തോളം വാഹനങ്ങളുടെ അകമ്പടിയോടെ പീരുമേട്‌ സബ്‌ജയിലിലേക്ക്‌. രാവിലെ പതിനൊന്നിനു മുന്‍പേ ജയിലില്‍. പ്രതിഷേധങ്ങളോ, ബഹളങ്ങളോ ഒന്നുമില്ലാതെ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും ഞെട്ടല്‍ മാറും മുന്‍പെ ഓപ്പറേഷന്‍ സക്‌സസ്‌. സമീപ ജില്ലകളിലെ ക്യാമ്പുകളില്‍ നിന്നായി 500 പോലീസുകാരെ ജില്ലയില്‍ എത്തിച്ചിരുന്നു.



എന്നാല്‍ എന്താണ്‌ ഡ്യൂട്ടിയെന്ന്‌ ഇവരോട്‌ പറഞ്ഞിരുന്നില്ല. ഇടുക്കിയിലേക്കെന്നു പറഞ്ഞെങ്കിലും ജില്ലയ്‌ക്ക് പുറത്തുള്ള ക്യാമ്പുകളിലാണ്‌ ഇവരെ താമസിപ്പിച്ചത്‌. രാവിലെ ഇവരെ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. 

No comments:

Post a Comment