Tuesday, 6 November 2012


അച്ഛനെന്താ കുട്ടിയെ നോക്കിയാല്‍ ...?

Published on  06 Nov 2012

മനീഷ.കെ


വിവാഹം പോലെ തന്ന വിവാഹമോചനവും സര്‍വ്വസാധാരണമായിരിക്കുന്നു നമ്മുടെ നാട്ടില്‍. കുട്ടികളുടെ രക്ഷാകര്‍തൃത്തെ ചൊല്ലി മാതാപിതാക്കള്‍ കോടതി കയറിയിറങ്ങാറാണ് പതിവ്. കുട്ടി അമ്മയോടൊപ്പം കഴിയട്ടെ എന്നായിരിക്കും മിക്കപ്പോഴും കോടതി വിധിക്കുന്നതും. അച്ഛനേക്കാള്‍ ഏറെ അമ്മയാണ് കുട്ടിയുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുക. അല്ലെങ്കില്‍ കുട്ടിക്ക് അച്ഛനോടുള്ളതിനേക്കാള്‍ അടുപ്പം അമ്മയോടായിരിക്കും എന്ന വിശ്വാസവുമാവാം. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നുമല്ലെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം അച്ഛന്മാര്‍. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹമോചനശേഷം കുഞ്ഞുങ്ങളുടെ ഉത്തരാവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത് അച്ഛന്മാരാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ ഒരു പ്രമുഖ വ്യവസായസ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് ആയി പ്രവൃത്തിച്ചിരുന്ന സ്റ്റീവ് ഗ്ലോര്‍ എന്ന 42 വയസ്സുകാരന്‍ തന്റെ ജോലി രാജി വെച്ചത് മക്കളെ നോക്കുന്നതിനാണ്. 2005-ല്‍ ഭാര്യയുമായി വിവാഹമോചനം നേടിയതിന് ശേഷം പത്ത് വയസ്സുള്ള തന്റെ ഇരട്ടക്കുട്ടികളുടെ രക്ഷാകര്‍തൃത്വം സന്തോഷത്തോടെ ഏറ്റെടുത്ത് മുഴുവന്‍ സമയജോലിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ് സ്റ്റീവ്. മക്കളുമൊത്തുള്ള സമയത്തെ ബാധിക്കാത്ത രീതിയില്‍ ജോലിസമയം ചുരുക്കിപുനര്‍ക്രമീകരിച്ചിരിക്കുകയാണ് സ്റ്റീവ് ഇപ്പോള്‍.


സ്റ്റീവ് നേരിടുന്ന ഈ പ്രതിസന്ധി കാലങ്ങളായി വര്‍ക്കിങ് വുമന്‍ അനുഭവിക്കുന്നതാണ്. ജോലിക്ക് പോകണോ, അതോ മക്കളെ നല്ല രീതിയില്‍ ശ്രദ്ധിച്ചുവളര്‍ത്തി വീട്ടിലിരിക്കണോ എന്ന അങ്ങേയറ്റം വിഷമം പിടിച്ച തിരഞ്ഞെടുപ്പ് അനുഭവിച്ചറിഞ്ഞവരാണ് ഓരോ സ്ത്രീയും. ജോലിക്കൊപ്പം വീട്ടുജോലിയും മക്കളെ നോക്കലുമൊക്കെ കൊണ്ട് നിര്‍ത്താതെയുള്ള ഓട്ടമായി ജീവിതം കാണാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടിരുന്നൂ പല വിവാഹിതകളും. വിവാഹിതന്മാരും വീട്ടുജോലിയും കുട്ടികളെ നോക്കുന്നതും ആലോചിച്ച് തുടങ്ങിയിരിക്കുന്നു. ചില പുരുഷന്മാര്‍ കരിയറിന് പ്രാധാന്യം കൊടുക്കുന്നു. ചിലരാവട്ടെ മക്കളെ നോക്കിയടങ്ങിയൊതുങ്ങിയിരിക്കാം എന്ന വിചാരത്തിന് ഊന്നല്‍ നല്‍കുന്നു മറ്റ് ചിലര്‍ കുട്ടികള്‍ കുറച്ച് വളരുന്നത് വരെ അവധിയെടുക്കുകയും അതിന് ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. പക്ഷേ സ്റ്റീവ് പറയുന്നു: ജോലിയേക്കാള്‍ ഞാന്‍ പ്രാധാന്യം നല്‍കുന്നത് എന്റെ കുഞ്ഞുങ്ങളെ നല്ല രീതിയില്‍ വളര്‍ത്തുന്നതിനാണ്.

