Wednesday, 7 November 2012


ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുന്നു
കെ.പി.കേശവമേനോന്‍
01 Apr 2012
പിലാത്തോസ് വിധി കല്പിച്ചുകഴിഞ്ഞു. ഇനി അത് നടത്തുകയേ വേണ്ടൂ.

പുരോഹിതസമിതിയുടെ ആവശ്യമനുസരിച്ച് യേശുവിന് അദ്ദേഹം വിധിച്ചത് മരണശിക്ഷതന്നെയാണ് - റോമാസമ്പ്രദായത്തിലുള്ള കുരിശിലേറ്റല്‍. വൈദികസമിതി മുന്‍പാകെ യേശുവിന്റെ പേരില്‍ ആരോപിച്ച കുറ്റം ദൈവനിന്ദയാണല്ലോ. അതിനു യഹൂദന്മാര്‍ നല്കിയിരുന്ന ശിക്ഷ കല്ലെറിഞ്ഞു കൊല്ലുകയാണ്. യേശുവിന്റെ കാലമാവുമ്പോഴേക്കും അതിനു മാറ്റം വന്നിരുന്നു. റോമാക്കാരുടെ കുരിശിലേറ്റുന്ന സമ്പ്രദായം അന്ന് നടപ്പിലായിരുന്നു. ക്രിസ്തുവിന് 63 കൊല്ലം മുന്‍പ് റോമക്കാര്‍ പോംപെയുടെ നേതൃത്വത്തില്‍ യരൂശലേം പിടിച്ചടക്കിയ മുതല്‍ക്കാണ് ഇതു നടപ്പില്‍ വന്നത്. ഗുരുതരമായ കുറ്റങ്ങള്‍ക്കേ ഈ ശിക്ഷ നല്കിയിരുന്നുള്ളൂ. ഇതിനു വിധേയരാകാറ് അധികവും അടിമകളാണ്.

യേശുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന കുരിശ് ഏതാണ്ടിങ്ങനെയാണ്: 15 അടിയോളം നീളമുള്ള ഒരൊറ്റത്തടി നിലത്തു കുഴിച്ചുനിര്‍ത്തും. കുഴിച്ചിട്ട മരത്തിന്മേല്‍ വിലങ്ങനെ കുറച്ചു താഴെയായി മറ്റൊരു മരക്കഷണം തറച്ചിരിക്കും. അത് പരന്നതോ മിനുസമുള്ളതോ ആയിരിക്കില്ല. നിലത്തു കുഴിച്ചിട്ട ഒറ്റത്തടിയുടെ മധ്യത്തിലായി കട്ടിയുള്ള ഒരു മരക്കഷണം വേറെയുണ്ട്. കുരിശില്‍ കയറ്റിയ ആളുടെ കാലുകള്‍ താങ്ങുന്നതിനാണത്. ഇത് ആവശ്യമാണുതാനും. എന്തെന്നാല്‍ ആണികള്‍കൊണ്ടു മാത്രം തറച്ചുവെച്ച ശരീരം വളരെനേരം ആ നിലയില്‍ നിന്നുവെന്നു വരില്ല. അത് താഴെ വീഴാതിരിക്കാനുള്ള ഒരു മുന്‍കരുതലാണ് ആ കട്ടിയുള്ള മരക്കഷണം.

വിധി കല്പിച്ചുകഴിഞ്ഞാല്‍ ഉടനെ കുരിശില്‍ കയറ്റുന്നതിനുള്ള ഒരുക്കങ്ങളായി. ജനസഞ്ചാരമുള്ള പ്രധാനപ്പെട്ട ഒരു സ്ഥലമായിരിക്കും അതിന് തിരഞ്ഞെടുക്കുക. അങ്ങനെയായാല്‍ കുരിശിലേറ്റിയവനെ ജനങ്ങള്‍ക്കു കാണുന്നതിന് അധികം സൗകര്യമുണ്ടാകും. കുറ്റം ചെയ്യുവാന്‍ വാസനയുള്ളവര്‍ക്ക് അതൊരു താക്കീതായിത്തീരുകയും ചെയ്യും. കുരിശില്‍ കയറ്റുന്നതിനു മുന്‍പ് അവിടേക്കു കൊണ്ടുപോകുന്ന വഴിക്ക് തടവുകാരനെ പലവിധത്തിലും ദ്രോഹിക്കുന്നത് സാധാരണയാണ്. ശിക്ഷയ്ക്കു വിധേയനായ ആളെ നാലു പട്ടാളക്കാരുടെ കൈയിലേല്പിക്കും. അവര്‍ക്ക് ഒരു നായകനുമുണ്ടാകും. അയാളാണ് വിധിക്കനുസരിച്ച് കുരിശില്‍ കയറ്റിയ കുറ്റക്കാരന്‍ മരിച്ചുവെന്ന വസ്തുത
അധികാരസ്ഥന്മാരെ അറിയിക്കുക. കൊണ്ടുപോകുന്നതിനു മുന്‍പുതന്നെ ഒറ്റത്തടിമരത്തില്‍ വിലങ്ങനെ തറയ്ക്കുവാനുള്ള മരത്തുണ്ട് കുറ്റക്കാരന്റെ ചുമലില്‍ വെച്ചുകൊടുക്കും. റോമന്‍ ന്യായാധിപന്റെ കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ മുന്‍പില്‍ നടക്കുന്നുണ്ടാവും. കുരിശിലേറ്റാന്‍ പോകുന്ന ആളുടെ കുറ്റങ്ങളെഴുതിയ ഒരു ചെറുപലക ആ ഉദ്യോഗസ്ഥന്റെ കൈയിലുണ്ടായിരിക്കും. ചിലപ്പോള്‍ ആ പലക കുറ്റക്കാരന്റെ കഴുത്തില്‍ കെട്ടിത്തൂക്കുകയും ചെയ്യും. എല്ലാവരും അറിയുന്നതിനായി വളരെ തിരക്കുള്ള വഴികളില്‍ക്കൂടിയായിരിക്കും തടവുകാരനെ കൊണ്ടുപോവുക. ദേഹോപദ്രവം ചെയ്യുവാന്‍ ജനങ്ങള്‍ ഒരുങ്ങിയെന്നു വരില്ല. എന്നാല്‍, അവര്‍ അയാളെ വഴിനീളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യും. ആര്‍ക്ക് എന്തുവേണമെങ്കിലും അയാളെ അപ്പോള്‍ ചെയ്യാം. ഒരു ചലിക്കുന്ന കുപ്പക്കുണ്ടപോലെയാണ്
അയാളുടെ അപ്പോഴത്തെ സ്ഥിതി. കുരിശിലേറ്റുവാനുള്ള സ്ഥലത്തെത്തിയാല്‍ തടവുകാരനെ ഒറ്റത്തടിമരത്തിന്റെ സമീപത്തേക്കു കൊണ്ടുപോകും. അവിടെവെച്ച് അയാളുടെ വസ്ത്രങ്ങളെല്ലാം വലിച്ചെടുക്കും, അര മറയ്ക്കുന്നതിനുള്ള കീറവസ്ത്രമൊഴിച്ച്. എന്നിട്ട് അയാളെ നിലത്ത് മലര്‍ത്തിക്കിടത്തും. മരത്തുണ്ടിന്മേലായിരിക്കും നീട്ടിയ രണ്ടു കൈകളും. പിന്നെ കൈകള്‍ രണ്ടും ആണികള്‍കൊണ്ട് ആ മരത്തിന്മേല്‍ തറയ്ക്കും. അതു കഴിഞ്ഞാല്‍ ഒരു കയറുകൊണ്ട് ശരീരത്തെ തടിമരത്തിന്മേലേക്കുയര്‍ത്തും. മുന്‍വിവരിച്ച തടിച്ച മരക്കഷണത്തില്‍ കാല്‍തൊടത്തക്കവണ്ണം ഉയര്‍ത്തി വിലങ്ങനെയുള്ള മരത്തുണ്ട് നിലത്തു കുഴിച്ചിട്ട മരത്തില്‍ ഉറപ്പിക്കും. പിന്നെ കാല്‍ രണ്ടും പിണച്ചുവെച്ച്
ഒരാണി ഇരുകാലുകളിലും തറയ്ക്കും. കുരിശിലേറ്റപ്പെട്ടവന്‍, മരണത്തെ കാത്തുകൊണ്ട് ആ നിലയിലങ്ങനെ തൂങ്ങിനില്ക്കും. പലതരക്കാരായ ആളുകള്‍ അത് നോക്കിനില്ക്കുന്നുണ്ടാകും-പ്രമാണികളും വ്യാപാരികളും തെരുവുതെണ്ടികളുമെല്ലാം. തടവുകാരനോട് അനുഭാവം തോന്നുന്ന ചുരുക്കം ചിലരും ആ കൂട്ടത്തിലുണ്ടായിരിക്കും.

