Wednesday, 31 October 2012


പൂക്കോട് തടാകത്തില്‍ കൂടുകളില്‍ മീനുകളെ വളര്‍ത്തും
Posted on: 30 Oct 2012

കല്പറ്റ: സംസ്ഥാന ഫിഷറീസ് വകുപ്പ് പൂക്കോട് തടാകത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൂടുകളില്‍ മത്സ്യം വളര്‍ത്തല്‍ (കേജ് കള്‍ച്ചര്‍) ആരംഭിക്കുന്നു.

ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സിയാണ് തടാകത്തില്‍ കൂടുകളില്‍ മത്സ്യവളര്‍ത്തല്‍ നടപ്പാക്കുന്നത്. രണ്ട്മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള നൈലോണ്‍ വലകൊണ്ടുള്ള കൂട് മുളകൊണ്ടുള്ള ചട്ടകളിലാണ് ഉറപ്പിക്കുന്നത്. തകരവീപ്പ, പ്ലാസ്റ്റിക് ബാരല്‍ എന്നിവയുപയോഗിച്ച് ഇവ വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള സംവിധാനമൊരുക്കും. ക്യൂബിക് മീറ്ററില്‍ 60 എന്ന തോതില്‍ ഒരുകൂട്ടില്‍ 600 മത്സ്യങ്ങളെ വരെ വളര്‍ത്താം.

കേരളത്തില്‍ പലസ്ഥലങ്ങളിലും തിലോപ്പിയ, കരിമീന്‍ എന്നിവയെ ഈ രീതിയില്‍ വളര്‍ത്തുന്നുണ്ട്.
പൂക്കോട് തടാകത്തില്‍ കോമണ്‍കാര്‍വ് എന്നയിനത്തെയാണ് വളര്‍ത്തുക. പത്ത് സെന്റീമീറ്ററെങ്കിലും നീളമുള്ള കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. പൂക്കോട്ട് ഇതു വിജയകരമായാല്‍ കാരാപ്പുഴ, ബാണാസുര സാഗര്‍ ജലാശയങ്ങളിലും നടപ്പാക്കാന്‍ കഴിയും. ദേശീയ പോഷകാഹാര മിഷന്റെയും മറ്റും സഹായം ലഭ്യവുമാണ്.

ബാംഗ്ലൂരിലെ കേന്ദ്ര ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്റ്റ് എം. ഫിറോസ് ഖാനാണ് പൂക്കോട് തടാകത്തില്‍ കൂടുകളില്‍ മത്സ്യം വളര്‍ത്തുന്നതിന് സാങ്കേതിക സഹായം നല്‍കുന്നത്. വിനോദ സഞ്ചാരികള്‍ക്കുകൂടി ഈ രീതി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പൂക്കോടിനെ ഇതിനായി തിരഞ്ഞെടുത്തത്.ഒറ്റയടിക്ക് വിളവെടുക്കേണ്ടതില്ലെന്നത് ഈ രീതിയുടെ മറ്റൊരു പ്രത്യേകതയാണ്. ആവശ്യക്കാരുണ്ടെങ്കില്‍ മാത്രം വിളവെടുത്താല്‍ മതിയെന്നതിനാല്‍ കര്‍ഷകര്‍ക്ക് ന്യായവിലയും ലഭിക്കും.

No comments:

Post a Comment