Wednesday, 10 October 2012

ബസ്‌: മിനിമം ചാര്‍ജ്‌ വര്‍ധിപ്പിച്ച്‌ കൊള്ളലാഭം കൊയ്യുന്നു
Text Size:   
തിരുവനന്തപുരം: നിരക്കു വര്‍ധിപ്പിക്കാതെ മിനിമം ചാര്‍ജ്‌ വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍ സ്വകാര്യബസ്‌ ഉടമകളെ സഹായിക്കുന്നു. 2011 ഓഗസ്‌റ്റ് മുതലാണ്‌ ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്നത്‌. കിലോമീറ്ററിന്‌ 55 പൈസയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നിരക്ക്‌. അതനുസരിച്ച്‌ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അഞ്ചര രൂപ നല്‍കണം. ഏഴു രൂപയാണ്‌ ഒരു വര്‍ഷമായി യാത്രക്കാരില്‍ നിന്ന്‌ ഈടാക്കുന്നത്‌.

അതിനാല്‍ ഓഡിനറി ബസുകളുടെ മിനിമം ചാര്‍ജ്‌ അഞ്ചു രൂപയായി നിലനിര്‍ത്തി കിലോമീറ്റര്‍ ചാര്‍ജ്‌ 70 പൈസയാക്കണമെന്നും സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മറ്റ്‌ സംസ്‌ഥാനങ്ങളില്‍ പൊതുമേഖലയിലെ ട്രാന്‍സ്‌പോര്‍ട്ട്‌ ശമ്പളച്ചെലവ്‌ കിലോമീറ്ററിനാണ്‌.

കര്‍ണാടകയില്‍ 659 പൈസയും ആന്ധ്രായില്‍ 761 പൈസയുമാണ്‌. കേരളത്തിലിത്‌ 1464 പൈസയും. അടുത്തിടെ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 300 പൈസ കൂടി വര്‍ധിക്കും. അപ്പോള്‍ 1764 പൈസയാകും ശമ്പളച്ചെലവ്‌.

ആകെയുള്ള ബസുകളില്‍ (ട്രാന്‍സ്‌പോര്‍ട്ട്‌ ഉള്‍പ്പെടെ) നിരത്തിലോടുന്നവ കര്‍ണാടകത്തില്‍ 91.2 ശതമാനവും തമിഴ്‌നാട്ടില്‍ 96.1 ശതമാനവും ആന്ധ്രയില്‍ 99.5 ശതമാനവും കേരളത്തിലേത്‌ 79.5 ശതമാനവുമാണ്‌. വണ്ടികള്‍ ഓടാതെ കിടക്കുമ്പോഴുണ്ടാകുന്ന നഷ്‌ടവും യാത്രക്കാര്‍ വഹിക്കണമെന്നാണ്‌ കേരള സര്‍ക്കാര്‍ നടപടികളില്‍ നിന്നും മനസിലാകുന്നത്‌. അതിനാല്‍ 95 ശതമാനം ബസുകള്‍ നിരത്തിലിറങ്ങിയാലേ സര്‍ക്കാര്‍ സഹായം അനുവദിക്കാവൂ എന്നും കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തു വര്‍ഷത്തിനിടെ സ്വകാര്യബസുകളുടെ എണ്ണം 30,000ത്തില്‍ നിന്ന്‌ പകുതിയായതായി ഉടമകള്‍ അവകാശപ്പെടുന്നു. 14 ജില്ലകളിലെ മോട്ടോര്‍ വാഹന ഓഫീസുകളില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ ഇത്‌ തെറ്റാണെന്ന്‌ വ്യക്‌തമാക്കുന്നു.

2000ത്തില്‍ 1024 ഉം, 2005ല്‍ 15024 ഉം, 2011ല്‍ 17444 ബസുകളുമാണ്‌ സംസ്‌ഥാനത്തുള്ളത്‌. സ്വകാര്യമേഖല തകര്‍ച്ചയിലാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ നല്‍കിയ ഈ കണക്കിനെ തുടര്‍ന്നാണ്‌ കഴിഞ്ഞ തവണ നിരക്കു വര്‍ധിപ്പിച്ചത്‌.

കഴിഞ്ഞ തവണത്തെ ചാര്‍ജ്‌ വര്‍ധനയ്‌ക്കു മുമ്പ്‌ സ്വകാര്യബസ്‌ ഉടമകള്‍ സര്‍ക്കാരിനു നല്‍കിയ കണക്കു പ്രകാരം 250 കിലോമീറ്റര്‍ ഓടുന്ന ബസിന്റെ പ്രതിദിന വരുമാനം 5957 രൂപയാണ്‌.

വര്‍ധന കണക്കിലെടുത്താല്‍ അത്‌ 7345 രൂപയാകും. കിലോമീറ്ററിന്‌ 29.4 രൂപാ വരവ്‌. ഇതൊന്നും പരിശോധിക്കാതെയാണ്‌ ബസ്‌ ചാര്‍ വര്‍ധിപ്പിക്കുന്നത്‌. 

No comments:

Post a Comment