ചിലരുടെ മരണം വേഗത്തിലായെന്നു വരാം. ചിലര്‍ അധികനേരം അവിടെ കിടന്നേക്കും. കുരിശിലേറ്റിയവന്റെ മരണം ത്വരിതപ്പെടുത്തുവാനായി കൊലയാളികള്‍ താഴത്ത് തീ കത്തിച്ചു പുകയുണ്ടാക്കും. അല്ലെങ്കില്‍ കുന്തംകൊണ്ട് തടവുകാരന്റെ ദേഹത്തില്‍ കുത്തും. ചിലപ്പോള്‍ കനത്ത വടികൊണ്ട് എല്ല് തല്ലിപ്പൊളിക്കുകയും ചെയ്യും. കുരിശിലേറ്റിയവന്‍ മരിച്ചാല്‍ ശവം വളരെ ദിവസം അവിടെത്തന്നെ കിടക്കുകയാണ് മുന്‍പ് പതിവ്. വളരെക്കാലത്തിനു ശേഷമാണ് ബന്ധുക്കള്‍ക്ക് ശവം വിട്ടുകൊടുക്കുന്ന സമ്പ്രദായമേര്‍പ്പെടുത്തിയത്.

പിലാത്തോസ് വിധി കല്പിച്ചശേഷം, യേശുവിനെ നിന്ദാസൂചകമായി ധരിപ്പിച്ചിരുന്ന രാജകീയവസ്ത്രങ്ങള്‍ അഴിച്ചെടുത്തു. അദ്ദേഹത്തിന്റെ സ്വന്തം വസ്ത്രങ്ങള്‍ തിരിച്ചുകൊടുത്തു. തലയില്‍ ധരിപ്പിച്ചിരുന്ന മുള്‍ക്കിരീടം എടുത്തുവോ എന്ന് തീര്‍ത്തുപറയുക വയ്യ. അന്ത്യംവരെ അത് തലയില്‍ ഉണ്ടായിരുന്നു എന്നു ചിലര്‍ പറഞ്ഞുകാണുന്നു.

തടവുകാരനെ കൊണ്ടുപോവുന്ന യാത്രയില്‍ സമാധാനപാലനത്തിനായി നാലു പട്ടാളക്കാരെ അയച്ചിരുന്നു.
റോമക്കാരനായ ഒരു പട്ടാള ഉദ്യേഗസ്ഥന്റെ കീഴിലുള്ള നാലു സിറിയന്‍ പട്ടാളക്കാരായിരുന്നു അവര്‍. പട്ടാളത്താവളത്തിലെ കലവറയില്‍നിന്നു കുരിശിനുള്ള മരത്തുണ്ട് കൊണ്ടുവന്ന് യേശുവിന്റെ ചുമലില്‍ വെച്ചു. യേശുവൊന്നിച്ച് വേറെ രണ്ടു തടവുകാരുണ്ടായിരുന്നു. 

അവര്‍ ബറബ്ബാസിന്റെ കൂട്ടുകാരായിരുന്നിരിക്കാം. അവരും ചുമലില്‍ കുരിശിനുവേണ്ടിയുള്ള മരത്തുണ്ട് വഹിച്ചിരുന്നു. ഇങ്ങനെ കോട്ടയുടെ പ്രവേശനദ്വാരത്തുനിന്ന് ഗൊല്‍ഗോഥാ മലയിലേക്കുള്ള യാത്രയാരംഭിച്ചു. അപ്പോള്‍ കാലത്ത് ഒമ്പതു മണിയായിരുന്നു. അതൊരു വെള്ളിയാഴ്ചയാണെന്നു പറഞ്ഞുവല്ലോ.

