Tuesday, 6 November 2012

ഒബാമ വീണ്ടും വൈറ്റ് ഹൗസിലേയ്ക്ക്‌

Published on  07 Nov 2012
വാഷിങ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ബരാക് ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമതും ഉജ്ജ്വല വിജയം നേടി. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള 538 ഇലക്ടറല്‍ കോളേജ് അംഗങ്ങളില്‍ 303 വോട്ടുകളാണ് ഇതിനകം ഒബാമ സ്വന്തമാക്കിയത്. 203 വോട്ടുകളാണ് റോംനിക്ക് ലഭിച്ചത്. 270 ഇലക്ട്രറല്‍ കോളേജുകളാണ് വിജയിക്കാന്‍ വേണ്ടത്. പെന്‍സില്‍വാനിയ(20), മിഷിഗണ്‍(10), വിസ്‌കോന്‍സില്‍(10), ഒഹായോ(10), അയോവ(6), ന്യൂഹാംപ്ഷയര്‍(4), കോളറാഡോ(9) തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമാണ് ഒബാമയ്ക്ക് തുണയായത്.

മധ്യവര്‍ഗ്ഗ വോട്ടര്‍മാരുടെ പിന്തുണയാണ് ഒബാമയെ വിജയത്തിലെത്തിച്ചത്. വ്യവസായ മേഖലയെ പ്രത്യേകിച്ചും ഓട്ടോമൊബൈല്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഫലംകണ്ടുഎന്നുവേണം കരുതാന്‍. നിര്‍ണായക സംസ്ഥാനങ്ങളിലെ ജയം ഇതാണ് തെളിയിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അമേരിക്കയിലുടനീളമുള്ള ശക്തമായ സാന്നിധ്യവും ഒബാമയുടെ വിജയം ഉറപ്പിക്കാന്‍ സഹായിച്ചവെന്ന് നിരീക്ഷകര്‍ കരുതുന്നു. കഴിയുന്നത്ര ജനങ്ങളെ പോളിങ് ബൂത്തിലെത്തിക്കാന്‍ ഡ്രമോക്രാറ്റുകള്‍ക്കായി.

അലബാമ, കന്‍സാസ്, നോര്‍ത്ത് ഡക്കോട്ട, ടെന്നസി, മിസിസിപ്പി, ജോര്‍ജിയ, ഇന്‍ഡ്യാന, ലൂസിയാന, വെസ്റ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, സൗത്ത് കാരോളിന, ഒക് ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളാണ് റോംനിയെ തുണച്ചത്.

ഇന്ത്യന്‍സമയം ചൊവ്വാഴ്ച വൈകീട്ട് 4.30-ന് വെര്‍ജീനിയ, ന്യൂ ഹാംഷയര്‍, മെയ്ന്‍ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് ആദ്യം തുടങ്ങിയത്. വാഷിങ്ടണ്‍ ഡിസിയുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പിന്നാലെ ബൂത്തിലെത്തി. വിവിധമേഖലകളിലായി ഇന്ത്യന്‍സമയം ബുധനാഴ്ച രാവിലെ 10.30വരെ വോട്ടെടുപ്പ് നീളും. വോട്ടെടുപ്പ് പൂര്‍ത്തിയാവുംമുമ്പുതന്നെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു.

ന്യൂ ഹാംഷയറിലെ ഡിക്‌സ്‌വിലെ നോച്ചിലെ ഒരു കൊച്ചുഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകിട്ടുചെയ്ത വോട്ട് അപ്പോള്‍തന്നെ എണ്ണി. ആകെയുള്ള പത്തുവോട്ടില്‍ അഞ്ചെണ്ണം ഒബാമയ്ക്കും അഞ്ചെണ്ണം റോംനിക്കും ലഭിച്ചു.

ചൊവ്വാഴ്ച മസാച്ചുസെറ്റ്‌സിലെ ബെല്‍മണ്ടിലാണ് റോംനിയും ഭാര്യ ആനും വോട്ടുചെയ്തത്. ഒബാമ ഷിക്കാഗോയില്‍ നേരത്തേതന്നെ വോട്ടുചെയ്തിരുന്നു. ഒബാമയുള്‍പ്പെടെ മൂന്നുകോടിയിലേറെയാളുകള്‍ വോട്ടെടുപ്പുദിവസത്തിന് മുമ്പുതന്നെ വോട്ടുചെയ്തിരുന്നു.

പ്രസിഡന്റുതിരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധിസഭയിലെ 435 സീറ്റിലേക്കും നൂറംഗ സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും ഏതാനും സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍സ്ഥാനത്തേക്കും ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നു. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിലൂടെ ജനങ്ങള്‍ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. അതിനുള്ള ഇലക്ടറല്‍ കോളേജിലേക്കുള്ള 538 പേരെയാണ് തിരഞ്ഞടുക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന 'ഇലക്ടര്‍'മാര്‍ അടുത്തമാസം 17ന് അതത് സംസ്ഥാനത്ത് ഒത്തുകൂടി തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ഔപചാരികമായി വോട്ടുരേഖപ്പെടുത്തും. ഈ വോട്ടുകള്‍ ജനവരി ആറിന് യു.എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്തസമ്മേളനത്തില്‍ എണ്ണിയാണ് വിജയിയെ ഔദ്യാഗികമായി പ്രഖ്യാപിക്കുക. അതുകഴിഞ്ഞ് ജനവരി 20-നാണ് പതിവായി പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുക. എന്നാല്‍, വരുന്ന ജനവരി 20 ഞായറാഴ്ചയായതിനാല്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ 21-നാവും.

റോംനി തോല്‍വി സമ്മതിച്ചു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയം റോംനി സമ്മതിച്ചു. രാജ്യം ഏറെ വിഷമതകള്‍ നേരിടുന്ന സമയമാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒബാമയ്ക്ക് കഴിയട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒബാമയെ വിളിച്ച് ആശംസകള്‍ അറിയിച്ചതായും റോംനി പ്രസംഗമധ്യേ പറഞ്ഞു. 

No comments:

Post a Comment