1960-കളില്‍ സ്ത്രീസ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനങ്ങളും പ്രബോധനങ്ങളും നിലവില്‍ വന്നതിന് ശേഷമാണ് വിവാഹമോചനനിരക്കുകള്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചത്. അതിന് മുമ്പുള്ള 30 വര്‍ഷക്കാലം വിവാഹമോചനക്കണക്കുകള്‍ മാറ്റമില്ലാതെ ആവര്‍ത്തിച്ചപ്പോള്‍ 1982-ല്‍ 6,79000 ആയിരുന്നത് 2011-ല്‍ 2.23 മില്ല്യണ്‍ ആയി ഉയര്‍ന്നു! യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1960-ല്‍ ഒറ്റത്തടിയായി ജീവിക്കുന്ന പുരുഷന്മാര്‍ മൊത്തം പുരുഷന്മാരുടെ 10 ശതമാനം വരുമെങ്കില്‍ ഇപ്പോഴത് 20 ശതമാനമായി ഉയര്‍ന്നു.

1970-ല്‍ പുറത്തിറങ്ങിയ ക്രാമര്‍ വേഴ്‌സസ് ക്രാമര്‍ എന്ന അമേരിക്കന്‍ സിനിമയിലെ ജോവന്ന എന്ന നായിക ഒരു സുപ്രഭാതത്തില്‍ കരിയറിസ്റ്റായ ടെഡ് ക്രാമര്‍ എന്ന ഭര്‍ത്താവിനെയും മകനേയും ഉപേക്ഷിച്ച് പോകുന്നുണ്ട്. വീട്ടുജോലിയുടെയും കുട്ടികളെ നോക്കലിന്റെയും എബിസിഡി അറിയാത്ത ടെഡ് ക്രാമര്‍ ഭാര്യയില്ലാതെ ജീവിക്കാന്‍ നട്ടം തിരിയുന്നതാണ് സിനിമയുടെ പ്രമേയം. എല്ലാ അര്‍ത്ഥത്തിലും ടെഡ് ക്രാമര്‍ ഒരു ഉത്തമഭര്‍ത്താവായിരുന്നു. പക്ഷേ തന്റെ അസ്തിത്വം തിരിച്ചറിയാനാവാതെ വന്നപ്പോള്‍ ഭാര്യയായും അമ്മയായും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കി ജോവന്ന ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും ക്രാമറിനെക്കാളും ഉയര്‍ന്ന ശമ്പളമുള്ള ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അച്ഛന്റെ രക്ഷാകര്‍തൃത്വത്തെ അവതരിപ്പിച്ച ക്രാമര്‍ വേഴ്‌സസ് ക്രാമര്‍ അക്കാലത്ത് ഏറെ ചര്‍ച്ചകളുയര്‍ത്തിയിരുന്നു.

ഫോര്‍ഥാം യൂണിവാഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ മാത്യം വെന്‍ഷങ്കറിന്റെ അഭിപ്രായത്തില്‍ കുട്ടികളുടെ താല്‍പ്പര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത് പുരുഷന്മാരാണെന്ന് കോടതി കരുതുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ഇതായിരുന്നില്ല സ്ഥിതി.

പ്യൂ റിസര്‍ച്ച് സെന്ററിലെ സാമൂഹികവിഭാഗം ഡയറക്ടര്‍ കിം പാര്‍ക്കര്‍ നിരീക്ഷിക്കുന്നത് കഷ്ടപ്പെട്ട് നേടിയ കരിയര്‍ ത്യജിക്കാന്‍ സ്ത്രീകളേക്കാള്‍ തയ്യാറാവുന്നത് പുരുഷന്മാരാണെന്നാണ്. റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ തെളിയുന്നത് 18 മുതല്‍ 34 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളില്‍ 66% പേരും തങ്ങളുടെ സ്വകാര്യജീവിതത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് തങ്ങളുടെ തൊഴിലിനാണ്. എന്നാല്‍ ഇതേ ഗണത്തില്‍ പെടുന്ന പുരുഷന്മാര്‍ 59% മാത്രമേ വരുന്നുള്ളൂ. എന്നാല്‍ 1997-ല്‍ 56% സ്ത്രീകളും 58% പുരുഷന്മാരും ഇതേ പോലെ ചിന്തിക്കുന്നവരായിരുന്നു. പാര്‍ക്കര്‍ പറയുന്നു: സ്ത്രീകളില്‍ ലക്ഷ്യബോധവും സ്വയംപര്യാപ്തതയും വര്‍ദ്ധിച്ച് വരുമ്പോള്‍ പുരുഷന്മാര്‍ക്ക് പുതിയ സാമ്പത്തിക നയങ്ങളും സാമ്പത്തികമാന്ദ്യവും കാരണം ഇപ്പോള്‍ കഷ്ടകാലമാണ്.