യേശു വഹിച്ചിരുന്ന കുരിശ് പിന്നീട് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഒത്തുചേരാനുള്ള ഒരു ചിഹ്നമായിത്തീര്‍ന്നു. 'ഒരുത്തന്‍ എന്റെ അനുയായിയാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവന്‍ കുരിശു വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ' എന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ സ്മരണീയമാണ്.

രണ്ടു കള്ളന്മാരുടെ ഒപ്പം കുരിശും വഹിച്ചുകൊണ്ട് തന്റെ അവസാനയാത്ര ആരംഭിച്ചിരിക്കയാണ് യേശു. കുതിരപ്പുറത്തിരുന്നുകൊണ്ട് റോമാക്കാരനായ പട്ടാള ഉദ്യോഗസ്ഥനാണ് ആ യാത്ര നയിച്ചിരുന്നത്. അടുത്ത് പിന്നില്‍ വധശിക്ഷ അനുഭവിക്കേണ്ടവരായ യേശുവും രണ്ടു തടവുകാരും നടന്നു. തടവുകാരുടെ കഴുത്തില്‍ അവരുടെ കുറ്റം വിവരിച്ചുകൊണ്ടുള്ള പലകകള്‍ തൂക്കിയിരുന്നു. യേശുവിന്റെ കഴുത്തില്‍ തൂക്കിയ പലകമേല്‍ 'ഇവന്‍ യഹൂദന്മാരുടെ രാജാവായ നസ്രത്തിലെ യേശുവാണ്' എന്ന് മൂന്നു ഭാഷയില്‍ എഴുതിയിരുന്നു - 
ലത്തീന്‍, ഗ്രീക്ക്, ഹീബ്രൂ എന്നീ ഭാഷകളില്‍. അങ്ങനെ എഴുതിയത് പിലാത്തോസിന്റെ നിര്‍ദേശപ്രകാരമായിരുന്നു. യേശുവിന്റെ കഴുത്തില്‍ കെട്ടിത്തൂക്കിയ ആ ലിഖിതം പല യഹൂദന്മാരും വായിച്ചു. ഇതു കണ്ടപ്പോള്‍ പുരോഹിതന്മാര്‍ പിലാത്തോസിന്റെ അടുക്കലേക്ക് ഓടിച്ചെന്ന് എഴുതിയതു തിരുത്തുവാന്‍ ആവശ്യപ്പെട്ടു. 'യഹൂദരുടെ രാജാവ് എന്നല്ല എഴുതേണ്ടത്. യഹൂദരുടെ രാജാവ് എന്ന് അവന്‍ സ്വയം അവകാശപ്പെട്ടു' എന്നാണ് എഴുതേണ്ടത് എന്ന് അവര്‍ പിലാത്തോസിനോട് പറഞ്ഞു. പിലാത്തോസ് ആ ആവശ്യത്തിനു വഴങ്ങിയില്ല. 'ഞാന്‍ എഴുതുവാന്‍ ആജ്ഞാപിച്ചത് എഴുതിക്കഴിഞ്ഞു. ഇനി അതു മാറ്റുവാന്‍ ഭാവമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യാത്രയില്‍ റോമന്‍ പട്ടാളക്കാര്‍ക്കു പുറമേ ദേവാലയത്തിലെ കാവല്ക്കാരും പങ്കെടുത്തിരുന്നു. വലിയ ഒരു ജനക്കൂട്ടം അവരുടെ ഒന്നിച്ചുകൂടി. മഹാപുരോഹിതനും മറ്റു പുരോഹിതന്മാരും പണ്ഡിതന്മാരായ എഴുത്തുകാരും പട്ടണത്തിലെ ജനങ്ങളും പെസഹാ പെരുന്നാളിനു മറ്റു സ്ഥലങ്ങളില്‍നിന്നു വന്ന തീര്‍ഥാടകരുമായിരുന്നു അവര്‍. നിര്‍ദോഷികളായ ആ മഹാത്മാവിന് ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നുവല്ലോ എന്ന വേദനയോടെ ആ യാത്രയെ അനുഗമിച്ചവരുടെ എണ്ണവും കുറവല്ലായിരുന്നു. അവരെ കൂടാതെ യേശുവിനെ അനുഗമിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന പലരും അവരുടെ ഒന്നിച്ചുണ്ടായിരുന്നു. ലാസറിന്റെ സഹോദരിയായ മറിയയും, യേശുവിന്റെ മാതാവായ മറിയയും മഗ്ദലയിലെ മറിയയും ആ കൂട്ടത്തിലുണ്ട്. വഴിയുടെ ഇരുവശത്തും ജനങ്ങള്‍ തിരക്കിക്കൂടി. യഹൂദന്മാരിലധികവും 
അതെല്ലാം കണ്ടു സന്തോഷിക്കുകയായിരുന്നു. അനേകം സ്ത്രീകള്‍ വിങ്ങിക്കരഞ്ഞു. മറ്റുചില സ്ത്രീകള്‍ ആ മഹാപുരുഷന്റെ ദര്‍ശനത്തിനായി തങ്ങളുടെ കുട്ടികളെ പൊക്കിപ്പിടിച്ചു. ചിലര്‍ നെഞ്ഞത്തടിച്ചു കരഞ്ഞു. എന്തോ ഒരു വലിയ ആപത്ത് ആസന്നമായപോലെ ആ പട്ടണത്തിലെ അന്തരീക്ഷം മ്ലാനമായി.

ഗൊല്‍ഗോഥാ മലയുടെ അടുത്തെത്തിയപ്പോള്‍ കുരിശും വഹിച്ചു മലകയറുവാന്‍ യേശുവിനു കഴിയില്ലെന്നു കണ്ടു പട്ടാളക്കാര്‍ യേശുവിനെ പിടിച്ചുവലിക്കുകയായിരുന്നു. പട്ടാളനായകന്‍ കുറ്റവാളിയെ ഒന്നു തിരിഞ്ഞുനോക്കി. ചെമ്പന്‍തലയും ചെമ്പന്‍താടിയുമുള്ള ആ ദീര്‍ഘസ്വരൂപത്തെ. വെള്ളവസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. അതിന്നുമീതെ ചുകപ്പുനിറത്തിലുള്ള ഒരു കീറത്തുണിയിട്ടിരുന്നു. മുള്‍ക്കിരീടം വെച്ചിരുന്ന ആ തലയില്‍നിന്നു രക്തം ഒഴുകിക്കൊണ്ടിരുന്നു. എങ്കിലും ചളിയും രക്തവും പുരണ്ട ആ മുഖത്ത് ചൈതന്യം തെളിഞ്ഞുകാണാം.

