പേറ്റന്റ് പ്രശ്‌നം: ഗൂഗിളിനെതിരെയുള്ള ആപ്പിളിന്റെ പരാതി തള്ളി
Posted on: 06 Nov 2012

ഗൂഗിളിന്റെ മോട്ടറോള മൊബിലിറ്റി അതിന്റെ പേറ്റന്റുകള്‍ക്ക് അമിത റോയല്‍റ്റി ആവശ്യപ്പെടുന്നു എന്നാരോപിച്ച് ആപ്പിള്‍ സമര്‍പ്പിച്ച പരാതി ഒരു യു.എസ്.കോടതി തള്ളി. ഗൂഗിളിനെതിരെ നടത്തുന്ന പേറ്റന്റ് പോരില്‍ ഇത് ആപ്പിളിന് തിരിച്ചടിയായി.
തങ്ങളുടെ ചില പേറ്റന്റുകള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍, ആപ്പിള്‍ ഉപകരണങ്ങളുടെ വിലയില്‍ 2.25 ശതമാനം റോയല്‍റ്റിയായി ആപ്പിള്‍ നല്‍കണമെന്നാണ് മോട്ടറോള ആവശ്യപ്പെട്ടിട്ടുള്ളത്. അത് അധികമാണെന്ന് കാണിച്ചാണ് ആപ്പിള്‍ കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ ഒരു നിരക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞയാഴ്ച കോടതിയോട് മോട്ടറോള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉപകരണമൊന്നിന് ഒരു ഡോളറിലധികം മോട്ടറോളയ്ക്ക് നല്‍കാനാകില്ലെന്നാണ് ആപ്പിളിന്റെ വാദം.
വിസ്‌കോസിനില്‍ മാഡിസണിലെ ജില്ലാ ജഡ്ജി ബാര്‍ബര ക്രാബ് ആണ് ആപ്പിളിന്റെ പരാതി വിചാരണയ്ക്ക് മുമ്പ് തള്ളിയത്. ജഡ്ജ് ക്രാബിന് കേസ് പരിഗണിക്കാന്‍ അധികാരമുണ്ടോ എന്ന ചോദ്യം കഴിഞ്ഞയാഴ്ച ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കേസ് തള്ളിയത്.
കഴിഞ്ഞ മെയില്‍ 1250 കോടി ഡോളര്‍ മുടക്കി മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ സ്വന്തമാക്കുകയായിരുന്നു. ഗൂഗിളിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. മോട്ടറോളയുടെ 17000 പേറ്റന്റുകളാണ് അതോടെ ഗൂഗിളിന്റെ പക്കലെത്തിയത്.
സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് രംഗങ്ങളില്‍ എതിരാളികളെ നേരിടാന്‍ പേറ്റന്റ് ആയുധമാക്കിയിട്ടുള്ള കമ്പനിയാണ് ആപ്പിള്‍. പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ആപ്പിളിന് സാംസങ് 105 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്.കോടതി വിധിച്ചത് കഴിഞ്ഞ ആഗസ്ത് അവസാനമാണ്.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഒഎസിന്റെ പേരിലാണ് ആപ്പിള്‍ മറ്റ് കമ്പനികളെ കോടതി കയറ്റുന്നത്. പത്ത് രാജ്യങ്ങളില്‍ ആപ്പിളും സാംസങും തമ്മില്‍ പേറ്റന്റ് കേസ് നടക്കുകയാണ്.
No comments:
Post a Comment