മക്കളെ ഒറ്റയ്ക്ക് നോക്കിവളര്‍ത്തുന്ന പുരുഷന്മാര്‍ സ്ത്രീകളെ അപേക്ഷിച്ച് മറ്റുള്ളവരോട് സഹായം ചോദിക്കുവാന്‍ മടിക്കുന്നവരാണ്. ഒരു പാട് സമയവും പ്രതിബദ്ധതയും ആവശ്യപ്പെടുന്ന തൊഴിലുകള്‍ ഇത്തരം അച്ഛന്മാര്‍ വേണ്ടെന്ന് വെയ്ക്കുകയാണ്. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ കുട്ടികളെ നോക്കാന്‍ സമയം തികയില്ലെന്ന പേടി തന്നെ. എന്നാല്‍ അതുണ്ടാക്കുന്ന സാമ്പത്തികഅരക്ഷിതത്വം ചില്ലറയൊന്നുമല്ല. ഒരാഴ്ചയില്‍ ഏതാണ് 70 മണിക്കൂര്‍ ജോലി ചെയ്യേണ്ടിടത്ത് 50 മണിക്കൂര്‍ ജോലി ചെയ്യാനേ ഇവര്‍ക്ക് കഴിയുന്നുള്ളൂ. അതുകൂടാതെ മുന്‍ഭാര്യയ്ക്ക് ഒരു നിശ്ചിതതുക വര്‍ഷംതോറും നല്‍കേണ്ടതായും വരുന്നു.

ജോലി ആവശ്യത്തിനായി യാത്രകള്‍ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്‍ കുട്ടികളെ തങ്ങളുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ചാണ് പോകാറ്. സ്വന്തം മാതാപിതാക്കളെയല്ലാതെ മറ്റാരെയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല. പുരുഷന്മാരെ അഭിമാനം വിട്ട് കളിക്കാനും പറ്റില്ലല്ലോ.

എന്ത് വന്നാലും ഒരേ സമയം അമ്മയും അച്ഛനുമായി ഈ പുരുഷന്മാര്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ജോലിയില്‍ എന്ത് വിട്ടുവീഴ്ച ചെയ്യാനും ഒരുക്കമാണ്.

വിവാഹമോചിതരാവാത്ത കുടുംബങ്ങളിലും അച്ഛന്‍ കുട്ടിയെ നോക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുതുടങ്ങിയിട്ടുണ്ട്. ഭാര്യയുടെ വലിയ ശമ്പളമുള്ള ജോലിക്ക് വിഘ്‌നമാവാതിരിക്കാന്‍ തന്റെ ചെറിയ ജോലിയില്‍ നിന്ന് രാജി വെച്ച് വൈകുന്നേരങ്ങളിലെ സുഹൃത്ത്‌സംഗമങ്ങളൊക്കെ താല്‍ക്കാലത്തേക്ക് മറന്ന് നല്ല രക്ഷകര്‍ത്താവാകുന്ന ഒട്ടനവധി ഭര്‍ത്താക്കന്മാര്‍ രംഗപ്രേവേശം ചെയ്തുകഴിഞ്ഞിരിക്കുന്നു. 
ഇന്ത്യയില്‍

കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന അവിവാഹിതരായ അച്ഛനമ്മമാരുടെ എണ്ണം കൂടുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. അമര്‍നാഥ് എന്ന ഡല്‍ഹി കേന്ദ്രമായുള്ള ഹോട്ടല്‍ ബിസിനസ്സുകാരന്‍ പറയുന്നത് അയാള്‍ക്ക് ഒരു വയസ്സ് പ്രായമുള്ള ദത്തുപുത്രിയെ ലഭിച്ചത് ദൈവത്തിന്റെ വരദാനമെന്നാണ്. അന്ന് അമ്പതുവയസ്സുകാരനായ അദ്ദേഹത്തിന്റെ ജീവിതം അപ്പോഴാണ് ശരിക്കും ആരംഭിച്ചത്. നിയമത്തിന്റെ നൂലാമാലകള്‍ ഏറെയുണ്ടെങ്കിലും സമൂഹവും ഇത്തരം ഒറ്റത്തടിയായ അച്ഛന്മാരെ ഇപ്പോള്‍ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍.

ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്ന അച്ഛന്മാരെല്ലാം അതിനോടനുബന്ധമായ നിരവധി മാനസികവും ശാരീരികവും വൈകാരികവും സാമ്പത്തികപരവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സന്തോഷത്തോടെ അവരിതെല്ലാം മറികടക്കുകയും മക്കളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിന് അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്നു.

അവിവാഹിതനായ അച്ഛനാവുക എന്നത് അത്ര എളുപ്പമല്ലെന്നാണ് നൃത്തഅധ്യാപകനും മുംബൈസ്വദേശിയുമായ സന്ദീപ് സെപാര്‍ക്കര്‍ പറയുന്നത്. 2002-ല്‍ സന്ദീപ് ഒരു കുഞ്ഞിനെ ദത്തെടുക്കുവാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്തു. ഏതാണ്ട് 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധികാരികളില്‍ നിന്ന് അതിന് സമ്മതം കിട്ടിയത്.

മറ്റൊരു അച്ഛന്‍ പറയുന്നത് ലോകത്തില്‍ ഒരു അച്ഛനും അമ്മയും പൂര്‍ണ്ണരല്ല എന്നാണ്. 'എല്ലാം തികഞ്ഞ ഒരു സ്ത്രീയോ പുരുഷനോ ഇല്ല. മകനെ വളര്‍ത്തുമ്പോള്‍ ജീവിതത്തില്‍ താന്‍ പുതിയ പാഠങ്ങള്‍ പഠിക്കുകയാണ്. കാരണം എന്റെ മകന് വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമാണ്.'- അദ്ദേഹം പറയുന്നു.

പ്രശസ്ത എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിന്റെ അഭിപ്രായത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് എന്ത് പറയുമ്പോഴും അമ്മയെയാണ് നമ്മള്‍ ഒപ്പം കൂട്ടിവായിക്കുക. പിതാക്കന്മാരെ വിരളമായേ പരമാര്‍ശിക്കാറുള്ളൂ. ഒരു അച്ഛന്‍ -കുട്ടി ബന്ധം വ്യാഖ്യാനിക്കാന്‍ നന്നേ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. റസ്‌കിന്‍ ബോണ്ട് പ്രേം എന്ന കുട്ടിയോട് പുത്രവാല്‍സല്യം പ്രകടിപ്പിച്ചിരുന്നു.

നന്ദയെന്ന അമ്പത്തുകാരന്‍ പറയുന്നത് അദ്ദേഹത്തിന്റെ മക്കള്‍ അവര്‍ക്ക് ഒറ്റരക്ഷകര്‍ത്താവ് മാത്രമായതിനാല്‍ സന്തോഷിക്കുന്നുവത്രെ. കാരണം എന്തെങ്കിലും ഒരു കാര്യത്തില്‍ അഭിപ്രായമാരായുമ്പോള്‍ രണ്ട് പേരുടെ (അച്ഛന്റേതും അമ്മയുടെയും) ആശയക്കുഴപ്പം സഹിക്കേണ്ടതില്ലല്ലോ.

പുരുഷാധിപത്യം കേന്ദ്രപ്രമേയമാക്കിയിട്ടുള്ള കേരളീയജീവിതത്തില്‍ ജോലിയൊക്കെ കളഞ്ഞ് മക്കളെ നോക്കുന്ന നല്ല അച്ഛന്മാര്‍ എത്രയാളുകളുണ്ടാവുമെന്ന് ദൈവം തമ്പുരാന് മാത്രമറിയാം..!

No comments:

Post a Comment