ഇതെല്ലാം കണ്ടപ്പോള്‍ ആ പട്ടാള ഉദ്യോഗസ്ഥന് ഭയവും വല്ലായ്മയും ഉണ്ടായി. പട്ടാളക്കാര്‍ തടവുകാരനെ അടിക്കുകയും തുപ്പുകയും ചെയ്തിരുന്നുവെങ്കിലും യാതൊരു ഭാവഭേദവും അദ്ദേഹത്തില്‍ കണ്ടില്ല. 'യഹൂദരാജാവ് വാണാലും' എന്ന് അവരും കൂടെയുണ്ടായിരുന്ന പലരും പരിഹാസസ്വരത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. ക്ഷീണംകൊണ്ടും ആളുകളുടെ ദ്രോഹംകൊണ്ടും കുരുശിന്റെ ഘനംകൊണ്ടും അവശനായി യേശു നിലത്തു വീണു. അപ്പോള്‍ അവിടെ നിന്നിരുന്ന സ്‌നേഹാര്‍ദ്രയായ ഒരു യുവതി യേശുവിന്റെ മുഖം തുണികൊണ്ട് തുടച്ചു. ആ യാത്രയെ നിയന്ത്രിച്ചിരുന്ന റോമന്‍ ഉദ്യോഗസ്ഥന്‍ യേശു വീണതു കണ്ടപ്പോള്‍ അസ്വസ്ഥനായി. എങ്ങനെയെങ്കിലും യേശുവിനെ കുരിശില്‍ കയറ്റേണ്ട സ്ഥലത്തേക്ക് എത്തിക്കുവാന്‍ കഴിവുള്ള ഒരാളെ തിരഞ്ഞുപിടിക്കണമെന്ന് അദ്ദേഹത്തിനു തോന്നി.

ആ ഘട്ടത്തില്‍ പട്ടാളക്കാര്‍ ആ വഴിക്കു വന്ന ശീമോന്‍ എന്ന കര്‍ഷകനെ വിളിച്ചു. അവന്റെ ചുമലില്‍ ആ കുരിശു വെച്ചുകൊടുത്തു. ശീമോന്‍ ഇരുണ്ട നിറത്തിലുള്ള ഒരു അതികായനായിരുന്നു. നല്ല കനമുള്ളതായിരുന്നു കുരിശ്. യേശു തന്റെ കൈ ശീമോന്റെ ചുമലില്‍ വെച്ചു. അപ്പോള്‍ കുരിശിന്റെ ഘനം അവന് അനുഭവപ്പെടാതായി. മറിച്ച് ഒരാനന്ദം തോന്നുകയും ചെയ്തു. അത് ആ മുഖത്തു സ്ഫുരിച്ചു. ഒരു രാജാവിന്റെ പല്ലക്ക് വഹിക്കുകയാണ് താന്‍ എന്ന ഭാവത്തോടുകൂടിയാണ് ശീമോന്‍ യേശുവൊന്നിച്ച് കുരിശു വഹിച്ചു
നടന്നത്.
അങ്ങനെ ഗൊല്‍ഗോഥാ മലയിലേക്കുള്ള ആ യാത്ര തുടര്‍ന്നു.
കുറേ പോയപ്പോള്‍ ദുഃഖിതരായ ഒരുകൂട്ടം സ്ത്രീകള്‍ വഴിയില്‍ കാണപ്പെട്ടു. താന്‍ കഠിനവേദന അനുഭവിച്ചിരുന്ന ആ സമയത്തുകൂടി അവരെ ആശ്വാസപ്പെടുത്തുവാന്‍ യേശു പുറപ്പെട്ടു. 'യരൂശലേമിന്റെ പുത്രിമാരേ! എന്നെ വിചാരിച്ചു നിങ്ങള്‍ വ്യസനിക്കേണ്ട. നിങ്ങളുടെ സന്താനങ്ങളെ ഓര്‍ത്തു വിലപിക്കുവിന്‍. അടുത്ത ഭാവിയില്‍ത്തന്നെ ജനങ്ങള്‍ പറയും വന്ധ്യകള്‍ അനുഗൃഹീതരാണ്, മക്കള്‍ക്ക് മുല കൊടുക്കാനാവാത്ത അമ്മമാരും അനുഗൃഹീതരായിരിക്കും എന്ന്. അന്ന് അവര്‍ മലകളോട് തങ്ങളുടെ മേല്‍ വീഴുക എന്നും കുന്നുകളോട് തങ്ങളെ മൂടുക എന്നും അപേക്ഷിക്കും. പച്ചമരത്തിനെ ഇങ്ങനെ ചെയ്യുമ്പോള്‍ ഉണക്കമരത്തിനെ അവര്‍ വെച്ചേക്കുമോ?' എന്ന് യേശു അവരോടു ചോദിച്ചു.

