Posted on: 20 Oct 2012

ഇന്ന് ലോകത്തിലെ മത്സ്യകൃഷി മേഖലയില്‍ മുന്‍നിര ഇനമായി വളര്‍ന്നുകൊണ്ടിരിക്കുന്ന അസംവാള ഭാരതത്തില്‍ കൃഷി ചെയ്യുന്നതിന് അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇവ കൂരിവാള, മലേഷ്യന്‍വാള തുടങ്ങിയ അപരനാമങ്ങളില്‍ അറിയപ്പെടുന്നു. വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, ബംഗ്ലാദേശ്, മ്യാന്‍മാര്‍ ഇന്‍ഡൊനീഷ്യ, ലാവോസ്, നേപ്പാള്‍, പാകിസ്താന്‍ തുടങ്ങിയ അനേകം രാജ്യങ്ങളില്‍ കൃഷിചെയ്യപ്പെടുന്ന വാള, ഇപ്പോള്‍ ഇന്ത്യയിലും പ്രചുരപ്രചാരം നേടിവരുന്നു.
ഒറ്റയ്ക്കും മറ്റു കാര്‍പ്പ് മത്സ്യങ്ങളോടൊപ്പം മത്സ്യകൂടുകളിലും വളര്‍ത്താം എന്നതും ഉയര്‍ന്ന വളര്‍ച്ചനിരക്കും രുചിയും മാംസത്തിന്റെ ഗുണനിലവാരവും അന്തരീക്ഷ വായു ശ്വസിക്കുന്നതിനുള്ള കഴിവും ഇവയെ മറ്റു മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
കൃഷിക്കുളം തയ്യാറാക്കല്‍
വിത്തു സംഭരണത്തിന് മുമ്പായി കുളങ്ങള്‍ ശാസ്ത്രീയമായി തയ്യാറാക്കണം. കുളത്തിലെ കള മത്സ്യങ്ങള്‍ മറ്റു ക്ഷുദ്രജീവികള്‍, കളസസ്യങ്ങള്‍ എന്നിവയെ പൂര്‍ണമായും ഒഴിവാക്കണം. ഇതിനായി സാധ്യമെങ്കില്‍ കുളത്തിലെ വെള്ളം പൂര്‍ണമായും വറ്റിച്ച് വെയിലത്ത് ഉണക്കുക. വെള്ളം പൂര്‍ണമായും വറ്റിക്കാന്‍ പ്രയാസമുള്ള കുളങ്ങളില്‍ വെള്ളത്തിന്റെ അളവ് പരമാവധി കുറച്ചുനിര്‍ത്തിയശേഷം ജൈവികമാര്‍ഗങ്ങള്‍ (എലിപ്പ പിണ്ണാക്ക് അല്ലെങ്കില്‍ മഹുവ പിണ്ണാക്ക് സെന്റിന് ഒരു കിലോ എന്ന തോതില്‍) അല്ലെങ്കില്‍ രാസ മാര്‍ഗങ്ങള്‍ (അമോണിയം സള്‍ഫേറ്റും കുമ്മായവും സെന്റിന് 300 ഗ്രാം: 750 ഗ്രാം എന്ന അനുപാതത്തില്‍) ഉപയോഗിച്ച് കളമത്സ്യങ്ങളെ നീക്കം ചെയ്യാം. കളസസ്യങ്ങളെ വാരിമാറ്റാവുന്നതുമാണ്. അസംവാള കൃഷിക്ക് അമ്ല-ക്ഷാര നില 6.5 മുതല്‍ 7.5 വരെയായതിനാല്‍ മണ്ണിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി അടിസ്ഥാന കുമ്മായപ്രയോഗം മാത്രം മതിയാകും. കുമ്മായ പ്രയോഗം കുളത്തിലെ മണ്ണിന്റെ പുളിരസം കുറയ്ക്കുന്നതിനും മണ്ണിലെ പോഷക ലവണങ്ങളെ വെള്ളത്തിലേക്ക് വിട്ടുകിട്ടുന്നതിനും പ്രയോജനപ്പെടുത്തുന്നു. ജലസ്രോതസ്സില്‍ നിന്ന് കള മത്സ്യങ്ങള്‍ കുളത്തില്‍ പ്രവേശിക്കുന്നത് തടയാനും വളര്‍ത്തുമത്സ്യങ്ങളുടെ കുഞ്ഞുങ്ങള്‍ പുറത്തേക്ക് രക്ഷപ്പെടാതിരിക്കാനും വേണ്ടി ജലാഗമന-നിര്‍ഗമന ചാലുകളില്‍ ചെറിയ കണ്ണി വലിപ്പമുള്ള വലകള്‍ കൊണ്ടുണ്ടാക്കിയ ഫ്രെയിം ഘടിപ്പിച്ച തൂമ്പ്(ടാുഹരവ ഷമറവ) നിര്‍മിക്കണം. തുടര്‍ന്ന് കുളത്തിലേക്ക് തൂമ്പ് വഴി വെള്ളം ആവശ്യാനുസരണം കയറ്റാവുന്നതാണ്. വെള്ളം കയറ്റിക്കഴിഞ്ഞാല്‍ മത്സ്യത്തിനാവശ്യമായ സസ്യ-ജന്തു പ്ലവകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാനായി കുളത്തില്‍ വളപ്രയോഗം അത്യാവശ്യമാണ്. ഇതിനായി ജൈവവളങ്ങള്‍ (ചാണകം സെന്റിന് 10 കി.