Friday, 12 October 2012


മലിനജല സംസ്‌കരണ പ്ലാന്റ് എത്തിച്ചു; വിളപ്പില്‍ശാലയില്‍ ഹര്‍ത്താല്‍

Published on  13 Oct 2012

തിരുവനന്തപുരം: മലിനജല സംസ്‌കരണ പ്ലാന്റ് വിളപ്പില്‍ശാലയിലെത്തിച്ചു. കനത്ത പോലീസ് സംരക്ഷണയിലാണ് സംസ്‌കരണ പ്ലാന്റ് എത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഇതില്‍ പ്രതിഷേധിച്ച് വിളപ്പില്‍ശാലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കടകള്‍ അടഞ്ഞുകിടക്കുകയാണ്. സമരക്കാര്‍ റോഡുകള്‍ ഉപരോധിക്കുന്നുണ്ട്.

ഇതിനിടയില്‍ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരി നിരാഹാരസമരം ആരംഭിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം തുടരുമെന്ന് ശോഭനാകുമാരി പറഞ്ഞു.

നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ സര്‍ക്കാരും നഗരസഭയും ഒത്തുകളിച്ചാണ് ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് സംവിധാനം പ്ലാന്റിലെത്തിച്ചതെന്ന് വിളപ്പില്‍ശാല സമരസമിതി സെക്രട്ടറി ടി.എസ്.അനില്‍ ആരോപിച്ചു.

വിളപ്പില്‍ ജനതയെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. മാലിന്യം വിളപ്പില്‍ശാലയില്‍ എത്തിക്കില്ലെന്ന ഉറപ്പ് സര്‍ക്കാരില്‍ നിന്നും ലഭിക്കാതെ സമരത്തില്‍ നിന്നും ഇനി പിന്നോട്ടു പോകില്ലെന്നും അനില്‍ പറഞ്ഞു. 11 വര്‍ഷമായി വിളപ്പില്‍ശാലയിലെ ജനം മാലിന്യം കൊണ്ടുള്ള വിഷമതകളിലാണ്. ഇതിനിടെ ഗൂഡതന്ത്രത്തിന്റെ ഭാഗമായാണ് സര്‍ക്കാരും നഗരസഭയും ഒത്തുകളിച്ചതെന്നും അനില്‍ ആരോപിച്ചു.

ഒളിച്ചുപതുങ്ങി ഇത്തരം ഒരു നീക്കം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉറപ്പുകള്‍ മുഖവിലയ്‌ക്കെടുത്തിരുന്നു. എന്നാല്‍ വഞ്ചനാപരമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണ കേന്ദ്രം പൂട്ടാതെ ഇനി സമരം പിന്‍വലിക്കില്ലെന്ന് അനില്‍ വ്യക്തമാക്കി.

നേരത്തെ വിളപ്പില്‍ശാല ഭാഗത്തേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു.

വിളപ്പില്‍ശാല നിവാസികളുടെയും സംയുക്ത സമരസമിതിയുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് വളരെ രഹസ്യമായാണ് പ്ലാന്റ് എത്തിച്ചത്. മൂന്ന് ഡി.വൈ.എസ്.പിമാരുടെയും പത്തോളം സി.ഐമാരുടെയും നേതൃത്വത്തില്‍ നൂറിലേറെ പൊലീസുകാരുടെ സഹായത്തിലാണ് കനത്ത സുരക്ഷയില്‍ മലിനജല ട്രീറ്റ്‌മെന്റ് സംവിധാനം മാലിന്യസംസ്‌കരണ ശാലയിലെത്തിച്ചത്. ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് സംവിധാനം എത്തിക്കുമ്പോള്‍ പ്ലാന്റിനു മുന്നിലെ സമരപ്പന്തലില്‍ ആരും ഉണ്ടായിരുന്നില്ല.

ഒമ്പത് മാസം മുമ്പ് യന്ത്രം കൊണ്ടുവരാനുള്ള നഗരസഭയുടെ നീക്കം നാട്ടുകാര്‍ സംഘടിതമായി തടഞ്ഞിരുന്നു. പ്രദേശത്ത് ഇപ്പോള്‍ കനത്ത പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

No comments:

Post a Comment