നിര്‍ദോഷിയായ തന്റെ അനുഭവം ഇതാണെങ്കില്‍ വേദവാക്യം അനുസരിക്കാത്തവരുടെ അനുഭവമെന്തായിരിക്കുമെന്ന അര്‍ഥത്തിലാണ് യേശു അങ്ങനെ പറഞ്ഞത്. അവസാനം അവര്‍ ഗൊല്‍ഗോഥാമലയുടെ അടിവാരത്ത് എത്തി. നല്ല വെയിലുണ്ടായിരുന്നു. മലയുടെ മുകളിലേക്കുള്ള കയറ്റം അത്യധികം വിഷമമേറിയതാണ്. ആ ജനക്കൂട്ടത്തില്‍നിന്ന് ഉയര്‍ന്ന വിലാപം കേട്ടപ്പോള്‍ അവര്‍ കുഴപ്പമുണ്ടാക്കുമോ എന്നു റോമന്‍ ഉദ്യോഗസ്ഥര്‍ ഭയപ്പെട്ടു. 'ഇവരെയാരെയും മലയുടെ മുകളിലേക്ക് വിടേണ്ട' എന്ന് അയാള്‍ തന്റെ പട്ടാളക്കാരോട് കല്പിച്ചു. അതനുസരിച്ച് അവര്‍ ജനക്കൂട്ടത്തെ അടിവാരത്തുതന്നെ വിലക്കിനിര്‍ത്തി. കുരിശു ചുമന്നിരുന്ന ശീമോനും പട്ടാളക്കാരും യേശുവും സാവധാനം മേലോട്ടു കയറി. വളരെ പ്രയാസപ്പെട്ടാണ് യേശു നടന്നത്. പട്ടാള ഉദ്യോഗസ്ഥന്‍ അത്യധികം താത്പര്യത്തോടെ ഇടയ്ക്കിടെ ആ തടവുകാരനെ നോക്കി. ആ സമയത്തുകൂടി യേശുവിന്റെ നേത്രങ്ങളില്‍ തികഞ്ഞ നിഷ്‌കളങ്കത തെളിഞ്ഞുകാണാമായിരുന്നു.
ഗൊല്‍ഗോഥാമലയുടെ മേല്‍ഭാഗത്ത് എത്തിയപ്പോള്‍ ചിലര്‍ അവിടെ കാത്തുനില്ക്കുന്നത് കണ്ടു. ആരെയും മേലോട്ടു കയറ്റിവിടരുതെന്ന് പട്ടാള ഉദ്യോഗസ്ഥന്‍ കല്പിച്ചിരുന്നുവെങ്കിലും മലയുടെ മറ്റൊരു ഭാഗത്തുകൂടി ചിലര്‍ കയറിവന്നിരുന്നു. സ്ത്രീകളും പഴയ വസ്ത്രങ്ങള്‍ ധരിച്ച ചിലരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കു പുറമേ ചില പരീശന്മാരും പണ്ഡിതന്മാരായ എഴുത്തുകാരും. അവരെ കണ്ടപ്പോള്‍ 'നിങ്ങളെല്ലാം എന്തിനാണിവിടെ വന്നിരിക്കുന്നത്, റോമന്‍ ഭരണാധികാരികള്‍ വധശിക്ഷയ്ക്കു വിധിച്ചവരെ കുരിശില്‍ കയറ്റുന്ന സ്ഥലത്തേക്ക്?' എന്ന് അയാള്‍ ചോദിച്ചു.

'ഞങ്ങള്‍ ഈ വധശിക്ഷ നടത്തുന്നതിനു സാക്ഷ്യം വഹിക്കുവാന്‍ വന്നിരിക്കയാണ്. ലഹളക്കാരനായ ഈ യേശു ചാവാന്‍ പോകുന്നില്ല എന്നും കുരിശില്‍നിന്നിറങ്ങി നാട്ടില്‍ നടന്ന് ഇനിയും സമാധാനലംഘനവും അരാജകത്വവും ഉണ്ടാക്കുവാന്‍ പോവുകയാണെന്നും പലരും പറയുന്നുണ്ട്. ഞങ്ങള്‍ ഇവിടെ കാണുന്നത് ജനങ്ങളെ അറിയിക്കും, അതിനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്' എന്നായിരുന്നു അവരുടെ മറുപടി.

പിന്നെ ആ ഉദ്യേഗസ്ഥന്‍ സ്ത്രീകള്‍ നില്ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു. അവരുടെ കൂട്ടത്തില്‍ ഒരു സ്ത്രീ അയാളുടെ ശ്രദ്ധ പ്രത്യേകം ആകര്‍ഷിച്ചു. ആ സ്ത്രീയുടെ പ്രായം പറയുക പ്രയാസമാണ്. ഒരു നിത്യയൗവനം ആ മുഖത്തു കാണാമായിരുന്നു. കാരുണ്യം നിറഞ്ഞ നേത്രങ്ങള്‍കൊണ്ട് അവര്‍ ആ ഉദ്യോഗസ്ഥനെ ഒന്നു നോക്കി. ഉള്ളില്‍ പൊന്തിവന്ന ദുഃഖം അമര്‍ത്തിവെച്ചിരിക്കയാണെന്നു തോന്നും അവരുടെ ഭാവം കണ്ടാല്‍. താനറിയാതെ ആ ഉദ്യോഗസ്ഥന്‍ കുതിരപ്പുറത്തുനിന്നിറങ്ങി ആ സ്ത്രീയുടെ അടുക്കല്‍ ചെന്നു. 'നിങ്ങള്‍ ആരാണ്?' എന്നു ചോദിച്ചു. 'ഞാന്‍ മറിയയാണ്, അവന്റെ അമ്മ. ഇവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളും' എന്ന് വിനയവും ഗൗരവവും കലര്‍ന്ന ഭാവത്തില്‍ ആ സ്ത്രീ പറഞ്ഞു. അവരോട് അവിടെനിന്നു പോകുവാന്‍ പറയുവാനാണ് ആ ഉദ്യോഗസ്ഥനു തോന്നിയതെങ്കിലും ആ വിചാരം അടക്കി 'നിങ്ങള്‍ക്ക് ഇതെല്ലാം കാണുന്നത് അത്ര സുഖകരമായിരിക്കില്ല' എന്ന് അവരോട് അയാള്‍ പറഞ്ഞു.

