ശബരിമല: മഴ ദുര്‍ബലമായതോടെ മകരവിളക്ക് കാലത്ത് ജലക്ഷാമം രൂക്ഷമായേക്കും. സന്നിധാനത്ത് പ്രതിദിനം 70 ലക്ഷം ലിറ്റര്‍ വെള്ളമാണ് ആവശ്യമായുള്ളത്. മകരവിളക്ക് സീസണില്‍ ഒരുകോടി ലിറ്ററിലധികം വെള്ളം ആവശ്യമായിവരും.
സന്നിധാനത്തുള്ള വിവിധ ടാങ്കുകളിലായി 1.30 കോടി ലിറ്റര്‍ വെളളം മാത്രമേ ശേഖരിക്കാന്‍ കഴിയൂ. കുന്നാര്‍ ഡാമില്‍നിന്നു പമ്പാനദിയില്‍നിന്നുമാണ് ശബരിമലയിലേക്കാവശ്യമായ വെള്ളം എത്തിക്കുന്നത്.
സന്നിധാനത്തുനിന്നു നാലര കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കുന്നാര്‍ ഡാം. സന്നിധാനത്തുനിന്നു വളരെ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന കുന്നാര്‍ ഡാമില്‍നിന്ന് യന്ത്ര സഹായമോ മറ്റ് ചെലവുകളോ ഇല്ലാതെ പൈപ്പിലൂടെയാണ് വെളളം ഒഴുകിയെത്തുന്നത്.
ദിനംപ്രതി 20 ലക്ഷം ലിറ്റര്‍ വെള്ളമാണ് എത്തുന്നത്. മുന്‍കാലങ്ങളില്‍ മകരവിളക്ക് സീസണ്‍ പകുതിയാകുമ്പോഴേക്കും കുന്നാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറയാറുണ്ട്. പിന്നെ ഇവിടെനിന്നു വളരെ കുറച്ച് വെള്ളം മാത്രമാണ് കിട്ടാറുള്ളത്.
മുന്‍കാലങ്ങളില്‍ പില്‍ഗ്രീം സെന്ററുകള്‍, ലാട്രിന്‍ കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ ജലത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് 20 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന രണ്ട് വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയിരുന്നു. കൂടാതെ ഇക്കുറി 20 ലക്ഷം ലിറ്ററിന്റെ രണ്ട് വാട്ടര്‍
ടാങ്കുകളുടെ നിര്‍മ്മാണം പാണ്ടിത്താവളം ഭാഗത്ത് ആരംഭിച്ചിട്ടുണ്ട്. മഴക്കാലമാകുന്നതോടെ കുന്നാര്‍ ഡാമും സന്നിധാനത്തെ വാട്ടര്‍ ടാങ്കുകളും നിറഞ്ഞ് ഒഴുകും.
ഇത് ഒഴിവാക്കുന്നതിനും കൂടുതല്‍ വെള്ളം സംഭരിക്കുന്നതിനുമായി അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുകയാണ്.
കൂടാതെ അണക്കെട്ടിന്റെ കാച്ച്‌മെന്റ് ഏരിയായില്‍ മറ്റൊരു തടയണകൂടി നിര്‍മിക്കാനുള്ള നീക്കവും നടന്നില്ല.
പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുകയും സന്നിധാനത്തെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനും കഴിയും.
കുന്നാറില്‍നിന്നും സന്നിധാനത്തേക്ക് വെള്ളം എത്തിക്കാന്‍ ഒരു സമാന്തര പൈപ്പ് ലൈന്‍ സ്‌ഥാപിക്കുകയും വേണം. വര്‍ഷംതോറും ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ സംഖ്യയില്‍ 20 ശതമാനം വര്‍ധന ഉണ്ടാകുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഓരോ വര്‍ഷം കഴിയുംതോറും വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുകയാണ്. അതിനനുസൃതമായി പുതിയ സ്രോതസ് കണ്ടെത്തിയില്ലെങ്കില്‍ ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നാണു വിലയിരുത്തല്‍.
പമ്പാനദിയില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് പമ്പുചെയ്‌താണ് വാട്ടര്‍ അഥോറിട്ടി സന്നിധാനത്ത് വെളളം എത്തിക്കുന്നത്.
കൂടാതെ സന്നിധാനത്തിനു സമീപം കുമ്പളാംതോട്ടില്‍നിന്നുള്ള വെള്ളവും സന്നിധാനത്ത് ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ കുമ്പളാംതോട് മണ്ഡലകാലം പകുതിയാകുമ്പോഴേക്കും വറ്റാറുണ്ട്. പിന്നെ ഏക ആശ്രയം കുന്നാര്‍ ഡാമിലെ വെള്ളമാണ്. |
No comments:
Post a Comment