Wednesday, 7 November 2012

ബെന്‍ലിയുടെ മൊബൈല്‍ ഓഫീസ്‌ 
Posted on: 07 Nov 2012




ലോകത്ത് മറ്റൊരു കാറിലും കാണാന്‍ കഴിയാത്ത ഇന്റീരിയര്‍ സവിശേഷതകളുമായി ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്‍ലിയുടെ മുള്‍സെയ്ന്‍ വരുന്നു. സുഖസൗകര്യങ്ങള്‍ക്കും കാഴ്ചയിലെ കൗതുകങ്ങള്‍ക്കുമല്ല ഇക്കുറി ബെന്‍ലി പ്രാധ്യാന്യം നല്‍കിയിട്ടുള്ളത്. ആധുനിക ഡിജിറ്റല്‍ ആശയവിനിമയത്തിനും വിനോദത്തിനുമുള്ള ഉപകരണങ്ങളാണ് പുതിയ മുള്‍സെയ്‌ന്റെ മുഖമുദ്ര.

ബില്‍റ്റ് ഇന്‍ മൊബൈല്‍ വൈ ഫൈ, മുന്‍ സീറ്റുകള്‍ക്ക് പിന്നിലുള്ള സ്വിച്ചിട്ടാല്‍ മടങ്ങുന്ന ട്രേയില്‍ ഘടിപ്പിച്ച രണ്ട് ഐ പാഡുകള്‍, 15.6 ഇഞ്ച് ഹൈ ഡെഫനിഷന്‍ ടി.വി സ്‌ക്രീന്‍, ബൂട്ടിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഓണ്‍ബോര്‍ഡ് ഹാര്‍ഡ് ഡ്രൈവ്, ഒരു ആപ്പിള്‍ മാക് കമ്പ്യൂട്ടര്‍, മുന്‍സീറ്റിന്റെ ഹെഡ് റെസ്റ്റുകള്‍ക്ക് പിന്നില്‍ ഘടിപ്പിച്ച രണ്ട് ചെറിയ ടി.വികള്‍ എന്നിവയാണ് ബെന്‍ലി അവതരിപ്പിച്ച മുള്‍സെയിന്റെ ഇന്റീരിയറിനെ സവീശേഷമാക്കുന്നത്.



സമ്പൂര്‍ണ്ണ ഡിജിറ്റല്‍ കണക്ടിവിറ്റിയുള്ള മൊബൈല്‍ ഓഫീസ് എന്ന സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയാണ് ബെന്‍ലി ഈ മുള്‍സെയിന്റെ ഉള്‍വശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുള്‍സെയ്ന്‍ വാങ്ങുന്നവര്‍ക്ക് ഗതാഗത കുരുക്കുകള്‍ കടന്ന് ഓഫീസിലെത്താന്‍ എടുക്കുന്ന സമയം പാഴാക്കി കളയേണ്ടിവരില്ല. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ത്തന്നെ ഓഫീസ് ജോലികള്‍ ചെയ്തു തുടങ്ങാം. യാത്രകള്‍ക്കിടെയും ഓഫീസിലെ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാം. അതിസമ്പന്നര്‍ മാത്രമാണ് ബെന്‍ലി കാറുകള്‍ ഉപയോഗിക്കുന്നത് എന്നകാര്യം മറക്കരുത്.



വലിയ ടെലിവിഷന്‍ സ്‌ക്രീനുകള്‍, ടച്ച് സ്‌ക്രീന്‍ സംവിധാനമുള്ള ഇന്‍ഫോടെയ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ ഇടത്തരം കാറുകളില്‍പ്പോലും സര്‍വസാധാരണമായ സാഹചര്യത്തിലാണ് ഒരു പടികൂടി കടന്നു ചിന്തിക്കാന്‍ ബെന്‍ലി തീരുമാനിച്ചത്. എക്‌സിക്യൂട്ടീവ് ഇന്റീരിയര്‍ സവിശേഷതയുള്ള വാഹനങ്ങള്‍ തത്കാലം വ്യാപകമായി വിപണിയില്‍ ഇറക്കേണ്ടെന്നാണ് ബെന്‍ലിയുടെ തീരുമാനം. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രത്യേകം നിര്‍മ്മിച്ചു നല്‍കും.

No comments:

Post a Comment