'ഇത് സംഭവിക്കാന്‍ പോകുന്നുണ്ടെന്ന് എത്രയോ കാലം മുന്‍പുതന്നെ 
എനിക്ക് അറിയാം' എന്നായിരുന്നു മറിയയുടെ മറുപടി. പിന്നേയും ആ ഉദ്യോഗസ്ഥന്‍ അവരോട് എന്തോ പറയുവാന്‍ തുടങ്ങി. എന്നാല്‍, മറിയയുടെ ശ്രദ്ധ മലകയറി വരുന്ന മകനിലായിരുന്നു. കൈനീട്ടി മകനെ വാരിപ്പിടിക്കാനെന്നോണം മറിയ മുന്നോട്ടു ഒരടിവെച്ചു. അപ്പോള്‍ സമീപത്തുണ്ടായിരുന്ന സ്ത്രീകള്‍ മറിയയെ പിടിച്ചു.
യേശു മലയുടെ മുകളിലെത്തി. ചോര ഒഴുകുന്ന ആ മുഖം കണ്ടപ്പോള്‍ ഇനിയൊട്ടും താമസിയാതെ കാര്യങ്ങള്‍ നടത്തണമെന്ന് പട്ടാള ഉദ്യോഗസ്ഥന്‍ നിശ്ചയിച്ചു. കുരിശില്‍ കയറുന്നതിനു മുന്‍പായി തടവുകാര്‍ക്ക് വീഞ്ഞും മയക്കുമരുന്നും കൊടുക്കുന്നത് അന്നത്തെ പതിവാണ്. അവര്‍ അനുഭവിക്കേണ്ടിവരുന്ന വേദനയുടെ തീവ്രത അറിയാതിരിക്കുവാന്‍ വേണ്ടിയാണത്. യേശുവൊന്നിച്ച് മറ്റു രണ്ടു തടവുകാരുമുണ്ടായിരുന്നു. വീഞ്ഞും മയക്കുമരുന്നും കൊടുത്തത് അവര്‍ രണ്ടുപേരും കഴിച്ചു. ആ ഉദ്യോഗസ്ഥന്‍ വീഞ്ഞും മരുന്നും നിറച്ച പാത്രം യേശുവിനു കാണിച്ചു, 'ഇതു കുടിച്ചാല്‍ ആശ്വാസം തോന്നും' എന്നു പറഞ്ഞു. 'എനിക്കതാവശ്യമില്ല' എന്ന ഭാവത്തോടെ യേശു തലയാട്ടി.
അതിലിടയ്ക്ക് പട്ടാളക്കാര്‍ കുരിശുകള്‍ തയ്യാറാക്കുകയായിരുന്നു. തടവുകാരുടെ വസ്ത്രങ്ങള്‍ പട്ടാളക്കാര്‍ അഴിച്ചെടുത്തു. അത് അവര്‍ പങ്കിട്ടെടുക്കുകയാണു പതിവ്. യഹൂദന്മാര്‍ സാധാരണ ഇറുകിയ ഒരു മുറിക്കുപ്പായമാണ് ഉള്ളില്‍ ധരിക്കുക. അതിനു മീതെ പുതപ്പുപോലുള്ള ഒരു വസ്ത്രമുണ്ടാവും- രണ്ടു തുണികള്‍ തുന്നിക്കൂട്ടിയതാണ് മേലെയിടുന്ന വസ്ത്രം.
പട്ടാളക്കാര്‍ യേശുവിന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്തു. അര മറയ്ക്കാനുള്ള ഒരു ചെറിയ തുണിക്കഷണം മാത്രം കൊടുത്തു. ചുമുന്നുകൊണ്ടുവന്നിരുന്ന കുരിശിന്മേല്‍ കൈകള്‍ രണ്ടും വെച്ച് മലര്‍ത്തിക്കിടത്തി. രണ്ട് ഉള്ളന്‍കൈയിലും വലിയ ആണികള്‍ തറച്ചു. അതിനുശേഷം മരത്തടിയോടുകൂടി യേശുവിനെ നിലത്തുനിന്ന് എടുത്തു കുത്തനെ നില്ക്കുന്ന ഒറ്റത്തടിമരത്തിന്മേല്‍ കയറ്റി.

കൈകള്‍ തറച്ച മരം അതിനായി കൊത്തിയുണ്ടാക്കിയ കൊതമേല്‍ വെച്ചു. കാലുകള്‍ രണ്ടും പിണച്ച് പടത്തിന്മേല്‍ക്കൂടി ഒരാണി കട്ടിയുള്ള ആ മരക്കഷണത്തിന്മേല്‍ തറച്ചു. അതിനുശേഷം കല്ലും മണ്ണും ഒറ്റത്തടിമരത്തിനു ചുറ്റും കൂട്ടി, അത് ഒട്ടും ഇളകാതിരിക്കത്തക്കവണ്ണം. അതേസമയത്തുതന്നെ മറ്റു രണ്ടു തടവുകാരേയും അവരെ കയറ്റുവാനുള്ള കുരിശില്‍ കയറ്റി. ആണി തറയ്ക്കുമ്പോള്‍ അവരിരുവരും പുറപ്പെടുവിച്ച ദീനരോദനം അവിടമെല്ലാം മാറ്റൊലിക്കൊണ്ടിരുന്നു. യേശുവാകട്ടെ ഒരു നേരിയ ശബ്ദംപോലും പുറപ്പെടുവിച്ചില്ല. അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭാവഭേദവുമുണ്ടായതുമില്ല. 'പിതാവേ, 
ഇവര്‍ക്കു മാപ്പു കൊടുക്കേണമേ! അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ക്കുതന്നെ നിശ്ചയമില്ല' എന്നുമാത്രം അദ്ദേഹം പറഞ്ഞു.
യേശുവിന്റെ കുറ്റം രേഖപ്പെടുത്തിയിരുന്ന പലക ആ കുരിശിന്റെ മുകളില്‍ വെച്ചു. രണ്ടു കള്ളന്മാരേയും കയറ്റിയിരുന്ന കുരിശ് യേശുവിന്റെ ഇരുവശവും നിര്‍ത്തി. യേശുവിനെ തറച്ചിരുന്ന കുരിശ് മറ്റു രണ്ടെണ്ണത്തേക്കാള്‍ വലിപ്പമുള്ളതായിരുന്നു. അതില്‍ തൂങ്ങിയിരുന്ന മനുഷ്യന്റെ രൂപം വെണ്ണക്കല്ലുപോലെ മിന്നുന്നുണ്ടായിരുന്നു.

താന്‍ അനുഭവിച്ചിരുന്ന പ്രാണവേദന യേശു അപ്പോള്‍ അറിഞ്ഞിരുന്നില്ലെന്നുതോന്നും പ്രശാന്തസുന്ദരമായ ആ നോട്ടം കണ്ടാല്‍. സ്വല്പം അകലെ ഒരു പാറപ്പുറത്ത് ഇരിക്കുന്ന അമ്മയെ ഒന്നു നോക്കി യേശു സ്‌നേഹത്തോടെ പുഞ്ചിരിക്കൊണ്ടു. മറിയയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ ശ്രദ്ധ യേശുവില്‍ത്തന്നെ പതിഞ്ഞിരുന്നു. അവരുടെ കണ്ണുകളില്‍നിന്ന് വെള്ളം ധാരധാരയായി ഒഴുകി.

