Monday, 22 October 2012


 'വജ്ര'ഗ്രഹം കണ്ടെത്തി



ലണ്ടന്‍: ഭൂമിയുടെ ഇരട്ടി വലുപ്പമുള്ളൊരു ഗ്രഹം; അതിന്റെ വലിയൊരു ഭാഗമാവട്ടെ വജ്രം കൊണ്ടുണ്ടാക്കിയത്!

അവിശ്വസിക്കാന്‍ വരട്ടെ. സൂര്യസമാനമായ നക്ഷത്രത്തെ വലംവെക്കുന്ന ഇങ്ങനെയൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് യു.എസ്സിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ നിക്കു മധുസൂദനും ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഒലിവര്‍ മൗസിസും.

'55 കന്‍ക്രി ഇ' എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന്റെ മൂന്നിലൊരുഭാഗം വജ്രമാണെന്നു ഗവേഷകസംഘം പറയുന്നു. ഭൂമിയില്‍നിന്ന് 40 പ്രകാശവര്‍ഷം (230 ലക്ഷം കോടി മൈല്‍) അകലെ കര്‍ക്കിടക രാശിയിലാണ് ഈ ഗ്രഹം.

നിക്കു മധുസൂദന്‍
ഭൂമിയേക്കാള്‍ എട്ടുമടങ്ങ് ഭാരം. അതിവേഗം കറങ്ങുന്നതുകൊണ്ട് ഗ്രഹത്തിലെ ഒരുവര്‍ഷത്തിന്റെ ദൈര്‍ഘ്യം വെറും 18 ഭൗമ മണിക്കൂറുകളാണ്. ഗ്രഹോപരിതലത്തിലാവട്ടെ കൊടുംചൂടും; താപനില 2,148 ഡിഗ്രി സെല്‍ഷ്യസ്.

ഗ്രഹത്തിന്റെ ഭൂരിഭാഗവും ഗ്രാഫൈറ്റ്, വജ്രം എന്നിവയാല്‍ നിര്‍മിതമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിലെ വജ്രംതന്നെ ഭൂമിയുടെ മൂന്നിരട്ടി ഭാരം വരുമെന്നാണ് അനുമാനം.

ഭൂമിയുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ രാസഘടനയുള്ള ഒരു ശിലാമയഗ്രഹത്തെ ആദ്യമായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നതെന്നു നിക്കു മദുസൂദന്‍ വ്യക്തമാക്കി. യു.എസ്സിലെ യേല്‍ സര്‍വകലാശാലയില്‍ ഗവേഷകനാണ് നിക്കു.

വജ്രഗ്രഹങ്ങള്‍ മുമ്പും ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും സൂര്യസമാനമായ നക്ഷത്രത്തെ വലംവെയ്ക്കുന്ന ഒന്ന് ആദ്യമായി കാണപ്പെടുകയാണ്. 'ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സി'ല്‍ ഗവേഷണപ്രബന്ധം ഉടന്‍ പ്രസിദ്ധീകരിക്കും. 

No comments:

Post a Comment