Tuesday, 9 October 2012


ബസ് നിരക്കുവര്‍ധന: തീരുമാനം വൈകും; ഉടമകള്‍ 

സമരത്തിന്





http://www.youtube.com/watch?v=L2oEA0L8ttI&feature=player_embedded
Published on  10 Oct 2012
തിരുവനന്തപുരം: യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം ഉടനെ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ചര്‍ച്ചയാകാമെന്ന് മന്ത്രിസഭാ ഉപസമിതി, ബസ്സുടമകളുടെ സംയുക്തസമിതിയെ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബസ്സുടമകള്‍ സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകളുടെ സംയുക്തസമിതി സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി നിരക്കുവര്‍ധന ശുപാര്‍ശ ചെയ്തു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും പി.കെ.കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടുന്ന മന്ത്രിസഭാ ഉപസമിതി ബസ്സുടമകളുടെ യോഗം വിളിച്ചിരുന്നു.

യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കും. ഹൈക്കോടതി വിധി വന്നശേഷം വീണ്ടും ചര്‍ച്ചയാകാമെന്ന നിലപാടാണ് സര്‍ക്കാരിന്‍േറത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ബസ്‌സര്‍വീസുകള്‍ ഭീമമായ നഷ്ടത്തിലാണെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. സംയുക്ത സമിതിസമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്.

വ്യാഴാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ സമരത്തീയതി പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യാത്രാനിരക്കില്‍ 12.81 ശതമാനം വര്‍ധന ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓര്‍ഡിനറി ബസ്സുകളുടെ മിനിമം നിരക്ക് അഞ്ചു രൂപയില്‍ നിന്ന് ആറായും കിലോമീറ്ററിന് 55 പൈസയില്‍ നിന്ന് 58 പൈസയായും വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

No comments:

Post a Comment