കുരിശില്‍ കയറ്റിയവരുടെ വസ്ത്രങ്ങള്‍ പട്ടാളക്കാര്‍ പങ്കിട്ടെടുക്കുകയാണ് പതിവെന്നു പറഞ്ഞുവല്ലോ. അതിനു മേലുദ്യോഗസ്ഥന്റെ അനുമതിക്കു കാത്തിരിക്കുകയായിരുന്നു അവര്‍. ആംഗ്യംകൊണ്ട് അയാള്‍ അവര്‍ക്ക് അനുമതി നല്കി. ആദ്യം ആ രണ്ടു കള്ളന്മാരുടെ വസ്ത്രങ്ങളാണ് അവര്‍ പങ്കിട്ടെടുത്തത്. പിന്നെ യേശുവിന്റെ വസ്ത്രങ്ങള്‍ പങ്കിടുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പാദരക്ഷയും അരപ്പട്ടയും അടിക്കുപ്പായവും അവര്‍ പങ്കുവെച്ചു. മേലങ്കി എടുത്തപ്പോള്‍ അതു തുന്നിക്കൂട്ടാതെ ഒന്നിച്ചു നെയ്തുണ്ടാക്കിയതാണെന്നു മനസ്സിലായി. 'അത് കീറേണ്ട, ആര്‍ക്കുള്ളതാണെന്നു നറുക്കിട്ടു തീരുമാനിക്കാം' എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കുരിശില്‍ തറച്ച ആള്‍ ഉടനെ മരിച്ചു എന്നു വരില്ല. ചിലപ്പോള്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞേ മരണമുണ്ടാവൂ. അതുവരെ, കാവലിരിക്കുന്ന പട്ടാളക്കാര്‍ ചൂതുകളിച്ചു നേരം പോക്കും.
കുരിശില്‍ തൂങ്ങുന്ന യേശുവിനെ ആ സമയത്തുകൂടി അപഹസിക്കുവാനും നിന്ദിക്കുവാനും അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. തങ്ങളുടെ സ്ഥാനവും ഗൗരവവും മറന്ന് മഹാപുരോഹിതനും മറ്റു പുരോഹിതന്മാരും കൂടി അതില്‍ പങ്കെടുത്തു. 'മറ്റുള്ളവരെ രക്ഷിച്ച ഇവനു സ്വയം രക്ഷിക്കുവാന്‍ കഴിയില്ലേ?' ഇവന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മഹീശയാണെങ്കില്‍
കുരിശില്‍നിന്നിറങ്ങിവരട്ടെ! എന്നാല്‍ നമുക്ക് അവനെ വിശ്വസിക്കാം.' എന്ന് അവര്‍ പറഞ്ഞു.
'ഇവന്‍ ദൈവത്തില്‍ വിശ്വസിച്ചുവല്ലോ. ദൈവം ഇവനില്‍ പ്രീതിയുള്ളവനാണെങ്കില്‍ ഇവനെ രക്ഷിക്കട്ടെ. താന്‍ ദൈവപുത്രനാണെന്നല്ലേ ഇവന്‍ ഘോഷിച്ചിരുന്നത്?' അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് അവര്‍ അവിടെ നിന്നു. ഇതു കേട്ടപ്പോള്‍ പട്ടാളക്കാരും മിണ്ടാതിരുന്നില്ല. 'നീ യഹൂദരുടെ രാജാവാണെങ്കില്‍ നിനക്കു നിന്നെത്തന്നെ രക്ഷിച്ചുകൂടേ?' എന്ന് അവരും ചോദിച്ചു.
യേശുവിനോടൊന്നിച്ച് കുരിശില്‍ തറയ്ക്കപ്പെട്ട കള്ളന്മാരും അദ്ദേഹത്തെ പരിഹസിച്ചു. 'താന്‍ ക്രിസ്തുവാണെങ്കില്‍ ഞങ്ങളെയും തന്നെയും രക്ഷിച്ചുകൂടേ?' എന്നായിരുന്നു അവരുടെ ചോദ്യം. പക്ഷേ, അവരില്‍ ഒരുവന്‍ കുറേക്കഴിഞ്ഞു പ്രാണവേദനയനുഭവിക്കുന്ന യേശുവിനെ തിരിഞ്ഞുനോക്കിയപ്പോള്‍ ആ മുഖത്തു കണ്ട തേജസ്സ്, താന്‍ മനുഷ്യാതീതമായ ഒരു ശക്തിയുടെ സന്നിധിയിലാണെന്ന ബോധം അയാളിലുണ്ടാക്കി. യേശുവിനെ ശരിയായി ധരിക്കാത്തതില്‍ അയാള്‍ പശ്ചാത്തപിച്ചു.