ഗ്രാം അല്ലെങ്കില്‍ കോഴികാഷ്ഠം സെന്റിന് 6 കി. ഗ്രാം) തനിയെയോ, രാസവളങ്ങളുമായി (അമോണിയം സള്‍ഫേറ്റ് സെന്റിന് 200 ഗ്രാം അല്ലെങ്കില്‍ യൂറിയ സെന്റിന് 100 ഗ്രാമും ഒപ്പം സൂപ്പര്‍ ഫോസ്‌ഫേറ്റ് സെന്റിന് 100 ഗ്രാമും) ചേര്‍ത്തോ ഉപയോഗിക്കാം. ഉണക്കിയ ജൈവവളം കുളത്തില്‍ പലയിടങ്ങളിലായി കൂട്ടിയിടുകയോ, ചെറു സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ചാക്കുകളില്‍ കുളത്തിന്റെ പലയിടത്തും കെട്ടിയിടുകയോ ചെയ്യണം.
ആവശ്യാനുസരണം വളപ്രയോഗം നടത്തി പ്ലവക വളര്‍ച്ച ക്രമീകരിച്ചുകഴിഞ്ഞ കുളങ്ങളിലേക്ക് ഹാച്ചറികളില്‍ നിന്ന് സംഭരിച്ച ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ ഏകവര്‍ഗ കൃഷിരീതിയില്‍ സെന്റിന് 80 വരെയും ബഹുവര്‍ഗ കൃഷിരീതിയില്‍ 40 വരെയും എന്ന തോതില്‍ സംഭരിക്കാവുന്നതാണ്.
തീറ്റ നല്‍കലും തീറ്റ ക്രമവും
കുളത്തിന്റെ എല്ലാ തട്ടുകളില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്ന ഒരു സര്‍വാഹാരിയാണിവ. അടുക്കളയില്‍ നിന്നുള്ള ആഹാരാവശിഷ്ടങ്ങളും തവിടും പിണ്ണാക്കും ചേര്‍ത്ത് തയ്യാറാക്കിയതും ഫാക്ടറി നിര്‍മിതമായ പെല്ലറ്റ് രൂപത്തിലുള്ള തീറ്റകളും ഇവ ഭക്ഷിക്കുന്നു. ശരീരഭാരത്തിന്റെ 2-5 ശതമാനം എന്ന തോതില്‍ ഇവയ്ക്ക് തീറ്റ നല്‍കാവുന്നതാണ്. ശാസ്ത്രീയ കൃഷിയില്‍ നല്ല വളര്‍ച്ച ലഭിക്കുന്നതിനായി ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന പെല്ലറ്റ് രൂപത്തിലുള്ള തീറ്റകളാണ് ഏറ്റവും അഭികാമ്യം.
വിളവെടുപ്പും വിപണനവും
അസം വാള കൃഷിയുടെ കാലയളവ് സാധാരണയായി 8 മുതല്‍ 10 മാസം വരെയാണ്. ഈ കാലയളവിനുള്ളില്‍ ഇവ വളര്‍ന്ന് 1.5 മുതല്‍ 2 കി. ഗ്രാം വരെ വലിപ്പം വെക്കുന്നു. വിത്ത് സംഭരിച്ച് 6 മാസം കഴിയുമ്പോള്‍ വല ഉപയോഗിച്ച് വലിയമത്സ്യങ്ങളെ പിടിച്ച് നീക്കം ചെയ്യുന്നത് ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഉതകുന്നു. ഈ മത്സ്യത്തിന് കാര്‍പ്പു മത്സ്യങ്ങള്‍ക്കുള്ളതുപോലെ മാംസത്തിനിടയിലുള്ള മുള്ളുകള്‍ ഇല്ലാത്തതിനാല്‍ കാര്‍പ്പ് മത്സ്യങ്ങളേക്കാള്‍ ജനപ്രീതി പിടിച്ചുപറ്റുന്നതിനും ആഭ്യന്തരവിപണിയില്‍ കൂടുതല്‍ പ്രിയമേറുന്നതിനും കാരണമായിട്ടുണ്ട്. വിളവെടുപ്പിന് 1-2 ദിവസം മുമ്പ് തീറ്റ നല്‍കുന്നത് ഒഴിവാക്കേണ്ടതാണ്.
No comments:
Post a Comment