Wednesday, 21 November 2012


മുഖ്യമന്ത്രി ഇടപെട്ടു; പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി

Published on  21 Nov 2012
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് ചുവപ്പുനാടയുടെ കുരുക്കഴിച്ചതോടെ പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി. സാമൂഹ്യ പ്രവര്‍ത്തകയും വികലാംഗയുമായ പ്രിയാരാമകൃഷ്ണന് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ആറുമാസത്തിലേറെയായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാതെ അധികൃതര്‍ നടത്തിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്.

ഇതോടെ ഒറ്റദിവസം കൊണ്ടുതന്നെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. വൈകീട്ട് നാലരയോടെ പ്രിയ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ ക്ലര്‍ക്ക്-കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ തസ്തികയില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ജീവനക്കാരിലൊരാളെ അടിയന്തരമായി മാതൃവകുപ്പിലേക്ക് മാറ്റിക്കൊണ്ടാണ് പ്രിയയെ നിയമിച്ചത്.

മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള ദേശീയ യുവജന അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുള്ള പ്രിയ വൈകല്യങ്ങളെ മറന്ന് സാമൂഹ്യ സേവന രംഗത്ത് സജീവമാണ്. കുട്ടിക്കാലത്ത് ബസ്സില്‍ നിന്ന് വീണ് പരിക്കുപറ്റിയതോടെയാണ് പ്രിയയുടെ ജീവിതം ദുരിതത്തിലായത്. നട്ടെല്ലിന് പരിക്കുപറ്റി തല അനക്കാനാകാത്ത അവസ്ഥയിലായിട്ടും സാക്ഷരത, തുടര്‍ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി പ്രവര്‍ത്തന മേഖലകളില്‍ ഇവര്‍ സാഹസികതയോടെ വ്യാപൃതയായി. ജനസമ്പര്‍ക്ക പരിപാടിക്കിടെ ഇവരുടെ അവസ്ഥനേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരവിറങ്ങിയെങ്കിലും തസ്തിക ഒഴിവില്ല എന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇത്രനാളും ഇവരെ നടത്തിക്കുകയായിരുന്നു.

No comments:

Post a Comment