യേശുവിനെ തന്റെ ഗുരുവായി അയാള്‍ സ്വീകരിച്ചു. മറുഭാഗത്തു കിടന്നു നിലവിളിക്കുന്ന തന്റെ കൂട്ടുകാരനോട് ഇങ്ങനെ ചോദിച്ചു: 'നീ ഇപ്പോഴും ദൈവത്തെ ഭയപ്പെടുന്നില്ലേ? ഒരേ ശിക്ഷയല്ലേ നാമെല്ലാം അനുഭവിക്കുന്നത്? നാം രണ്ടുപേരും അനുഭവിക്കുന്ന ശിക്ഷ നാം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ നിര്‍ദോഷിയായ ഇദ്ദേഹം ഇതെല്ലാം അനുഭവിക്കുന്നത് എന്തിന്?' അയാള്‍ യേശുവിനെ പിന്നെയും നോക്കി. ഒഴുകുന്ന കണ്ണീരോടെ, ആ മനുഷ്യന്റെ മനസ്സില്‍ തിങ്ങിപ്പൊങ്ങിവന്ന വികാരങ്ങള്‍ ആ മുഖത്തു തെളിഞ്ഞു കണ്ടിരുന്നു.
'പ്രഭോ! അങ്ങയുടെ രാജ്യത്തേക്ക് അങ്ങ് എഴുന്നള്ളുമ്പോള്‍ എന്നെയും ഓര്‍മിക്കണേ' എന്നു ദീനസ്വരത്തില്‍ അയാള്‍ അപേക്ഷിച്ചു.
യേശു കുറേനേരം കഴിഞ്ഞപ്പോള്‍ വ്യക്തമായ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: 'ഇന്നു നീയും എന്റെയൊന്നിച്ചു പറുദീസയില്‍ ഉണ്ടായിരിക്കും എന്നു ഞാന്‍ നിനക്ക് ഉറപ്പു നല്കുന്നു.
യേശു പിന്നേയും അമ്മയെ ഒന്നു നോക്കി; അമ്മ മകനെയും. മറ്റാര്‍ക്കും അറിയാത്ത വിധത്തില്‍ അമ്മയും മകനും അവരുടെ മനസ്സിലുണ്ടായിരുന്ന വിചാരങ്ങള്‍ അന്യോന്യം കൈമാറി. അവിടെ ഉണ്ടായിരുന്ന ശിഷ്യന്മാരുടെ കൂട്ടത്തില്‍ അടുത്ത ശിഷ്യനായ യോഹന്നാനും കുരിശിന്റെ താഴത്തു നിന്നിരുന്നു. അമ്മയെപ്പറ്റിയായിരുന്നു യേശുവിന് അപ്പോള്‍ ആശങ്ക. അമ്മയും തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും അരികത്തു നില്ക്കുന്നതു കണ്ടപ്പോള്‍ യേശു അമ്മയോടു പറഞ്ഞു: 'അമ്മേ! ഇതാ അമ്മയുടെ മകന്‍.' പിന്നെ യോഹന്നാനോട്, 'ഇതാണ് നിന്റെ അമ്മ' എന്നു പറഞ്ഞു. യോഹന്നാനു മനസ്സിലായി യേശു അമ്മയെ നോക്കുവാനുള്ള ഭാരം തന്നെ ഏല്പിച്ചിരിക്കുകയാണെന്ന്. അതു യോഹന്നാന്‍ തികച്ചും നിറവേറ്റി. യോഹന്നാന്‍ മറിയയേയും കൂട്ടിഅവിടെനിന്നും പോയി. എന്നാല്‍ മഗ്ദലനമറിയവും ബഥാന്യയിലെ മറിയവും അവിടെത്തന്നെ നിന്നു. അന്ത്യം സമീപിക്കുന്തോറും യേശുവിനു വേദന ദുസ്സഹമായി. എങ്കിലും ദീനസ്വരത്തിലുള്ള ഒരു നേരിയ ശബ്ദംപോലും അദ്ദേഹത്തില്‍നിന്നു പുറപ്പെട്ടില്ല. പശ്ചാത്താപം പുറപ്പെടുവിച്ച ആ കള്ളനും ഒന്നും മിണ്ടിയില്ല. മറ്റേയാള്‍ മാത്രം വേദനകൊണ്ടു നിലവിളിക്കുന്നുണ്ട്.

നേരം ഉച്ചതിരിഞ്ഞു. സൂര്യപ്രകാശത്തിന് ഒരു മങ്ങല്‍ തട്ടിയപോലെ തോന്നി. അതിവേഗം നാടെങ്ങും അന്ധകാരം വ്യാപിച്ചു. എങ്ങും നിശ്ശബ്ദത. പരിഹസിച്ചിരുന്നവര്‍കൂടി മിണ്ടാതായി. ചിലര്‍ വിലപിച്ചു. മാറത്തടിച്ചുകൊണ്ട് മലയിറങ്ങിപ്പോയി. 'എന്റെ ദൈവമേ! എന്റെ ദൈവമേ! അങ്ങ് എന്നെ കൈവിട്ടത് എന്തുകൊണ്ട്?' എന്നു യേശു ഉച്ചത്തില്‍ പറഞ്ഞു.
ഏതാനും മണിക്കൂര്‍ നേരം അന്ധകാരം നിലനിന്നു. പിന്നെ പ്രകാശം ഉണ്ടായി. യേശുവിന്റെ അന്ത്യം ആസന്നമായി.
'എനിക്കു ദാഹിക്കുന്നു' എന്ന് ക്ഷീണസ്വരത്തില്‍ യേശു പറയുന്നതു 
കേട്ടു. അവിടെ ഒരു ഭരണിയില്‍ സുര്‍ക്കയും വെള്ളവും വെച്ചിരുന്നു. അതില്‍ മുക്കിയ പഞ്ഞി ഒരു കോലിന്മേലാക്കി പട്ടാളക്കാര്‍ യേശുവിന്റെ ചുണ്ട് നനച്ചു കൊടുത്തു. അതില്‍നിന്ന് ഒന്നോ രണ്ടോ തുള്ളി യേശു ഇറക്കി. 'എല്ലാം 
കഴിഞ്ഞു പിതാവേ, അങ്ങയുടെ കരങ്ങളില്‍ ഞാന്‍ ആത്മാവിനെ സമര്‍പ്പിക്കുന്നു.'
വായ് അല്പം പിളര്‍ന്നു. തല ചെരിഞ്ഞു. യേശു പ്രാണന്‍ വെടിഞ്ഞു. ആ മുഹൂര്‍ത്തത്തില്‍ ദേവാലയത്തിന്റെ തിരശ്ശീല രണ്ടായി കീറി. പാറകള്‍ പിളര്‍ന്നു, ഭൂമി കുലുങ്ങി, വലിയൊരാപത്ത് അനുഭവിച്ചതിന്റെ സൂചനയെന്നോണം. 

സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. ഇതെല്ലാം കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്ന റോമന്‍ പട്ടാള ഉദ്യോഗസ്ഥന്‍ ഭയപ്പെട്ടു. 'തീര്‍ച്ചയായും ഇദ്ദേഹം നീതിമാനായിരുന്നു - യഥാര്‍ഥത്തിലുള്ള ദൈവപുത്രന്‍' എന്നു പറഞ്ഞുകൊണ്ട് ആ ഉദ്യോഗസ്ഥന്‍ ദൈവത്തെ സ്തുതിച്ചു.
(യേശുദേവന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment