Tuesday, 30 October 2012


ബഹ്‌റൈനില്‍ പ്രകടനങ്ങള്‍ക്ക് നിരോധനം

Published on  31 Oct 2012
മനാമ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടെ, ബഹ്‌റൈന്‍ ഭരണകൂടം രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും കൂട്ടംകൂടുന്നതും നിരോധിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ തുടര്‍ച്ചയായി ദുര്‍വിനിയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി ശൈഖ് റഷീദ് അല്‍ ഖാലിഫാ പറഞ്ഞു. രാജ്യസുരക്ഷ സ്ഥിരതയാര്‍ജിച്ചതിനു ശേഷം മാത്രമേ ഇനി പ്രകടനങ്ങള്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 2011 മാര്‍ച്ചില്‍ രാജാവ് ഹമാദ് രാജ്യത്ത് മൂന്നുമാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചിരുന്നു.

സുന്നിരാജവംശം രാജ്യത്തെ ഭൂരിപക്ഷ സമുദായമായ ഷിയവിഭാഗത്തോട് കാണിക്കുന്ന അവഗണനകള്‍ അവസാനിപ്പിക്കണമെന്നും കൂടുതല്‍ ജനാധിപത്യം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു അറബ് വസന്തത്തിന്റെ തുടര്‍ച്ചയായി ബഹ്‌റൈനില്‍ പ്രക്ഷോഭങ്ങളുണ്ടായത്.

മുന്‍കാലങ്ങളില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ തലസ്ഥാനമായ മനാമയിലെ സുപ്രധാന സ്ഥലങ്ങള്‍ സമരക്കാര്‍ പിടിച്ചെടുക്കുകയും ചിലവ നശിപ്പിക്കുകയും ചെയ്തിരുന്നു. 2011 ഫിബ്രവരിയിലും മാര്‍ച്ചിലുമായി നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ 35- ഓളം പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകളെ ജയിലിലടച്ചു. 45 പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നതെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

സര്‍ക്കാറിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും അതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രക്ഷോഭം നിരോധിച്ച ഭരണകൂട നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് പ്രധാന ഷിയാ പ്രതിപക്ഷ സംഘടനയായ അല്‍ വിഫാഖ് നാഷണല്‍ ഇസ് ലാമിക് സൊസൈറ്റി വക്താവ് ഹാദി അല്‍ മുസാവി പറഞ്ഞു.

No comments:

Post a Comment