Friday, 2 November 2012


October 30, 2012

9 Photos

ഡോ. ആര്‍.സി. കരിപ്പത്ത്‌
വടക്കന്‍ കേരളത്തിന്റെ മണ്ണും മനസ്സുമുണരുന്ന സൂര്യോദയമാണ് പത്താമുദയം. രാശീനാഥനായ സൂര്യന്‍ ഐശ്വര്യദായകനായി പൊന്നിന്‍തേരിലെഴുന്നള്ളുന്ന പുണ്യമുഹൂര്‍ത്തമാണിത്. തുലാമാസത്തിലെ പത്താം ദിവസത്തെ സൂര്യോദയത്തെ നിലവിളക്കും നിറനാഴിയും വെച്ച് അരിയെറിഞ്ഞ് തൊഴുതുനിന്നാല്‍ തനിക്കും തറവാടിനും പത്ത് ഐശ്വര്യങ്ങള്‍ വന്നുചേരുമെന്നാണ് വിശ്വാസം.

ധേനു, ധാന്യം, ധനം, ധാത്രി
ദാര, സന്താന സൗഖ്യദം
ദൈവപ്രീതി ഗുരുപ്രീതി
രാജപ്രീതിചരായുഃ

പ്രപഞ്ചപ്പൊരുളറിഞ്ഞ പ്രാചീനാചാര്യന്മാര്‍ പത്താമുദയാചരണത്തിന്റെ സത്ഫലങ്ങള്‍ ഇങ്ങനെയാണ് വിവരിച്ചത്. കന്നുകാലിസമ്പത്ത്, ധാന്യസമൃദ്ധി, ധനലാഭം, ഭൂമിലാഭം, ഭാര്യ, സന്താനസൗഖ്യം ദൈവാനുഗ്രഹം, ഗുരുജനപ്രീതി, രാജപ്രീതി, ആയുര്‍ദേവഹിതം എന്നീ പത്ത് ഐശ്വര്യങ്ങള്‍ പത്താമുദയദര്‍ശനം കൊണ്ട് സിദ്ധിക്കുമത്രെ. അതുകൊണ്ടാണ് പൂര്‍വികന്മാര്‍ 'പത്താമുദയം പത്ത് ഐശ്വര്യം' എന്ന് നമ്മെ ഓര്‍മിപ്പിച്ചുവന്നത്.

നൂറ്റാണ്ടുകളായി വടക്കെ മലബാറിലെ ഗ്രാമത്തറവാടുകളിലും തെയ്യക്കാവുകളിലും ഭക്ത്യാദരങ്ങളോടെ നിര്‍വഹിച്ചുവരുന്ന ഒരു അനുഷ്ഠാനമാണ് പത്താവദ (പത്താമുദയം). പ്രകൃതിയില്‍നിന്നു വേറിട്ടുനില്‍ക്കുന്നൊരു ജീവിതം മനുഷ്യനില്ല എന്നു കണ്ടറിഞ്ഞ പൂര്‍വികന്മാര്‍ രൂപം കൊടുത്ത അനേകം പ്രകൃത്യുപാസനകളില്‍ ഒന്നാണ് ഉര്‍വരാരാധനയായ പത്താമുദയം. വിളയിറക്കാനുള്ള ശുഭദിനമായും നായാട്ടിനിറങ്ങാനുള്ള നല്ല നാളായും കന്നുകാലിസമ്പത്തിന്റെ അധിദേവനായ കാലിച്ചേകോനെ പ്രത്യേക പൂജകളാല്‍ പ്രീതിപ്പെടുത്താനുള്ള ദിവസമായും പ്രാചീനര്‍ തിരഞ്ഞെടുത്തത് പത്താമുദയമാണ്.

ഗ്രാമങ്ങളിലെ തറവാടുകളില്‍ പത്താമുദയത്തിന് കാലിച്ചാനൂട്ട് എന്നൊരു നിവേദ്യാര്‍പ്പണം പതിവുണ്ട്. ആലയും കന്നുകാലികളും വയലും വിതപ്പാട്ടും കളമൊഴിഞ്ഞുകൊണ്ടിരിക്കുന്ന പുതിയ കാലത്തും ഈ നാട്ടുനന്മ അപൂര്‍വമായെങ്കിലും അരങ്ങേറുന്നുണ്ട്. പത്തോ പന്ത്രണ്ടോ വയസ്സുള്ള ആണ്‍കുട്ടികള്‍ പത്താമുദയത്തില്‍ പുലര്‍കാലേ കുളിച്ച് കുറിയണിഞ്ഞ് തൊഴുത്തില്‍ കയറും. അവിടെ കന്നിമൂലയില്‍ തയ്യാറാക്കിയ അടുപ്പില്‍ തറവാട്ടിലെ പൂജാമുറിയില്‍ നിന്ന് കൊളുത്തിയെടുത്ത തീ കൂട്ടും. വെള്ളോട്ടുരുളിയില്‍ ഉണക്കലരിപ്പായസം വേവുമ്പോള്‍ ചിരകിയ തേങ്ങ ചേര്‍ത്ത് ഇറക്കിവെക്കും. തുടര്‍ന്ന് കാഞ്ഞിരത്തിലകളില്‍ കാലിച്ചാന്‍ (കാലിച്ചേകവന്‍) ദൈവത്തെ സങ്കല്പിച്ച് പായസം വിളമ്പും. ഇതിനിടയില്‍ തറവാട്ടമ്മ നിറദീപവുമായി വന്ന് കാലികളെ ദീപം കാണിക്കുന്ന ചടങ്ങ് നടത്തിയിരിക്കും. അവയ്ക്ക് വയറുനിറയെ ഭക്ഷണം കൊടുക്കും. ഈ ദീപം ഉദയസൂര്യനെ വരവേല്‍ക്കാന്‍ നിറംനാഴിയോടൊപ്പം വീട്ടുമുറ്റത്തു വെച്ച പുണ്യദീപമെന്നാണ് സങ്കല്പം. ചരാചരപ്രപഞ്ചിനു നാഥനായ ലഗേ്‌നശ്വരന്റെ ഉദയകിരണങ്ങള്‍ ദീപത്തിലേക്ക് അപ്പോഴേക്കും ആനയിക്കപ്പെട്ടിരിക്കും. തറവാട്ടുമുറ്റങ്ങളില്‍ കിണ്ടിയിലെ ജലം കോരിയെറിഞ്ഞ് സൂര്യദേവനെ അരിയെറിഞ്ഞ് താണുതൊഴുന്നത് ഗൃഹനാഥനും തറവാട്ടമ്മയുമായിരിക്കും.

ഇടവപ്പാതിയോടെ നടയടച്ച തെയ്യക്കാവുകളില്‍ പത്താമുദയപൂജ അനിവാര്യമായ ഒരനുഷ്ഠാനമാണ്. അന്നുതൊട്ടാണ് കാവുകളില്‍ കളിയാട്ടം തുടങ്ങുന്നത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലും കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലും അന്നാണ് കളിയാട്ടച്ചെണ്ടയുണരുന്നത്. 'മന്നംപുറത്തമ്മ അടയ്ക്കാനും അഞ്ഞൂറ്റമ്പലം കാവിലമ്മ തുറക്കാനും' എന്നൊരു നാട്ടുചൊല്ലുതന്നെയുണ്ട്. മന്നംപുറത്തുകാവിലെ ഇടവമാസപ്പെരുകലശത്തോടെ അത്യുത്തരകേരളത്തിലെ കളിയാട്ടക്കാലം സമാപിക്കും. ആട്ടക്കാലം തുടങ്ങുന്നതാകട്ടെ അഞ്ഞൂറ്റമ്പലം കാവിലെ പത്താമുദയത്തിലെ പുത്തരികളിയാട്ടത്തോടുകൂടിയും.

തുലാമാസം പിറക്കുന്നതോടെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാട്ടുമുറ്റങ്ങളില്‍ വേലരുടെ തെയ്യങ്ങളായ കുറത്തി, കുണ്ടോറച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടിയാടുക പതിവാണ്. തെയ്യാട്ടത്തില്‍ മുമ്പുസ്ഥാനം വേലന്മാര്‍ക്കാണെന്ന് 'വേലന്‍പറ്റെക്കോലം' എന്ന നാട്ടുചൊല്ല് വ്യക്തമാക്കുന്നുണ്ട്. പുലയസമുദായക്കാര്‍ കെട്ടിയാടുന്ന തിമിരി വലിയവളപ്പില്‍ ചാമുണ്ഡി തിമിരിവയലില്‍ വിത്തിട്ടു നൃത്തമാടുന്നതും തുലാമാസം ഒന്നാം തീയതിയാണ്.

പുലം (വയല്‍) നോക്കി നടത്തുന്നതില്‍ അഗ്രഗണ്യരായ പുലയര്‍ പത്താമുദയത്തെ കാലിച്ചേകോന്‍ തെയ്യാട്ട സുദിനമായി പരിപാലിച്ചുപോരുന്നവരാണ്. പയ്യന്നൂര്‍ പാടിയില്‍ കോട്ടത്തും ചെറുവത്തൂര്‍ കോട്ടത്തും കണ്ണപുരത്തു കോട്ടത്തും അന്നാണ് കളിയാട്ടം തുടങ്ങുന്നത്. കന്നുകാലികള്‍ക്ക് സൗഖ്യത്തെ കൊടുക്കുന്ന കാലിച്ചേകോന്‍ തെയ്യം ഭക്തന്മാര്‍ക്ക് ആരാധ്യദൈവതമാണ്.

പുലയരും വണ്ണാന്‍ വിഭാഗക്കാരും ഈ കോലം കെട്ടിയാടാറുണ്ട്. ശ്രീഭഗവാന്‍ മലയായ മലയെല്ലാം നായാടിത്തളര്‍ന്ന് അസ്തമാനക്കോട്ടയിലെത്തി പാടിക്കുറ്റിയെ വിളിച്ചു. വാതില്‍ ബലമായി തുറപ്പിച്ച ഭഗവാന് പാടിക്കുറ്റിയില്‍ ഒു മകന്‍ പിറക്കുന്ന ലക്ഷണം കണ്ടു. പടിയിറങ്ങുമ്പോള്‍ ഭഗവാന്‍ ഒന്നേ പറഞ്ഞുള്ളൂ ''പിറക്കുന്നത് ആണ്‍കുഞ്ഞെങ്കില്‍ കൈലാസത്തിലയക്കണം.'' അതുപ്രകാരം പെറ്റമ്മ പൊന്മകനെ കൈലാസത്തിലേക്കു യാത്രയാക്കി.

'തമ്മപ്പന്ന്' അവന്‍ പ്രിയപ്പെട്ടവനായി. ചൊല്ലുകുറിയില്ലാത്ത മകനോട് മധുവനം കയറരുതെന്നും മധുനിറച്ച കുടം എടുക്കരുതെന്നും പ്രത്യേകം വിലക്കിയതാണ്. എന്നാല്‍ അവന്‍ ആ കല്പനയാണ് ആദ്യം ലംഘിച്ചത്. 'കണ്ടുകണ്ടു വന്ന പിതാവ്' അമൃതിന്‍കുടം വായില്‍ കമിഴ്ത്തുന്നതില്‍ കോപാകുലനായി മകനെ ശപിച്ചു. തൃക്കണ്ണുപൊട്ടി തൃക്കാല്‍ക്കല്‍ വീണ മകനോട് അലിവുതോന്നിയ പരമേശ്വരന്‍ അവനെ ഭൂമിയിലേക്കയച്ചു.

''കന്നുകാലിക്കിടാങ്ങള്‍ക്കും ഇടവിലലോകത്തെ ചെറുമനുഷ്യര്‍ക്കും' രക്ഷാനാഥനായി അവന്‍ ഭൂമിയിലെത്തി. നീളന്‍കാലുള്ള ഓലക്കുടചൂടി കുരുത്തോല ഉടയാടയും ചിലമ്പുമായി നൃത്തമാടുന്ന ദേവന്‍ കാലിച്ചേകോന്‍ എന്നറിയപ്പെട്ടു. ഒരു പത്താമുദയനാളില്‍ സൂര്യനോടൊപ്പമാണത്രെ ദേവന്‍ ഭൂമിയിലെത്തിയത്. പുലയരുടെ കോട്ടങ്ങളില്‍ ആട്ടക്കലാശം കഴിഞ്ഞാല്‍ തുടിവാദ്യാരവങ്ങളോടെ തെയ്യം തറവാടുകാണാനിറങ്ങും. ഓരോ തറവാടിന്റെയും പടിക്കുതാഴെ തെയ്യം കുരുത്തോലത്തഴ വീശി ഈണത്തില്‍ തോറ്റം (സ്തുതി) പാടും. തറവാട്ടുകാര്‍ ഈ ഐശ്വര്യദേവനെ ഭക്തിപൂര്‍വം അകലെനിന്ന് കൈതൊഴുത് മഹല്ല്, പണം തുടങ്ങിയ കാണിക്കകള്‍ നല്‍കും.

വര്‍ഷംതോറും കളിയാട്ടം നടക്കുന്ന മുച്ചിലോട്ടുകാവുകളില്‍ ആദ്യസ്ഥാനം നമ്പ്രം കാവിനാണ്. മഹാസിദ്ധനും ഭക്തോത്തമനുമായ നമ്പ്രത്തച്ഛന്റെ പുണ്യസങ്കേതം കൂടിയായ ഈ കാവില്‍ പത്താമുദയത്തിന് മുച്ചിലോട്ടുഭഗവതിയുടെ കോലക്കാരനെ കണ്ടെത്തുന്ന പതിവുണ്ട്. ഇങ്ങനെ, പത്താമുദയത്തിന്റെ തിരപുറപ്പാട് വടക്കന്‍ കേരളീയമനസ്സുകളില്‍ അവര്‍ണനീയമായ ഭക്ത്യാനന്ദലഹരി ഉണര്‍ത്തുന്നതാകുന്നു.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രാം നാഥ് പൈ എടുത്ത തുലാപ്പത്തിലെ തെയ്യം ദൃശ്യങ്ങള്‍ .








No comments:

Post a Comment